Powered by: <a href="#">Manna Broadcasting Network</a>
രചന : ജയിംസ് പത്തനാപുരം
ബുദ്ധി കെട്ടു നടക്കല്ലേ മക്കളെ
ശ്രദ്ധ വെച്ചു പഠിക്കണം നിങ്ങളും
ബുദ്ധിയോടെ നടക്കണം എപ്പോഴും
ബദ്ധ വൈരികളാകല്ലിന്നാര്‍ക്കുമേ
ദോഷമൊന്നും നിനയ്ക്കല്ലേ മക്കളെ
ഭോഷരായി നടക്കല്ലൊരിക്കലും
മോക്ഷമാര്‍ഗ്ഗം നിനച്ചീടുകെപ്പൊഴും
ശേഷമെല്ലാം കരുതീടുമീശനും
ഝടുതിയില്‍ നാമൊന്നും ചിന്തിച്ചുറയ്ക്കല്ലേ
കെടുതിയായിടും കാര്യമതൊക്കെയും
ഒടുവിലോര്‍ത്തു വിഷാദിച്ചെന്നാകിലാ-
കെടുതി മാറ്റാന്‍ കഴിയില്ലെന്നോര്‍ക്കണം
കരുണ കാട്ടാന്‍ മടിക്കല്ലൊരിക്കലും- അതു
കരുണയാണതെന്നതും ഓര്‍ക്കണം
കരുണ കാട്ടൂ മനുഷ്യര്‍ക്കേവര്‍ക്കും
കരുണാമയന്റെ കടാക്ഷമുണ്ടായിടും
കീശവലുതാക്കാന്‍ മാത്രം നടക്കല്ലെ
മോശമായിരിപ്പോരെ കരുതണം
കാശുവരുമതു പോയിടും പിന്നെയോ
ലേശവും വഴിവിട്ടു നടക്കല്ലേ
പാത്രമായ് വരുന്നോരെ കരുതണം
മിത്രമെന്നു നിനയ്ക്കണം ശത്രുവെ
പാത്രനാം പരമേശനെ നമിക്കണം
സ്തോത്രമെന്ന യാഗമര്‍പ്പിക്കണം
ഗാത്രമെത്ര വെളുത്തതാണെങ്കിലും
ഗോത്രമെത്ര മികച്ചാതാണെങ്കിലും
മാത്രനേരം കൊണ്ടൊടുങ്ങുന്ന ജീവിതം
ഓര്‍ത്തു ജീവിക്കണം മര്‍ത്യര്‍ നാമെപ്പോഴും
ഇല്ലയില്ലെന്നോതി നടക്കല്ലെ
എല്ലാമേകും പരമേശന്നോടോതുക
അല്ലെലൊക്കെ അറിയുന്ന വല്ലഭന്‍
നല്ലതായ് തന്നെ ചെയ്തിടും സര്‍വ്വവും
ഉളളതു കൊണ്ട് നാം സംത്രിപ്തരാകണം
ഉളളതെല്ലാം ജഗന്‍ ദാനമെന്നോര്‍ക്കണം
കളളമൊന്നും പറഞ്ഞു നടക്കല്ലേ
തളള തന്തയെ നന്നായ് മാനിക്കണം
ദിനവും ഈശനെ ശരണമാക്കീടണം
മനമതില്‍ തന്നെ നിനക്കണമെപ്പോഴും
അനുദിനം നിങ്ങള്‍ ദൈവത്തിനും- പിന്നെ
മനുജനും ഉതകും വിധൌ നടക്കണം
കരുതി ജീവിക്കണം നിങ്ങളെന്‍ മക്കളെ
പരിധി വിട്ടു നടക്കല്ലൊരിക്കലും
പൊരുതി ജീവിക്കും മര്‍ത്യരനേകരും
കരുതിയാകുന്നിതെത്രയോ ഭീകരം!