Powered by: <a href="#">Manna Broadcasting Network</a>
ആദിമസഭയുടെ പിന്തുടർച്ചക്കാർ ഇന്നുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്, അതു ബ്രദറൺ എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടർ ആണ് എന്നു ആത്മവിശ്വാസത്തോടെ നമുക്ക് അവകാശപ്പെടുവാൻ സാധിക്കും. ഇതിന് കാരണം നിരവധിയെങ്കിലും പ്രഥമമായി നാം തിരുവചനത്തിന് കൊടുക്കേണ്ടുന്ന സ്ഥാനം അതിനു മാത്രം കൊടുത്തും മറ്റൊന്നും അവയോട് കൂട്ടിച്ചേർക്കാതെയും നിലനിൽക്കുന്നു എന്നുള്ളതാണ്. വചനം അതേപടി അനുസരിക്കാനും അതു പഠിപ്പിക്കാനും ശ്രമിക്കുന്ന ക്രിസ്തീയ വിഭാഗം ഉണ്ടെങ്കിൽ അതു നമ്മൾ മാത്രമാണ് എന്നു മറ്റിതര സഭാവിഭാഗങ്ങളിലെ നേതാക്കൾ പോലും തലകുലുക്കി സമ്മതിക്കുന്ന വസ്തുതയാണ്.
? നമ്മുടെ ഉപദേശപ്രമാണം നിർവ്യാജമാണ് (1 തിമോ 1:5) എന്നു പറഞ്ഞാൽ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെയല്ല (2 കൊരി 2:17) കലർപ്പില്ലാത്ത ഉപദേശം ആണ് നാം പഠിപ്പിക്കുന്നത്
? അതു അതിവിശുദ്ധവിശ്വാസമാണ് (യൂദാ 20) വിശുദ്ധിയെ സംബന്ധിക്കുന്ന പ്രമാണമാണ്.
? അതു വിലയേറിയ വിശ്വാസമാണ് (2 പത്രോസ് 1:1) കർത്താവു തന്റെ വിലയേറിയ രക്തം കൊടുത്തു വാങ്ങിയ (അപ്പോ പ്രവൃത്തി 20:28; 1 പത്രോസ് 1:18,19) സഭയ്ക്കുള്ള വിശ്വാസപ്രമാണം ആണ്
ദൈവസഭ എന്താണെന്നും സഭയുടെ അംഗമാകുന്നതിനുള്ള വ്യവസ്ഥ എന്താണെന്നും ദൈവസഭയിൽ എങ്ങനെ പെരുമാറണം എന്നും സഭയുടെ അംഗങ്ങളുടെ ജീവിതം എങ്ങനെ, സഭയുടെ ഭരണസംവിധാനം എങ്ങനെയായിരിക്കണം എന്നുമെല്ലാം ശരിയായി പഠിപ്പിക്കുന്നത് നമ്മൾ മാത്രമാണ്.
എന്നാൽ നാം പിടിച്ചിരിക്കുന്ന ഈ വിലയേറിയ ഉപദേശസത്യത്തിൽ നിന്നും നമ്മെ വ്യതിചലിപ്പിക്കാൻ സാത്താൻ ആവതു ശ്രമിക്കുന്നു. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഭ രൂപീകൃതമായി ആദ്യനാളുകളിൽ തന്നെ സഭയെ തകർക്കാൻ സാത്താന്റെ ശ്രമം തുടങ്ങി (അപ്പോ പ്രവൃത്തി 4:24-26) പീഡനങ്ങളിൽ കൂടി അതു സാധിക്കില്ല എന്നു മനസ്സിലായപ്പോൾ സഭയ്ക്കുള്ളിൽ പ്രവേശിച്ചു വഴി തെറ്റിച്ചു നശിപ്പിക്കാൻ ശ്രമിച്ചു. അത് ഇന്നും തുടരുന്നു.
എന്നാൽ ഒരിക്കലും അതു സാധിക്കില്ല. കാരണം ഒരു ശക്തിക്കും കർത്താവിന്റെ സഭയെ തകർക്കാൻ ആവില്ല എന്നു കർത്താവു തന്നെ പറഞ്ഞിട്ടുണ്ട് (മത്തായി 16:18). എങ്കിലും ഇപ്പോഴും അതിനുള്ള ശ്രമങ്ങൾ സാത്താൻ തുടരുന്നു അതിൽ പ്രധാനപ്പെട്ട ഒന്നാണ് സഭയെ കേവലം പള്ളിയാക്കി സമുദായവൽക്കരിക്കാനുള്ള ശ്രമം.
പണ്ടൊക്കെ സഭായോഗത്തിനു പോകുന്നു, ആരാധനയ്ക്കായി സഭാഹാളിൽ പോകുന്നു എന്നു പറഞ്ഞിരുന്ന നമ്മുടെ ഒക്കെ അടുത്ത തലമുറ ഇപ്പോൾ പറയുന്നത് പള്ളിയിൽ പോകുന്നു എന്നാണ് യൗവനക്കാരും കുഞ്ഞുങ്ങളും പറയുന്നതുകേട്ട് പ്രായവും പരിജ്ഞാനവുമുള്ളവരും പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതാണ് വിചിത്രമായിരിക്കുന്നത്.
ഓ.. ഇതൊക്കെ അത്ര വലിയ കാര്യമാണോ, സഭായോഗത്തിന് ഹാളിലേക്ക് പോകുന്നു എന്നതിനു പകരം പള്ളിയിൽ പോകുന്നു എന്നൊന്നു പറഞ്ഞുപോയതുകൊണ്ട് എന്താ കുഴപ്പം എന്നു ചോദിച്ചേക്കാം
വലിയ കുഴപ്പം ഉണ്ട്. ഇപ്പോൾ അതു പറഞ്ഞു വിലക്കിയില്ലെങ്കിൽ കർത്താവു വരുവാൻ താമസിച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നമ്മുടെ വരും തലമുറയിൽ ഉണ്ടാക്കുന്ന ഒന്നായി ആ പ്രയോഗം തീരും എന്ന കാര്യത്തിൽ സംശയം ഇല്ല.
അതെന്തൊക്കെ എന്നും സഭ എന്നാൽ എന്ത്, സഭയും പള്ളിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ എന്നും വിശദമായി നമുക്കു ദൈവം അനുവദിച്ചാൽ അടുത്ത ലക്കത്തിൽ പരിശോധിക്കാം.