ക്രിസ്ത്യാനികൾക്ക് അസാദ്ധ്യമെങ്കിൽ

ചിന്തകൾ യഥാർഥ്യങ്ങൾ

ഇന്നലെ എഴുതിയ ലേഖനം വായിച്ചിട്ട് കുറെയേറെ സഹോദരീ സഹോദരന്മാർ കമന്റ് ചെയ്തു, വിളിച്ചു, പ്രാർത്ഥിക്കുന്നുണ്ട്, തുടർന്നും എഴുതാൻ കർത്താവ് കൃപ തരട്ടെ എന്ന് ആശംസിക്കുകയുമുണ്ടായി. ഇന്നത്തെ ലേഖനത്തിന് ക്രിസ്ത്യാനികൾക്ക് അസാദ്ധ്യമെങ്കിൽ ?. എന്നാണ് ശീർഷകം കൊടുക്കാൻ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടെന്നാൽ, ഇന്നലെ വിളിച്ച സഹോദരങ്ങളിൽ പലരും പറഞ്ഞ ഒരുകാര്യം, “നടക്കാത്ത കാര്യം പറയല്ലെ സഹോദരാ” എന്നാണ്. അതിനുള്ള മറുപടി ക്രിസ്തുവിശ്വാസികൾക്ക് തമ്മിൽ തമ്മിൽ സ്നേഹിക്കാൻ കഴിയുന്നില്ല എങ്കിൽ അങ്ങിനെയുള്ളവർ ക്രിസ്ത്യാനികൾ അല്ല എന്നർത്ഥം.

ക്രിസ്ത്യാനി എന്നതിന്റെ അർത്ഥം എന്താണ്?.

നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു വേദഭാഗമാണ് അപ്പോസ്തല പ്രവൃത്തികൾ 11 ന്റെ 26. “…ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി”. “ക്രിസ്ത്യാനി” എന്നാൽ അത് ഒരു പേരാണ്, നാമ വിശേഷണമാണ്.

പ്രവൃത്തികൾ 26 ന്റെ 28 ലേക്ക് നാം എത്തുമ്പോൾ അവിടെ “അഗ്രിപ്പാ പൗലൊസിനോടു… ” പറയുന്നു “..ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു”. ഇതുവരെ ക്രിസ്ത്യാനിയാല്ലാത്ത അഗ്രിപ്പാ രാജാവ് സുവിശേഷം കേട്ടപ്പോൾ ഒരുകാര്യം മനസ്സിൽ ഉറച്ചു, ഇങ്ങനെ സുവിശേഷം കേട്ടാൽ ഞാനും അത് വിശ്വസിച്ചുപോകും. അത്രമാത്രം നിർബന്ധമുള്ള സമ്മർദ്ധം സുവിശേഷത്തിനുണ്ട്. സംശയം വേണ്ട.

എന്തുകൊണ്ട് ക്രിസ്ത്യാനി ക്രിസ്തുവിനെ വിട്ട് ഘർ വാപ്പാസി വഴി പഴയ ആദിവാസിയാകു എന്ന് പറഞ്ഞു വടക്കേ ഇന്ത്യയിൽ കലാപങ്ങൾ അഴിച്ചുവിടുമ്പോൾ അവിടെയുള്ളവർ എന്തുകൊണ്ട് ഞങ്ങൾക്ക് മനസ്സില്ല എന്ന് പറയുന്നു . എന്തുകൊണ്ട് മതംമാറാൻ സമ്മതിക്കാതെ ക്രിസ്തു വിശ്വാസി ഉപദ്രവങ്ങൾ സഹിക്കുന്നു .

നമുക്ക് പത്രൊസിന്റെ ഒന്നാം ലേഖനം 4 ന്റെ 16 ൽ “ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു”. എന്ന് വായിക്കുമ്പോളാണ് ഈ നാമത്തിന്റെ പ്രത്യേകത നമുക്ക് ഊഹിക്കാൻ കഴിയുന്നത്.

എന്നാൽ ക്രിസ്ത്യാനി എന്ന ഈ നാമം ധരിച്ചിട്ടു നമുക്ക് ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയുന്നുണ്ടോ . ഇല്ല എന്നതിന് പുറത്ത് പറയാൻ കൊള്ളാത്ത എത്രയോ അനുഭവങ്ങൾ നമ്മുടെ മുൻപിലുണ്ട് ?. ക്രിസ്ത്യാനികൾ എന്ന് പേരുള്ളവർ തമ്മിൽ ഉണ്ടാക്കുന്ന എത്രയോ വ്യവഹാരങ്ങൾ ഇന്ന് ആക്രൈസ്തവരായവർ തീർക്കാൻ ശ്രമിക്കുന്നു . കോടതിയിലെ ജഡ്ജികൾ വിധി പറയുന്നു . ഇതൊക്കെ കാണുകയും, കേൾക്കുകയും ചെയ്യുമ്പോൾ ക്രിസ്ത്യാനി എന്ന നാമത്തിന്റെ പ്രശ്നമല്ല, ക്രിസ്ത്യാനിക്ക് ക്രിസ്ത്യാനിയുടെ അനുഭവം ഇല്ല എന്നതാണ് വിഷയം. സങ്കീർത്തനങ്ങൾ 133 ന്റെ 1 ആർക്കാണ് അറിയാത്തത്. ദാവീദിന്റെ ഈ ആരോഹണ ഗീതത്തിൽ “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു” എന്ന് എത്ര വ്യക്തമായി എഴുതിയിരിക്കുന്നു. എന്നിട്ടും നമ്മൾ തമ്മിൽ എന്താ ഇത്ര ശണ്ഠ .

ഫിലേമോന് എഴുതിയ ലേഖനം വാക്യം 7 ൽ “സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹത്തിൽ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി”. എത്ര നല്ല അനുഭവം . ഇന്ന് വിശുദ്ധന്മാരുടെ ഹൃദയം തണുപ്പിക്കാൻ നമുക്ക് കഴിയാറുണ്ടോ . എന്തുകൊണ്ടാണ് കൂട്ടുസഹോദരനെ ഒരു വിശുദ്ധനായി കാണാൻ നമുക്ക് കഴിയാത്തത് . നാം നമ്മുടെ കൂട്ടുസഹോദരന്മാരെ നോക്കിക്കാണുന്ന കണ്ണട ഏതാണ് .

ഫിലിപ്പിയർ 2 ന്റെ 5 ൽ വളരെ വ്യക്തമാക്കുന്നു, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ”. ഈ ഭാവം എന്നിലുണ്ടോ എന്ന് ആദ്യം ഞാൻ ആണ് പരിശോധിക്കേണ്ടത്. കൂട്ടുസഹോദരീ സഹോദരന്മാർക്ക് അല്പം പോലും വേദന വരുത്താതെ, അവരെ സ്നേഹിച്ചുകൊണ്ട്, കരുതിക്കൊണ്ട് ജീവിക്കാനുള്ള കൃപ എനിക്കുണ്ടോ എന്ന് ഞാനാണ് ആദ്യം ശോധന ചെയ്യേണ്ടത്. അങ്ങിനെ ഒരു സ്വഭാവം എന്നിൽ ഇല്ല എങ്കിൽ എന്റെ ഈ ലേഖനവും വ്യർത്ഥം.

ഇന്ന് നമ്മുടെ പ്രവൃത്തികൾ ഫിലിപ്പിയർ 2 ന്റെ 3 ൽ പറയുന്നതുപോലെ ശാഠ്യത്താലും, ദുരഭിമാനത്താലും എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയല്ലേ.
നമ്മിൽ “താഴ്മ” എന്ന സ്വഭാവം ഉണ്ടോ. ഓരോരുത്തൻ സ്വന്തഗുണം അല്ലേ നോക്കുന്നത്. എനിക്ക് എന്ത് കിട്ടും , എനിക്ക് എവിടെ ഒരു അംഗീകാരം ഉണ്ടാക്കിയെടുക്കാൻ കഴിയും. ഏതെല്ലാം പദവികളും, അംഗീകാരങ്ങളും എനിക്ക് കിട്ടും. ആത്മീയ ഗോളത്തിൽ ആണെങ്കിൽ പോലും ഞാൻ എനിക്കുള്ള അവരസരങ്ങൾ ഉണ്ടാക്കാനുള്ള തത്രപ്പാടിലല്ലേ .

മറ്റുള്ളവരെ എന്നേക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊള്ളാൻ എന്തേ ഇന്നും എനിക്ക് കഴിയുന്നില്ല.

VOICE OF SATHGAMAYA ഈ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത്, ഇതൊക്കെ ക്രിസ്തുവിന്റെ അണിയിൽ പെട്ട, ക്രിസ്ത്യാനികളായ നമുക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്ക് കഴിയും.

Comments (0)
Add Comment