കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ക്രൂശിൽ ജയോത്സവം കൊണ്ടാടിയവൻ – കൊലൊസ്സ്യർ 2:14-15

ഗോഡ്‍ലി പി എസ്സ്, ബഹ്‌റൈൻ

അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;  വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി(കൊലൊസ്സ്യർ 2: 14 – 15).

യേശുവിന്റെ ക്രൂശ്മരണത്തെ കുറിച്ചുള്ള പൌലോസിന്റെ കാഴ്ചപ്പാട് ഇവിടെ വരച്ചു കാണിക്കുന്നു. താൻ ജീവിച്ചിരുന്ന സാമ്രാജ്യങ്ങളുടെ പ്രവർത്തന രീതികൾ പ്രകാരം, ജാതികളോടു സുവിശേഷം അറിയിക്കുവാനായി ദൈവം തിരഞ്ഞെടുത്ത വ്യക്തി ആയിരുന്നതിനാല്‍, ആ കാലഘട്ടത്തിലെ ജനങ്ങൾക്ക് മനസ്സിലാകും വിധമാണ് രചനാ രീതി. ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തപ്പെട്ടിരുന്ന ജയോല്‍സവം, മാരത്തോണ്‍ ഓട്ടം എന്നിവയില്‍ നിന്നും ചില ചിത്രങ്ങള്‍ പൗലോസ്‌ ഇവിടെ കടം എടുക്കുകയാണ്.

റോമന്‍ സാമ്രാജ്യം: തങ്ങളുടെ സാമ്രാജ്യത്തെ കുറിച്ചും ഭരണ സംവിധാനങ്ങളെ കുറിച്ചും റോമാക്കാര്‍ അധികം അഭിമാനിച്ചിരുന്നു. അവരുടെ സൈന്യം, നീതിന്യായ വ്യവസ്ഥകള്‍ എന്നിവയെല്ലാം അക്കാലത്ത് അനന്യമായിരുന്നു. ഇന്നത്തെ ഇറാന്‍ മുതല്‍ ഇംഗ്ലണ്ട് വരെയുള്ള സംസ്കാരസമ്പന്നമായ എല്ലാ പ്രദേശങ്ങളും അക്കാലത്തു റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്നു. സമൃദ്ധിയും വിജയവും തങ്ങളുടെ ദേവന്മാരുടെ ശക്തിമൂലമാണ് ലഭിച്ചിരിക്കുന്നത് എന്ന് അക്കാലത്തെ എല്ലാ രാജ്യങ്ങളും വിശ്വസിച്ചിരുന്നു. അതായത് റോമന്‍ സാമ്രാജ്യം അവരുടെ ദേവന്റെ സാമ്രാജ്യമാണ് എന്നും അത് അവരുടെ ദേവന്റെ ദാനമാണ് എന്നും അവര്‍ വിശ്വസിച്ചിരുന്നു.

അതുകൊണ്ട് യേശുവിനെ അവരുടെ സാമ്രാജ്യത്തിന്റെ ഗൌരവമായ ഒരു ശത്രുവായി അവര്‍ കണ്ടിരുന്നില്ല. യേശുവും അവന്റെ അനുയായികളും പ്രസംഗിച്ച ദൈവരാജ്യത്തെ അവര്‍ പുച്ഛത്തോടെ കണ്ടു. യേശു ശക്തിയേറിയ ഒരു രാജാവോ, അദ്ദേഹം പ്രസംഗിച്ച ദൈവരാജ്യം അവരുടെ സാമ്രാജ്യത്തെക്കാൾ ശക്തമോ ആയിരുന്നു എങ്കില്‍ യേശുവിനെ കൊല്ലുക അസാധ്യമായിരുന്നു എന്നാണ് റോമാക്കാരുടെ വാദങ്ങള്‍. യേശു ഒരു ദൈവമാണ് എങ്കില്‍ അപമാനകരമായ ക്രൂശുമരണം ഉണ്ടാകുമായിരുന്നുവോ എന്നും അവര്‍ സംശയിച്ചു. അതുകൊണ്ട് ബലഹീനമായ മറ്റൊരു രാജ്യം എന്ന ആശയത്തെ അവര്‍ നിരസിച്ചു.

ഗ്രീക്ക് സാമ്രാജ്യം: ഗ്രീക്കുകാർ ആകട്ടെ, തങ്ങളുടെ ബുദ്ധിശക്തിയിലും പാണ്ഡിത്തത്തിലും അഹങ്കരിച്ചിരുന്നു. ദൈവത്തിന്റെ പുത്രന്‍ കൊല്ലപെടുക എന്നത് അസാദ്ധ്യം ആണ് എന്ന് അവര്‍ വാദിച്ചു. അവരുടെ ജ്ഞാനത്തിന്റെ തത്വശാസ്ത്രത്തില്‍ മനുഷ്യര്‍ ദൈവത്തെ കൊല്ലുക എന്നതിന് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളവും യേശു സ്വന്തജനത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ട് റോമാക്കാരാല്‍ അതിനീചമായി ക്രൂശിക്കപ്പെട്ട ഒരു കലാപകാരി മാത്രം ആയിരുന്നു.

എന്നാല്‍ സത്യം എന്നത് ഈ ഭൌതീക തലത്തില്‍ നമ്മള്‍ ജഡീക നേത്രങ്ങൾകൊണ്ട് കാണുന്നതല്ല, മറിച്ച് ദൈവിക പദ്ധതികൾക്കനുസരണം സംഭവിക്കുന്നതാണ് എന്ന് ഈ ജാതീയരാജ്യങ്ങളോട് പൗലോസ്‌ വിശദീകരിച്ചു. നമ്മള്‍ ജഡീകകണ്ണുകള്‍ കൊണ്ട് കാണുമ്പോഴും  ചെവികള്‍ കൊണ്ട് കേള്‍ക്കുമ്പോഴും, യേശു സ്വന്തജനത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ട് റോമാക്കാരാല്‍ ക്രൂശിക്കപ്പെട്ട ഒരു കലാപകാരി മാത്രം ആണ്. എന്നാല്‍ ഭൌതീക വീക്ഷണത്തേക്കാളുപരി ഒരു ദൈവപൈതൽ കാണുന്നത് ദൈവിക പദ്ധതികൾക്കനുസരണം സംഭവിച്ച ആത്മീക സത്യങ്ങളാണ്.  ഈ ആത്മീക സത്യങ്ങളുടെ സമാന്തരമായ സംഭവങ്ങള്‍ മാത്രമാണ് ഭൗമിക ദൃഷ്ടിയിൽ ലോക ജനം കാണുന്നതും സംഭവങ്ങളെ മനസിലാക്കുന്നതും.

ഇവിടെ യഥാര്‍ത്ഥ യുദ്ധം ദൈവവും സാത്താനും തമ്മിലാണ്. ക്രിസ്തുയേശു: പിശാചിനോടും അവന്റെ ഇരുണ്ട രാജ്യത്തോടും യുദ്ധം ചെയ്ത ദൈവത്തിന്റെ സര്‍വസൈന്യാധിപന്‍ ആണ്. ഈ യുദ്ധത്തില്‍ യേശു പിശാചിനെ തോല്‍പ്പിച്ചു, അവന്റെ സാമ്രാജ്യത്തെ തകര്‍ത്തു, പിശാച്ച് അടിമകള്‍ ആക്കി വച്ചിരുന്ന സകലമനുഷ്യര്‍ക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

പൗലോസ് 15 ആം വാക്യത്തിൽ പറയുന്നത്;   വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. ഇതു ഗ്രീകുകാര്‍ക്ക് നല്ലതുപോലെ മനസ്സിലായി. കാരണം, അവരുടെ തത്വശാസ്ത്രം അനുസരിച്ച് പരമമായ സത്യം ആത്മീകമായി അദൃശ്യമായും പ്രതിനിധാന സത്യം ഭൗതികമായി ദൃശ്യാവതരണത്തിലും കാണപ്പെടുന്നു. യേശുവിന്റെ ക്രൂശുമരണത്തെ കുറിച്ചുള്ള പൌലോസിന്റെ ഈ വിവരണം ഈ ഭൂമിയില്‍ സംഭവിച്ചതായി യഹൂദന്മാരോ റോമാക്കാരോ ഗ്രീക്കരോ ആരും തന്നെ കണ്ടിട്ടില്ല. എന്നാല്‍ ഇതാണ് സത്യത്തില്‍ സംഭവിച്ചത് എന്ന് പൗലോസ്‌ വാദിക്കുന്നു.

യേശുവിന്റെ മരണമെന്ന പാപപരിഹാരയാഗം നമ്മുടെ എല്ലാ പാപങ്ങള്‍ക്കും പരിഹാരമായി തീര്‍ന്നു. മനുഷ്യര്‍ക്ക്‌ എതിരായിരുന്ന എല്ലാ വിധികളും യേശു തന്റെ രക്തത്താല്‍ മായിച്ചു കളഞ്ഞു. സാത്താനുമായുണ്ടായിരുന്ന എല്ലാ കരാറുകളും ക്രൂശില്‍ തറച്ച് ഇല്ലാതാക്കി. യേശു പിശാചിനെ തോല്‍പ്പിച്ചു, അവന്റെ ഇരുണ്ട രാജ്യം കീഴടക്കി, ശത്രു രാജാവിനെ ജീവനോടെ പിടിച്ചു, അവന്റെ എല്ലാ ആയുധങ്ങളും പിടിച്ചെടുത്തു, സകല മനുഷ്യര്‍ക്കും കാഴ്ചയായി പിശാചിനെ ക്രൂശില്‍ പരസ്യമായ കാഴ്ച ആക്കി. അതുകൊണ്ട് യേശു ജയാളിയാണ്. സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തലയെ തകർക്കുമെന്ന് പറഞ്ഞപ്രകാരം കാൽവരിയിൽ ശത്രുവിനെ തകർത്ത് ജയകിരീടമണിഞ്ഞ ജയാളി.

ഇവിടെ പൗലോസ്‌ വരച്ചുകാട്ടിയ ചിത്രം യഹൂദ പശ്ചാത്തലം ഉള്ളതല്ല. എന്നാല്‍ റോമന്‍ ഗ്രീക്ക് സംസ്കാരങ്ങളെ കുറിച്ചും അവിടെ ആഘോഷിക്കപ്പെടുന്ന ജയോല്‍സവത്തെ കുറിച്ചും യഹൂദന്മാര്‍ക്ക് അറിവുണ്ടായിരുന്നു. ഗ്രീക്ക്, റോമന്‍, മറ്റ് ജാതീയ രാജ്യങ്ങള്‍ക്കായി പൗലോസ്‌ ഉന്നംവച്ച ഈ സന്ദേശം അവർക്ക് നല്ലതുപോലെ മനസ്സിലായി.

പൗലോസ്‌ ഉദ്ദ്യേശിച്ച ജയാളി ആരാണ്? ഒരു വിദേശ ശത്രുരാജ്യത്തെ യുദ്ധത്തില്‍ നിശേഷം തകര്‍ത്തു തിരികെ വരുന്ന സൈന്യാധിപന്‍ ആണ് റോമന്‍ സംസ്കാരത്തിലെ ജയാളി. യുദ്ധം ജയിച്ചുവരുന്ന സൈന്യാധിപന് റോമന്‍ സെനറ്റ് തന്റെ വിജയം രാജ്യത്തൊട്ടാകെ ജയോത്സവം ആഘോഷിക്കുവാന്‍ അനുവാദം നല്‍കുന്നു. ഇതു ഒരു റോമന്‍ പൌരന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയാണ്. ഇപ്രകാരം കൊണ്ടാടുന്ന ജയോത്സവം ഒരു മതപരവും സാംസ്കാരികവുമായ റോമന്‍ ആഘോഷം ആയിരുന്നു. യുദ്ധത്തിന്റെ വിജയം അവരുടെ ദേവന് സമര്‍പ്പിക്കുന്ന പൊതുവായ ആഘോഷം ആയിരുന്നു. ജയാളി ആയ സവ്വസൈന്യാധിപന്‍ ഒരു വിദേശ രാജ്യത്തിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു, ശത്രു രാജാവിനെയും ശത്രു രാജ്യത്തെയും എന്നന്നേക്കുമായി കീഴടക്കണം. അതിന്റെ അര്‍ത്ഥം റോമന്‍ ജയോത്സവം പരാജയപെട്ടവന്റെ ദുരന്തം അല്ലായിരുന്നു, അത് ജയിച്ചവന്റെ ആഘോഷം ആയിരുന്നു.

അതുകൊണ്ടാണ് യേശുവിന്റെ മരണത്തെക്കുറിച്ച് “ജയോത്സവം കൊണ്ടാടി” എന്ന് പൗലോസ്‌ പറഞ്ഞിരിക്കുന്നത്. റോമാക്കാരുടെ ഇടയിലെ ജയോല്‍സവത്തിന്റെ ആചാരങ്ങളുടെ സമാന്തരമായ സംഭവങ്ങള്‍ യേശുവിന്റെ അന്ത്യ വിചാരണയിലും പിന്നുള്ള സംഭവങ്ങളിലും ക്രൂശുമരണത്തിലും നമുക്ക് കാണുവാന്‍ കഴിയും. എന്നാല്‍ ഇവിടെ നമുക്ക് കോലോസ്സ്യര്‍ക്ക് എഴുതിയ ലേഖന ഭാഗത്ത്‌ പറഞ്ഞിരിക്കുന്നവമാത്രം നമുക്ക് നോക്കാം.

റോമില്‍, ജയോല്‍സവത്തിന്റെ ദിവസം സൈന്യാധിപന്‍ തന്റെ ശിരസ്സില്‍ ഒരു കിരീടം ധരിക്കും. ധൂമ്രവര്‍ണ്ണത്തിലുള്ള ഒരു പ്രത്യേക വസ്ത്രം ധരിക്കും. അപ്പോള്‍ അദ്ദേഹം ഒരു രാജാവിനെ പോലെയോ ദേവനെ പോലെയോ കാഴ്ച്ചയില്‍ തോന്നിക്കും. നാലു കുതിരകള്‍ വലിക്കുന്ന ഒരു രഥത്തില്‍ തന്റെ സൈന്യത്തിന്റെ അകമ്പടിയോടെ ആയുധങ്ങള്‍ ഇല്ലാതെ റോമന്‍ വീഥിയിലൂടെ ഘോഷയാത്രയായി അദ്ദേഹം യാത്രചെയ്യും. പരാജയപ്പെടുത്തി പിടിക്കപ്പെട്ട രാജാവും ശത്രുരാജ്യത്തില്‍ നിന്നും പിടിച്ചെടുത്ത കൊള്ളയും പിന്നാലെ പ്രദര്‍ശിപ്പിക്കപ്പെടും. കാപ്പിറ്റൊലിന്‍ എന്ന മലമുകളില്‍ ജൂപ്പിറ്റര്‍ ദേവന്റെ ക്ഷേത്രത്തില്‍ വിജയത്തിന്റെ നന്ദി സൂചകമായി ഒരു കാളയെ യാഗം അര്‍പ്പിക്കും. ഇതൊക്കെ ആയിരുന്നു റോമന്‍ ജയോല്‍സവത്തിന്റെ പ്രധാന ആചാരങ്ങള്‍.

ഇതിനു സമാന്തരമായി യേശുവിന്റെ ക്രൂശുമരണത്തില്‍ സംഭവിച്ചത് ഇനി നമുക്ക് നോക്കാം. തലയില്‍ മുള്‍കിരീടം അണിഞ്ഞ്, രക്തംകൊണ്ടു ചുവന്ന വസ്ത്രം ധരിച്ചവനായി, നിരായുധനായി പരാജയപ്പെട്ട പിശാചിനെ പരസ്യമായ കാഴ്ച്ചയാക്കികൊണ്ട് സ്വയം യാഗമായിതീരുവാന്‍ യേശു യെരുശലേം വീഥിയിലൂടെ കടന്നുപോയി. അങ്ങനെ പൗലോസ്‌ യേശുവിന്റെ മരണത്തെ ഒരു ജയോല്‍സവമായി ചിത്രീകരിച്ചു. മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുവായ പിശാചിനെ തോല്‍പ്പിച്ച യഥാര്‍ത്ഥ വിജയം ക്രൂശില്‍ ആണ് സംഭവിച്ചത്. അതുകൊണ്ട് എല്ലാ റോമന്‍ സൈനധിപന്മാരെക്കാളും അധികം ജയാളി ആയത് ക്രിസ്തു യേശു ആണ്. ഈ കാഴ്ചപ്പാടോട് കൂടി ആണ് പൗലോസ്‌ കൊരിന്ത്യര്‍ക്ക് എഴുതിയ രണ്ടാമത്തെ ലേഖനം എഴുതുന്നത്‌.

ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം(2 കൊരിന്ത്യര്‍  2:14).

ക്രിസ്തീയ വിശ്വാസികളുടെ വീണ്ടെടുപ്പുകാരനും രക്ഷകനുമായ യേശു ക്രിസ്തു ഇപ്പോള്‍ ജയോത്സവം കൊണ്ടാടുകയാണ്. അതുകൊണ്ട് റോമാ പൌരന്മാരെപ്പോലെ നമ്മളും ഈ ജയോല്‍സവത്തില്‍ പങ്ക്ചേരുകയാണ്. ഇതു ജയോല്‍സവത്തിന്റെ ഘോഷയാത്ര ആണ്. ഈ ഘോഷയാത്ര തങ്ങളുടെ വീടുകളുടെ മുന്നിലൂടെ പോകുമ്പോള്‍ റോമാക്കാര്‍ സുഗന്ധമുള്ള പൂക്കള്‍ വീഥികളില്‍ വാരിവിതരാറുണ്ടായിരുന്നു. അങ്ങനെ അവിടം ആകെ സുഗന്ധം കൊണ്ട് നിറയും. യേശുവിന്റെ ജയോല്‍സവത്തിന്റെ ഘോഷയാത്രയില്‍ പങ്കുചേരുക, നമ്മുടെ ജീവിതം കൊണ്ട് നമുക്ക് ചുറ്റും സുഗന്ധം പരത്തുക. ക്രിസ്തീയ ജീവിതം ജയജീവിതം ആണ്  പരാജയത്തിന്റെ ജീവിതം അല്ല. ഈ ജയജീവിത ആഘോഷ യാത്രയിൽ വിജയം വരിച്ച വന്ദ്യ പുരുഷനായ യേശുക്രിസ്തുവിനോടൊപ്പം ആഘോഷത്തിൽ പങ്കാളിത്തം വരിച്ച് സ്തുതി സ്തോത്ര പൂരിത യാഗം അർപ്പിച്ച് ഈ യാഗപുരുഷനെ ആരാധിക്കാം..

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More