Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് പ്രവചനത്തിന് ഒരു ആമുഖം.
~~~~~~
ഗ്രന്ഥകർത്താവ് :- യെശയ്യാ പ്രവാചകൻ. അവന്റെ പേരിന്റെ അർത്ഥം “യഹോവ രക്ഷ ആകുന്നു”, അല്ലെങ്കിൽ “യഹോവ രക്ഷിക്കുന്നു” എന്നാണ്. യെശയ്യാവു യെഹൂദായിലെ സ്വാധീനമുളള ഒരു കുലീന കുടുംബത്തിലെ അംഗം ആയിരുന്നു. അവൻ വിദ്യാസമ്പന്നനായിരുന്നു എന്ന് കരുതാവുന്നതാണ്. അവൻ യെരൂശലേമിലോ, യെരൂശലേമിന് സമീപത്തോ താമസിച്ചിരുന്നുവെന്ന് വ്യക്തമാണ് (6:1-4; 37:2; 38:4). “പ്രവാചകി” എന്ന് വിളിക്കപ്പെട്ടിരിക്കുന്ന ഒരു സ്ത്രീയെ അവൻ വിവാഹം കഴിച്ചിരുന്നുവെന്നും, അവന് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നുവെന്നും ഈ പുസ്തകത്തിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ് (7:3; 8:3). എബ്രായ പാരമ്പര്യമനുസരിച്ച് രാജാവായിരുന്ന മനശ്ശെയുടെ ഭരണകാലത്ത് യെശയ്യാവു ഈർച്ചവാളിനാൽ ഛേദിക്കപ്പെട്ട് രക്തസാക്ഷിയായി തീർന്നു. ആധുനിക വ്യാഖ്യാതാക്കൾ, ഈ പുസ്തകം മുഴുവനും യെശയ്യാവു തന്നെ രചിച്ചതാണെന്ന് ചിന്തിക്കുന്നില്ല. രണ്ടോ മൂന്നോ പേർ കൂടി വിവിധ സമയങ്ങളിൽ ഈ പുസ്തകം എഴുതിയെന്ന് വിലയിരുത്തുന്നു. എന്നാൽ ഈവിധത്തിലുളള അനുമാനത്തിന് വ്യക്തമായ തെളിവുകൾ ഒന്നും ലഭ്യമല്ല. വേദപുസ്തകത്തിൽ ഒരൊറ്റ യെശയ്യാവിനെക്കുറിച്ച് മാത്രമേ പരാമർശിക്കുന്നുളളൂ.
രചനാകാലം :- രാജാക്കന്മാരായിരുന്ന ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് (1:1) എന്നിവരുടെ കാലത്ത്, 740-700.B.C. കാലയളവിൽ യെശയ്യാവു പ്രവചനം നടത്തിയിരുന്നു. 681 B.C. -ൽ നടന്ന ഒരു സംഭവം രേഖപ്പെടുത്തിയിട്ടുളളതിനാൽ (37:38). അന്നുവരെ യെശയ്യാവു ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു.
പ്രതിപാദ്യവിഷയം :- മനുഷ്യന്റെ ദുഷ്പ്രവൃത്തിയുടെ മേലുളള ദൈവത്തിന്റെ ന്യായവിധി; വിശ്വാസത്താൽ ദൈവത്തിങ്കലേക്ക് തിരിയുന്നവർക്ക് ലഭ്യമാകുന്ന ദൈവത്തിന്റെ കൃപ; കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം നൽകുന്ന സൗജന്യ രക്ഷ. മറ്റൊരു പ്രവാചകനും നൽകിയിട്ടില്ലാത്ത വിധം, യേശുക്രിസ്തുവിന്റെ വരവിനെ സംബന്ധിച്ചും അവന്റെ പ്രവൃത്തികളെ സംബന്ധിച്ചും വളരെ വിശദമായ വിവരണം യെശയ്യാവ് തന്റെ പ്രവചനത്തിലൂടെ നൽകുന്നു – ക്രിസ്തുവിന്റെ ജനനം, കഷ്ടാനുഭവങ്ങൾ, ക്രിസ്തുവിന്റെ മരണം, ഭാവിയിൽ ഭൂമിയിൽ സ്ഥാപിക്കപ്പെടാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഭരണം ഇത്യാദി, മശീഹായെ സംബന്ധിച്ചുള്ള സൂചനകൾ ഇതിലുണ്ട്. യിസ്രായേൽ എന്ന കാപട്യം നിറഞ്ഞ രാജ്യത്തിൽ നിന്നും ആരംഭിച്ച്, കാപട്യവും ദുഷ്പ്രവൃത്തിയും ഇല്ലാത്ത പുതിയ ആകാശവും, പുതിയ ഭൂമിയും നിറഞ്ഞ യുഗത്തിലേക്ക് യാത്ര എത്തുന്ന പ്രവചനമാണ് ഇവിടെ കാണുന്നത്.
പ്രിയരേ, സമകാലിക സംഭവങ്ങളും, ഭാവിയിൽ സംഭവിക്കുവാനുള്ള സംഭവങ്ങളും, ക്രിസ്തുവിനെ സംബന്ധിക്കുന്ന പ്രവചന വാക്കുകളും എല്ലാം ഉൾക്കൊള്ളുന്ന ഈ പുസ്തക പഠനം നമ്മുടെ ആത്മീക ജീവിതത്തിന് ഉണർവ്വും ഉന്മേഷവും ഉത്തേജനവും വളർച്ചയും പ്രത്യാശയും നൽകുന്ന ഒന്നായിരിക്കും. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.