Powered by: <a href="#">Manna Broadcasting Network</a>
സഭാപ്രസംഗി – 2:1 ഞാൻ എന്നോടുതന്നെ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക. എന്നാൽ അതും മായ തന്നെ.
~~~~~~
സഭാപ്രസംഗി – 2.
ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- മരണത്തിൻ്റെ കാഴ്ച്ചപ്പാടിൽ ജീവിതം.
1, രത്നച്ചുരുക്കം.
a, ഞാൻ എന്നോടുതന്നെ പറഞ്ഞു.
b, വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും.
c, സുഖം അനുഭവിച്ചുകൊൾക. എന്നാൽ അതും മായ തന്നെ.
2, ജീവിതത്തിൻ്റെ അർത്ഥം സുഖത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നു.
a, ഞാൻ ചിരിയെക്കുറിച്ച് അത് ഭ്രാന്ത് എന്നും സന്തോഷത്തെക്കുറിച്ച് അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.
b, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്തം പിടിച്ചുകൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
3, ജീവിതത്തിൻ്റെ അർത്ഥം അദ്ധ്വാനത്തിലുംനേട്ടങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്നു.
a, ഞാൻ മഹാപ്രവൃത്തികളെ ചെയ്തു.
b, ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി. ഞാൻ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി. എനിക്കു മുമ്പ് ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്ത് എനിക്കുണ്ടായിരുന്നു. ഞാൻ വെള്ളിയും പൊന്നും സ്വരൂപിച്ചു.
c, മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.
4, അന്വേഷണത്തിൻ്റെ വിശകലനം.
a, ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീർന്ന് അഭിവൃദ്ധി പ്രാപിച്ചു.
b, ജ്ഞാനവും എന്നിൽ ഉറച്ചുനിന്നു.
c, എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല.
d, എന്റെ സകല പ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു.
e, ഞാൻ എന്റെ കൈകളുടെ സകല പ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകല പരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.
B, മരണത്തിൻ്റെ ഉറപ്പും ക്രൂരതയും.
1, മരണം ഭോഷനെയും ജ്ഞാനിയെയും ഒരുപോലെ ആക്കുന്നു.
a, ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്തവും നോക്കുവാൻ തിരിഞ്ഞു.
b, രാജാവിന്റെ ശേഷം വരുന്ന മനുഷ്യൻ എന്തു ചെയ്യും?
c, ജ്ഞാനം ഭോഷത്തത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു. എന്നാൽ അവർക്ക് എല്ലാവർക്കും ഗതി ഒന്നു തന്നെ എന്നു ഞാൻ ഗ്രഹിച്ചു.
d, ഭോഷനും എനിക്കും ഗതി ഒന്നു തന്നെ; പിന്നെ ഞാൻ എന്തിന് അധികം ജ്ഞാനം സമ്പാദിക്കുന്നു ?
e, അങ്ങനെ സൂര്യനു കീഴെ നടക്കുന്ന കാര്യം എനിക്ക് അനിഷ്ടമായതുകൊണ്ട് ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
2, മരണം എല്ലാ നേട്ടങ്ങളെയും തോൽപ്പിക്കുന്നു.
a, ഞാൻ പ്രയത്നിച്ച പ്രയത്നമൊക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന് ഞാൻ അതു വച്ചേക്കേണ്ടിവരുമല്ലോ.
b, അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യനു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകല പ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായയത്രേ.
c, അവന്റെ നാളുകളൊക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാട് വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല; അതും മായ അത്രേ.
C, സൂര്യന് കീഴിൽ എങ്ങനെ ജീവിക്കണം ?
a, തിന്നു കുടിച്ച് തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന് മറ്റൊരു നന്മയുമില്ല.
b, അതും ദൈവത്തിന്റെ കൈയിൽനിന്നുള്ളത് എന്നു ഞാൻ കണ്ടു.
2, ഭൂമിയിൽ കാണുന്ന അനീതി – ഒരുത്തന് അനുകൂലമായി എല്ലാം സംഭവിക്കുന്നു.
a, തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു.
b, പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന് അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു.
c, അതും മായയും വൃഥാപ്രയത്നവും അത്രേ.
പ്രിയരേ, ജീവിതത്തിൽ അർത്ഥം തേടുന്ന ശലോമോൻ ആനന്ദങ്ങളിലേക്കും ഭ്രാന്തമായ മഠയത്തരങ്ങളിലേക്കും തിരിയുന്നു. ഭോഷത്തവും ലഹരിപിടിപ്പിക്കുന്നതുമായ ആസക്തികളിൽ ആകൃഷ്ടനാകുന്നു. അവന്റെ ഉദ്ദേശ്യം 3-ാം വാക്യത്തിൽ വ്യക്തമാക്കുന്നു. ഏതു മനുഷ്യനും സ്വയം ചോദിക്കേണ്ട ഒരു സുപ്രധാന ചോദ്യത്താൽ അവൻ പരിഭ്രമചിത്തനാകുന്നു. ഭൂമിയിലെ നമ്മുടെ ക്ഷണികമായ ജീവിതകാലത്ത് നാം എന്താണ് ചെയ്യേണ്ടത്? യഥാർത്ഥത്തിൽ വിലയേറിയതായ എന്തെങ്കിലും ഇവിടെയുണ്ടോ? മനുഷ്യൻ യഥാർത്ഥത്തിൽ അന്വേഷിക്കുവാൻ യോഗ്യമായ നല്ലതും, നന്മയും എന്തെങ്കിലും ഇവിടെയുണ്ടോ? ഈ വിധത്തിലുള്ള ചോദ്യങ്ങൾക്ക് വ്യക്തവും നിശ്ചിതവും ആയ ഉത്തരം നല്കാൻ പര്യാപ്തമായ ഒരു ഉറവിടം ഉണ്ടെന്നും അത് ദൈവത്തിന്റെ മാറ്റമില്ലാത്ത വചനമാണെന്നും അവൻ മനസ്സിലാക്കുന്നില്ല എന്നത് ശ്രദ്ധിക്കുക. അവൻ എല്ലാ അറിവിന്റെയും സ്രോതസ്സായി അവന്റെ തന്നെ ചിന്താഗതികളെയും, പരീക്ഷണങ്ങളെയും കണക്കാക്കുന്നു. “ഞാൻ എന്റെ ഹൃദയത്തിൽ പറഞ്ഞു”; ഞാൻ എന്നോട് തന്നെ പറഞ്ഞു – ഇത്യാദി. പ്രയോഗങ്ങൾ നമ്മെ ഓർപ്പിക്കുന്നു – സ്വയത്തിൽ ആശ്രയിക്കുന്ന മനുഷ്യൻ്റെ നിസ്സഹായത. നമ്മുടെ ആശ്രയം എവിടെ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു ? ദൈവത്തിലും അവൻ്റെ വചനത്തിലും ആശ്രയിക്കുന്നവനേ ശരിയായ പാതയിൽ ഗമിക്കുവാൻ സാധിക്കൂ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.