Powered by: <a href="#">Manna Broadcasting Network</a>
ബ്രദർ. ജിജോ ജോർജ്ജിന്റെ സൗഖ്യം.!!!!!
ചില മാസങ്ങൾക്ക് മുമ്പ് കെട്ടിടപ്പണി ചെയ്തുകൊണ്ടിരിക്കെ കാൽവഴുതി സ്റ്റെപ്പ് വഴി താഴേക്ക് വീഴുകയായിരുന്നു ബ്രദർ ജിജോ ജോർജ്, മലേക്കീഴ്. തലയുടെ രണ്ടുഭാഗത്തും ശക്തമായ ക്ഷതം ഉണ്ടാവുകയും ഇന്റെണൽ ബ്ലീഡിങ് അധികമാവുകയും ചെയ്തു കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റായി. പെട്ടെന്ന് ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും തലയോട്ടി ഇളക്കി മാറ്റി തലയുടെ രണ്ടു സൈഡും അടുത്തടുത്ത ദിവസങ്ങളിലായി ഓപ്പറേഷൻ ചെയ്തു. ആർക്കും ഒന്നും പ്രവചിക്കാൻ കഴിയാത്ത ആശങ്കാകുലമായ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള വിശുദ്ധന്മാരെല്ലാവരും ഐക്യമത്യത്തോടെ ജിജോയുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചു. 30 വയസ്സുള്ള ഒരു യുവാവിന്റെ ആയുസിനെക്കുറിച്ചു ഒരു പ്രതീക്ഷയുമില്ലാതെ ആശങ്കയോടെ തന്റെ സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.യൗവ്വനക്കാരനായ ഈ സഹോദരൻ ജീവിതകാലം മുഴുവൻ കട്ടിലിൽ കിടക്കേണ്ടിവരുന്ന സാഹചര്യം ആർക്കും ഉൾക്കൊള്ളുവാൻ കഴിയില്ല. ആശുപത്രിയിലെത്തിയ എനിക്കും മാനസികമായ വിഷമങ്ങളും പ്രയാസങ്ങളും ആശങ്കയും ഉണ്ടാക്കി. അടിയന്തിരപ്രാർത്ഥനാസന്ദേശം എത്തിയ നിമിഷംമുതൽ ആയിരങ്ങൾ തനിക്കുവേണ്ടി പ്രാർത്ഥിച്ചു.പ്രാർത്ഥനയുടെ ശബ്ദം ദൈവസന്നിധിയിൽ എത്തി. ദൈവത്തിനു പ്രവർത്തിക്കുവാൻ അധികസമയം വേണ്ടല്ലോ. തനിക്കുള്ള സാമ്പത്തിക ആവശ്യങ്ങളും ദൈവജനം ഏറ്റെടുത്തു നടത്തി. തികച്ചും അവിശ്വസനീയം എന്ന് പറയണമല്ലോ. തന്റെ സൗഖ്യം വളരെ പെട്ടെന്നായിരുന്നു. ചില മാസങ്ങൾ മെഡിക്കൽകോളേജിലും പാമ്പാടി ഹോസ്പിറ്റലിലും കിടക്കേണ്ടിവന്നു. അതിനു ശേഷം ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. ഇന്നലെ (18/02/24)ഞാൻ ആ സഹോദരനെ കാണാനയും ഒരു സഹോദരൻ ഏൽപ്പിച്ച കൂട്ടായ്‌മ കൊടുക്കുവാനായും അവിടെയെത്തി. അപ്പോൾ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു മാസം മുമ്പ് കട്ടിലിൽ കിടക്കുന്ന സഹോദരനെയാണ് ഞാൻ കണ്ടിരുന്നതെങ്കിൽ ഇന്നലെ ഞാൻ അദ്ദേഹത്തെ ബെഡിൽ കണ്ടില്ല. ഞാൻ ഒന്ന് ഞെട്ടി. അപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ സ്വരം കേട്ടു. മോൻ ഇവിടെ ഉണ്ട് ഉപദേശി. ഞാൻ നോക്കുമ്പോൾ അടുക്കളയിൽ നിന്ന് നടന്നുവരുന്ന ചെറുപ്പക്കാരൻ. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.ദൈവത്തിന്റെ അത്ഭുതപ്രവർത്തി നേരിട്ടുകണ്ട ഞാൻ നിറകണ്ണുകളോടെ ദൈവമേ….. നിനക്ക് സ്തോത്രം…. ആയിരമായിരം സ്തോത്രം…..ഇങ്ങനെയും പ്രവർത്തിക്കുവാൻ അങ്ങേയ്ക്ക് അധികം സമയം വേണ്ടല്ലോ…നന്ദി… നന്ദി… എന്നുപറഞ്ഞു സ്തോത്രം ചെയ്തു.
ഇപ്പോഴത്തെ സാഹചര്യം തനിക്ക് എഴുന്നേറ്റു നടക്കുവാനും തന്റെ സ്വന്തകാര്യങ്ങൾ ചെയ്യുവാനും കഴിയുന്നനിലയിൽ ദൈവം സൗഖ്യംനൽകി.താമസിയാതെ ഒരു മേജർ ഓപ്പറേഷൻകൂടി ആവശ്യമുള്ളതിനാൽ മുക്കിലെ ട്യൂബ് ഇപ്പോഴും മാറ്റിയിട്ടില്ല. അതുകൊണ്ട് സംസാരിക്കാൻ കഴിയുന്നില്ല.കാര്യങ്ങൾ എല്ലാം മനസ്സിലാക്കാനും ആശയവിനിമയം നടത്താനും കഴിയുന്നുണ്ട്.ഇനി ചില മാസങ്ങൾക്കുള്ളിൽതന്നെ അടുത്ത ഓപ്പറേഷൻകൂടെ ചെയ്യേണ്ടിയിരിക്കുന്നു. ഇളക്കിമാറ്റിയ തലയോട്ടിയുടെ ഭാഗം തിരികെവയ്ക്കേണം. ദൈവം അതും നന്നായി ചെയ്യുമെന്ന് വിശ്വസിക്കുന്നു. കാരണം ദൈവജനത്തിന്റെ പ്രാർത്ഥന സ്വർഗ്ഗം കേട്ടപ്പോൾ ദൈവശക്തി വ്യാപരിച്ചത് എത്ര അതിശയമായിട്ടാണ്… തന്റെ മക്കൾക്ക് ദൈവം ചെയ്യുന്ന നന്മകൾ എത്ര അതിശയകരമാണ്.മനുഷ്യന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനപ്പുറമാണ് ദൈവത്തിന്റെ പ്രവർത്തനം.. എല്ലാറ്റിനും ദൈവത്തിനു മഹത്വം. സ്നേഹമുള്ള ധാരാളം ദൈവജനം സഭയായും വ്യക്തികളായും പ്രാർത്ഥിക്കുകയും സാമ്പത്തികസഹായങ്ങൾ ചെയ്തതിന്റെയും ഫലമാണ് ഈ വിടുതൽ. താമസിയാതെതന്നെ ഒരു ഓപ്പറേഷൻകൂടി ആവശ്യമാണല്ലോ.അതും ദൈവം നടത്തും എന്ന് വിശ്വസിക്കുന്നു. തുടർന്നും ദൈവജനത്തിന്റ പ്രാർത്ഥന ആവശ്യമാണ്. പ്രാർത്ഥിക്കുക. ഇതുവരെ പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു.
ഇന്നലെ ഞങ്ങൾ ഒരുമിച്ച് കണ്ടപ്പോൾ എടുത്ത ഫോട്ടോ.(Eetticka kunjumon. Kottarakara)