Powered by: <a href="#">Manna Broadcasting Network</a>
ഈ നാളുകളിൽ ലഹരിമാഫിയ എന്ന ഓമനപ്പേരിൽ ഗവണ്മെന്റും, സാധാരണക്കാരും വിശേഷിപ്പിക്കുന്ന ഒരു വലിയകൂട്ടം ആളുകളുണ്ട്. ഇവർ അജ്ഞാതഥരാണ്. ഇവരുടെ അണിയറ നീക്കങ്ങൾ കണ്ടുപിടിക്കാൻ കഴിയാതെ ഗവണ്മെന്റ് സംവീധാനങ്ങൾ കുഴങ്ങുകയാണ്. ഇവരെ കണ്ടുപിടിക്കാൻ സഹായിക്കണം എന്ന് പറഞ്ഞുള്ള പല സെല്ലുകളും തുറന്ന് ടോൾ ഫ്രീ നമ്പറുകളും കൊടുത്തിട്ടുണ്ട്. പക്ഷെ മാഫിയ ഇന്നും ശക്തമാണ്. അവിടേയും, ഇവിടേയും കണ്ടെത്തുന്ന കുറച്ചു ലഹരി വസ്തുക്കളുടെ മുൻപിൽ ഒരു കൂട്ടം ഉദ്യോഗസ്ഥന്മാർ നിന്ന് ഫോട്ടോ എടുത്ത് ലഹരിവേട്ടയുടെ ഹീറോയിസം കാണിക്കാറുണ്ട്. പക്ഷെ, ഈ പിടിക്കപ്പെടുന്ന പ്രതികൾ എവിടെ?.
കഴിഞ്ഞദിവസം കാസറഗോഡ് നിന്നും പിടികൂടിയ ഒരു പ്രതിയെക്കുറിച്ച് പത്രത്തിൽ വന്ന ഒരു വാർത്ത ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ 50 ൽ അധികം കേസുകളുണ്ടുപോലും.
50 കേസ് ഉള്ള ഒരാൾ ഇന്നും അതേ ജോലിയിൽ തുടരുമ്പോൾ ഒരുകാര്യം വ്യക്തം, ഇദ്ദേഹത്തിന് എത്ര ജാമ്യക്കാർ ഉണ്ടാകും? ഈ ജാമ്യം എടുക്കുന്നവരുടെ പശ്ചാത്തലം കൂടെ ഒന്ന് പരിശോധിക്കുന്നത് നല്ലതല്ലേ?.
കായംകുളം സ്റ്റേഷൻ പരിധിയിലെ മറ്റൊരു കേസ് വായിച്ചപ്പോൾ അതിൽ പ്രതിയുടെ കൂടെ ഒരു പെൺ സുഹൃത്ത് ആണ് ഉണ്ടായിരുന്നത് എന്നാണ് എഴുതിയിരിക്കുന്നത്. പെൺ സുഹൃത്തുക്കളുമായി കറങ്ങി നടന്ന് നാട്ടിലുണ്ടാക്കുന്ന കളവും, ചതിവും ഇതിനോടകം ധാരാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം കാണുമ്പോൾ ഒരു കാര്യം വ്യക്തം വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. എന്ന് പറഞ്ഞപോലെ വേണമെങ്കിൽ ഇതെല്ലാം പിടിച്ചു നിർത്താം.
സുവിശേഷപ്രവർത്തകരായ ഞങ്ങളെ സന്തോഷിപ്പിച്ച മറ്റൊരു വാർത്ത കാസറഗോഡ് നിന്നും വായിച്ചു. ലഹരിയുടെ പിടിയിലായി, ഒത്തിരിപേരെ ലഹരിക്ക് അടിമയാക്കിയ ഒരു യുവാവിനെ പോലീസിന്റെ സമഗ്രമായ ഇടപെടലുകൾകൊണ്ട് മനം മാറ്റി, ഇനി ഒരു നല്ല മകനായി ജീവിക്കാൻ താൻ തയ്യാറായി എന്നുമാത്രമല്ല, ലഹരിവിരുദ്ധ ബോധവത്കരണത്തിലെ മുൻനിരപ്പോരാളിയായി താൻ ജീവിക്കാൻ തീരുമാനിച്ചു എന്ന വിവരമാണത്. അതിന് അദ്ദേഹത്തിന്റെ മഹല്ല് കമ്മറ്റിയും സാക്ഷ്യം വഹിച്ചു.
Voice Of Sathgamaya പറഞ്ഞുവരുന്നത് മാറുവാൻ കൊതിക്കുന്ന ഒരു തലമുറ നമ്മുടെ മുന്നിലുണ്ട്, പക്ഷെ, നമ്മുടെ നിയമത്തിന്റെ പഴുതുകൾ നിസ്സാരമല്ല.
കഴിഞ്ഞദിവസം നമ്മുടെ ഒരു മന്ത്രിയുടെ പ്രസ്താവനയും TV യിൽ വന്നു. പാലക്കാട് ജില്ലയിലെ മേനോൻപാറ എന്ന സ്ഥലത്ത് പണ്ട് ഉണ്ടായിരുന്ന ഗവണ്മെന്റ് ഷുഗർ ഫാക്റ്ററി, യൂണിയൻ പ്രശ്നത്താൽ പൂട്ടുക്കെട്ടി. ആ കമ്പനി പൂട്ടിക്കെട്ടിക്കാനുള്ള ഫാക്ടറിയുടെ മുൻപിലെ സമരപ്പന്തലിനുമുന്നിലൂടെ ഞാൻ ഒത്തിരി പോയിട്ടുണ്ട്. ആ കമ്പനിക്ക് ജീവൻ വയ്ക്കുന്നു. അവിടെ നിന്നും “മലബാർ” എന്ന പേരിൽ പുതിയ മദ്യം വരുന്നു. ഈ വാർത്തയിൽ സംസാരിക്കുന്ന മന്ത്രി എന്തോ വലിയ ഒരു കാര്യം സാധിപ്പിച്ച മട്ടിലാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ഈ മന്ത്രിയുടെ ചിരിയും, വിയർപ്പും അന്നുണ്ടായിരുന്ന ഫാക്റ്ററി തൊഴിലാളികളുടെ അവകാശങ്ങാൻ സംരക്ഷിക്കാൻ എന്ന നിലയിൽ ഉയർന്നിട്ടുണ്ടാകണമല്ലോ ?. അങ്ങിനെയാണല്ലോ സദ്ദേശീയരായ നേതാക്കൾ വളർന്ന് വരുന്നത്.
സങ്കീർത്തനങ്ങൾ 49 ന്റെ 20 ൽ “മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ”. എന്നൊരു വാക്യമുണ്ട്. ഈ സന്ദർഭത്തിൽ എനിക്ക് ഈ വാക്യം ആണ് ഓർമ്മയിൽ വരുന്നത്. സോഷ്യൽമീഡിയക്ക് അത്രമാത്രം സ്വാധീനമുള്ള ഈ കാലഘട്ടത്തിൽ പണ്ടത്തെ നമ്മുടെ നേതാക്കന്മാരുടെ പ്രസ്താവനകൾ ട്രോളുകളായിട്ടാണ് ഇപ്പോൾ ഇറങ്ങുന്നതെങ്കിലും ഈ നേതാക്കളൊക്കെ ഇന്നും നേതൃനിരയിലുണ്ട് എന്നതല്ലേ ഇന്നത്തെ ശാപം എന്ന് ഓർത്തുപോയി എന്ന് മാത്രം.
ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.
(1) പെട്രോൾ വില കൂടിക്കൊണ്ടിരുന്നപ്പോൾ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ എല്ലാ നേതാക്കന്മാരും കാളവണ്ടി യാത്ര നടത്തി പ്രതിഷേധിച്ചു. ഞങ്ങൾ ഭരിക്കാൻ കേറിയാൽ ഒരു ലിറ്റർ പെട്രോൾ 50 രൂപക്ക് തരും എന്ന് വരെ പറഞ്ഞുവെച്ചു.
(2) ഗ്യാസിന്റെ വില 500 രൂപ പോലുമില്ലാത്ത സമയത്ത് അന്നത്തെ ഒരു വനിതാ നേതാവ് കേവലം ഒരു വീട്ടമ്മയുടെ വേഷത്തിൽ അടുക്കളയിൽ നിന്നുകൊണ്ട് ഒരു വീഡിയോ ചെയ്തു. ഇനി അടുക്കള എങ്ങിനെ മുന്നോട്ട് പോകും എന്നതായിരുന്നു ചോദ്യം. ഇന്നും ആ സ്ത്രീ അവരുടെ അടുക്കളയിൽ തന്നെയുണ്ട്.
(3) കേരളത്തിലെ ഭരണം പിടിക്കാൻ മുന്നോട്ടിറങ്ങിയ അന്നത്തെ ഒരു MP പറഞ്ഞു “ഞങ്ങളുടെ നയം മദ്യം ഇന്നത്തേക്കാൾ കുറച്ചു കൊണ്ടുവരണം എന്നതാണ് എന്ന്. MP ഇന്ന് തൽസ്ഥാനത്ത് ഇല്ലെങ്കിലും നയം ഇന്ന് 200 ഇരട്ടി തെറ്റായ ദിശയിലെത്തി എന്ന് മാത്രം.
(4) ഞങ്ങളുടെ മദ്യനയം, മദ്യം കുറച്ചു കുറച്ചു ഇല്ലാതെ ആക്കുകയെന്നതാണ് എന്ന് ഒരു സുപ്രസിദ്ധ ചല “ചിത്ര” ഗായികയെക്കൊണ്ട് പറയിക്കാൻ കഴിഞ്ഞതും ഒരു പരിഹാസ്യമായി ഇന്ന് മാറി.
ബൈബിൾ പറയുന്നു “മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ”. എന്ന് ഇനി നിങ്ങൾ പറയൂ, ആരാണ് ഈ വിവേകഹീനർ. ആരാണ് നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യർ. സത്യവേദപുസ്തകത്തിന്റെ പ്രചാരകയായി പൊതുവേദികളിൽ പ്രസംഗിക്കുന്ന പലർക്കും ഈ ലേഖനം ഇഷ്ടപ്പെടില്ല എന്ന് ഞങ്ങൾക്കറിയാം. മുഴത്തിന് മൂന്ന് വട്ടം നയം മാറ്റി മാറ്റിപ്പറയുന്ന, അളക്കുന്ന എല്ലാ രാഷ്ട്രീയക്കാർക്കുംവേണ്ടി ഒരു ഉളുപ്പുമില്ലാതെ അവർക്ക് ജയ് വിളിക്കാൻ ഇന്നും 100 മനസ്സുള്ള ആളുകൾ ഈ കൂട്ടത്തിലും ഉണ്ട്. മാനത്തോടെ ഇരിക്കേണ്ടുന്ന ചില ക്രിസ്തുവിശ്വാസികൾ ഇവിടേയും നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യരാകുന്നു.
VOICE OF SATHGAMAYA ഈ ലേഖനം എഴുതുമ്പോൾ മുന്നിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത് ഒരുകാലത്ത് മദ്യത്തിന്റെയും, ലഹരിയുടെയും, അന്ധമായ മത – രാഷ്ട്രീയ അടിമകളായിരുന്നവർ സുവിശേഷം വിശ്വസിച്ചപ്പോൾ അന്നും, ഇന്നും ഒരു പോലെ, ഒരു വ്യത്യാസവുമില്ലാതെ വിശ്വസിക്കുവാനും, പ്രചരിപ്പിക്കുവാനും കഴിയുന്ന വ്യക്തമായ നയം എഴുതി വെച്ച ബൈബിൾ തെരുവിൽ പ്രസംഗിക്കുന്നവർക്കായി ഞങ്ങളും ദൈവത്തെ സ്തുതിക്കുന്നു.
മാനത്തോടെ ഇരിക്കേണ്ടുന്ന മനുഷ്യനെ വിവേകഹീനരാക്കുന്ന പാപ – ജഡ സംവീധാനങ്ങൾ ഒരു ലജ്ജയും കൂടാതെ ഈ ഭൂമുഖത്തു ഞെളിഞ്ഞു നടക്കുമ്പോൾ സത്യസുവിശേഷം ആദായസൂത്രമാക്കാതെ വിവേകഹീനരെ, മാനമുള്ളവരാക്കുവാൻ മാടിവിളിക്കുന്ന കർത്താവിന്റെ ഉച്ഛഭാഷണികളാകുവാൻ ഇനിയും അനേകർ എഴുന്നേൽക്കേണ്ടതിനായി നമുക്കും മാനാഭിമാനത്തോടെ പ്രവർത്തിക്കാം.