സാർ, താങ്കൾ ഒരു എഴുത്തുകാരനല്ലേ

Shibu Kodungalloor

സാർ, നിങ്ങൾ ഒരു എഴുത്തുകാരനല്ലേ? നിങ്ങളുടെ ഭാര്യ പാട്ടുകൾ പാടുന്നു. മോളുടെ പാട്ടുകൾ ഞാൻ യൂട്യൂബിൽ കേൾക്കുന്നു. മകൻ പ്രൊഫഷണൽ ഡിഗ്രിയുള്ള ഒരു നല്ല കൌൺസിലർ ആണ് എന്നറിയാം. സാർ പാട്ട് പാടുമോ? ഹെൽത്ത് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന അക്കൗണ്ടന്റ് നബീസ അവർകളുടെ ചോദ്യമാണിത്.

പലരും ഞങ്ങളെക്കുറിച്ച് പലതും ചിന്തിക്കുന്നു. അതിന് പല കാരണങ്ങളുണ്ട്. പുലിക്കൊട്ടിൽ ചാക്കോ മകൻ ഷിബു ജന്മം കൊണ്ട് ക്രിസ്ത്യാനിയാണ് എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ഭാര്യയുടെ പേര് പറയുമ്പോൾ ആകെ ഒരു കൺഫ്യൂഷൻ ഫാത്തിമ എന്ന് വിളിക്കുന്ന പത്തുമുത്തു. പാട്ട് പാടുന്ന മകളുടെ പേരിന്റെ കൂടെ ഭർത്താവിന്റെ പേര് കണ്ണൻ നായർ. പിന്നേയും ആകെയൊരു കൺഫ്യൂഷൻ. കൊടുങ്ങല്ലൂർ സ്വദേശി മലയാളിയായ ഷിബുസാർ എങ്ങനെ തമിഴ് ഭാഷക്കാരിയായ ഫാത്തിമയെ കണ്ടുമുട്ടി? ഫാത്തിമ മതം മാറിയിട്ടില്ല എന്ന് തറപ്പിച്ചു പറയുന്നു, പേരും മാറിയിട്ടില്ല, പക്ഷെ വിശ്വാസം യേശുക്രിസ്തുവിനെ മാത്രം. പേരിൽ അസ്‌നത്തിന് ഒരു മുസ്ലിം ചുവ ഉണ്ടെങ്കിലും റിക്കാഡിൽ ക്രിസ്ത്യൻ ബ്രദ്റൺ എന്നാണ്. മരുമകൻ കണ്ണേട്ടനും ക്രിസ്തു വിശ്വാസി. സാറ് വീണ്ടും വീണ്ടും പറയുന്നു ഇതെല്ലാം അറേഞ്ചു മാരിയേജ് ആണ് എന്ന്. ഇത് എങ്ങിനെ സംഭവിക്കുന്നു ⁉️. അതിശയം കലർന്ന ചോദ്യങ്ങൾക്ക് മറുപടിയായി അല്പം ചിലത് എഴുതട്ടെ ‼️.

എന്നെ അറിയുന്ന എന്റെ സ്നേഹിതരിൽ ധാരാളം ആളുകൾക്കും അറിയാത്ത ഒരു സത്യമുണ്ട്. അവ ഒന്നൊന്നായി താഴെ കുറിക്കാം.

(1) പലരുടേയും ധാരണ ബൈബിൾ ഒരു മതഗ്രന്ഥമാണ് എന്നാണ്. അല്ല, അത് തെറ്റായ ധാരണയാണ്.

(2) യേശുക്രിസ്തു എന്ന് വിളിക്കുന്ന, മുസ്ലിം സമുദായം ഈസാനബി എന്ന് വിശേഷിപ്പിക്കുന്ന യേശുക്രിസ്തു ക്രിസ്തു മതക്കാരുടെ ദൈവം ആണ് എന്ന്. അതും തെറ്റാണ്. യേശുക്രിസ്തു സർവ്വജനത്തിന്റെയും ദൈവമാണ്.

ലൂക്കോസ് 2 ന്റെ 10, 11 വാക്യങ്ങൾ ഈ കാര്യം വ്യക്തമാക്കുന്നു.
“ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു”.

സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം എന്ന് പറയുമ്പോൾ അതിൽ ജാതിയും മതവും ഇല്ല.

(3) മൂന്നാമതായി ബൈബിൾ ബൈബിളിനെക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. 2തിമൊഥെയൊസ് 3 ന്റെ 16,17 വാക്യങ്ങൾ. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു”. ഈ തിരുവെഴുത്തു എന്റെ എല്ലാ വായനക്കാരും വായിച്ചിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഇതിന്റെ ആദ്യ വാക്യം മുതൽ ഒടുവിലത്തെ വാക്യം വരെ വളരെ കൃത്യമായി ഭൂമിയുടെ ആരംഭം മുതൽ, മനുഷ്യന്റെ സൃഷ്ടി തൊട്ട് അവസാനം സംഭവിക്കാൻ പോകുന്ന എല്ലാ വിഷയങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുള്ള പുസ്തകശേഖരമാണിത്.

(4) എല്ലാ മനുഷ്യരും പാപികളാണ്. അത് ശരിവയ്ക്കുന്ന ഒരു ബൈബിൾ വാക്യമാണ് റോമർ 3 ന്റെ 23 ൽ ഉള്ളത്.
“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”,

പാപം ആണ് എല്ലാവരുടെയും വിഷയം എത്ര നന്മ ചെയ്യാൻ ആഗ്രഹിച്ചാലും തിന്മ ചെയ്തുപോകുന്ന oru വല്ലാത്ത ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

റോമർ 7 ന്റെ 15 ൽ “ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു”. നാമും അങ്ങിനെയാണ്. നല്ലത് എന്തെങ്കിലും ചെയ്യണം എന്നാണ് ആഗ്രഹം. പക്ഷെ, ചെയ്തു പോകുന്നതൊക്കെ തെറ്റുകൾ.

7 ന്റെ 17 ൽ പറയുന്നു… “ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ”. എന്നിലുള്ള എന്റെ പാപം എന്നെക്കൊണ്ട് നല്ലത് ചെയ്യിക്കുന്നില്ല, തെറ്റുകൾ ധാരാളം ചെയ്യിക്കുന്നു.

7 ന്റെ 19 ൽ
“ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു”. ഇത് ഒരു ഏറ്റു പറച്ചിലാണ്.

7 ന്റെ 24 ൽ “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും? ഞാൻ അരിഷ്ടമനുഷ്യൻ! എന്ന് പൗലോസ് പറയുമ്പോൾ എന്റെ ഈ ശരീരം മരണത്തിന്നു അധീനമായ ശരീരമാണ് എന്ന് സ്വയം സമ്മതിക്കുന്നു.
എനിക്ക് ഇതിൽനിന്നു ഒരു മോചനം വേണം. ആർ എന്നെ വിടുവിക്കും? എന്ന ചോദ്യത്തിന് മറുപടി തരുന്നത് റോമാർ 7 ന്റെ 25 ൽ ആണ്. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു”.

ഇത്രയും വിവരിച്ചിട്ട് എനിക്ക് എന്റെ വായനക്കാരോട് പറയാനുള്ളത് നമ്മൾ ഏത് മതത്തിൽ പിറന്നു എന്നതല്ല, നമ്മൾ പാപികളാണോ എന്ന് നമ്മോട് തന്നെ നാം ചോദിക്കുക. മറുപടി അതേ എന്നായിരിക്കും. എങ്കിൽ ഈ പാപത്തിന് പരിഹാരം ആര് തരും?

എനിക്ക് പാപമോചനം വേണമെന്ന് മതങ്ങളോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല. മതങ്ങൾ ഇന്നുവരെ ആർക്കും പാപമോചനം കൊടുത്തിട്ടില്ല.

മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് നാം കേട്ടിട്ടുണ്ട്. പക്ഷെ, എങ്ങിനെ നന്നാവും? എന്ന ചോദ്യത്തിനാണ് ഉത്തരം ഇല്ലാത്തത്.

ഇവിടെയാണ്‌ ബൈബിൾ മറുപടി തരുന്നത്.

1യോഹന്നാൻ 1 ന്റെ 7 ൽ “… അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു”.

ഞങ്ങളുടെ വായനക്കാരിൽ ആരെങ്കിലും ഞാൻ പാപിയാണ് എന്ന് സമ്മതിക്കും എങ്കിൽ, പാപത്തിന് മോചനം വേണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് പാപമോചനം തരുവാൻ യേശുക്രിസ്തു അല്ലാതെ വേറെ ആരുമില്ല.

ഈ സത്യം അറിഞ്ഞവർ യേശുക്രിസ്തുവിന്റെ രക്തത്തിൽ ആശ്രയിക്കും. പാപമോചനം പ്രാപിക്കും.

ഒരു കാര്യം വ്യക്തമാക്കാം നിങ്ങൾ ഇന്ന് കാണുന്ന എല്ലാ ക്രിസ്തുമതത്തിൽ പെട്ടവരും ഈ രീതിയിൽ യേശുക്രിസ്തു മൂലം പാപമോചനം പ്രാപിച്ചവരല്ല. അവർ ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ നടക്കുന്നവരല്ല. കേവലം അവർ ഒരു മത വിശ്വാസി എന്ന് മാത്രം.

പാപമോചനം പ്രാപിക്കാത്ത എല്ലാവരും നിത്യനരകത്തിൽ പോകും എന്ന് ബൈബിൾ മാത്രമല്ല, ഖുർആനും മറ്റിതര മതഗ്രന്ഥങ്ങളിലും പാപത്തിന് നരകമാണ് ശിക്ഷ എന്ന് എഴുതിയിട്ടുണ്ട്.

ക്രിസ്തീയ കുടംബത്തിൽ പിറന്ന ഞാൻ എന്റെ പാപത്തിന്റെ മോചനം തേടിപ്പോയത് യേശുക്രിസ്തുവിന്റെ അടുത്തേക്ക്. അതുപോലെ ഫാത്തിമ അവരുടെ പാപത്തിന്റെ മോചനം തേടി പോയതും യേശുക്രിസ്തുവിലേക്കു. ഇങ്ങനെ യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടും ജനനം പ്രാപിച്ച എല്ലാവരും ഒരു കുടുംബത്തിന്റെ അംഗങ്ങൾ ആണ്. ആ കൂട്ടത്തിൽ എല്ലാ മതത്തിൽ പെട്ടവരും ഉണ്ട്. അങ്ങിനെ പാപമോചനം പ്രാപിച്ചവർ തമ്മിൽ വേണം വിവാഹം കഴിക്കാനെന്നു ബൈബിൾ പഠിപ്പിക്കുന്നതിനാൽ ഞങ്ങളുടെ വിവാഹങ്ങളിൽ ജാതിയും, മതവും നോക്കാറില്ല, അല്ല, നോക്കൻ പിടില്ല. ഇനി ആരെങ്കിലും ജാതിയും, മതവും നോക്കുന്നുണ്ട് എങ്കിൽ അവർ ക്രിസ്തുവിന്റെ അനുയായി എന്ന പദവിയിൽ നിന്ന് അകന്ന് നിൽക്കുന്നവനാണ്.

ഒടുവിലായി നബീസ മാഡത്തിന്റെ ചോദ്യത്തിന് മറുപടി പറയട്ടെ, സാറ് പാട്ട് പാടുമോ ⁉️. ഉത്തരം : ഇല്ല

സാറ് ഒരു എഴുത്തുകാരനല്ലേ? ഉത്തരം : എഴുതാറുണ്ട്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് മാത്രം.

VOICE OF SATHGAMAYA ഈ ലേഖനത്തിൽ കൂടെ ഊന്നിപ്പറയുന്ന കാര്യം നിങ്ങൾ ആരാണ്? എന്താണ്? എന്നുള്ളതൊന്നും യേശുകർത്താവിന് അറിയേണ്ട. നിങ്ങൾ ആരായാലും ഹൃദയത്തിൽ യേശുകർത്താവിനെ സ്വീകരിച്ചു യേശുകർത്താവിന്റെ മകനോ, മകളോ ആയി മാറണം.

Comments (0)
Add Comment