ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്

ഷിബു കൊടുങ്ങല്ലൂർ

കഴിഞ്ഞദിവസങ്ങളിൽ യാക്കോബിന്റെ മകനായ യോസേഫിനെക്കുറിച്ചാണല്ലോ നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്.

യോസേഫിനു മാത്രം പറയാൻ കഴിയുന്ന ഒരു കാര്യം ഉല്പത്തി പുസ്തകം 45 ന്റെ 8 ൽ ഉണ്ട്.
“ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു”.

“ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു” എന്ന യോസേഫിന്റെ വാക്കുകൾ എത്ര ശ്രെഷ്ടതയുള്ളതാണ്. ഇങ്ങനെ നമുക്ക് പറയാൻ കഴിയാറുണ്ടോ?.

ചിലപ്പോഴെല്ലാം, ചിലരെല്ലാം ഇങ്ങനെ പറയാറുണ്ട് “അവനെ ഈ അനുഗ്രഹിക്കപ്പെട്ട സ്ഥിതിയിൽ എത്തിച്ചത് ഞാൻ ആണ് ”

വേറെ ചിലർ പറയും “അവൻ എന്നോട് കളിച്ചതിനാൽ, ഞാൻ ആണ് അവന് ഒരു പണി കൊടുത്തത് “.

വേറെ ചിലർ ഉണ്ട് “ഇന്നിന്ന ആളുകളുടെ ആത്മാർത്ഥമായ പരിശ്രമഫലമാണ് ഞാൻ ഇന്ന് ഈ നിലയിൽ ഉയർന്നത് ”

ചിലപ്പോൾ ചിലരെങ്കിലും പറയും “അവൻ എനിക്ക് പാര വെച്ചതുകൊണ്ടാണ് ഞാൻ ഇങ്ങനെ അധഃപ്പതിച്ചത് ”

എന്നാൽ ഇവിടെ യോസേഫ് പറയുന്നു എന്നെ ഇവിടെ വിറ്റതുകൊണ്ട് നിങ്ങൾ വിഷമിക്കേണ്ട, എന്നെ ഇവിടെ എത്തിച്ചത് ദൈവം ആണ്.

ദൈവത്തിന് മഹത്വം കൊടുക്കാൻ നാം ഓരോരുത്തരും ശീലിക്കേണം.

തിരുവചനം വായിക്കുമ്പോൾ യോസേഫ് മാത്രമല്ല മുന്നിൽ വന്ന യാക്കോബിനെ പദ്ദൻ ആരാമിലേക്ക് ഓടിച്ചതിന്റെ പിന്നിൽ ദൈവത്തിന്റെ കരം ഉണ്ടായിരുന്നുവെങ്കിൽ, യോസേഫിന്റെ പിന്നാലെ വന്ന മോശയെ യിത്രോയുടെ ഭവനത്തിലേക്കു ഓടിച്ചതിന്റെ പിന്നിൽ, അഭിഷിക്തനെങ്കിലും ദാവീദിനെ ഗുഹകളിലേക്കും വനാന്തരങ്ങളിലേക്കും ഓടിച്ചതിന്റെ പിൻപിലൊക്കെ ഒത്തിരി കൈപ്പേറിയ അവസ്ഥകൾ ഉണ്ടായിരുന്നല്ലോ?. ഇതെല്ലാം ദൈവം അനുവദിച്ചിട്ടല്ലേ? അങ്ങിനെയെങ്കിൽ നമ്മുടെ ജീവിതത്തിൽ വരുന്ന ചെറുതും വലുതുമായ വിഷയങ്ങളിൽ ദൈവീക പദ്ധതികൾ ഉണ്ടോ എന്ന് നാമും സസൂക്ഷ്മം പരിശോധിക്കാനും ആവശ്യമുണ്ട്.

റോമാ ലേഖനം 8 ന്റെ 6 ൽ “ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ”. എന്ന് നാം വായിക്കുമ്പോൾ മേൽ പറഞ്ഞ യാക്കോബും, യോസേഫും, മോശയും, ദാവീതും തങ്ങൾ അനുഭവിച്ച കഷ്ടതകളിൽ “കർത്താവേ എനിക്ക് എന്തിന് ഈ ശോധന” എന്ന് ചോദിച്ചതായി കാണുന്നില്ല. നീതിമാനായ യോസേഫിനെ സ്വന്തം സഹോദരന്മാർ പകച്ചു പൊട്ടക്കുഴിയിൽ ഇട്ട്, അവിടെ നിന്നും എടുത്ത് മിദ്യാന്യർക്കു വിറ്റ് വിലയും വാങ്ങിയിട്ട് ഒടുവിൽ യോസേഫിനെ തിരിച്ചറിയാൻ കഴിയാതെ ഞങ്ങളുടെ ഒരു സഹോദരൻ മരിച്ചു പോയി എന്ന് ഊന്നി ഊന്നി പറഞ്ഞിട്ടും യോസേഫ് പറയുന്നു എന്നെ ഇവിടെ വിറ്റതുകൊണ്ട് നിങ്ങൾ വിഷാദിക്കേണ്ട, ദുഃഖിക്കേണ്ട, കരയേണ്ട, സങ്കടപ്പെടേണ്ട. നിങ്ങൾ അല്ല, നിങ്ങൾ എന്നെ ഇവിടേയ്ക്ക് അയച്ചിട്ടില്ല, ഇത്ര നല്ല പദവി എനിക്ക് കിട്ടും എന്ന് അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ എന്നെ ഇവിടേയ്ക്ക് അയയ്ക്കുമായിരുന്നോ?. ഇല്ല ഒരിക്കലുമില്ല. നിങ്ങൾക്ക് അത്ര അടങ്ങാത്ത കലി എന്നോട് ഉണ്ടായിരുന്നു.

ഇന്നും അനേകം സഹോദരന്മാർ ഇങ്ങനെയാണ്. പക മൂത്താൽ പിന്നെ അവരെ പിടിച്ചാൽ കിട്ടില്ല, കൂട്ട്സഹോദരനെ നശിപ്പിക്കാൻ ഏതറ്റം വരേയും പോകും, ഏത് ദുഷ്ടനെയും കൂട്ടുപിടിക്കും, പോലീസ്, കോടതി എന്നുവേണ്ട ലോക മക്കൾ പോകുന്ന ക്വട്ടേഷൻ ടീമിനെയും ഇറക്കും. യോസേഫ് വീഴാത്ത ഹണി ട്രാപ്പിലും, മറ്റിതര മാർഗ്ഗങ്ങളിലുമൊക്കെ പെടുത്തി എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ശ്രമിക്കും.

എന്നാൽ നീതിമാനായ ദൈവം, ഹൃദയങ്ങളെ തൂക്കി നോക്കുമ്പോൾ റോമർ 8 ന്റെ 5 പ്രകാരം “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു”. എന്ന് വിധിയെഴുതി ദാവീദിന്റെ സങ്കീർത്തനങ്ങൾ 139 ൽ പറയുംപോലെ “യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു. യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല”. എന്ന് പറയാൻ കഴിഞ്ഞാൽ പിന്നെ വരുന്നത് എല്ലാം ദൈവത്താൽ സംഭവിച്ചത് എന്ന് നമ്മുടെ ജീവിതത്തിലും പറയാൻ കഴിയണം.

ഈ ലേഖനത്തിലൂടെ VOICE OF SATHGAMAYA പറയാൻ ആഗ്രഹിക്കുന്നത്, ഞങ്ങളുടെ വായനക്കാരിൽ ആരെങ്കിലും മനസാക്ഷിക്കു വിരോധമായി പാപം ചെയ്യാതെ അസൂയ മൂത്ത സഹോദരീ സഹോദരന്മാരുടെ പക മൂലം നിന്ദയും, അപമാനവും, കഷ്ട നഷ്ടങ്ങളും സഹിച്ചിട്ടുണ്ടെങ്കിൽ പിൻവരുന്ന നന്മകളെയോർത്തു ദൈവത്തെ സ്തുതിക്കുക, ശത്രുവിന്റെ മുൻപിൽ മേശ ഒരുക്കുന്ന ദൈവം നമ്മെ സന്ദർശിച്ചു നമുക്കായി ഒരുക്കുന്ന നന്മകൾ അനുഭവിക്കുമ്പോൾ, നമ്മുടെ മുന്നിൽ വരുന്ന നമ്മുടെ സഹോദരന്മാരെ യോസേഫിനെപ്പോലെ ചേർത്ത് പിടിക്കുവാൻ നാം തയ്യാറാകണം. കാരണം നമ്മുടെ കഴിഞ്ഞുപോയ എല്ലാ വേദനകളും, ദുഃഖങ്ങളും അനുവദിച്ചു തന്ന കർത്താവിന് ഒരു ലക്ഷ്യം ഉണ്ട്. യോസേഫ് പറഞ്ഞത് പോലെ നിങ്ങളുടെ ജീവരക്ഷ ദൈവം എന്നെ ഏല്പിച്ചിരിക്കുന്നു. നമ്മുടെ പുത്രത്വം അവർ നഷ്ടമാക്കി, പിതാവിൽ നിന്നും കിട്ടേണ്ടുന്ന പുത്രന്റെ അവകാശം അവർ നഷ്ടമാക്കി. എണ്ണി എണ്ണി പറഞ്ഞാൽ തീരാത്ത നഷ്ടം എനിക്കും നിനക്കും വരുത്തിയവരുടെ മുൻപിൽ ആ കഷ്ടത്തിലും, ഞരക്കത്തിലും ജയോത്സവമായി നടത്തിയ ദൈവം, ഇനിയുംമുന്നേറുമ്പോൾ നമ്മുടെ വസ്ത്രം ജീർണ്ണിക്കാതെ, ചെരുപ്പ് തേയാതെ, പകലിൽ മേഘസ്തംഭം ആയും രാത്രി അഗ്നി തൂണുമായി നിന്ന ദൈവം. ഇതിനേക്കാൾ അധികം നമുക്ക് എന്ത് വേണം?

നമ്മെ നിന്ദിച്ചവരെ നിന്ദിക്കാൻ കിട്ടുന്ന സമയം യോസേഫ് തക്കത്തിൽ ഉപയോഗിച്ചില്ല. നമുക്കും യോസേഫ് ഒരു നല്ല മാതൃക ആകട്ടെ. ആമേൻ.

——————————————————————————————————————————————-

Voice Of Sathgamaya യുടെ പ്രതിദിന ലേഖനങ്ങളിൽ പുതിയതായും, വ്യത്യസ്തയുള്ളതുമായ ചിന്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്ന ചിന്തയൊന്നും ഞങ്ങൾക്കില്ല എങ്കിലും തിരുവചനപഠനം ഒരു നിത്യ ആഹാരം എന്ന നിലയിൽ കർത്താവ് ഞങ്ങളെ ഏല്പിച്ചിരിക്കുന്ന ഒരു ശുശ്രുഷ എന്ന നിലയിലാണ് ഇത് ചെയ്തുവരുന്നത്.

ഇതിന്റെ പ്രതിദിന വോയ്‌സ് ക്ലിപ്പുകൾ കൻവർട്ട് ചെയ്ത് പബ്ലിക്കിന് അയച്ചുകൊടുക്കാൻ സഹായിക്കുന്നത് dc bible vlogs ന്റെ പ്രവർത്തകരാണ്.

ഈ ലേഖനങ്ങൾ https://kahaladhwani.com/category/ministry/voice-of-sathgamaya/ എന്ന ലിങ്ക് വഴി അനേകരിൽ എത്തിക്കുന്ന കാഹളധ്വനിയുടെ പിന്നിൽ പ്രവർത്തിക്കുന്നവരെയും ഓർത്ത് ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു, പബ്ലിഷ് ചെയ്യുന്ന, വായിക്കുന്ന, ഷെയർ ചെയ്യുന്ന എല്ലാവരോടുമുള്ള വോയ്‌സ് ഓഫ് സത്ഗമയയുടെ നന്ദിയും കടപ്പാടും ദൈവനാമത്തിൽ അറിയിക്കുന്നു.

Comments (0)
Add Comment