കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

മേലങ്കി: ധൂമ്രവസ്ത്രം ചെമ്പട്ടായി

ഗോഡ്‍ലി പി എസ്, ബഹ്‌റൈൻ

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശീകരണ സമയത്തെ വസ്ത്രധാരണത്തെക്കുറിച്ചു സുവിശേഷങ്ങളിൽ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുന്നു. അതിൽ ശ്രേദ്ധേയം കർത്താവിന്റെ മേലങ്കിയാണ്. സാധാരണക്കാരിൽ സാധാരണക്കാരനായ യേശു തികച്ചും ഒരു ദരിദ്രനായിരുന്നു. അപൂർവമായ ധ്രൂമ നിറത്തിലുള്ള ചായങ്ങൾ പതിച്ച വിലയേറിയ വസ്ത്രങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. സാധാരണക്കാരുമായും മത്സ്യത്തൊഴിലാളികളുമായും സഞ്ചരിച്ച്, വിലകുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചുള്ള  ഒരു സാധാരണ ജീവിതം. എന്നാൽ അധികാര ശക്തിയാൽ തങ്ങളുടെ അധികാര പടയായ റോമൻ പടയാളിയുടെ കൈയ്യിൽ തന്നെ കിട്ടിയപ്പോൾ അവർ എവ്വിധവും പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തു. പരിഹാസത്തിന്റെ പരമോന്നതയിൽ അവർ അവനെ രാജാവാക്കി, രാജ വേഷവിധാനങ്ങളോടെ പരിഹസിച്ചു. ആ രാജ വേഷവിധാനങ്ങളിൽ ഒന്നത്രേ അവനെ ധരിപ്പിച്ച മേലങ്കി.

ഈ മേലങ്കിയെ കുറിച്ച് മലയാളം തർജ്ജിമ വായിക്കുമ്പോഴും ഇംഗ്ലീഷ് ബൈബിൾ വായിക്കുമ്പോഴും  അങ്ങിങ്ങായി വാക്കുകൾ  ഒരുപോലെയും മാറ്റിയും ഒക്കെ രേഖപ്പെടുത്തിയിരിക്കുന്നു. മാർക്കോസ് 15:17,20 ഇംഗ്ലീഷിൽ purple rob എന്ന പദമാണ് മലയാളത്തിൽ ധൂമ്രവസ്ത്രവും രക്താംബരവും എന്നത്രെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇംഗ്ലീഷ് ഭാഷയും കൂടെ കണക്കിലെടുത്തു ഈ മേലങ്കിയെ കുറിച്ച് ഒന്ന് പഠിച്ചാൽ രണ്ടു പദങ്ങൾ ആ പടയാളികൾ ക്രിസ്തുവിനെ പരിഹസിക്കുവാൻ ഉപയോഗിച്ച മേലങ്കിയെ കുറിച്ച് മനസിലാക്കാം ഒന്ന് ധൂമ്രവസ്ത്രം(purple) എന്നും മറ്റേത് ചുവന്ന മേലങ്കി(scarlet), രക്താംബരം എന്ന ചെമ്പട്ട് എന്നുമത്രെ.

മത്തായി സുവിശേഷകൻ മത്തായി 27:28 പറയുന്നത്  “അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി(Scarlet) ധരപ്പിച്ചു. ശേഷം 31-ആം വാക്യത്തിൽ അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി”. എന്നാൽ യോഹന്നാൻ 19:5-ൽ “അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു” എന്നാണ് അഥവാ കർത്താവിനെ  ധരിപ്പിച്ച മേലങ്കിയെ ധൂമ്ര(purple) വസ്ത്രം എന്ന് വ്യക്തമാക്കി. എന്നാൽ മർക്കൊസ് 15:17 ൽ പറയുന്നത് “അവനെ ധൂമ്രവസ്ത്രം(purple) ധരിപ്പിച്ചു, എന്നാണ്. ശേഷം അതെ വസ്ത്രത്തെ 20-)൦ വാക്യത്തിൽ വിശേഷിപ്പിക്കുന്നത് “അവനെ പരിഹസിച്ച ശേഷം അവർ അവന്റെ മേൽ നിന്ന് രക്താംബരം (ചുവന്ന വസ്ത്രം) അഴിച്ചുമാറ്റി, അവന്റെ സ്വന്തം വസ്ത്രം ധരിപ്പിച്ചു, അവനെ ക്രൂശിക്കാൻ കൊണ്ടുപോയി”.

ഇവിടെ രണ്ട് വാക്യങ്ങൾക്ക് ശേഷം രണ്ടു തരം വസ്ത്രവർണ്ണങ്ങളെ വെളിപ്പെടുത്തുന്നെങ്കിലും അതിന്റെ സമയ സംഭവ ദൈർഖ്യം വളരെ വലുതാണ്. യോഹന്നാൻ 19:5 മുതൽ ഏതാണ്ട് 15 വരെയുള്ള വാക്യങ്ങൾ സംഭവ വിശകലനം ചെറിയ രീതിയിൽ വെളിപ്പെടുത്തുന്നെങ്കിലും ആ രാജപരിഹാസ വേഷവും നിന്ദയും പീഢനങ്ങളും  വർണ്ണനാതീതമാണ്. ആ സംഭവ പരമ്പര ധൂമ്ര വസ്ത്രത്തെ രക്താംബരം ആക്കി മാറ്റുവാൻ തക്കതായ പീഡന രീതികൾ ആയിരുന്നു. ഇതിനെ കുങ്കുമപൂവോട് ഉപമിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. ആ പൂവിന്റെ മുഴുഭാഗം ധ്രൂമനിറമാണെങ്കിലും മധ്യഭാഗത്തെ നൂല് പോലുള്ള ഭാഗം ചുവപ്പാണ്, കരിഞ്ചുവപ്പ്. കുങ്കുമം  എന്നത് “സാഫ്രോൺ ക്രോകസ്” എന്നറിയപ്പെടുന്ന ക്രോക്കസ് സാറ്റിവസിന്റെ പൂവിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സുഗന്ധവ്യഞ്ജനമാണ്.  നൂലുകൾ എന്നറിയപ്പെടുന്ന തിളക്കമുള്ള കടും ചുവപ്പ് നിറത്തിലുള്ള കളങ്കവും ശൈലികളും പ്രധാനമായും ഭക്ഷണത്തിൽ സുഗന്ധദ്രവ്യമായും കളറിംഗ് ഏജന്റായും ഉപയോഗിക്കുന്നു. ആ കരിഞ്ചുവപ്പായ നൂലുകൾ വളരെ വിലയേറിയത് ആണ്. നമ്മുടെ കർത്തവായ യേശുക്രിസ്തുവിന്റെ ശരീരത്തിലെ മേലങ്കി അവർ ധൂമ്രവസ്ത്രമായി ധരിച്ചെങ്കിലും ആ റോമൻ പട്ടാളത്തിന്റെ പീഢന മുറകൾ കർത്താവിന്റെ വസ്ത്രത്തെ രക്താംബരം പോൽ കടും ചുവപ്പായ ചെമ്പട്ട് ആക്കി മാറ്റി. ക്രിസ്തു പീഡനവിധേയനായതിന്റെ അടയാളമാണ് രക്താംബരം എന്ന ചെമ്പട്ട്. ആ ചെമ്പട്ട് ധാരിയായ ക്രിസ്തു കാഴ്ചവെച്ചത് ലോകം കണ്ട ഏറ്റവും വലിയ യാഗമരണമാണ്. അത് സാർവ്വലൗകികമാണ്. അത് അമൂല്യമാണ്. അത് സ്വർഗ്ഗീയമാണ്. ദൈവം തന്നെത്താൻ ഏല്പിച്ചു കൊടുത്തപ്പോൾ പാപത്തിന്റെ മേലുള്ള ദൈവിക ന്യായവിധിയുടെ വിളംബരമാണ് ആ ചെമ്പട്ട്.

രാജകീയതയുടെ നിറം ആയിരുന്നു ധൂമ്ര വസ്ത്രം. മിദ്യാനിലെ രാജാക്കന്മാരുടെ നിറം (ന്യായാധിപന്മാർ 8.26), സോളമന്റെ രഥത്തിന്റെ നിറം (ഉത്തമഗീതം 3.10), ദാനിയേലിന്റെ രാജകീയ വസ്ത്രം (ദാനിയേൽ 5.29) ഇവയെല്ലാം ആ ധൂമ്രവസ്ത്ര ശ്രേഷ്ഠത വിളമ്പുന്ന തിരുവചന സൂക്തങ്ങളാണ്. ഈ രാജകീയ വേഷം, യേശുവിനെ പരിഹസിക്കുവാൻ ഉപയോഗിച്ച പടയാളിപടക്ക് വിഭിന്നമായി മത്തായി തന്റെ സുവിശേഷത്തിൽ  യേശുവിന്റെ  ധൂമ്രനൂൽ വസ്ത്രം പ്രതിപാദിക്കാതെ കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് പറയുന്നത്. പാപത്തിന്റെയും അതിന്റെ പരിഹാരത്തിന്റെയും നിറമായ ചെമ്പട്ട് നിറമുള്ള ഒരു വംശാവലിയിൽ നിന്നാണ് യേശു ഉയർന്നുവരുന്നത് (മത്തായി 1, യെശയ്യാവ് 1.18). ആദ്യം മുന്തിരിയുടെ രക്തത്തിൽ തന്റെ വസ്ത്രങ്ങൾ കഴുകാൻ വിധിക്കപ്പെട്ട യൂദാ (മത്തായി 1.3; ഉല്പത്തി 49.11); പിന്നെ തന്റെ തിരഞ്ഞെടുക്കപ്പെട്ട മകന്റെ കൈയിൽ ഒരു കടും ചുവപ്പ് നൂൽ കെട്ടുന്ന താമാർ (മത്തായി 1.3; ഉല്പത്തി 38.28); ഒടുവിൽ ഒരു കടും ചുവപ്പ് നൂൽ കൊണ്ട് രക്ഷപ്പെട്ട രാഹാബ് (മത്തായി 1.5; ഉല്പത്തി 2.18). പാപത്തിന്റെയും രക്ഷയുടെയും ഈ ചുമപ്പ് നൂൽ ഇഴകൾ അവയുടെ പാരമ്യത്തിലെത്തുന്നത് യഥാർത്ഥ യൂദാ പുത്രനിൽ – തന്റെ ജനത്തിന്റെ പാപങ്ങൾ കുരിശിലേക്ക് ചുമക്കുമ്പോൾ പടയാളികളുടെ പീഢന പാരമ്യതയിൽ രക്ത ചൊരിച്ചിലിലൂടെ ചെമ്പട്ടണിഞ്ഞവനായി നിൽക്കുന്ന ക്രിസ്തു. നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും (യെശയ്യാ 1:18) എന്ന് പറഞ്ഞത് പോലെ തന്റെ ജീവൻ നൽകി വിശുദ്ധിയുടെ പരമോന്നതിയിൽ ആക്കിത്തീർത്ത ക്രിസ്തു യേശുവിനെ ആരാധിക്കാം.

ക്രിസ്തു ഭക്തനായ ആംഗലേയ ഗാന രചയിതാവ് ഐസക് വാട്ട്സ് ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെ വരച്ചു കാണിക്കുന്ന മനോഹരമായ ഗാനമാണ് When I survey the wandrous cross എന്ന് തുടങ്ങുന്ന ഗാനം. ആ മുഴു ഗാനഭാഗത്തിന്റെ മധ്യഭാഗത്ത് ഒരു വരി ഇത്തരുണത്തിൽ ശ്രദ്ധേയമാണ് “His dy­ing crim­son, like a robe, Spreads o’er His bo­dy on the tree” അത് മലയാളത്തിൽ പറഞ്ഞാൽ രക്താംബരം പോലുള്ള ഒരു അങ്കി കാൽവരി ക്രൂശിൽ തൂങ്ങുന്ന പോലെ ക്രിസ്തു നാഥൻ രക്തത്തിൽ കുളിച്ചു ഒരു ചെമ്പട്ടുപോൽ കാൽവറിയിൽ തൂങ്ങികിടക്കുയാണ്. അവൻ പർപ്പിൾ വസ്ത്രം ധരിച്ചു ധൂമ്ര നിറത്തിൽ രാജകീയ പ്രൗഡിയോടെ ജനസമക്ഷം കൊണ്ടുവരേണ്ടുന്നവൻ ആയിരുന്നെങ്കിലും ഇപ്പോൾ ആ ധൂമ്ര വസ്ത്രം ചെമ്പട്ടാകുമാറ് ദേഹമാസകലം മുറിവുകളാൽ രക്ത ചീന്തലുകളാൽ ഒരു മാംസ പിണ്ഡംപോലെ ആയി തീർന്നു. ഈ പ്രഭാതത്തിൽ പരിഹാസ വിഷയമായ രാജാവ് പീഡിതനാകപ്പെട്ട സംഭവ ചരിതങ്ങൾ ഓർത്ത് ധ്യാനിച്ച്, അങ്ങയെ ആരാധിക്കാം സർവ്വ മഹത്വവും കരേറ്റാം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More