Powered by: <a href="#">Manna Broadcasting Network</a>
ഒരുപാട് ഓർമ്മകളിൽ നിന്ന് ഓർത്തെടുത്ത നാലാറു വാക്കുകൾ …
1984 ൽ ആണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത് .ഈ കൂടിക്കാഴ്ച ഞങ്ങളെ തമ്മിൽ , ക്രിസ്തുവിൻ നിസ്തുല്യ സ്നേഹ ചരടതിൽ കോർത്തുള്ള മുത്തുകൾ ആക്കി. കോട്ടയം, പാക്കിൽ വെട്ടിക്കാട്ട് കുടുബാംഗമായ പ്രിയ രാജൂചായൻ കൊടുങ്ങല്ലൂർ പുലിക്കോട്ടിൽ വറതപ്പൻ എന്ന ബഹുമാന്യനായ പിതാവിൻ്റെ മകൾ ഗ്ലോറി ആൻ്റിയെ വിവാഹം കഴിച്ചു . നൈസി, ജിൻസി എന്നീ രണ്ട് പെൺമക്കളെ ദാനം നൽകി ഈ കുടുംബത്തെ ദൈവം അനുഗ്രഹിച്ചു. (ഇപ്പോൾ ഇവർ ഇരുവരും കുടുംബ സമേതങ്ങളായി പാർക്കുന്നു)
പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവന്നിരുന്ന രാജൂചായൻ കുറേക്കാലം മലബാറിൽ തന്റെ സ്ഥാപനം നടത്തി വന്നിരുന്നു. അക്കാലങ്ങളിൽ ,താൻ അവിടെയുള്ള സഭകൾക്ക് അനുഗ്രഹവും ,അനേകർക്ക് ആശ്വാസവും ,വേലയ്ക്ക് പ്രയോജനവുമായിരുന്നു .പിന്നീട് , ഇപ്പോൾ മൂന്നു പതിറ്റാണ്ടിൽ അധികമായി പ്രസ്തുത സ്ഥാപനം ഇരിങ്ങാലക്കുടയിൽ പ്രവർത്തിചുവരുന്നു.
രാജുചായനും , കൊടുങ്ങല്ലൂർ എബനേസർ ബ്രദറൻസഭയും
ഈ സഭയുടെ രൂപീകരണത്തിന് താൻ മുഖ്യപങ്ക് വഹിച്ചു .പത്യോപദേശത്താൽ സഭയെ ഉറപ്പിച്ച് നിർത്തുന്ന ശക്തനായ ഒരു ഉപദേഷ്ടാവായും,തന്റെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകുട്ടത്തെ മേയ്ച്ച് മാതൃകയുള്ള ഒരു സഭാ മൂപ്പനായും, മുഖപക്ഷം കൂടാതെ ഏത് കാര്യത്തിനും തീർപ്പ് കൽപ്പിക്കുന്ന അധ്യക്ഷനായും താൻ ശുശ്രൂഷിച്ച് വന്നു. മക്കളോട് അപ്പനുള്ള കരുണയും (Ps 103:13 ),ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റും പോലെയുള്ള ആർദ്രതയും, (1 Thess2:7)അവരെ ഓമനിക്കുവാനുള്ള ഹൃദയ വിശാലതയും ,അവർക്കായുള്ള കരുതലും, രാജുച്ചായനിൽ നിന്ന് ഏറെ സമൃദ്ധിയായി അനുഭവിച്ചിട്ടുള്ള വരാണ് എബനേസ്സർ സഭ. വാക്കിലും, നടപ്പിലും,സ്നേഹത്തിലും, വിശ്വാസത്തിലും താൻ വിശ്വാസികൾക്ക് മാതൃകയായിരുന്നു.
രാജുച്ചായനും സുവിശേഷ വേലയും
സഭയിലെ ശുശ്രൂഷകളും, സുവിശേഷീകരണവും തനിക്ക് ജീവശ്വാസം പോലെയായിരുന്നു . ഈ രണ്ട് ശുശ്രൂഷകളുടേയും പ്രാധാന്യത്തെക്കുറിച്ച് താൻ പൂർണ്ണ ബോധവാനായിരുന്നു .കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലും ഈ സഭ നിത്യതയുടെ വിത്തെറിഞ്ഞു.തന്നോടൊപ്പം ഈ ശുശ്രൂഷയ്ക്ക് ഡോക്ടർ ജോളി അവർകളും ചേർന്ന് നിന്നു. കൂടാതെ സഭയിലെ സഹോദരന്മാരെ വേലയ്ക്ക് ഉത്സാഹിപ്പിച്ചു. താൻ, ബർന്നബാസ്സിനെ പോലെ, വേലയിൽ പ്രയോജനപ്പെടുന്ന വരെ കൂട്ടിക്കൊണ്ട് വന്ന് ,ഈ നല്ല വേലയ്ക്ക് പങ്കാളിത്തം നൽകി. (ഈയുള്ളവനും ഒട്ടുവളരെ ശുശ്രൂഷകൾ കൊടുങ്ങല്ലൂർ സഭയോടുള്ള ബന്ധത്തിൽ നിവർത്തിപ്പാൻ ഇടയായിട്ടുള്ളത് സന്തോഷത്തോടെ ഇവിടെ ഓർക്കന്നു).
രാജുച്ചായനിലുള്ള സുവിശേഷ അഗ്നി കത്തിജ്വലിച്ചു. കർണാടക, തമിഴ്നാട് , മലബാർ,ഹൈറേഞ്ച് എന്നീ പ്രദേശങ്ങളിലേക്ക് ഒരു ടീമായി പോയി സുവിശേഷം അറിയിച്ചിട്ടുണ്ടു്. .സുവിശേഷം എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിലും , പല സഭകളോട് ചേർന്നും വിവിധ ശുശ്രൂഷകൾ ഈ ടീം നിവർത്തിച്ചിട്ടുണ്ട്.കൂടാതെ ചില ഗ്രാമങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും ആദിവാസി കോളനികളിൽ സുവിശേഷം അറിയിക്കുന്നതോടൊപ്പം ,വസ്ത്ര വിതരണവും നടത്തുവാൻ ഈ ടീമിനെ കർത്താവ് ഏറെ സഹായിച്ചു.
ഹൈറേഞ്ചിൽ ,വാളറ , പഴമ്പിള്ളിച്ചാൽ , മാമലക്കണ്ടം , കുറത്തി ക്കുടി , മൂന്നാർ, , ദേവീ കുളം ,മറയൂർ , ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിവർത്തിച്ച വേലകൾ ഇന്നും അതി സന്തോഷത്തോടെ ഓർക്കുന്നു. പ്രസ്തുത പ്രവർത്തനങ്ങൾ ഉളവാക്കിയ ഫലം നിത്യത വെളിപ്പെടുത്തും തീർച്ച. അനുഗ്രഹീതങ്ങളായ ഈ വേലകൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളാണ് കർത്തൃദാസൻ പി .വി . ജോൺസൺ അവറുകൾ.(തിരുവാങ്കുളം ) കൂടാതെ ഡോക്ടർ ജോളി ,ലോയിഡ് അങ്കിൾ, എന്നിവരും ജഫ്രി, ജസ്റ്റു, അനീഷ് തുടങ്ങിയ യുവ സഹോദരന്മാരും ഉത്സാഹപൂർവ്വം ആ കാലങ്ങളിൽ കർതൃവേലയ്ക്ക് ചുമൽ കൊടുത്തവരാണ് . സുവിശേഷകന്മാരായ ബ്രദർ കാലേബ്ബ് – മൂന്നാർ , ബ്രദർ യേശുദാസ് ദേവികുളം, ബ്രദർ ടൈറ്റസ് മറയൂർ , ബ്രദർറോയ് ഇടുക്കി എന്നിവരുടെ സഹകരണവും പ്രത്യേകം പ്രസ്താവ്യമാണ്.
കഴിഞ്ഞ 20 വർഷത്തിലധികമായി ഇങ്ങനെ നിവർത്തിച്ചിട്ടുള്ള വേലയുടെ സാമ്പത്തിക ചിലവ് വഹിച്ചതു് പ്രിയ രാജുച്ചായനും ഡോക്ടർ ജോളി അവർകളും ആണെന്നുള്ളത് സ്തോത്രത്തോടെ ദൈവനാമ മഹത്വത്തിനായി പ്രസ്താവിച്ചുകൊള്ളട്ടെ. കൂടാതെ മറ്റു പലരുടെയും വിശേഷാൽ, കൊടുങ്ങല്ലൂർ എബനേസർ ബ്രദറൻ സഭയുടെയും സഹകരണം ഈ ആവശ്യത്തോടുള്ള ബന്ധത്തിൽ ഉണ്ടായിട്ടുണ്ട് എന്നുള്ളതും സന്തോഷത്തോടെ ഓർക്കുന്നു.
കൊടുങ്ങല്ലൂർ സഭയും, വാളറ സഭയും
ഈയുള്ളവനും, പ്രിയ രാജുച്ചായനുമായുള്ള സൗഹൃദം കൊടുങ്ങല്ലൂർ -വാളറ എന്നീ സഭകൾ തമ്മിൽ തികഞ്ഞ സ്നേഹവും ആത്മാർത്ഥ സഹകരണം പുലർത്തുവാൻ കർത്താവ് സഹായിച്ചു. വാളറ സഭ കൊടുങ്ങല്ലൂർ എബനേസർ സഭയോട് ഏറെ കടപ്പെട്ടിരിക്കുന്നു . വാ ളറ സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ,വിശേഷാൽ ഭവന സന്ദർശനം , പരസ്യ യോഗങ്ങൾ, വീട്ടു യോഗങ്ങൾ,സ്നാനം , വിവാഹം തുടങ്ങിയുള്ള ശുശ്രൂഷകൾക്കെല്ലാം കൊടുങ്ങല്ലൂർ സഭാ വിശ്വാസികൾ കടന്നുവന്ന് ആത്മാർത്ഥയോടെ സഹകരിച്ചിട്ടുണ്ട്. വാളറ സഭയിലെ ഓരോ വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുകയും ,ഓരോരുത്തരുടെയും കാര്യങ്ങൾ താല്പര്യപൂർവ്വം അന്വേഷിക്കുകയും , ഓരോ വ്യക്തികളെയും അവരുടെ ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കുകയും ചെയ്യുവാൻ കർത്താവ് പ്രീയ രാജുച്ചായനെ ഏറെ ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളത് സന്തോഷത്തോടും സ്തോത്രത്തോടും കൂടെ പ്രസ്താവിക്കുന്നു. മാത്രമല്ല വാളറ സഭയ്ക്ക് മറക്കാനാവാത്ത നിലയിൽ വിവിധ നിലകളിൽ സഹകരിച്ച മറ്റ് സഹോദരന്മാരാണ് ഡോക്ടർ ജോളിയും , പ്രീയ രമേശ് സഹോദരനും .അവരുടെ സന്തോഷത്തോടുകൂടിയുള്ള സഹകരണവും സ്നേഹവും ഞാനിവിടെ സ്മരിക്കുന്നു. ഇവർക്കുള്ള പ്രതിഫലത്തിന്റെ അളവ് സ്വർഗം നിർണയിക്കട്ടെ.
രാജുച്ചായനും ഞാനും
ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം കുറിക്കുവാൻ എന്റെ തൂലികക്കാ വുന്നില്ല .എങ്കിലും ഞാൻ പറഞ്ഞുകൊള്ളട്ടെ ദാവീദും,യോനാഥാനും പോലെ ആയിരുന്നു ഞങ്ങൾ തമ്മിൽ. മരണത്താൽ മറയാത്ത മഹൽ സ്നേഹ പ്രഭയാല്‍ പിരിയാ ബന്ധമാണിത് യുഗകാലം വരെയും.
രാജുച്ചായൻ എനിക്ക് പിതൃതുല്യനും, എനിക്ക് ഒരു ജ്യേഷ്ഠനും, ഉത്തമ സുഹൃത്തും,നല്ല സഹോദരനും ആയിരുന്നു .
എന്റെ ഹൃദയത്തെ തണുപ്പിക്കുകയും , ഏറെ , കരുതലിന്റെ വലതുകരം തന്ന് ആശ്വാസമായിരിക്കുകയും, കർതൃ വേലയിലും ,വിശേഷാ ൽ സഭ പരിപാലനത്തിലും തെറ്റുപറ്റാത്ത ആലോചന പറഞ്ഞു തന്ന് എനിക്ക് ധൈര്യം പകരുകയും ചെയ്ത എന്റെ ആത്മമിത്രം ,പ്രിയ രാജുച്ചായന്റെ വേർപാട് എനിക്ക് ഉൾക്കൊള്ളാൻ ആകുന്നില്ല .നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ട് . തനിക്ക് ഇഷ്ടമുള്ളതൊക്കെയും അവൻചെയ്യുന്നു(Ps 115:3).
ഞങ്ങൾ കഴിഞ്ഞ മാസം ഒടുവിൽ കണ്ടു പിരിയുമ്പോൾ ,എന്നെ തന്റെ മാറോട് ചേർത്തുപിടിച്ച് “കർത്താവ് അനുവദിച്ചാൽ അടുത്തമാസം വീണ്ടും കാണാം “” എന്ന് പറഞ്ഞാണ് ഞങ്ങൾ തമ്മിൽ പിരിഞ്ഞത്.
പ്രീയരാജുച്ചായൻ കടന്നുപോയി എന്ന വാർത്ത കേട്ട് ഞാൻ ആകെ തളർന്നു.ഇനി ആരുണ്ട് ? ഇങ്ങിനെ ഒരാൾ…… നിത്യതയോളവും സത്യകൂട്ടാളിയായ് ക്രിസ്ത്യൻ അല്ലാതെ യല്ലാരുമിഭൂമിയിൽ മൃത്യുവിനാൽ മാറുമെത്ര മിത്രം ആയാലും മർത്യരെല്ലാം …… എന്ന ടി.കെ.എസ്സി.ന്റെ പാട്ട് പാടി അത്യുന്നതനെ മഹത്വപ്പെടുത്തുന്നു. ഒരുപാട് , ഒരുപാട് ഓർമ്മകൾ അയവിറത്തുകൊണ്ട് … , ശോഭയുള്ള നാട്ടിൽ പ്രീയരാജുച്ചായനെ തേജസ്സോടെ കാണാം എന്ന പ്രത്യാശയോടെ ഈ വാക്കുകൾ അവസാനിപ്പിക്കുന്നു .
രാജുച്ചായന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന തന്റെ സഹധർമ്മിണി പ്രിയ ഗ്ലോറി ആന്റിയേയും അവരുടെ മക്കളായ നിസിയെയും കുടുംബത്തെയും , ജിൻസിയേയും കുടുംബത്തെയും സർവ്വാശ്വസങ്ങളുടേയും ദൈവം ആശ്വസിപ്പിക്കട്ടെ .
എന്നും മാറാത്തവൻ അവരോട് കൂടെ ഇരിക്കുമാറാകട്ടെ .
കൊടുങ്ങല്ലൂർ എബനേസർ അസംബ്ലിക്ക് ധാരാളം കൃപ കർത്താവു നൽകുമാറാകട്ടെ.