കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നല്ലൊരു വഴി കണ്ടെത്താനുള്ള ശ്രമം

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി – 7:16,17 അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കയും അരുത്; നിന്നെ നീ എന്തിനു നശിപ്പിക്കുന്നു?അതിദുഷ്ടനായിരിക്കരുത്. മൂഢനായിരിക്കയുമരുത്. കാലത്തിനു മുമ്പേ നീ എന്തിനു മരിക്കുന്നു?
~~~~~~
പുതിയ ഒരു ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.

സഭാപ്രസംഗി – 7.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- നല്ലൊരു വഴി കണ്ടെത്താനുള്ള ശ്രമം.

A, നന്മയിലൂടെയും തിന്മയിലൂടെയും ജീവിതത്തെ നോക്കി കാണുന്നു.

1, ജീവിതത്തിലും മരണത്തിലും നല്ലത്.
a, മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.
b, വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്.
c, ചിരിയെക്കാൾ വ്യസനം നല്ലത്.

2, ജ്ഞാനത്തിലും ഭോഷത്വത്തിലും ഉത്തമൻ.
a, മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്.
b, മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു
c, നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവിൽ അല്ലോ നീരസം വസിക്കുന്നത്.

3, ജ്ഞാനം കാഴ്ചപ്പാട് നൽകുന്നു.
a, പണ്ടത്തെ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്ത് എന്നു നീ ചോദിക്കരുത്.
b, ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകല ഭൂവാസികൾക്കും അതു ബഹുവിശേഷം.

4, ദൈവത്തെ പരിഗണിക്കുന്നതിലെ ജ്ഞാനം.
a, ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും?
b, സുഖകാലത്തു സുഖമായിരിക്ക; അനർഥകാലത്തോ ചിന്തിച്ചുകൊൾക.
c, മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന് ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.

B, സൂര്യന് കീഴെ നല്ലൊരു ജീവിതം ജീവിക്കുക.

1, വഴികളിലെ അപകടങ്ങൾ.
a, ഞാൻ എന്റെ മായാകാലത്ത് ഇതൊക്കെയും കണ്ടു.
b, അതിനീതിമാനായിരിക്കരുത്. അതിജ്ഞാനിയായിരിക്കയും അരുത്. നിന്നെ നീ എന്തിനു നശിപ്പിക്കുന്നു? അതിദുഷ്ടനായിരിക്കരുത്. മൂഢനായിരിക്കയുമരുത്. കാലത്തിനു മുമ്പേ നീ എന്തിനു മരിക്കുന്നു?

2, ജ്ഞാനത്തിൻ്റെ ആവശ്യം.
a, ജ്ഞാനം ജ്ഞാനിക്ക് അധികം ബലം.
b, പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.
c, പറഞ്ഞുകേൾക്കുന്ന സകല വാക്കിനും നീ ശ്രദ്ധകൊടുക്കരുത്. നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.

3, ജ്ഞാനം തേടുന്നതിൽ നിരാശ.
a, ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാൻ ജ്ഞാനം സമ്പാദിക്കുമെന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്കു ദൂരമായിരുന്നു.
b, ഞാൻ തിരിഞ്ഞ്, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്ത് എന്നും ഗ്രഹിപ്പാനും മനസ്സുവച്ചു.

4, ജ്ഞാനം തേടുന്ന പ്രബോധകൻ മനുഷ്യന്റെ പാപം കാണുന്നു.
a, മരണത്തെക്കാൾ കയ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കൈയിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നെ.
b, ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.
c, ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്‍ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.

പ്രിയരേ, ശലോമോൻ അർത്ഥമാക്കുന്നതെന്തെന്ന് വ്യക്തമായി മനസ്സിലാക്കുവാൻ പ്രയാസമത്രെ. സ്വയനീതീകരണത്തെക്കുറിച്ചും,സ്വന്ത ജ്ഞാനത്തിലുള്ള അഹംഭാവത്തിനും എതിരായ മുന്നറിയിപ്പുകൾ നല്കുന്നതായിരിക്കാം. ഒരു പക്ഷേ ശലോമോൻ തന്റെ അനുഭവത്തിൽ നിന്നെടുത്ത തെറ്റായ ഒരു നിഗമനം ആയിരിക്കാം. ഈ പുസ്തകം മനുഷ്യർക്ക് ഏറ്റവും നല്ലത് എന്താണെന്നതിനെക്കുറിച്ച് ശലോമോന്റെ ചിന്തകളാണ് നൽകുന്നത്, അല്ലാതെ ദൈവം ചിന്തിക്കുന്ന കാര്യങ്ങളല്ല ഇവിടെ പ്രസ്താവിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ശലോമോൻ പറയുന്നതിലെ ശരിയും, തെറ്റും, ക്രിസ്തുവും, തന്റെ അപ്പൊസ്തലന്മാരും വെളിപ്പെടുത്തിയ സത്യത്തിലൂടെയും, ദൈവിക വെളിപ്പാടിലൂടെയും പരിശോധിച്ച് അറിയേണ്ടതാണ്. ശലോമോൻ അർത്ഥമാക്കുന്ന സാധ്യമായ ആശയങ്ങൾ ഇതാണ്. ഭോഷത്വവും ദുഷ്ടതയും നിറഞ്ഞ ഈ ലോകത്തിൽ ഒരു മനുഷ്യൻ നീതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ അവൻ പരിഹാസ പാത്രമാകുകയും, അവന് ജീവൻ പോലും നഷ്ടപ്പെടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യാം. മനുഷ്യർ നീതി ആഗ്രഹിക്കുന്നില്ലെങ്കിൽ, അത് അടിച്ചേല്പിക്കുവാൻ ശ്രമിക്കുന്നത് അപകടകരവും നിരർത്ഥകവും ആണ്. നാം വ്യക്തി ജീവിതത്തിൽ തന്നാലാവുന്നത്രയും നീതിമാന്മാർ ആകാൻ ശ്രമിക്കണം. എന്നാൽ സ്വന്ത ജീവിതത്തിൽ നീതിയോടെ പ്രവർത്തിക്കാത്തവർക്കതിരെ കുറ്റം ആരോപിക്കാനും, അവരെ കുറ്റം വിധിക്കാനും, ന്യായം വിധിപ്പാനും നമുക്ക് അവകാശമില്ല. തീർച്ചയായും ഭീകരമായ ദുഷ്ടതയും വൻ ഭോഷത്വവും വളരെ അപകടകരമാണ്. അങ്ങനെയുള്ളവരുടെ മേൽ ദൈവത്തിന്റെയും മനുഷ്യരുടെയും കോപത്തിന് അത് ഹേതുവാകുന്നു. യഥാർത്ഥമായും ദൈവത്തെ ഭയപ്പെടുന്നവന് ശരിയായ മാർഗ്ഗം കണ്ടെത്തുന്നതിനും അതിലൂടെ സഞ്ചരിക്കുന്നതിനും സാധിക്കും. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More