കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ശരണം പ്രാപിക്കുക

ഇ എസ് തോമസ്

പതിനൊന്നാം സങ്കീർത്തനത്തിൽ ദാവീദ് രാജാവ് ഇപ്രകാരം പ്രാർത്ഥിച്ചു” യഹോവേ ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു, എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്ന് എന്നെ വിടുവിക്കണമേ ” ഈ വാക്യത്തിലെ ” ശരണം പ്രാപിക്കുക” എന്ന പദത്തിന്റെ ആത്മീക അർത്ഥം ഇവിടെ രേഖപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എബ്രായ ഭാഷയിൽ “ശരണപ്പെടുക” എന്നതിന് ഉപയോഗിച്ചിട്ടുള്ള പദത്തിന് അടിസ്ഥാനപരമായി മൂന്ന് അർത്ഥങ്ങളുണ്ട്. അവ യഥാക്രമം , “അഭയം തേടുക,” “ചാരുക,” “ഭരമേൽപ്പിക്കുക” എന്നിങ്ങനെ ത്രിവിധ അർത്ഥങ്ങളാണ്.

തന്റെ പ്രതിയോഗികളായ ശത്രുക്കൾ ദാവീദ് രാജാവിനെ വേട്ടയാടുവാൻ അവന്റെ പിന്നാലെ നടക്കുകയും, ഒരു വിധത്തിലും സാഹചര്യങ്ങൾ അവന് അനുകൂലമല്ലാതെ വരികയും ചെയ്തപ്പോൾ ദൈവത്തിൽ അവൻ അഭയം ചൊല്ലിയതിനെ സൂചിപ്പിക്കുന്ന പദമാണ് “ശരണപ്പെടുക” എന്നുള്ളത്.

ദൈവത്തിൽ അഭയം തേടുക (Take refuge in God)എന്നാണ് അതിന്റെ അർത്ഥം. പാട്ടുകാരൻ പാടിയപ്പോൾ ഇപ്രകാരം പാടിയിട്ടുണ്ട്:,
” പിളർന്നൊരുപാറയെ നിന്നിൽ ഞാൻ മറയട്ടെ ”
ജീവിതത്തിന്റെ കഷ്ടനാളുകളിൽ,ശത്രു നമ്മെ പിന്തുടരുകയും, രക്ഷയ്ക്കായി മറ്റ് യാതൊരു മാർഗ്ഗവും ഇല്ലാതെ വരികയും ചെയ്യുമ്പോൾ ഒരു ദൈവ പൈതലിന് ശത്രുവിന്റെ ദൃഷ്ടിയിൽ നിന്ന് ഓടിപ്പോയി ഒളിച്ചിരിക്കാൻ കഴിയുന്ന സങ്കേതമാണ് നമ്മുടെ കർത്താവായ യേശു.

അവിടുന്ന് 2000 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പാപത്തിന്റെ പരിഹാരത്തിനായി പിളർക്കപ്പെട്ട യുഗങ്ങളുടെ പാറയാണ്. ആ പാറയുടെ ഇടിവിൽ ഏത് വിശ്വസിക്കും എപ്പോഴും അഭയം തേടുവാൻ സാധിക്കും.

ശത്രു നമ്മെ പിന്തുടരുമ്പോൾ, സാഹചര്യങ്ങൾ നമുക്ക് പ്രതികൂല മാകുമ്പോൾ ഓർക്കുക, നമുക്ക് ഓടിപ്പോയി ഒളിച്ചിരിക്കേണ്ടതിന് നമുക്കായി തുറക്കപ്പെട്ട ഒരു നിത്യ പാറയുണ്ട്. ആ പാറയുടെ പിളർപ്പിൽ നമുക്ക് നിത്യമായ ഒരു സങ്കേതം ഉണ്ട്.

രണ്ടാമത്തെ അർത്ഥം, “ചാരുക ആശ്രയിക്ക”(Lean upon)എന്നീ അർത്ഥങ്ങളാണ്.

അന്ത്യ അത്താഴ സമയത്ത് യോഹന്നാൻ അപ്പോസ്തലൻ യേശുവിന്റെ മാറിൽ ചാരി ഇരുന്നതായി നാം തിരുവെഴുത്തിൽ വായിക്കുന്നു.

യേശുവിന്റെ മാർവ്വിൽ ചാരിയാൽ അവന്റെ ഹൃദയത്തിന്റെ സ്പന്ദനം നമുക്ക് കേൾക്കാൻ കഴിയും. ശത്രുവിന്റെ ആരവം കേട്ട് ഭയപ്പെടുന്ന നാളിൽ യേശുവിന്റെ മാറിൽ ചാരുന്ന ഏതൊരു ദൈവ പൈതലിനും അവന്റെ സ്വാന്തനമായ ഹൃദയത്തിന്റെ സ്പന്ദ നങ്ങൾ കേട്ട് ആശ്വസിക്കുവാൻ കഴിയും. യേശുവിന്റെ മാർവ്വിൽ ചാരുന്നവർക്ക് ഒരു പ്രതികൂലത്തെയും ഭയപ്പെടേണ്ടതില്ല.

പാട്ടുകാരൻ ഇപ്രകാരം പാടുന്നു, “യേശുവിൻ മാർവിൽ ചാരീടുക, സഹായിക്കും താൻ എല്ലാ നാളും.”

കർത്താവിന്റെ ദാസൻ ടി.കെ.ശാമുവേൽ സാർ എഴുതിയപ്പോൾ ഇപ്രകാരം എഴുതി. ” “മരുവിൽതൻ പ്രിയനോട് ചാരിവരും സഭയാം, തരുണീമണി ഭാഗ്യവതി തന്നെ ”
അതെ വിശ്വാസത്താൽ അവനെ ആത്മ മണവാളനായി സ്വീകരിച്ച ആർക്കും അവന്റെ തിരുമാറിൽ ചാരി ജീവിതത്തിന്റെ കഷ്ടനാട്കളിൽ, രോഗങ്ങളിൽ, ദുഃഖങ്ങളിൽ, സങ്കടങ്ങളിൽ, എന്നേക്കും ആശ്വസിക്കുവാൻ കഴിയും.
എന്റെ വാത്സല്യ സഹോദരന്മാരെ, നമുക്ക് എക്കാലവും ചാരുവാൻ നമുക്കായി ഒരുക്കപ്പെട്ട യേശുക്രിസ്തുവിന്റെ മാർവ്വിവിനായി സ്തോത്രം!

” ശരണപ്പെടുക” എന്ന വാക്കിന്റെ മൂന്നാമത്തെ അർത്ഥം ” ഭരമേൽപ്പിക്കുക”(Roll oneself on)എന്നാണ്. പത്രോസ് അപ്പോസ്തലൻ ഇപ്രകാരം പറയുന്നു. “നിന്റെ ഭാരം യഹോവയുടെ മേൽ ഭരമേൽപ്പിക്കുക, അവനത് നിവർത്തിക്കും ”

മാന്യ സ്നേഹിതാ , ഈ ലോക ജീവിതത്തിൽ ഒരുപാട് ഭാരങ്ങൾ എനിക്കും നിങ്ങൾക്കും ഉണ്ട്. ചിലത് പറയാൻ കഴിയുന്നതും, മറ്റു ചിലത് മറ്റുള്ളവരുമായി പങ്കിടുവാൻ പ്രയാസമുള്ളതും ആയിരിക്കാം. ഓരോ ദിവസവും നിന്റെ ജീവിതം നീറി നീറി. കഴിയുന്നുണ്ടാവും. ഭാരപ്പെടേണ്ട, എന്റെയും നിങ്ങളുടെയും ഭാരങ്ങളെ ചുമക്കുവാൻ തന്റെ ചുമൽ ചായ്‌ച്ചു നമുക്ക് നൽകുന്ന സ്നേഹനിധിയായ ഒരു കർത്താവ് നമുക്കുണ്ട്. നിങ്ങളുടെ ഭാരങ്ങൾ എന്തും ആകട്ടെ, അത് ശാരീരികമോ, മാനസികമോ, ആത്മീകമോ എന്തുതന്നെ ആയിരുന്നാലും നിശ്ചയമായും അത് ചുമക്കുവാൻ അവൻ എപ്പോഴും മനസ്സുള്ളവനാണ്.

ആകയാൽ നമ്മുടെ ഭാരങ്ങൾ യഹോവയുടെ മേൽ വയ്ക്കുവാൻ നമുക്ക് ഉത്സാഹിക്കാം.

പാട്ടുകാരൻ പാടുന്നു : “ഭാരമേന്യേ ജീവിക്കുവാൻ എൻ ഭാരമെല്ലാം ചുമന്നവനെ , ആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമെൻ ആശിഷം നിൻ കാരുണ്യമെ.
യേശുവേ എൻ പ്രാണനായക ജീവൻ എനിക്കേകിയോനെ,എൻ സങ്കടങ്ങൾ അറിഞ്ഞെന്റെ വൻ കടങ്ങൾ തീർത്തെന്റെ കണ്ണ് നീർ തുടച്ചല്ലോ നീ ”

പ്രതികൂലത്തിന്റെ നാളുകളിൽ ദാവീദ് പാടി: “യഹോവയെ ഞാൻ ശരണപ്പെടുന്നു.” എന്നുവച്ചാൽ, എന്റെ കഷ്ട്ടനാളുകളിൽ യഹോവയിൽ ഞാൻ ആഭയം ചൊല്ലുന്നു, അവന്റെ മാർവ്വിവിൽ ഞാൻ ചാരുന്നു, എന്റെ ഭാരം അവനെ ഞാൻ ഭരമേൽപ്പിക്കുന്നു!

ഇതാണ് ഒരു ദൈവ പൈതലിന്റെ ആശ്വാസം. “മനമേ എല്ലാ കാലവും അവനിൽ ആശ്രയിക്കുക.” അവനാണ് നമ്മുടെ സങ്കേതം, അവനാണ് നമുക്ക് ചാരുവാനുള്ള ഏക അത്താണി, അവൻ മാത്രമാണ് നമ്മുടെ ഭാരങ്ങളെ അന്ത്യത്തോളും ചുമക്കുവാൻ കഴിയുന്നവൻ. ആ നല്ല കർത്താവിൽ ശരണപ്പെട്ടുകൊണ്ട് നമ്മുടെ ക്രിസ്തീയ ജീവിതം ഈ മരുഭൂമിയിൽ തുടരുവാൻ സർവ്വശക്തനായ കർത്താവ് നമ്മെ സഹായിച്ച് അനുഗ്രഹിക്കുമാറാകട്ടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More