Powered by: <a href="#">Manna Broadcasting Network</a>
ചൈനയിൽ കോവിഡ് വല്ലാതെ പടരുന്നു എന്നും, മരണസംഖ്യ അവർ പുറത്തുവിടുന്നില്ല എന്നും, കോവിഡിന്റെ വകഭേദമായ B F 7 എന്നതിന്റെ വ്യാപനം മൂലം കേരളത്തിലെ ആരോഗ്യമേഖലയും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയെന്ന വാർത്തകളും വായിച്ചു കേട്ടു.
ഈ ഭൂമിയെ വെറുതെ വിടാൻ ദൈവം കണ്ടിട്ടില്ല എന്നർത്ഥം.
ദൈവം തന്ന എല്ലാ നന്മകളും യാതൊരു നന്ദിയും പ്രതിബദ്ധതയും കൂടാതെ അനുഭവിച്ചിട്ട്, ദൈവമക്കൾക്ക് നേരെ തിരിയുന്ന പൈശാചികരോട് കണക്ക് തീർക്കാനാണോ വീണ്ടും വീണ്ടും കോവിഡ് വരുന്നത്?
ഏതായാലും ഒരു ബൈബിൾ വിശ്വാസിയാകാൻ എനിക്ക് ഭാഗ്യം ലഭിച്ചതിനാൽ ഞാൻ സന്തോഷിക്കുന്നു. ഈ ലോകത്തിൽ വരുന്ന ഓരോ അനർത്ഥങ്ങളും മനുഷ്യരുടെ പാപം മൂലമാണ് എന്നും, ആ പാപം നാൾക്ക് നാൾ വർദ്ധിച്ചു വരികയാണ് എന്നും, എന്തെല്ലാം സംഭവിച്ചാലും, രോഗങ്ങൾ വന്നാലും, മനസ്സിന്റെ നിയന്ത്രണം തെറ്റിയാലും, ദൈവീക കോപം എന്റെ മേൽ വന്നിരിക്കുന്നു എന്നറിഞ്ഞാലും മാനസ്സാന്തരമില്ലാത്ത മനുഷ്യനോട് ദൈവം സംസാരിക്കാൻ തിരഞ്ഞെടുത്ത മാർഗ്ഗങ്ങളല്ലേ ഈ രോഗങ്ങൾ?
പുറപ്പാട് പുസ്തകം വീണ്ടും നമ്മെ ബോധിപ്പിക്കുന്നത് നമ്മൾ കഠിനഹൃദയം ഉള്ളവരാണ് എന്നാണ്. ഫറവോനെ ദൈവഭയം ഉണ്ടാക്കാൻ 10 ബാധകൾ അയച്ചിട്ടും അവന്റെ ഹൃദയം കലങ്ങുന്നില്ല. കുലുങ്ങുന്നില്ല. പുറപ്പാട് 11 ന്റെ 1 “അനന്തരം യഹോവ മോശെയോടു: ഞാൻ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്റെ ശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയക്കും; വിട്ടയക്കുമ്പോൾ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെനിന്നു ഓടിച്ചുകളയും”. അടിമ വേലക്ക് ആളെ നിർത്തി പീഡിപ്പിക്കുന്ന ഫറവോന്യ തന്ത്രങ്ങൾ അല്പം പാളിപ്പോയത് പത്താമത്തെ ബാധയാണല്ലോ കടിഞ്ഞൂൽ സംസ്കാരം. അവിടെ ഫാറവോന്റെ കൊട്ടാരത്തിലും മരണം ഉണ്ടായിരുന്നു. എന്നിട്ടും വാശി കൈവിടാതെ ഫറവൊൻ ഇസ്രായേൽ മക്കളോട് ക്രൂരമായി പെരുമാറിക്കൊണ്ടിരുന്നു.
കരയുന്ന കണ്ണുകൾ ആശ്വാസം തിരയുന്ന സന്ദർഭത്തിൽ കാൽവറിയിലെ കുരിശ് നമുക്ക് സന്തോഷവും, സമാധാനവും തരുന്നു എന്നതാണ് നമ്മുടെ വിശേഷത.
വെളിപ്പാടു 7 ന്റെ 16 നിങ്ങൾ താല്പര്യത്തോടെ “ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല”. വിശക്കാത്ത, ദാഹിക്കാത്ത ഒരു സ്വർഗ്ഗമുണ്ടെങ്കിൽ എനിക്കതുമതി എന്ന് ആര് പറയുന്നുവോ, അവനാണ് ശരിയായ ക്രിസ്ത്യാനി. അങ്ങിനെ ഒരു സ്ഥലത്തേക്ക് ഞാൻ എത്തുമെന്നു ഉറപ്പുള്ള വിശ്വാസികളെയും ഓർത്തു ഞാൻ സന്തോഷിക്കുന്നു.
“വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല”. വിശപ്പില്ലാത്ത ഒരു കാലത്തിലേക്കു ഞാൻ എത്തിയാൽ ദാഹമില്ലാത്ത സ്വർലോകമുണ്ടെങ്കിൽ അവിടെ ഞാൻ എത്തിയാൽ പിന്നെ എന്തിനാണ് ഈ ലോകം എന്ന് ചോദിക്കാനാണ് ഞങ്ങൾ താല്പര്യപ്പെടുന്നത്.
ഇവിടെ മാറി മാറി രോഗങ്ങൾ വരുമ്പോഴും, അന്ത്യകാല ലക്ഷണങ്ങൾ ഒന്നൊന്നായി കണ്ട് വരുമ്പോഴും ഹൃദയം കഠിനമാക്കാൻ ക്രിസ്ത്യാനിയെ സ്വാധീനിച്ചിരിക്കുന്ന പിശാചും, അവന്റെ തന്ത്രങ്ങളും എത്ര ഭയങ്കരം?
വെളിപ്പാട് 7 ന്റെ 17 ൽ പറയുന്നത് ഒന്ന് ചിന്തിച്ചേ ‼️.
“സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും”.
ഇനി എന്തിന്റെ കുറവാണ് എനിക്ക് ഇവിടെയുള്ളത് ?. ഇവിടേയും അവിടേയും ദൈവം താൻ തന്റെ സ്വന്ത കൈകൊണ്ട് എന്റെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും എന്നുള്ള വിശ്വാസം എനിക്കുള്ളതിനാൽ പിന്നെ ഞാൻ എന്തിന് ദുഃഖിക്കേണം? ആരെ പേടിക്കണം ?
ഇല്ല, ഒന്നുമില്ല എങ്കിൽ പിന്നെ എന്തിന് ഞാൻ പിറുപിറുക്കുന്നു ?
ഏതായാലും എല്ലാം ഇട്ടെറിഞ്ഞിട്ട് വേണം പോകാൻ. ലോത്ത് പോയതുപോലെ ഒരു പോക്ക്, ലോത്തിന്റെ ഭാര്യക്ക് ഒരു പറ്റുപറ്റിപ്പോയി. അവൾ തിരിഞ്ഞുനോക്കി. ഇന്ന് ലോത്തുമാരുടെ സ്വഭാവം ഉള്ളവർ കുറവാണ്. എങ്കിലും ലോത്തിന്റെ ഭാര്യമാരുടെ സ്വഭാവം ഉള്ളവർ ഇന്നും ധാരാളമുണ്ട്. കഴിയുമായിരുന്നുവെങ്കിൽ പറമ്പിന്റെ ആധാരം അവളുടെ പേരിലാക്കി നാളെയെ കയ്യിലൊതുക്കി അവൾ മുന്നോട്ട് പോയേനെ, പക്ഷെ, അവൾ ഇപ്പോൾ ഉപ്പ് തൂണ് ആണ്. ഇന്നും അനേകം ഉപ്പ് തൂണുകൾ നമ്മുടെ കൂടെത്തന്നെയുണ്ട്. അവരെ കണ്ടെത്തണമെങ്കിൽ അവരുടെ ദൃഷ്ഠി എവിടെക്കാണ് എന്ന് നോക്കിയാൽ മതി.
സകലവും, വിട്ടെറിഞ്ഞു പോകുന്നവർ ഭാവിയെ നോക്കി പുഞ്ചിരിച്ച് സ്തോത്രഗാനങ്ങൾ പാടി മുന്നേറും. എന്നാൽ ലോത്തിന്റെ ഭാര്യയെപ്പോലുള്ളവർ അപ്പോഴും തിരിഞ്ഞു നിൽക്കും. തന്റെ പിതാക്കന്മാർ ഉണ്ടാക്കിയ സ്വത്തിലും, കുടുംബത്തിലും, സഭയിലും നിന്നുള്ള നശ്വരമായതിന് പിന്നാലെ ഓടും. എന്നിട്ട് പറയും ലോകം വേണ്ട, എനിക്കൊന്നും വേണ്ട, എന്റെ നാഥന്റെ സന്നിധി ചേർന്നാൽ മതി എന്ന്.
ഇവിടേയും ഒരു ചോദ്യം ഉണ്ട്.
ഞാനും നിങ്ങളും ഏത് കൂട്ടത്തിൽ? എപ്പോഴും മാസ്ക് വയ്ക്കുന്നത് നല്ലതാണ്. സാമൂഹിക അകലം പാലിക്കലും, സോപ്പ് ഉപയോഗിച്ചുള്ള ശുദ്ധീകരണവും നല്ലത് തന്നെ. ഇതൊക്കെ നാം നിർബന്ധമായി ചെയ്യുന്നത് ഇവിടെയുള്ള നിയമത്തെയും നിയമപാലകരെയും, അവർ ചുമത്തും എന്ന് നാം ഭയക്കുന്ന പിഴയെയും പേടിച്ചിട്ടല്ലേ?. ദൈവത്തെ ആർക്കെങ്കിലും അല്പമെങ്കിലും ഭയമുണ്ടോ ?. നമ്മൾ ദൈവഭയം ഉള്ളവരോ ? എനിക്ക് ദൈവഭയം ഉണ്ട് എന്ന് ആരെങ്കിലും പറയാൻ താല്പര്യപ്പെട്ടാൽ നമ്മൾ ചോദിക്കണം എന്നിട്ടെന്തേ ഈ വിട്ടുപോന്നതിലേക്കുള്ള തിരിഞ്ഞു നോട്ടം ?