കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ആരാധനയും തിരുവത്താഴവും എന്‍റെ അനുഭവം : ഒരു യുവ സഹോദരിയുടെ കത്ത്….

Social Media Collection

അനേക വര്‍ഷക്കാലത്തേക്ക് സഭായോഗത്തിലും അപ്പം നുറുക്കല്‍ ശുശ്രുഷയിലും എനിക്കുള്ള പങ്കിനെ കുറിച്ചു വേണ്ടത്ര അറിവ് എന്നില്‍ ഇല്ലായിരുന്നു. ഞാന്‍ മൌനമായിരുന്നു, സഭയിലെ സഹോദരന്മാര്‍ യോഗത്തില്‍ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും പാട്ടുകള്‍ ചേര്‍ന്നു പാടുകയും മാത്രം ചെയ്താല്‍ മതി എന്ന് ഞാന്‍ വിശ്വസിച്ചു. കര്‍ത്താവിന് സഭയായി അര്‍പ്പിക്കേണ്ടതായ ആരാധനയില്‍ എനിക്കും ഒരു സജീവ പങ്ക് വഹിക്കുവാനുണ്ട്‌ എന്ന് ഞാന്‍ വേണ്ടവിധം അറിഞ്ഞിരുന്നില്ല. പലപ്പോഴും സഭയില്‍ ആരാധനാ യോഗത്തിന് ഇടക്കുണ്ടാകുന്ന മൌനം എന്നെ വല്ലാതെ വിഷമപ്പെടുത്തി. ‘ആ സഹോദരന് പറയാന്‍, പ്രാര്‍ത്ഥിക്കുവാന്‍ ഒക്കെ കഴിവുണ്ടല്ലോ, എഴുന്നേറ്റാല്‍ എന്താ കുഴപ്പം? സ്ത്രീകളെ പറയാന്‍ സമ്മതിക്കുകയും ഇല്ലല്ലോഎന്നൊക്കെ ചിന്തിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. പലപ്പോഴും ഈ വിഷയങ്ങളില്‍ എന്‍റെ പിതാവിനോടും, ഭര്‍ത്താവിനോടും ഒക്കെ വിമര്‍ശന ബുദ്ധിയോടെ പരാതിയും പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ ഞങ്ങളുടെ സഭയിലെ വേദപഠനത്തിന്‍റെ ഭാഗമായിസഹോദരിമാര്‍ക്ക് സഭയില്‍ ഉള്ള പങ്കും പദവിയുംഎന്ന വിഷയം പഠിക്കുവാന്‍ ഇടയായി. അത് എന്‍റെ ചിന്തകളെ മാറ്റി, എന്നെ പറ്റിയുള്ള ദൈവഹിതം കൂടുതല്‍ മനസിലാക്കുവാന്‍ അവസരമായിത്തീര്‍ന്നു. ആരാധനയും തിരുവത്താഴവുമായി മാത്രം ബന്ധപ്പെട്ടുള്ള ചില ചിന്തകള്‍ എന്‍റെ കൂട്ട് സഹോദരിമാര്‍ക്കായി ഈ കത്തിലൂടെ എഴുതുന്നു.

സഭയില്‍ ഞാന്‍ മൌനമായിരിക്കുമ്പോഴും, എന്‍റെ ആരാധനയും സ്തുതിയും സ്തോത്രവും എന്‍റെ ദൈവത്തിനു പ്രസാദമായി സമര്‍പ്പിക്കുവാന്‍ എനിക്ക് കഴിയും എന്നും, സ്വന്തകഴിവിലല്ലമറിച്ച്, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന് വിധേയപ്പെടെണ്ടതാണ് ആവശ്യം എന്നും ഞാന്‍ മനസിലാക്കി. മറ്റു സഹോദരന്മാരോടൊപ്പം തന്നെ സഹോദരിമാര്‍ക്കും തിരുവത്താഴത്തിനായി ഒരുങ്ങേണ്ട ഉത്തരവാദിത്വം ഉണ്ട്. യോഗം ആരംഭിക്കുന്നതിനു മുന്പായി ദൈവ വചന ധ്യാനത്തില്‍ ഞാനും സമയം ചെലവിടെണ്ടതാണ്. കേവലം ഒരു ചടങ്ങ് അനുഷ്ടിക്കേണ്ടതിനായിട്ടല്ല, പ്രത്യുത സജീവ ആരാധനക്കായിട്ടാണ് എന്നെയും കര്‍ത്താവ് സഭയിലേക്ക് വിളിച്ചിരിക്കുന്നത്. ആരാധനാ യോഗത്തിലെ മൌനം, എന്‍റെ തന്നെ മൌന ആരാധന അര്‍പ്പിക്കുവാനുള്ള അവസരങ്ങള്‍ ആയിരുന്നു. ദൈവമല്ലാതെ മറ്റാരും എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല എന്നിരുന്നാലും, എന്‍റെ അന്ത:രംഗത്തില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥനയും, സ്തോത്രവും, ആരാധനയും എല്ലാം സഭയുടെ കൂട്ടായ ആരാധനയുടെ ഭാഗമാക്കി തീര്‍ക്കുന്നു എന്ന അറിവ് എനിക്ക് ഉണ്ടായപ്പോള്‍ എന്‍റെ ഹൃദയം ദൈവത്തോട് കൂടുതല്‍ നന്ദിയും സന്തോഷവുമുള്ളതായി തീര്‍ന്നു. എല്ലാവരും കേള്‍ക്കെ പറയുന്നതിനെക്കാള്‍ സുഗമമായും ശുദ്ധമായും ആരാധന കഴിപ്പാന്‍ എന്‍റെ മൌനം എന്നെ സഹായിക്കുന്നു.

എല്ലാറ്റിനും ഉപരിയായി, എന്‍റെ മനസ്സില്‍ ഏറെ സന്തോഷം തന്നതായിരിക്കുന്ന വിലയേറിയ ചില ചിന്തകള്‍ എനിക്ക് പരസ്യമായി പറയാന്‍ കഴിയാത്തപ്പോഴും, അതേ ചിന്ത തന്നെ മറ്റു സഹോദരന്മാരില്കൂടി സഭക്ക് ലഭിക്കുവാന്‍ തക്കവണ്ണം എനിക്ക് പരിശുദ്ധാത്മാവില്‍ ആശ്രയിക്കാനാവും എന്നും ഞാന്‍ കണ്ടെത്തി. ഇത്തരത്തില്‍ സംഭവിച്ചു കണ്ടപ്പോള്‍ പരിശുദ്ധാത്മാവിന്റെ നടത്തിപ്പും ശക്തിയും ഹൃദയത്തില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞു. സഭയുടെ ഭംഗിയും, കൂട്ടായ്മയുടെ മാധുര്യവും, സന്തോഷവും യഥാര്‍ത്ഥത്തില്‍ ഞാന്‍ അനുഭവിക്കുന്നത് കൊണ്ട് എന്‍റെ ദൈവത്തിനു അധികം സ്തുതി കരേറ്റുവാന്‍ സാധിക്കുകയും ചെയ്യുന്നു.

പുരുഷന് അറിയാന്‍, മനസിലാക്കുവാന്‍ കഴിയാത്തതായ പ്രത്യേക പദവികള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് സഭയായുള്ള ആരാധനയില്‍ ഉണ്ടെന്ന് ഞാന്‍ കാണുന്നു. പരസ്യമായി ശുശ്രുഷിക്കുന്ന സഹോദരന്മാരെ ഒരു പക്ഷെ, അഹന്തയോ പരിഭ്രമോ ഒക്കെ ബാധിക്കുവാന്‍ ഇടയുണ്ട്. എന്നാല്‍ നിശബ്ദമായി ആരാധിക്കുന്ന എനിക്ക് ആരാധനയിലെയും, തിരുവത്താഴത്തിലെയും പരിശുദ്ധാത്മ ശുശ്രുഷയെ മനസിലാക്കി തികച്ചും നിസ്തുല്യമായ വിധത്തില്‍ ദൈവത്തെ ആരാധിക്കുവാന്‍ കഴിയുന്നു. അങ്ങനെ ദൈവവചന പ്രകാരം മൂടുപടമിട്ട്, മൌനമായിരുന്നു, യഥാര്‍ത്ഥ അനുസരണത്തിന്റെ ഫലമായി വളരെ പ്രതിഫലം നേടാം എന്ന് ഞാന്‍ ഉറച്ചിരിക്കുന്നു.

ദൈവജനത്തിന്റെ കൂടിവരവുകളില്‍ ശബ്ദമുയര്‍ത്തി ശുശ്രുഷകളില്‍ പങ്കു കൊള്ളാന്‍ കഴിയാത്ത എല്ലാ സഹോദരിന്മാര്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്ന സഹോദരിയുടെ മനോഭാവവും, വിനയാന്വിത മനസും പ്രായോഗികമാക്കാവുന്നതാണ്. സ്ത്രീ ശാക്തീകരണവും, സമത്വവും, സ്ത്രീ ശബ്ദവും ഒക്കെ സഭയില്‍ വേണമെന്നും, അത് സഭയിലേക്ക് കൊണ്ടുവരുവാന്‍ പാടുപെടുകയും ചെയ്യുന്നചില സഹോദരന്മാര്‍ക്ക്ഈ കത്ത് ഒരു പാഠമായിരിക്കട്ടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More