കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പൂർത്തീകരിച്ച സ്നേഹത്തിൻ്റെ സൗന്ദര്യം

ബാബു തോമസ്സ് അങ്കമാലി

ഉത്തമഗീതം – 4:12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്.
~~~~~~
ഉത്തമഗീതം – 4.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- പൂർത്തീകരിച്ച സ്നേഹത്തിൻ്റെ സൗന്ദര്യം

A, പ്രിയൻ, കന്യകയുടെ സൗന്ദര്യത്തെയും, സ്വഭാവത്തെയും പുകഴ്ത്തുന്നു.

1, പ്രിയൻ കന്യകയുടെ രൂപത്തെ പ്രശംസിക്കുന്നു.
a, എന്റെ പ്രിയേ, നീ സുന്ദരി. നീ സുന്ദരി തന്നെ.
b, നിന്റെ മൂടുപടത്തിൻ നടുവേ നിന്റെ കണ്ണ് പ്രാവിൻകണ്ണുപോലെ ഇരിക്കുന്നു.
c, നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
d, നിന്റെ പല്ല്, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു.
e, നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു.
f, നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു.
g, നിന്റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോട് ഒക്കും.

2, പ്രിയൻ കന്യകയിൽ അവന്റെ സ്നേഹം പൂർത്തീകരിക്കാൻ കൊതിക്കുന്നു.
a, വെയിലാറി നിഴൽ കാണാതെയാകുവോളം.
b, ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.

3, പ്രിയൻ പ്രിയയുടെ സ്വഭാവത്തെ പ്രശംസിക്കുന്നു, അവളോടൊപ്പം ആയിരിക്കുവാനുള്ള തൻ്റെ ആഗ്രഹത്തെ വെളിപ്പെടുത്തുന്നു.
a, എന്റെ പ്രിയേ, നീ സർവാംഗസുന്ദരി. നിന്നിൽ യാതൊരു ഊനവും ഇല്ല.
b, കാന്തേ എന്നോടുകൂടെ, ലെബാനോനെ വിട്ട് എന്നോടുകൂടെ വരിക.

4, കന്യകയോടുള്ള തൻ്റെ താൽപര്യത്തിൻ്റെ ആഴം പ്രിയൻ വെളിപ്പെടുത്തുന്നു.
a, എന്റെ സഹോദരീ എന്റെ കാന്തേ, നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
b, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
c, അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു. നിന്റെ നാവിൻകീഴിൽ തേനും പാലും ഉണ്ട്.
d, നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.

B, കന്വകയും പ്രിയനും തമ്മിലുള്ള സ്നേഹത്തിൻ്റെ പൂർത്തീകരണം.

1, കാന്തൻ പ്രിയയുടെ കന്യകാത്വത്തെ പുകഴ്ത്തുന്നു.
a, എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്.
b, നിന്റെ ചിനപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം
c, നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും.

2, കന്യക തൻ്റെ കന്യകാത്വത്തെ സംബന്ധിച്ച് പ്രിയാനോട് വിവരിക്കുന്നു.
a, വടതിക്കാറ്റേ ഉണരുക. തെന്നിക്കാറ്റേ വരിക. എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക
b, എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.

പ്രിയരേ, വിശ്വാസികളെ ഫലം കായ്ക്കുന്ന വൃക്ഷങ്ങളുമായി സാമ്യപ്പെടുത്തിയിരിക്കുന്നു. മറ്റൊരിടത്ത് അവരെ മുന്തിരിവള്ളികളോട് സദൃശ്യപ്പെടുത്തിയിരിക്കുന്നു. ഇവിടെ വിശ്വാസികളെ ഒരു ഉദ്യാനത്തോട് ഉപമിച്ചിരിക്കുന്നു. യഥാർത്ഥ സഭ ക്രിസ്തുവിന്റെ ഏദെൻ തോട്ടമാണ്. ക്രിസ്തു അവരെ സന്ദർശിച്ച്, അവരോടുകൂടെ അവിടെ നടക്കുകയും, സന്തോഷത്തോടെ അവരോട് സംസാരിക്കുകയും, അവരുമായുള്ള കൂട്ടായ്മയിൽ ആനന്ദിക്കുകയും ചെയ്യുന്നു. വിശ്വാസികളിൽ നിന്ന് മാത്രമേ ക്രിസ്തുവിന് സൗരഭ്യവാസനയായി എന്തെങ്കിലും ലഭിക്കുകയുള്ളു. യഥാർത്ഥ സഭയില്ലാത്ത ലോകം കർത്താവിന് ഒരു മരുഭൂമി പോലെയാണ്. പൂന്തോട്ടം കെട്ടി അടച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. വിശ്വാസികൾ കർത്താവിന്റെ മാത്രം തോട്ടം ആണ്. മറ്റാരും അവിടെ നടക്കാൻ പാടില്ല. അവർ കർത്താവിന്റെ സ്വന്തം ആണ് ! അവർ കർത്താവിന്റെ സന്തോഷത്തിനു വേണ്ടി മാത്രമുള്ളവരാണ്. ശത്രുക്കളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനും, ലോകം അവരെ ചവിട്ടിയരക്കുന്നതിനും ഇടവരുത്താതെ കർത്താവ് ഒരു വലിയ മതിൽ കെട്ടി ഉയർത്തിയിരിക്കുകയാണ്. വിശ്വാസികൾ ക്രിസ്തുവിന് വേണ്ടി വേർതിരിക്കപ്പെട്ടവരും വിശുദ്ധരും ആയി എന്നേക്കും തീരേണ്ടതിന് തന്നെ ഇപ്രകാരം ചെയ്തിരിക്കുന്നു ക്രിസ്തുവിനെ സന്തോഷിപ്പിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുവാൻ അവർ ബാദ്ധ്യസ്ഥരാണ് . ഇത് നമുക്ക് കഴിയുന്നുണ്ടോ ? ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More