Powered by: <a href="#">Manna Broadcasting Network</a>
യെശയ്യാവ് 44:5-ൽ, “വേറൊരുത്തൻ തന്റെ കൈമേൽ: യഹോവെക്കുള്ളവൻ എന്നു എഴുതി” എന്ന് വായിക്കുന്നു. ആദിമ കാലഘട്ടത്തിൽ, തന്റെ യജമാനന്റെ പേര് അടിമകളും പട്ടാളക്കാർ തങ്ങളുടെ മേലധികാരികളുടെയും പേര് ഇപ്രകാരം ശരീരത്തിൽ കൊത്തുക പതിവായിരുന്നു. ഒരുവൻ ആരാധിക്കുന്ന ദൈവത്തോടുള്ള ബഹുമാനാർത്ഥം പ്രത്യേക പേരുകളോ അടയാളങ്ങളെയോ പ്രതീകങ്ങളെയോ അവരുടെ കൊടികളോ ആ വ്യക്തിയുടെ ശരീരത്തിൽ പതിക്കുന്നതിനെയും ഈ പദം ഉപയോഗിച്ചതായി കാണപ്പെടുന്നു.
സുഹൃത്തുകളുടെ വീട്ടില്‍വച്ച് എനിക്ക് ഏറ്റ മുറിവുകളാണ് എന്ന ഒരു പ്രയോഗം സെഖര്യാവ് 13: 6 ൽ കാണുന്നു. നമ്മുടെ കർത്താവിന്റെ മുറിവുകൾ ഈ ഭാഗത്തോടെ ഉപമിച്ചു ചിന്തിക്കുമ്പോൾ തന്റെ മുറിപ്പാട്ടുകളുടെ ആഴം നമുക്ക് മനസിലാക്കാം. ഈ വേദഭാഗത്തിൽ മുറിവുകൾ എന്ന് വിവർത്തനം ചെയ്തിരിക്കുന്നെങ്കിലും “അടികൊണ്ടുണ്ടാകുന്ന അടയാളങ്ങൾ” എന്നും ചില ഭാഷാന്തരങ്ങളിൽ കാണപ്പെടുന്നു. പുരാതന ഗ്രീക്ക് ഭാഷയിൽ സ്റ്റിഗ്മാറ്റ (στίγματα, στίγμα) ‘മാർക്ക്, സ്പോട്ട്, ബ്രാൻഡ്’ എന്നിങ്ങനെ നിരവധി വിവർത്തനങ്ങൾ അതില്നിന്നുണ്ടാകുന്നു. ക്രൂശിക്കപ്പെട്ട നമ്മുടെ കർത്താവിന്റെ ശരീരത്തിലെ മുറിവുകളുടെ അടയാളങ്ങളും പാടുകളും അവയാലുള്ള വേദനയുടെയും സ്വാഭാവിക രൂപമാണ് സ്റ്റിഗ്മ എന്ന പദം ആവിഷ്കരിക്കുന്നത്. കർത്താവിന്റെ മുറിപ്പാടുകൾ നിരവധി ആശയങ്ങൾ പ്രദാനം ചെയ്യുന്നെങ്കിലും അവയിൽ ചിലത് സൂചിപ്പിക്കാം.
1. മനുഷ്യ വേദന അറിയുന്ന മുറിപ്പാടുകൾ:
നമ്മുടെ വേദന അറിയാമെന്ന് യേശു ക്രിസ്തുവിന്റെ മുറിവുകളും അടി പാടുകളും പറയുന്നു. അവൻ പൂർണ്ണമായും മനുഷ്യനായി, “എല്ലാ അർത്ഥത്തിലും [നമ്മെപ്പോലെ]; സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ഇടയായി” (എബ്രായർ 2:17), നമ്മിൽ ഒരാളെന്ന നിലയിൽ, നമ്മോടൊപ്പം, നമുക്കുവേണ്ടിയും, മനുഷ്യപാപങ്ങൾ ചുമന്ന് നമ്മുടെ സ്ഥാനത്ത് മുറിവേറ്റ് കഷ്ടപ്പെട്ട് വേദനയേറ്റ് മരിച്ചു. മനുഷ്യന്റെ വേദന അവനറിയാമെന്ന് ആ മുറിപാടുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
2. മരണത്തെയും പാതാളത്തെയും അതിജീവിച്ച മുറിപ്പാടുകൾ
മരിച്ച മഹാന്മാർ കല്ലറക്കുള്ളിൽ ഒതുങ്ങിയ ചരിത്രമേ ഇഹലോകർ കണ്ടിട്ടുള്ളുവെങ്കിലും കർത്താവായ ക്രിസ്തു മരണത്തെവെന്ന് ഉയിർത്തെഴുന്നേറ്റ് അവൻ തന്റെ സഹോദര സമക്ഷം കടന്നുവരുകയാണ്. മുറിപാടുകളുള്ള ആ ശരീരത്തിന് ഇപ്പോൾ വാതിലുകളും മതിലുകളും കടന്നുപോകാൻ കഴിയുമായിരുന്നു(യോഹന്നാൻ 20:26), എങ്കിലും കട്ടിയുള്ള ഭക്ഷണം കഴിക്കാം(ലൂക്കാ 24:42-43). കാൽവരിയിൽ വച്ച് മരിച്ച, തന്റെ “സ്വാഭാവിക ശരീരം” ഉയിർത്തെഴുന്നേറ്റു, ഒരു “ആത്മീയ ശരീരം” (1 കൊരിന്ത്യർ 15:44) ആയി രൂപാന്തരപ്പെട്ടു, അവനെ നന്നായി അറിയുന്നവർ ആദ്യം അവനെ തിരിച്ചറിഞ്ഞില്ല (ലൂക്കോസ് 24:16, 37; യോഹന്നാൻ 20:14; 21:4) എന്നാൽ താമസിയാതെ അവർക്ക് മനസ്സിലായി അത് ക്രിസ്തുവായിരുന്നു (ലൂക്കോസ് 24:31; യോഹന്നാൻ 20:16, 20; 21:7). അവന്റെ ശിഷ്യരിൽ ചിലരൊക്ക പതറിയപ്പോൾ അവൻ പറഞ്ഞും “എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; (ലൂക്കോസ് 24:39), “വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; (യോഹന്നാൻ 20 :27). ആ മുറിപ്പാടുകളെ വിശ്വാസ കണ്ണുകളോടെ ഒന്ന് സ്പർശിച്ചാൽ ക്രിസ്തുവിന്റെ ത്യാഗമരണത്തെയും അവിടുന്ന് ഉയിർത്തെഴുന്നേറ്റ ഇന്നും തന്റെ സഹോദരങ്ങളുടെ മദ്ധ്യേ ജീവിക്കുന്ന സത്യം മനസിലാക്കാം.
3. മാനവ രക്ഷയും വിജയവും ഉറപ്പാക്കിയ മുറിപ്പാടുകൾ
യേശു ക്രിസ്തുവിന്റെ മുറിപാടുകൾ, അവനിലെ നമ്മുടെ രക്ഷയെയും തദ്വാര ലഭിക്കുന്ന അന്തിമ വിജയത്തെക്കുറിച്ചും നമ്മോട് പറയുന്നു. വെളിപാടിന്റെ പുസ്തകം നമുക്ക് ആ ആത്യന്തിക വിജയം വെളിപ്പെടുത്തുമ്പോൾ, അത് നമ്മുടെ മുറിവേറ്റ രക്ഷകനാണ് – “അറുക്കപ്പെട്ട കുഞ്ഞാട്” – അവൻ സ്വർഗ്ഗത്തിന്റെ മധ്യത്തിൽ നിൽക്കുകയും തന്റെ പിതാവിനൊപ്പം പ്രപഞ്ചത്തിന്റെ സിംഹാസനത്തിൽ ഇരിക്കുകയും ചെയ്യുന്നു (വെളിപാട് 7:9-10, 17; 22:1, 3) എന്ന അതുല്യമായ യേശുക്രിസ്തുവിന്റെ അപരിമേയ വെളിപ്പെടുത്തൽ മുഖേന മനസിലാക്കാം. 27 തവണ വെളിപ്പാട് പുസ്തകത്തിൽ lamp(കുഞ്ഞാട്) എന്ന പരാമർശം കാണാം. അതിൽ ശ്രേഷ്ഠമെന്നത് വെളിപാട് 5:6 ൽ പറയുന്നതാണ് “ഒരു കുഞ്ഞാട്, അറുക്കപ്പെട്ടതുപോലെ നിൽക്കുന്നു”. അതെ തന്റെ മുറിപ്പാടുകളാൽ അറുക്കപെട്ടവനായ ക്രിസ്തു നിൽക്കുമ്പോൾ സ്വർഗ്ഗാരാധകർ അവന്റെ മുമ്പിൽ വീണു, “അറുക്കപ്പെട്ട കുഞ്ഞാട് യോഗ്യൻ!” (വെളിപാട് 5:12) എന്ന് പറഞ്ഞു ആരാധിച്ചു സാഷ്ടാംഗം വീഴുന്നു. ജീവന്റെ പുസ്തകം “അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകം” (വെളിപാട് 13:8; കൂടാതെ 21:27) എന്ന് പറയുന്നു. തന്റെ മുറിപ്പാടുകളും രക്തചൊറിച്ചിലുകളേക്കാളുമുപരി, അവർ അറുക്കപ്പെട്ട കുഞ്ഞാടായി എന്നേക്കും ആരാധിക്കുന്നു, ആഘോഷിക്കുന്നു എന്നത് അവർണ്ണനീയമായ ദൈവിക മഹത്വ വിളംബരമാണ്. മുറിപാടുകളുള്ള ഒരു കുഞ്ഞാട്, ആ കുഞ്ഞാടിന്റെ രക്ത ചൊരിച്ചിലിനാൽ അവർ കഴുകപ്പെട്ടിരിക്കുന്നു (വെളിപാട് 7:14), അവർ ആ കുഞ്ഞാടിന്റെ രക്തം ഹേതുവായി വിജയം കൈവരിച്ചതിനാൽ, മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല(വെളിപാട് 12:11). പ്രാണൻ പോവോളം സ്നേഹം തന്നവനെ നമ്മുടെ പ്രാണൻ നൽകി സ്നേഹിക്കാം, ആരാധിക്കാം.
ഒരു രാജ്യത്തിനു വേണ്ടി ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു അതിർത്തിയിൽ കാവൽ നിൽക്കുന്ന ധീരരായ സൈനികർ തങ്ങളുടെ മുറിപാടുകളുലാൽ ദേശ ചരിതങ്ങൾ എഴുതുമ്പോൾ, സ്നേഹം നൽകി, ജീവൻ നൽകിയ യേശു ക്രിസ്തുവിന്റെ മുറിപ്പാടുകൾ മാനവകുലത്തിന്റെ ചരിത്രം എഡി എന്നും ബിസി എന്നും മാറ്റിയഴുതി ചരിത്രമദ്ധ്യേ ആ കാൽവരി ക്രൂശിൽ ശാരീരമാസകലം മുറിവുകളാലും രക്ത ചൊരിച്ചിലാലും പാപത്തിന്റെ ഘോരമായ ദണ്ഡന വിധേനയായി വിളിച്ചു പറയുന്നു “അവരുടെ പാപങ്ങളെ പൊറുക്കേണമേ”. നമ്മുടെ പാപ ക്ഷമ ദൈവമനുഷ്യനായ ക്രിസ്തുവിന്റെ ക്രൂശോളം എത്തിച്ചേർന്നു, ആ മുറിപ്പാടുകളാൽ നമുക്ക് സൗഖ്യം ലഭിച്ചു. ആ മുറിപ്പാടുകൾ നിമിത്തം നമുക്ക് പിതാവായ ദൈവത്തെ നന്ദിയോടെ ആരാധിക്കാം.