കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പത്ത് പുത്രന്മാരെക്കാൾ നല്ലൊരു ഭർത്താവ് 

ഇ എസ് തോമസ്

“8. അവളുടെ ഭർത്താവായ എൽക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.”1 ശമൂവേൽ : 1:8

ആരെല്ലാം പുറന്തള്ളിയാലും. തന്റെ മാറോടു ചേർത്തുപിടിക്കുന്ന ഒരു ഭർത്താവ്.!
” എൽക്കാന അവളോട്. ഹന്നെ നീ എന്തിനു കരയുന്നു? നീ വ്യസനിക്കുന്നത്എന്ത്? ഞാൻ നിനക്ക് പത്ത് പുത്രന്മാരെക്കാൾ നല്ലത് അല്ലയോ എന്നു പറഞ്ഞു. ” ഏറെ നാളായി ഒരു വീട്ടിൽ ഒരുവൾ മക്കൾ ഉള്ളവളും, മറ്റൊരുവൾ മക്കൾ ഇല്ലാത്തവളുമായി കഴിയുകയാണ്. മക്കൾ ഇല്ലാത്ത സ്ത്രീ യഹൂദ കുടുംബത്തിൽ ഒരു അപമാനവും, സമൂഹത്തിൽ ഒരു നിന്ദാവിഷയവുമാണ്.

മക്കൾ ഇല്ല എന്നതിലുള്ള മാനസിക പീഡനവും, ഒപ്പം പ്രതിയോഗിയായവളുടെ പരിഹാസവും, കുടുംബത്തിലെ അപമാനവും, സമൂഹത്തിലെ അവഗണനയും എല്ലാം കൊണ്ടും ചങ്ക് തകർന്ന് വ്യസനപാത്രമായി കഴിയുന്ന ഹന്നയുടെ അടുക്കൽ വന്ന് അവളുടെ ഭർത്താവായ ഏൽക്കാന അവളോട് പറയുകയാണ് ” ഞാൻ നിനക്ക് പത്ത് പുത്രന്മാരെക്കാൾ നല്ലവനല്ലോ!

ആരാണ് ഒരു ഭർത്താവ്?. ഭർത്താവ് സമം കർത്താവ്‌.
എവിടെയോ ചില മാതാപിതാക്കൾ ഒമനിച്ചു വളർത്തിയ ഒരു പെൺകുട്ടിയെ ഒരിക്കൽ മാത്രം കണ്ട, മുൻപരിചയം ഇല്ലാത്ത ഒരു പുരുഷന്റെ കൂടെ ഏൽപ്പിച്ചു കൊടുക്കുന്നു വിവാഹത്തിൽ. ആ വിവാഹം നടന്ന നിമിഷം മുതൽ അവളുടെ അപ്പനും, അമ്മയും, സഹോദരനും, സഹോദരിയും, ജ്യേഷ്ഠത്തിയും, അനുജത്തിയും എല്ലാം എല്ലാമായി മാറുന്നത് അവളുടെ ഭർത്താവാണ്.

അവൾ സമ്പൂർണ്ണമായി വിശ്വസിച്ച് അവളെത്തന്നെ അവന് സമർപ്പിച്ചിരിക്കുകയാണ്. മേലിൽ അവളുടെ എല്ലാ സംരക്ഷണവും അവന്റെ കയ്യിലാണ്. അതുകൊണ്ടാണല്ലോ വിവാഹ പ്രതിജ്ഞയിൽ സുഖത്തിലും ദുഖത്തിലും, ആരോഗ്യത്തിലും രോഗത്തിലും, സാമ്പത്തിലും ദാരിദ്രത്തിലും, നമ്മുടെ കർത്താവ്‌ തരുന്ന എല്ലാ സാഹചര്യങ്ങളിലും, നിന്നെ മാത്രം സ്നേഹിച്ചും, പോറ്റിയും പുലർത്തിയും കൊള്ളാമെന്ന് ത്രിയേക നാമത്തിൽഅവൻ അവളോട് ഉടമ്പടി ചെയ്യുന്നത്.

സമൂഹത്തിൽ പുരുഷന്മാര്ക്ക് ഭാര്യമാർ വിവിധ ഉദ്ദേശത്തോട്കൂടിയവളാണ്.
ചിലർക്ക് അവൾ വേലക്കാരി, വേറെ ചിലർക്ക് അവൾ ഭർത്താവിന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു പ്രസവിച്ചു വളർത്താനുള്ള ഒരു ഉപാധി, മറ്റ് ചിലർക്ക് വൈകാരിക ശമനത്തിനുള്ള ഒരു ഉപകരണം, ഇനിയും ചിലർക്ക് തക്ക സമയത്ത് ഭർത്താവിന്റെ ഓർഡർ പ്രകാരം യഥാ സമയം ഭക്ഷണം തയ്യാറാക്കി ശുഷ്‌റൂഷ ചെയ്യുന്ന ഒരു ഷെഫ് ഇതിനപ്പുറം ഭാര്യ ആരുമല്ല.

എന്നാൽ ബൈബിൾ ഭാര്യയെ ജീവിത സഖി, ഭർത്താവിന്റെ ശരീരം, ഉഭയസമ്മതത്തിന്റെ ഭാര്യ, എന്നൊക്കെയാണ് വിവക്ഷിക്കുന്നത്. ജീവിതത്തിന്റെ എല്ലാ സമയത്തും ഉത്തമനായ ഒരു പകാളിയായി സ്വന്തം ഭാര്യക്ക് ഒരു ആശ്വാസമായി നിലകൊള്ളുന്നവനാണ് യഥാർത്ഥ ഭർത്താവ്.

ഭാര്യക്ക് ആരോഗ്യമുള്ളപ്പോൾ അവളെ ചക്കരെ! കരളേ, മുത്തേ, പവിഴമേ! എന്നൊക്കെ വിളിച്ചു കൊണ്ട് നടന്ന പലരും അവൾ രോഗിയോ ബെലഹീനയോ ആയപ്പോൾ അവളുടെ വേദന കാണുവാൻ കണ്ണില്ലാത്തവരായി മാരാറുണ്ട്.

അത് യഥാർത്ഥ സ്നേഹമല്ല. ഉത്തമനായ ഒരു ഭർത്താവ് ഭാര്യ ആരോഗ്യവതി ആയിരുന്നപ്പോൾ അവളോട് ഉണ്ടായിരുന്നതിലും അധികം സ്നേഹവും, കരുതലും അവളോട് അവൾ ബെലഹീനയായിരിക്കുമ്പോൾ കാണിക്കുന്നവനായിരിക്കും.

അവളോടുള്ള അവന്റെ ഓരോ വാക്കുകളും, സമീപനവും അവൾക്ക് ഏറ്റവും സന്തോഷവും ആശ്വാസവും ആയിരിക്കണം.

ഇവിടെ മച്ചിയായി മക്കളില്ലാതെ പ്രതിയോഗിയുടെ പരിഹാസവും സഹിച്ച് ഒരേ വീട്ടിൽ കഴിയുന്ന ഹന്നയോട് അവളുടെ ഭർത്താവ് ഏൽക്കാനാ പറയുകയാണ് ” ഹന്നെ, നീ കരയുന്നത് എന്ത്? ഞാൻ നിനക്ക് പത്ത് പുത്രന്മാരെക്കാൾ നല്ലവൻ അല്ലയോ!

ഇതാണ് ഒരു നല്ല ഭർത്താവിന്റെ മനസ്സ്.
അവൾ നിന്ദിതയായി, നിസ്സാരയായി, നിസ്സഹായയായി നിൽക്കുമ്പോൾ എല്ലാവരുടെയും പരിഹാസവിഷയമായി മാറുമ്പോൾ, അടുത്ത് വന്ന് പ്രീയപ്പെട്ടവളെ, നീ ഭാരപ്പെടേണ്ട, നിന്റെ ജീവിതത്തിന്റെ അന്ത്യ നിമിഷം വരെ ഞാൻ നിനക്ക് ഉത്തമനായ ഒരു ഭർത്താവ് ആയിരിക്കും, പത്ത് പുത്രന്മാരേക്കാൾ ഞാൻ നിനക്ക് നല്ലവൻ ആയിരിക്കും എന്ന് ഭാര്യയോട് പറഞ്ഞ് അവളെ ആശ്വസിപ്പിക്കുന്ന പുരുഷനാണ് ഉത്തമനായ ഭർത്താവ്.

അല്ലാത്തവൻ വെറും വണ്ടി കാള!

സ്ത്രീയുടെ യവ്വന കാലത്ത് തന്റെ കാര്യ സാധ്യത്തിനായി അവളെ ചക്കരെ, മുത്തേ വിളിക്കുന്നവനല്ല, അവളുടെ ക്ഷീണത്തിലും വാർധിക്യത്തിലും, കയ്പ്പിന്റെ നാളുകളിലും, യവ്വന കാലത്ത് അവളോട് ഉണ്ടായിരുന്നതിലും അധികം സ്നേഹം അവളോട് കാണിക്കുന്നവനാണ് ഒരു നല്ല ഭർത്താവ് .

അല്ലാത്ത ആരെയും ഭർത്താവ് എന്ന് ബൈബിൾ പഠിപ്പിക്കുന്ന ആശയത്തിൽ വിളിക്കുവാൻ സാധിക്കുകയില്ല. പ്രായം കൂടുന്തോറും അങ്ങനെയുള്ള ഭർത്താക്കന്മാർക്ക് ഭാര്യമാരോടുള്ള സ്നേഹവും,കരുതലും കുറയുകയല്ല വർധിക്കുകയാണ് ചെയ്യുന്നത്.

സ്നേഹിതാ, താങ്കൾ ഉത്തമനായ ഒരു ഭർത്താവ് ആണോ? പത്ത് പുത്രന്മാരെക്കാൾ നിന്റെ ഭാര്യക്ക് നീ വലിയവനും ആശ്വാസദായകനും ആണോ? അതോ ഒരേ വീട്ടിൽ അന്യനെപ്പോലെ ഒന്നിച്ചു ജീവിക്കുന്ന വ്യക്തിയാണോ താങ്കൾ? ചിന്തിക്കുക.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More