സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ

ചിന്തകൾ യഥാർഥ്യങ്ങൾ

എന്തുകൊണ്ടാണെന്നറിഞ്ഞുകൂടാ പ്രാവ് എന്ന ഒരു പക്ഷിയെ ആളുകൾ വളരെ വിശുദ്ധമായ ഒരു പക്ഷിയായിട്ടാണ് കാണുന്നത്. ഭംഗിയിൽ മാത്രമല്ല, ശുദ്ധിയിലും, മനുഷ്യനോടുള്ള ഇണക്കത്തിലും പ്രാവ് വളരെ ലളിതമായ ഒരു പക്ഷി തന്നെ. മത്തായി എഴുതിയ സുവിശേഷം 10 ന്റെ 16 ൽ “ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു” എന്ന് പറഞ്ഞിട്ട്. “ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ”. എന്നും ഓർമ്മിപ്പിക്കുണ്ടല്ലോ. ചെന്നായ്ക്കൾ കൗശലം ഉള്ളവരാണ്. ആടുകളെ ശരാശരി നിഷ്കളങ്കതയുടെ പര്യായമായിട്ടാണ് ഇവിടേയും ചിത്രീകരിച്ചിരിക്കുന്നത്. ചെന്നായ്ക്കൾ ആടുകളെ കണ്ടാൽ കടിച്ചു തിന്നും. ഇന്ന് കാണുന്ന മനുഷ്യചെന്നായ്ക്കൾ കർത്താവിന്റെ ശിഷ്യന്മാരായി, സൗമ്യതയും, ശാന്തതയുമുള്ള കുഞ്ഞാടുകളുമായി നടന്നാൽ പിശാചിന്റെ മക്കളും, അടിമകളുമായ മനുഷ്യർ, സ്നേഹവും, കരുണയും, സഹിഷ്ണുതയുമുള്ള നിങ്ങളെ കടിച്ചുകീറാതിരിക്കാൻ നിങ്ങൾ അല്പം ബുദ്ധി ഉപയോഗിക്കണം. അത് പാമ്പിൽ ഉണ്ട്. ബുദ്ധി ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾ നിഷ്കളങ്കത കൈവെടിയരുത്. അതിന് നിങ്ങൾ മാതൃകയാക്കേണ്ടത് പ്രാവിനെയാണ് എന്നാണ് തിരുവചനം പറയുന്നത്.

ഉത്തമ ഗീതം 6 ന്റെ 9 ൽ “എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്കു ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും”. എന്ന് എഴുതിക്കാണുമ്പോൾ കർത്താവിന്റെ സഭയെക്കുറിച്ചുള്ള കർത്താവിന്റെ താല്പര്യവും ഇത് തന്നെയല്ലേ എന്ന് ചിന്തിച്ചുപോകുന്നു.

എഫെസ്യർ 5 ന്റെ 26,27 വാക്യങ്ങളിൽ “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു”. എന്നാണല്ലോ വായിക്കുന്നത്. അപ്പോൾ ദൈവത്തിന്റെ മക്കൾ അഥവാ സഭ നിഷ്കളങ്കയായിരിക്കണം എന്ന് കർത്താവ് ആഗ്രഹിക്കുന്നു.

കൊലൊസ്സ്യർ 1 ന്റെ 21,22 വാക്യങ്ങളിൽ “മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു”. ഇതും കർത്താവ്‌ ചെയ്തതാണ്. നാം പാപികളും, അധർമ്മികളും, അന്യയക്കാരും ആയിരുന്നപ്പോൾ തന്നെയാണ് കർത്താവ് നമ്മെ കഴുകി തന്റെ മക്കൾ ആക്കി തീർത്തത്. കർത്താവ് നമ്മെ തന്റെ ചോരയാൽ കഴുകി വിശുദ്ധരാക്കി എന്ന് പറയുന്ന, പഠിപ്പിക്കുന്ന നാം സത്യത്തിൽ ഇപ്പോൾ വിശുദ്ധരല്ല എന്ന് നമ്മുടെ പ്രവൃത്തികൾ വളരെ വ്യക്തമാക്കുന്നില്ലേ?.

Voice Of Sathgamaya യുടെ ഓരോ ലേഖനത്തിന്റെ പിൻപിലും ദൈവമക്കൾ എന്ന് പറയുന്നവർ, ദൈവവചനം പഠിപ്പിക്കുന്നവർ രഹസ്യത്തിൽ ചെയ്യുന്ന പാപങ്ങളേക്കാൾ വലിയ തെറ്റുകൾ ചെയ്യുന്നതിന്റെ തെളിവുകളുടെ ചില പശ്ചാത്തലങ്ങളും ഉണ്ട് എന്ന് തിരിച്ചറിയുക.

1യോഹന്നാൻ 2 ന്റെ 1 ൽ “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു”. എന്ന് എഴുതിയിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച ആരാധനയും, കർത്രുമേശയും കഴിഞ്ഞുപോയ ഒരു സഹോദരനോ, സഹോദരിയോ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടു എന്നറിഞ്ഞാൽ, ഒരു കൊലപാതക കേസിൽ പങ്കുണ്ട് എന്നറിഞ്ഞാൽ, മോഷണം നടത്തി എന്നറിഞ്ഞാൽ നമ്മൾ അവരെ അടുത്ത ഞായറാഴ്ച കൂട്ടയ്മയിൽ നിന്നും കർത്രുമേശയിൽ നിന്നും മുടക്കില്ലയോ?. എന്നാൽ നമ്മുടെ ഏതെങ്കിലും ഒരു സഹോദരനെയോ, സഹോദരിയെയോ ഏതെങ്കിലും ഒരു ശുശ്രുഷക്ക് ക്ഷണിച്ചത് അറിഞ്ഞാൽ കുശുമ്പിന്റെ ആത്മാവിൽ ആ ശുശ്രുഷയിൽ നിന്നും രഹസ്യമായി ഒഴിവാക്കാൻ പരിശ്രമിക്കുന്ന രഹസ്യ പരിശ്രമത്തെ എന്തുകൊണ്ട് നാം പാപം ആയി കണക്കാക്കുന്നില്ല?.
പണ്ട് ഉണ്ടായ ഒരു സംഭവം ഇത്തരുണത്തിൽ ഒന്ന് ഓർമ്മിപ്പിക്കട്ടെ, 2ശമൂവേൽ 11 ന്റെ 14 ൽ “രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു”. ഇത്രയും വായിച്ചാൽ അതിൽ തെറ്റൊന്നും ഇല്ല. എന്നാൽ 11 ന്റെ 15 ൽ ആ “എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻമാറുവിൻ എന്നു എഴുതിയിരുന്നു”. എന്ന് വായിക്കുമ്പോൾ, അത് അന്യായമാണ് എന്ന് പറയുന്നവരല്ലേ നമ്മൾ?. ഇനി ഇവിടെ ഈ ദാവീദ് എന്ന സ്ഥലത്ത് നിങ്ങളിൽ ഒരാളുടെ പേരും, ഊരിയാവ് എന്ന പേരിന്റെ സ്ഥാനത്ത് എന്റെ പേരും ഒന്ന് വെച്ചു വായിക്കാൻ ശ്രമിച്ചുനോക്കുക. ദാവീദ് ഊരിയാവിനോട് ചെയ്തത് പാപവും, നിങ്ങളിൽ ഒരാൾ എന്നോട് ചെയ്തത് പാപം അല്ലാതെ ആകുമോ. ഇന്ന് ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദാവീദ് എന്ന ചെന്നായിയുടെ മുന്നിൽ പെട്ടുപോയ ഊരിയാവ് എന്ന ആടിന് പാമ്പിനെപ്പോലെ ബുദ്ധി ഇല്ലായിരുന്നു. പ്രാവിനെപ്പോലെ നിഷ്കളങ്കമായി നിങ്ങളുടെ വീട്ടുമുറ്റത്ത് നിങ്ങൾ ഇട്ടുതന്ന അരിമണികൾ കൊത്തിക്കൊത്തി നിങ്ങളിലേക്ക് അടുത്തപ്പോൾ നിങ്ങൾ ആ പ്രാവിനെ അറുത്തു.

ഫിലിപ്പിയർ 2 ന്റെ 14 “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ”. ഇന്ന് നമുക്ക് എന്തെങ്കിലും പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വാൻ കഴിയുന്നുണ്ടോ. ഇല്ലെങ്കിൽ നമുക്കും കർത്രുമേശയിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടോ.

സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സമൂഹത്തിൽ കാണുന്ന നമ്മളിൽ കടിച്ചുകീറുന്ന ചെന്നായയുടെ സ്വഭാവം ആണെങ്കിൽ, ഈ ലോകം ക്രൂരന്മാരായി ചിത്രീകരിച്ചവരിൽ നന്മയുടെ നീർച്ചാലുകൾ കാണുന്നുണ്ടെങ്കിൽ ആർക്കാണ് തെറ്റ് പറ്റിയത് എന്ന് ചിന്തിക്കാൻ ഈ ലേഖനം ഇടവരുത്തട്ടെ എന്ന ആഗ്രഹത്തോടെ, ഇതിന്റെ രണ്ടാം ഭാഗം കർത്താവ് അനുവദിച്ചാൽ നാളെ എഴുതാം.

Comments (0)
Add Comment