Powered by: <a href="#">Manna Broadcasting Network</a>
എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയായ ക്രാരിയേലി എന്ന ഗ്രാമത്തിൽ, മറ്റപ്പാടത്തു വീട്ടിൽ എം. യോഹന്നാൻ –മറിയം ദമ്പതികളുടെ മകനായി 1931 ജ്യൂലൈ 23 ൽ പത്രോസ് പിറന്നു. മാതാപിതാക്കൾ പാപ്പച്ചൻ എന്ന് ഓമനപ്പേര് വിളിച്ചു. ദൈവഭയത്തിൽ വളർത്തപ്പെട്ട പാപ്പച്ചൻ, പതിനഞ്ചാമത്തെ വയസ്സിൽ പാപമോചനം പ്രാപിച്ചു. പെസഹാ കുഞ്ഞാടിന്റെ രക്തം എന്ന വിഷയത്തെ ആസ്പദമാക്കി ഗൂൾഡ് സായിപ്പ് ചെയ്ത പ്രസംഗം ആണ് തന്നെ രക്ഷയിലേക്ക് നടത്തിയത്. പിറ്റേവർഷം വിശ്വാസസ്നാനം സ്വീകരിച്ചു. ഇരുപതാമത്തെ വയസ്സിൽ പത്രോസ് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. വാളകം, ചുണ്ടക്കാട്ടിൽ യാക്കോബിന്റെ മകൾ അന്നമ്മയെ വിവാഹം കഴിച്ചു(1995 ൽ ഈ സഹോദരി കർതൃ സവിധേ അണഞ്ഞു).
തൃശൂർ ഇട്ടൂപ്പ് ഉപദേശിയാണ് ഇവരുടെ വിവാഹ ശുശ്രൂഷ നിവർത്തിച്ചത്. ആത്മീയ കാര്യങ്ങളിൽ തീത്തൊസിനെപ്പോലെ അത്യുത്സാഹിയായിരുന്നു ഇദ്ദേഹം. ഉച്ചഭാഷിണി ഇല്ലാതിരുന്നകാലത്ത്, പ്രസിദ്ധ വേദപണ്ഡിതൻ ആയിരുന്ന പറവൂർ A.M. ശമുവേൽ സാറിൻറെ പ്രസംഗം ഏറ്റുപറയുമ്പോൾ പ്രായം 21 മാത്രം. തിരുവചന സത്യങ്ങൾ പഠിക്കാൻ ആഗ്രഹിച്ച പത്രോസിന് ഇലന്തൂർ ബ്രദറൺ ബൈബിൾ സ്കൂളിൽ 1961ൽ പ്രവേശനം ലഭിച്ചു. പഠനത്തിൽ മിടുക്കനായിരുന്നതിനാൽ ഗുരുക്കന്മാരുടെ പ്രശംസയ്ക്ക് പാത്രീഭൂതനായി. ബ്രദറൺ സമൂഹത്തിലെ പ്രസിദ്ധ വേദപണ്ഡിതന്മാർ ആയിരുന്ന വൈ. എസ്സ ക്കിയേൽ, കെ.ജി തോമസ, വി. റ്റി. മത്തായി, എം.ഇ ചെറിയാൻ റ്റി.കെ. ശമുവേൽ, പന്തളം സി. വി. ജോർജ മുതൽ പേരായിരുന്നു എം.ജെ.പിയുടെ വേദ അധ്യാപകർ .കൂടാതെ ,മറ്റു ചില വിദേശികളും ഉണ്ടായിരുന്നു.
വേലയ്ക്കായുള്ള വിളി:
തൻറെ മാതൃസഭയിൽ ശുശ്രൂഷകളിൽ സജീവമായി തുടരവേ വേലയ്ക്കായുള്ള ഉൾവിളി തനിക്കുണ്ടായി .1973 ആഗസ്റ്റ് 23 ന് കർതൃദാസൻ വി. എം.കുര്യൻ – കരൂർ (പാലമറ്റം ബേബിച്ചായൻ ) അവർകളുടെ വചന ശുശ്രൂഷയാൽ വേലയ്ക്കുള്ള വിളി ഉറപ്പിക്കപ്പെടുകയും , ദൈവ സന്നിധിയിൽ അതിനായി സമർപ്പിക്കുകയും ചെയ്തു.
എം. ജെ. പി നിവർത്തിച്ച ശുശ്രൂഷകൾ ‘
………………………..
1. സൺഡേ സ്കൂൾ
………………………………..
സൺഡേസ്കൂൾ ശുശ്രൂഷയ്ക്ക് ഒരു പ്രത്യേക കൃപ തന്നെ എം.ജെ.പി.ക്ക് ഉണ്ടായിരുന്നു .ഏത് പ്രായത്തിലുള്ള കുഞ്ഞുങ്ങളോടും തിരുവചന സത്യങ്ങൾ പറയുവാനുള്ള തൻറെ കഴിവ് അപാരം തന്നെ .പല കുട്ടികളും രക്ഷാ നിർണയത്തിലേക്ക് വരുവാൻ കർത്താവ് ഈ ദൈവദാസനെ ഉപയോഗിച്ചിട്ടുണ്ട് സ്തോത്രം .
2 . വചന ശുശ്രൂഷ
……………………………..
എം. ജെ .പി .ഈ ശുശ്രൂഷയ്ക്കു മാതൃകയാക്കിയിട്ടുള്ളത്, തന്റെ ഗുരു എം.ഇ. ചെറിയാൻ സാറിനെയാണ്. പല പോയിൻറ്സ് ഉള്ളതായിരിക്കും തന്റെ പ്രസംഗം. ഇടയ്ക്കിടെ ചില ദൃഷ്ടാന്തങ്ങളും താൻ പറയാറുണ്ടായിരുന്നു. ഫലിതങ്ങൾ പ്രസംഗമദ്ധ്യേ ഉദ്ധരിച്ചാൽ ശ്രോതാക്കൾ ചിരി നിർത്തിയാലും ഈ പ്രാസംഗികന് ചിരി നിർത്തുവാൻ കൂടുതൽ സമയം വേണ്ടിവരും എന്ന് മാത്രം. ആശ്വാസവും, സന്തോഷവും, ധൈര്യവും ,വിശ്വാസവും, നിറഞ്ഞുനിൽക്കുന്ന തന്റെ പ്രഭാഷണം, ശ്രോതാക്കളെ പ്രത്യാശയുടെ കൊടുമുടിയിൽ എത്തിച്ചേ അവസാനിപ്പിക്കു.
3. കർതൃമേശ ശുശ്രൂഷ
……………………………..
ഏറെ വിശുദ്ധിയോടും ,അതിലേറെ ദൈവ ഭയത്തോടും കൂടിയാണ് പ്രിയ ദൈവദാസൻ ഈ ശുശ്രൂഷ നിർവഹിച്ചിട്ടുള്ളത്. ഏത് വിശ്വാസികളും ക്രൂശിന്റെ ചുവട്ടിൽ നിൽക്കുന്ന അനുഭവത്തിലുള്ളതാണ് തൻറെ ധ്യാന ചിന്തകൾ. അപ്പത്തിനും, വീഞ്ഞിനും വേണ്ടിയുള്ള തൻറെ സ്തോത്രം ചെയ്യൽ കണ്ണുനീരോടെ ആമേൻ പറയത്തക്കവണ്ണം ഉള്ള നിലയിലായിരിക്കും.
4. സ്നാന ശുശ്രൂഷ
………………………….
ശുഭ്ര വസ്ത്രധാരിയായി ജലാശയത്തിൽ നിൽക്കുന്ന എം.ജെ.പി എന്ന ദൈവപുരുഷൻ, വലതു കരം ഉയർത്തി സ്നാനാർത്ഥിയോട് ചോദിക്കുന്ന വാക്കുകൾ ഏറെ ആകർഷണീയം തന്നെ.
5. വിവാഹ ശുശ്രൂഷ
……………………………
അപൂർവ്വമായിട്ടാണെങ്കിലും, ഏറ്റവും ഭംഗിയായിട്ടും, അതിലേറെ കൃപയോട് കൂടിയുമാണ് എം. ജെ.പി. വിവാഹശുശ്രൂഷ നിവർത്തിച്ചിട്ടുള്ളത്.
6. ആളാംപ്രതി വേല
…………………………..
ഏത് വീടുകളിൽ ചെന്നാലും പ്രസ്തുത വീടുകളുടെ സാഹചര്യം മനസ്സിലാക്കി വചനം പറയുവാനുള്ള വിവേകവും, പരിജ്ഞാനവും പാപ്പച്ചനുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷയുടെ സന്ദേശം പറയും. മാത്രവുമല്ല, തർക്ക വിഷയങ്ങളിൽ ചെന്ന് വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.
7. പരസ്യങ്ങൾ
…………………..
ഏറെ ആവേശത്തോടെയാണ് പരസ്യ സ്ഥലങ്ങളിൽ പത്രോസ സുവിശേഷം പ്രസംഗിച്ചിട്ടുള്ളത്. ആത്മരക്ഷ, സമാധാനം, മരണം, മരണാനന്തര ജീവിതം തുടങ്ങിയ വിഷയങ്ങൾ ഏറെ ആകർഷണീയമായ വിധത്തിൽ സംസാരിക്കുമായിരുന്നു .
8. ബൈബിൾ ക്ലാസുകൾ
……………………….
വളരെ അടുക്കും, ചിട്ടയോടും കൂടെയാണ് ബൈബിൾ ക്ലാസുകൾ താൻ എടുത്തിട്ടുള്ളത്. രക്ഷ, സഭ, സമാഗമന കൂടാരം, പരിശുദ്ധാത്മാവ്, കർത്താവിൻറെ വീണ്ടും വരവ് തുടങ്ങിയവ തന്റെ വിഷയങ്ങളിൽ ചിലത് മാത്രമാണ്.
9. കൺവെൻഷൻ
………………………..
4 പതിറ്റാണ്ടുകൾക്ക് മുൻപ്, ക്രാരിയേലിയിൽ ക്രമീകരിച്ചിരുന്ന കൺവെൻഷനിൽ എം.ഇ ചെറിയാൻ സാറിന് പ്രാരംഭ ദിവസം കടന്നു വരുവാൻ കഴിഞ്ഞില്ല. സാറിന് പകരക്കാരനായി പ്രസംഗവേദിയിൽ നിന്നത് കർതൃദാസൻ എം .ജെ . പത്രോസ് അവർകളാണ്. ഏറെ ദൈവകൃപ വ്യാപരിച്ച അനുഗ്രഹിക്കപ്പെട്ടെ ഒരു ശുശ്രൂഷയാണ് താൻ അന്ന് നിവർത്തിച്ചത്. ഗുരുവന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു എന്നതായിരുന്നു തൻ്റെ അന്നത്തെ വിഷയം.
10. എഴുത്ത്
…………………
എഴുതുക എന്നത് ഒരു ശുശ്രൂഷ ആണല്ലോ. തിരുവെഴുത്തിലെ ഒടുവിലത്തെ എഴുത്തുകാരനായ യോഹന്നാനോട് കർത്താവ് പറഞ്ഞത് എഴുതുക എന്നാണ്(വെളി 1:11).
എം.ജെ.പി.യുടെ തൂലികയിലും ഏറെ ദൈവകൃപ വ്യാപരിച്ചു. മഷിയിൽ മുക്കപ്പെട്ട തന്റെ എഴുത്തു കോലിനൊട്ടും വരൾച്ച തട്ടിയിട്ടില്ല. ഒരു കാലത്ത് ബ്രദറൻ സമൂഹത്തിൻറെ കിരീടമായി തിളങ്ങിയ സത്യപ്രകാശിനി മാസികയിൽ ഇരുത്തം വന്ന എഴുത്തുകാരും മികച്ച വേദപണ്ഡിതന്മാരും ആയിരുന്ന വൈ. എസക്കിയേൽ, കെ.ജി .തോമസ്, ഇ. പി .വർഗീസ്, എ.പി പൈലി, കെ.ജി. കുര്യൻ, വീ. റ്റി.മത്തായി തുടങ്ങിയ എഴുത്തുകാരുടെ ഇടയിൽ എം. ജെ. പി യും രംഗത്തുവന്നു. തൻറെ തൂലികയിൽ നിന്നും അവിച്ഛിന്നമായി ഒഴുകിവന്ന ആശയ ഗാംഭീര്യമുള്ള ലേഖനങ്ങൾ ഇന്നും അനേകരുടെ ഹൃദയങ്ങളിൽ ആനന്ദ തടാകമായി തളംകെട്ടി നിൽക്കുന്നു. സുവിശേഷകൻ, സുവിശേഷ ധ്വനി, ബ്രദറൻ വോയിസ്, വേദ കാഹളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പത്രോസിന്റെ പേന പതിഞ്ഞിട്ടുണ്ട്. മഹാപുരോഹിതൻ്റെ മാർ പതക്കത്തിലെ കല്ലുകൾ പോലെ തിളക്കം ഉള്ളതായിരുന്നു എം.ജെ.പിയുടെ കയ്യക്ഷരം ‘ അച്ചടിയെ വെല്ലുന്ന തൻ്റെ കയ്യക്ഷരം ആര് കണ്ടാലും രണ്ട് വട്ടം നോക്കും തീർച്ച.
11. പാട്ട്
…………
ദൈവത്തെ സ്തുതിക്കുന്ന പാട്ടുകളുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. സംഗീതക്കാർ ക്രൈസ്തവ സമൂഹത്തിൽ ഏറെയുണ്ട്. ഗാനരചയിതാക്കളും ഒട്ടും കുറവല്ല. ഈ ഗണത്തിൽ എം.ഇ ചെറിയാൻ, ടി .കെ . ശമുവേൽ, പി. വി. തൊമ്മി, ഈ .ഐ.ജേക്കബ്, ചാൾസ് ജോൺ, ജോർജ് പീറ്റർ തുടങ്ങിയവരുടെയും മൂത്താം പാക്കൽ കൊച്ചു കുഞ്ഞുപദേശി മുതൽ പേരുടെയും പേരുകൾ പറയാതിരിക്കാൻ ആവില്ല. ഇവരോടൊപ്പം നില്പാൻ ഈ ദൈവദാസനു് തമ്പുരാൻ കെല്പു നല്കി.
കുപ്പയിൽ നിന്നങ്ങുയർത്തി ഒപ്പം ഇരുത്തി തൻ കൂടെ……….
എന്ന് – ഈ ഭക്തൻ പാടിയതിൽ ഇതടങ്ങിയിട്ടില്ലേ?………..
എം. ജെ .പി .യുടെ ഗാനങ്ങൾ ജനകീയമാണ്. ക്രിസ്തീയ ജീവിതത്തിൻറെ എല്ലാ മേഖലകളിലേക്കും കടന്നു കയറുന്ന പ്രത്യേകത തൻ്റെ ഗാനങ്ങളിൽ കാണാം. പ്രത്യാശയുടെ ആശയങ്ങൾ ഓരോ ഹൃദയങ്ങളിലും വാരിവിതറി സന്തോഷത്തിൻ്റെ നെറുകയിൽ നിറുത്തിയ ശേഷമേ എം .ജെ .പി . തന്റെ ഗാനങ്ങൾ അവസാനിപ്പിക്കൂ.
വാഴ്ത്തിടുമേ വാഴ്ത്തുമെന്റെ നാഥനെ ഞാൻ എന്നും എന്ന തൻറെ പ്രഥമ ഗാനം ആനന്ദത്തോടെ നെഞ്ചിലേറ്റിയ വിശ്വാസ സമൂഹം, തൻ്റെ തൂലികയിൽ നിന്ന് ഉതിർന്നുവീണ മുഴുവൻ പാട്ടുകളും ഏറ്റെടുത്തു.
12 . താളമേളങ്ങൾ
………………………..
താളമേളങ്ങളോടുള്ള എം.ജെ.പി.യുടെ കമ്പം എടുത്തു പറയേണ്ടതു തന്നെയാണ്. തമ്പേർ വായനയിൽ നിപുണനായ ഇദ്ദേഹം , ഒരുകാലത്ത് ബാൻഡ് സെറ്റിലും അംഗമായിരുന്നു. കൊട്ട് കേട്ടാൽ ചേട്ടൻ അവിടെ ഉണ്ടായിരിക്കും തീർച്ച .
13 . പൊതുപ്രവർത്തനങ്ങൾ
……………………………………
മാസവേല മാസ യോഗം
……………………………
മിക്കവാറും സ്ഥിരമായി ഈ ശുശ്രൂഷയിൽ സഹകരിച്ചു വന്നിരുന്ന ഒരു ദൈവദാസനാണ് എം.ജെ.പി .
പി. ജെ .പത്രോസ് എന്ന മറ്റാരു ദൈവദാസനും വേലയിൽ നിറ സാന്നിധ്യമായിരുന്നു .അതുകൊണ്ട് രണ്ടുപേരെയും തിരിച്ചറിയുവാൻ എം .ജെ . പി .യെ ഒന്നു പത്രോസ് എന്നും,
പി.ജെ.പി .യെ രണ്ടു പത്രോസു എന്നും ആണ് വിളിച്ചുവന്നിരുന്നതു.
സുവിശേഷകൻ ബാലസംഘം
…………………………………….
എസ്. ബി .എസ് ക്യാമ്പുകൾ സജീവമാകുന്നത് ക്രാരിയേലി ശാഖ എത്തുന്നതോടുകൂടെയാണ് .എം .ജെ .പി യുടെ നേതൃത്വത്തിൽ തമ്പേറുമായി വരുന്ന ടീമിനെ ആഹ്ളാദത്തോടെയാണ് ക്യാമ്പ് വാസികൾ വരവേൽക്കുന്നത്. പിന്നീടങ്ങോട്ട് ഉത്സവപ്രതീതിയാണു.
ആശീർവ്വാദം കഴിഞ്ഞുള്ള മടക്കം നിറകണ്ണുകളോടെ………
എസ്.ബി.എസ് വാളകം സെന്ററിന്റെ പ്രസിഡന്റായും എം. ജെ .പി .ശുശ്രൂഷ നിവർത്തിച്ചിട്ടുണ്ട്.
വൈ.എം.ഇ. ഫ് .
………………………
എം .ജെ . പി . യുടെ പാട്ടുകൾ പലതും പ്രസിദ്ധപ്പെടുത്തിയത് വൈ.എം.ഇ എഫ് ക്യാമ്പുകളിൽ ആണ്.
ബാലസംഘത്തിലെ ബാലനും, വൈ എം .ഇ.എഫിലെ യുവാവും ആയിരുന്നു എം.ജെ.പി.
ഒരുമിച്ച് പ്രവർത്തിച്ചവർ
………………………….
തന്നോട് ചേർന്ന് പ്രവർത്തിച്ചവർ ഒരുപാട് പേരുണ്ട്. കർതൃദാസന്മാരായവി. സി . പുരവത്ത്, പി.ടി വർഗീസ്, പി . എക്സ്. ജേക്കബ്, വി. സി വർഗീസ് തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്. സുവിശേഷകൻ എം.സി.ചാക്കോച്ചൻ -ഓടയ്ക്കാലി – ഒരുമിച്ചുള്ള തൻ്റെ സുവിശേഷ യാത്രകൾ പ്രത്യേകം പ്രസ്താവ്യമാണ്. മുണ്ടൻമല, കോതമംഗലം തങ്കളം, വാളറ മാത്രമല്ല, മലബാർ പ്രദേശങ്ങളിലും ഇവർ ഒരുമിച്ച് സുവിശേഷത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് .
ഈ എഴുത്തുകാരൻ ഒന്നിച്ച് നിവർത്തിച്ചിട്ടുള്ള ശുശ്രൂഷകൾ എഴുതിയാൽ മറ്റൊരു ഗ്രന്ഥമാകും എന്നതിനാൽ അതിന് തുനിയുന്നിവിടെ, എങ്കിലും ഒരു കാര്യം പറയാതിരിക്കാൻ നിവൃത്തിയില്ല.
വാളറ സഭയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും ഈ ദൈവദാസനെ ദൈവം ഏറെ ഉപയോഗിച്ചിട്ടുണ്ട്. മച്ചിപ്ലാവ്, പഴംപിള്ളിച്ചാൽ, മുടിപ്പാറ, മാങ്കടവ് തുടങ്ങിയുള്ള സ്ഥലങ്ങളിൽ താൻ നിവർത്തിച്ച ശുശ്രൂഷകൾ വളരെ ഫലപ്രദമായിട്ടുള്ളതായിരുന്നു .
ബഹുമുഖ പ്രതിഭ
………………………..
നിരവധി പാട്ടുകൾ എഴുതിയ,
നന്നായി പാട്ടുപാടുന്ന,
താളമേളങ്ങൾ വിശേഷാൽ, നന്നായി തമ്പേർ വായിക്കുന്ന,
ദൈവവചനം ശുശ്രൂഷിക്കുന്ന (പരസ്യയോഗം, ബൈബിൾ ക്ലാസ് ,കൺവെൻഷൻ അക്ഷരത്തിലൂടെ ആശയങ്ങൾവെളിപ്പെടുത്തിയ -നിൻറെ സമാധാനത്തിനുള്ളത് – എന്ന തൻ്റെ ലഘുലേഖ -പ്രസംഗ കുറിപ്പുകൾ, ജീവമൊഴികൾ – എന്ന പേരിൽ താൻ പ്രസിദ്ധീകരിച്ച തൻ്റെ ലേഖന സമാഹാരം കൂടാതെ നമ്മുടെ മദ്ധ്യേയുള്ള പൊതുപ്രവർത്തനങ്ങളിൽ സജീവവുമായിരുന്ന ഒരു ബഹുമുഖ പ്രതിഭ യായിരുന്നു,എം. ജെ .പി.
സ്വന്ത ദേശത്ത്, സ്വന്ത സഭയിൽ ,സ്വന്ത കുടുംബത്തിൽ, മാതൃകയുള്ള ജീവിതം നയിച്ച ഈ അന്ഗ്രഹീത ദൈവദാസൻ വിശുദ്ധനായെരു ദൈവപുരുഷൻ തന്നെ ആയിരുന്നു. ദൈവത്തിന് സ്തോത്രം.
ദീർഘായുസ്സ് കൊണ്ട് തൃപ്തനായ ഇദ്ദേഹത്തിന്, ദൈവംനൽകിയ കൃപാവരം ജ്വലിപ്പിച്ചു. താലന്തുകൾവ്യാപാരം ചെയ്തു.
ആരോടും പരിഭവമോ പരാതിയോ പറയാതെ വിളിച്ചവനെ മാത്രം പ്രസാദിപ്പിച്ചു.
കർത്തൻ വേല ചെയ്തു ഞാൻ തീരണം,
കർത്തൻ വീട്ടിൽ ചെന്നെനിക്ക് ചേരണം ,
കർത്തനെനേരിലൊന്ന് കാണണം……
ഹല്ലേലുയ്യ ഗീതം എന്നും പാടണം
തന്റെ ഈ ആഗ്രഹത്തെ o6.03.2025 ൽ സ്വർഗ്ഗം മാനിച്ചു . 4.3.2025 ‘ചൊവ്വാഴ്ച ഈയുള്ളവൻ തന്നെ ചെന്ന് കണ്ട്, ദീർഘനേരം പൂർവ്വകാല ഓർമ്മകൾ പങ്കുവച്ചു. ഏറെ സന്തോഷിച്ചു. ഒടുവിൽ പ്രീയ ചേട്ടൻഎഴുതിയ പാട്ട് പാടി സന്തോഷത്തോടെ പ്രാർത്ഥിച്ചു, കണ്ണുനീരോടെ യാത്ര പറഞ്ഞിറങ്ങുമ്പോൾ, ആറാം തീയതി രാവിലെ കർത്തനെ നേരിൽ കാണാൻ താൻ യാത്രയാകും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല . എം.ജെ.പി. എനിക്ക് ചേട്ടനാണ് ‘ 40 വർഷത്തെ ശുശ്രൂഷയുടെ ഓർമ്മകൾ ഇനിയും ഹൃദയത്തിൽ കുന്ന് കൂടുന്നു. തന്റെ കുടുംബാംഗങ്ങളേയും നമുക്ക് പ്രാർത്ഥനയിൽ ഓർക്കാം.
ചേട്ടാ, പൊയ്ക്കൊൾക; കാലാവസാനത്തിങ്കൽ അങ്ങയുടെ ഓഹരി പ്രാപിപ്പാൻ എഴുന്നേറ്റു വരുന്ന നാളിൽ വീണ്ടും നമുക്ക് കൂട്ടു കൂടാം.