Powered by: <a href="#">Manna Broadcasting Network</a>
സഭാപ്രസംഗി – 9:7 നീ ചെന്ന് സന്തോഷത്തോടുകൂടെ അപ്പം തിന്നുക. ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക. ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
~~~~~~
സഭാപ്രസംഗി – 9.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :-
ഈ ലോകത്തിൽ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ലെന്ന് ശലോമോൻ അംഗീകരിക്കുന്നു. എന്നാൽ കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ നിന്നും, നിഗമനങ്ങളിൽ എത്തിച്ചേരുന്നതിൽ നിന്നും ഈ സത്യം ശലോമോനെ പിൻതിരിപ്പിക്കുന്നില്ല. തുടർന്ന് വെളിപ്പെടുത്തുന്നത് ശലോമോന്റെ അഭിപ്രായങ്ങൾ ആണ്, ദൈവത്തിന്റെ പഠിപ്പിക്കൽ അല്ല. ശലോമോൻ ചിന്തിച്ചത് എന്താണെന്ന് ദൈവം വെളിപ്പെടുത്തുന്നു. എന്നാൽ അത് ശരിയെന്ന് ദൈവം അംഗീകരിക്കുന്നില്ല.
സൂര്യന് കീഴിൽ ജീവിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം.
A, മരണത്തിൻ്റെ വെളിച്ചത്തിൽ ജീവിക്കുക. ഏറ്റവും മോശമായതിനെ പോലും നല്ലതാക്കുക.
1, മരണത്തിന്റെ നിരാശ, എല്ലാവർക്കും ഗതി ഒന്ന് തന്നെ.
a, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കൈയിൽ ഇരിക്കുന്നു, എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു.
b, നീതിമാനും ദുഷ്ടനും നല്ലവനും നിർമ്മലനും മലിനനും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും ഒരേ ഗതി വരുന്നു.
c, എല്ലാവർക്കും ഒരേ ഗതി വരുന്നു എന്നുള്ളത് സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ.
d, ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവനൊക്കെയും പ്രത്യാശയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ.
e, മരിച്ചവരോ ഒന്നുമറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ വിട്ടുപോകുന്നുവല്ലോ.
f, സൂര്യനു കീഴെ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല.
2, ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും ഉള്ള ഇത്തരം കാഴ്ച്ചപ്പാടിൽ സന്തോഷം വെറും നൈമിഷികം മാത്രം.
a, നീ ചെന്ന് സന്തോഷത്തോടുകൂടെ അപ്പം തിന്നുക.
b, ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
c, സൂര്യനു കീഴെ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊൾക.
d, ചെയ്‌വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ, സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
3, സമയവും അവസരങ്ങളും സൂര്യന് കീഴിലെ ജീവിതത്തെ മനസ്സിലാക്കാൻ കഠിനമാക്കുന്നു.
a, പിന്നെയും ഞാൻ സൂര്യനു കീഴെ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല.
b, ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നത്.
c, മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നുകൂടുന്ന ദുഷ്കാലത്തു കെണിയിൽ കുടുങ്ങിപ്പോകുന്നു.
B, വിലമതിക്കാത്ത ജ്ഞാനം.
1, ജ്ഞാനം തിരിച്ചറിയപ്പെടുന്നില്ല.
a, ചെറിയൊരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു.
b, സാധുവായൊരു ജ്ഞാനി പാർത്തിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു.
c, എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല.
2, ജ്ഞാനം തടഞ്ഞു.
a, ജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നെ.
b, മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലത്.
c, യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.
പ്രിയരേ, ദൈവിക വെളിപ്പാടുകൾ ഒന്നും ഇല്ലാതെ ശലോമോന്റെ മാനുഷിക യുക്തിക്കനുസരിച്ചുള്ള നിഗമനങ്ങൾ ഇവിടെ വിവരിക്കുന്നു. മരണം, മനുഷ്യന്റെ ക്ഷണികവും അർത്ഥമില്ലാത്തതും ആയ ജീവിതത്തിന് അന്ത്യം ആകുന്നു. മരിച്ചവർ കല്ലറകളിൽ നിശബ്ദതയിലും, അജ്ഞതയിലും കഴിയുന്നു. അതുകൊണ്ട് ഈ ലൗകിക ജീവിതകാലത്ത് കഠിന പരിശ്രമം ചെയ്ത് ആവോളം ജീവിതം സൂക്ഷിച്ച് ആസ്വദിക്കാൻ ശലോമോൻ ആഹ്വാനം ചെയ്യുന്നു. ഇതിനെക്കാൾ മൂല്യമുള്ള മറ്റൊന്നും ചിന്തിക്കാൻ കഴിയാതെ ശലോമോൻ ഇതേ ആശയം തന്നെ പലതവണ ആവർത്തിച്ചിട്ടുണ്ട്. പക്ഷേ ദൈവീക സത്യം മനസ്സിലാക്കാൻ ഈ മഹാജ്ഞാനിക്ക് കഴിയാതെ പോയത് നമ്മെ അൽഭുതപ്പെടുത്തും. നമുക്ക് സ്വന്തം യുക്തിയേക്കാൾ ദൈവീക ജ്ഞാനത്തിലും, നിയന്ത്രണത്തിലും ജീവിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.