കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ജോസ് സഭക്ക് നൽകുന്ന മുന്നറിയിപ്പ്

നാമധേയ വേർപാടുകാരുടെ എണ്ണം പെരുകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കൊലപാതകം പോലുള്ള മഹാപാപങ്ങളിൽ നവ തലമുറയെത്തി നിൽക്കുന്നെങ്കിൽ പിൻ തലമുറ കൈമാറിയ വിശ്വാസ കൂട്ടായ്മകൾ അതിലെ ഐക്യത, ബന്ധങ്ങൾ, രീതികൾ, പെരുമാറ്റങ്ങൾ, അടുക്കചിട്ടകൾ ഇവയെല്ലാം ചോദ്യം ചെയ്യപ്പെടും. ചോദ്യം ചെയ്യപ്പെടലുകളിൽ നാം എല്ലാവരും പ്രതികളാണ്. നമ്മുടെ സഭയോ സമൂഹമോ പ്രതിയാണ്. നമ്മുടെ വ്യവസ്ഥിതികളും തീരുമാനങ്ങളും വിചിന്തന വിധേയമാകേണം. ഈ അടുത്തിടെ വെള്ളറട കിളിയൂരിൽ നടന്ന സംഭവം പലതും നമ്മെ പഠിപ്പിക്കുന്നതാണ്.

കിളിയൂര്‍ ചാരുവിള ബംഗ്ലാവില്‍ ജോസി(70)നെ മകന്‍ പ്രജിന്‍ ജോസ്(28) അതിക്രൂരമായി വെട്ടിക്കൊന്നത് സകലരെയും നടുക്കിയ ഒരു വാർത്തയാണ്. സോഫയില്‍ കിടക്കുകയായിരുന്ന അപ്പന്റെ കഴുത്തിലാണ് പ്രതി ആദ്യം വെട്ടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നെത്തി അടുക്കളയില്‍ വെച്ച് തലയിലും നെഞ്ചിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ജോസിന്റെ ശരീരത്തില്‍ ആകെ 28 തവണ വെട്ടേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ മൂന്നുമുറിവുകളാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥിരമായി പള്ളിയിൽ പോകുന്ന കുടുംബം. വീട്ടിൽ കുടുംബ പ്രാർത്ഥനയുമറ്റുമുള്ള കുടുംബം. മക്കൾ സഭയുടെ പല ശുശ്രൂഷകളിലും സഹകരിച്ചിരുന്ന കുടുംബം. എന്നാൽ എവിടെയോ ജീവിത പാളം തെറ്റി സഞ്ചരിച്ചു. അപ്പനെ വകവരുത്തി നാടിനെ നടുക്കിയ ഒരു കൊലപാതകമായി. ഇത് നമുക്ക് പല വെല്ലുവിളികൾ ഉയർത്തുന്നു. വിശ്വാസികൾ എന്നോ വേർപെട്ടവർ എന്നോ പറയുന്നവരുടെ ഇടയിൽ നിന്നും ഉണ്ടായ ഈ ദുർമരണം മറ്റ് വിശ്വാസികൾക്ക് ഒരു മുന്നറിയിപ്പാണ്.

സത്യത്തിൽ കൃപാ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ദൈവകൃപ അന്യമാകുന്നതെങ്ങനെ എന്നത് ഒരു ചോദ്യമാണ്. ആ ചോദ്യത്തിന് ലളിതമായ ഉത്തരവും നാം തന്നെയാണ്. ദൈവ കൃപ അനുഭവിക്കുവാൻ വിധമാണോ നമ്മുടെ ജീവിതവും ക്രിസ്തുവുമായുള്ള ബന്ധവും? നമ്മുടെ പാപ കറകൾ ഏറ്റുപറച്ചിലില്ലാതെ കുമിഞ്ഞു കൂടുമ്പോൾ ദൈവിക പ്രവർത്തനത്തിന് സ്ഥാനമില്ലാതാകുന്നു. അത് ദൈവിക കൃപ ദൈവജനമെന്നു അവകാശപ്പെടുന്നവരിൽ പോലും അന്യം നിൽക്കുവാൻ കാരണമാകുന്നു. ജോസിന്റെ മരണ സംഭവം ചിന്തിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളാണ്.

മാതാപിതാക്കളും സഭയും

സഭയും ശുശ്രൂഷകന്മാരും:- ഓരോ സഭയുടെ ശുശ്രൂഷകന്മാരും അവരുടെ ആടുകളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഉണ്ട്. ആ ഉത്തരവാദിത്തത്തിൽ വീഴ്‌ചകൾ വരുകയും അത് പരിഹരിക്കാതെ മുന്നോട്ട് പോകുന്നതും സഭയെ ലോക പ്രവണതകളെ വരവേൽപ്പ് ചെയ്യുന്നതാക്കി തീർക്കുന്നു. വരും തലമുറയെ നിരീക്ഷിക്കുക. അവർക്കായി ഇടുവിൽ നിൽക്കുക. ആ കുടുംബത്തെ ദൈവസന്നിധിയിൽ സമർപ്പിക്കുക. തീരുമാനങ്ങൾ, ശാസനകൾ, മുന്നറിയിപ്പുകൾ കൊടുക്കുക. തിരുത്തി നേർവഴി കാണിക്കുക. സഭയിലെ ഇടയന്മാർ ആത്മീക ദൗത്യ ധാരികൾ ആകുക. സഭയും ശുശ്രൂഷകളും ഒരു ആചാരമാകരുത്. ദൈവ സഭയുടെ പ്രാധാന്യം അതിന്റെ മഹത്വം  ഓരോ ശുശ്രൂഷകളിലും സംസാരങ്ങളിലും പ്രതിഫലിക്കണം. ഇവയൊന്നും ഒരു പ്രഹസനമാകരുത്.

ഇന്നാളുകളിൽ മാതാപിതാക്കൾക്ക് പോലും സഭാബന്ധങ്ങളിൽ നന്നേ താല്പര്യം കുറഞ്ഞുകൊണ്ടിരിക്കുന്നതും സഭാജീവിതം വെറും ചടങ്ങായി മാറികൊണ്ടിരിക്കുമ്പോഴും സഭാ ബന്ധത്തിന്റെ ആവശ്യകതയും അതിന്റെ ശ്രേഷ്ഠതയും മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നത് വളരെ താല്പര്യത്തോടെ കരുതിക്കൊള്ളേണ്ട ഒരു സത്യമാണ്.

സഭയിലെ വ്യക്തി ബന്ധങ്ങൾ:- അനോന്യം മനസിലാക്കുന്നതും അടുക്കുന്നതും സ്വഭാവ ദോഷ്യങ്ങളുമെല്ലാം സഭാ ശുശ്രൂഷകരും വിശ്വാസികളും തമ്മിൽ അടുപ്പവും അകൽച്ചയും ഉളവാക്കുന്നു. സ്വന്തം മക്കളെക്കുറിച്ചു കുറവുകളൊന്നും മറ്റുള്ളവരെ അറിയിക്കാതെ ഇരിക്കുവാൻ മാതാപിതാക്കൾ തത്രപ്പെടുന്നതിനു കാരണം പലതാണ്. സഭാ ശുശ്രൂഷകന്മാരുടെ ബന്ധം തലമുറകളോട് അന്യപ്പെട്ടിരിക്കുന്നു.

മാതാപിതാക്കളും മക്കളും

മക്കളുടെ വിദ്യാഭ്യാസം: കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോഴും നാം അതീവ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തിൽ നിന്ന് നമുക്ക് മനസിലാക്കാം. നാം പഠിക്കുവാൻ അനുവദിക്കുന്ന കോഴ്‌സുകൾ ബന്ധപ്പെട്ടയിരിക്കും മക്കൾ മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നത്. വിശ്വാസ സംബന്ധമായി മുന്നോട്ട് പോകുവാൻ അനുയോജ്യമല്ലാത്ത കോഴ്‌സുകൾ എടുക്കുന്ന പക്ഷം തികച്ചും നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമാകും വിധം തലമുറ കൈവിട്ട് പോകും. കൊച്ചിയില്‍നിന്നു വന്നതിനു ശേഷം പ്രജിന്‍ പള്ളിയില്‍ പോകുന്ന പതിവും ആരാധനയും നിര്‍ത്തി. വിളിച്ചാലും പോകാറില്ല.

വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുക: വിദ്യാഭ്യാസത്തിനായി വലിയ സാമ്പത്തികബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. സ്ഥലം വിറ്റാണ് പ്രജിനെ ചൈനയില്‍ മെഡിക്കല്‍ പഠനത്തിനായി അയച്ചിരുന്നത്. എന്നാല്‍ പഠനത്തിനുശേഷം മടങ്ങിവന്ന പ്രജിന്‍ മാതാപിതാക്കളോട് എപ്പോഴും ദേഷ്യത്തിലായിരുന്നു. പിന്നീടാണ് സിനിമാ പഠിക്കാനായി കൊച്ചിയിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. സിനിമാ പഠനം കഴിഞ്ഞു തിരിച്ചെത്തിയ പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായെന്ന് അമ്മ സുഷമാകുമാരി പറയുന്നു. പരിമിതികളിൽ നിന്നുള്ള വിദ്യാഭ്യാസമാണ് അത്യുത്തമം. എന്നത് നമുക്കൊരു പാഠമാണ്.

മക്കളെ ഭയന്ന ജീവിതം: മാതാപിതാക്കൾ കുഞ്ഞുങ്ങളുടുള്ള ലാളനയോ വാത്സല്യമോ നിമിത്തം പലപ്പോഴും തെറ്റുകളെ കണ്ണടച്ചു വിടുന്നത് കാലക്രമേണ മാതാപിതാക്കളുടെ കൈയ്യിൽ കാര്യങ്ങൾ നിൽക്കാതെ വരുന്നതിനു കാരണമാകുന്നു. അവരോടുള്ള സ്നേഹം അവരുടെ ചെയ്തികളിലെ പ്രത്യാഖാതങ്ങളെ ഓർത്ത് ഭയമായി മാറുന്നു. വീട്ടില്‍ പ്രാര്‍ഥനാസമയത്ത് പ്രജിന്‍ മുകള്‍നിലയിലെ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവെയ്ക്കും. സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചില പാട്ടുകളാണ് മുറിയില്‍ വെയ്ക്കാറുള്ളതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഈ സമയത്ത് ഇയാള്‍ കറുത്തവസ്ത്രം ധരിക്കുന്നതും പതിവായിരുന്നു. സത്യത്തിൽ മക്കളുടെ മേലുള്ള സ്നേഹവും ബഹുമാനവും പരസ്പരം നഷ്ടപ്പെട്ട ഒരു രീതിയാണ് ഇവിടെ കാണുവാൻ ഇടയായത്. എല്ലാറ്റിനേക്കാളും വലിയതോ സ്നേഹം ആണെന്ന ഒരു മഹാ സത്യം ഈ കുടുംബ ബന്ധം പഠിപ്പിക്കുന്നു. ഇന്നാളുകളിൽ കുടുംബ ബന്ധങ്ങളിൽ സ്നേഹം ഉടലെടുക്കട്ടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More