Powered by: <a href="#">Manna Broadcasting Network</a>
എന്താണ് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടമെന്ന് ഓരോരോ പ്രഭാതത്തിന്റെ ആദ്യവേളകളിലും നാം ഓരോരുത്തരും അന്വേഷിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നത് ഏറെ നന്നായിരിക്കും. എന്നെക്കുറിച്ചുള്ള ദൈവേഷ്ടമെന്ത് എന്ന് ദിവസം മുഴുവനും ചിന്തിച്ചും അന്വേഷിച്ചുംകൊണ്ടിരുന്നാൽ അതനുസരിച്ചു പ്രവർത്തിക്കാനും തുടങ്ങിയാൽ നമ്മൾ എത്ര ധന്യരായിരിക്കും?
കൂടാതെ,
എന്തുകൊണ്ട് ഞാൻ പരാചിതനാകുന്നു എന്നുകൂടെ ചിന്തിക്കാൻ തുടങ്ങിയാൽ അതും അതിശ്രേഷ്ഠമായിരിക്കുകയില്ലേ?
എന്തുകൊണ്ട് എനിക്ക് ദൈവേഷ്ടം ചെയ്ത് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നില്ല എന്ന ചിന്തയും, ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഓരോരോ കാര്യങ്ങളും ദൈവഷ്ടമാണോ എന്ന സ്വയ വിശകലനവും നമ്മെ നന്മയും കരുണയും ചെയ്‌വാനും സഹായിക്കും.
ഈ വിഷയത്തിൽ സത്യവേദപുസ്തകം എന്ന് അറിയപ്പെടുന്ന ബൈബിളിൽ ധാരാളം നിർദ്ദേശങ്ങളുണ്ട്. അതിൽ ചിലത് ഇവിടെ എഴുതി ഒരു ചെറിയ വിശകലനം തരുവാൻ VOICE OF SATHGAMAYA ഇവിടെ ശ്രമിക്കട്ടെ‼️.
1തെസ്സലൊനീക്യർ 5 ന്റെ 14 മുതൽ ചില വാക്യങ്ങൾ വായിക്കാം… “സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ: ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ; എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
നമ്മുടെ മുൻപിൽ ധാരാളം ക്രമം കെട്ടവർ ഉണ്ട്. ക്രിസ്തു വിശ്വാസികളിലും, ക്രിസ്തുവിനെ വിശ്വസിക്കാത്തവരിലും ക്രമം കെട്ടവരുണ്ട്. അവരെ നേരെയാക്കുവാൻ നമുക്ക് കഴിയുകയില്ല അവരെ നേരെയാക്കുവാനുള്ള ഉപദേശവും നമുക്കില്ല. എന്നാൽ, അവരെ ബുദ്ധിയുപദേശിക്കണം. എന്ന വലിയോരു ദൗത്യം നമുക്കുണ്ട് എന്ന കാര്യം നാം ഒരിക്കലും വിസ്മരിക്കരുത്.
പലപ്പോഴും നമുക്ക് പറ്റിക്കൊണ്ടിരിക്കുന്ന പരാജയം നാം ക്രമം കെട്ടവരെ ബുദ്ധിയുപദേശിക്കുന്നതിന് പകരം അവരെ നേരെയാക്കുവാനുള്ള ശ്രമമാണ് നമ്മുടേത്. അവിടെ നാം പരാജയപ്പെടും. അതോടെ ക്രമം കെട്ടവരെ ഉപദേശിക്കാനുള്ള ദൈവത്തിന്റെ വലിയ നിയോഗത്തിൽ നിന്ന് നാം അറിയാതെ പിന്മാറിപ്പോകുകയും ചെയ്യും.
അപ്പോൾ നാം അറിയാതെ പിശാചിന്റെ ഇഷ്ടം ചെയ്യുന്നവരായി തീരുകയും ചെയ്യും.
പലപ്പോഴും ഉൾക്കരുത്തില്ലാത്തവരെ നമുക്ക് ധൈര്യപ്പെടുത്തുവാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് നാം ചിന്തിക്കാറുണ്ടോ? എന്തുകൊണ്ട് ബലഹീനരെ നമുക്ക് താങ്ങാൻ കഴിയാറില്ല? ചിന്തിച്ചു നോക്കിയാൽ ഒരു കാര്യം നമുക്ക് വ്യക്തമാകും. അതിന് നാം അല്പം മിനക്കെട്ട് ചിന്തിച്ചു തന്നെ നോക്കണം. നാം സ്വയം ശരിയാണ് എന്ന ഒരു തെറ്റായ തോന്നൽ നമുക്കുണ്ട്.
നമ്മെക്കുറിച്ചുള്ള ദൈവേഷ്ട്ടം ക്രമം കെട്ടവരെ ഉപദേശിക്ക എന്നതായിരിക്കെ, നമ്മുടെ പ്രവൃത്തി ക്രമം കെട്ടവരെ നേരെയാക്കുക എന്ന ദൗത്യത്തിലേക്കു മാറുമ്പോൾ നാം അറിയാതെ ദൈവേഷ്ടത്തിൽ നിന്നും മാറി പിശാചിന്റെ ഇഷ്ടത്തിലേക്ക് എത്തിപ്പോയി എന്ന് മനസ്സിലാക്കിയാൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
അപ്പോൾ നമുക്ക് എല്ലാവരോടും ദീർഘക്ഷമ കാണിച്ചുകൊണ്ട് ദൈവേഷ്ടത്തിൽ നടക്കാൻ കഴിയും.
അങ്ങിനെ നാം സ്വയം തിരിച്ചറിയുമ്പോൾ നമ്മിൽ ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിക്കും. അല്ലാത്ത പക്ഷം ദൈവത്തോട് പോലും തിന്മ പ്രവർത്തിക്കുന്നവരായി മാറും എന്ന തിരിച്ചറിവിലേക്കു നമുക്ക് വരാം.
ഈ വിഷയം വളരെ സങ്കീർണ്ണമായിരിക്കുകയാൽ വളരെ വിശദീകരണം ആവശ്യമാകായാൽ ഇതിന്റെ തുടർച്ച കർത്താവ് അനുവദിച്ചാൽ നാളെ എഴുതാം എന്ന് ആഗ്രഹിക്കുന്നു.