പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവർ

ചിന്തകൾ യഥാർഥ്യങ്ങൾ

നമ്മൾ ആരും പറയാതെ, പറഞ്ഞയക്കാതെ ഒരു വർഷം കൂടെ നമ്മെ വിട്ട് കടന്നുപോയി. പതിവ് പോലെ നമ്മൾ ആരും ക്ഷണിച്ചില്ല എങ്കിലും ഒരു പുതിയ വർഷം നമ്മെ തേടി വന്നു നമ്മൾ അതിനെ 2023 എന്ന് പേരിട്ടു വിളിച്ചു സ്വാഗതം ചെയ്തു. ലോകമനുഷ്യരുടെ ശബ്ദകോലാഹലങ്ങളും, പടക്കം പൊട്ടിക്കലുമൊന്നുമില്ലെങ്കിലും, ക്രിസ്തുവിശ്വാസികൾ കാത്തിരുന്നില്ലെങ്കിലും 2023 വരും. പക്ഷെ, വെറുതെ, ആരും ക്ഷണിക്കാതെ കടന്ന് വരാൻ തയ്യാറായ ഈ പുതുവർഷത്തെയും ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് മണിക്കൂറുകൾ പടക്കം പൊട്ടിച്ചു അന്തരീക്ഷത്തെ മലീമസമാക്കി. കൊടി തോരണങ്ങളും, ഫ്ലക്സുകളും കൊണ്ട് നമ്മൾ ഭൂമിക്ക് മുറിവേല്പിച്ചു. കൃത്യസമയങ്ങളിൽ ഹാപ്പി ന്യൂ ഇയർ എന്ന ക്രിയേറ്റ് ചെയ്ത് വിഷ് ചെയ്ത എല്ലാവരുടെ അടുത്തേക്കും ന്യൂ ഇയർ വന്നു. വിഷ് ചെയ്യാത്തവരുടെയും, വിഷ് ചെയ്യാൻ മറന്നവരുടെ അടുത്തേക്കും ന്യൂ ഇയർ വന്നു എന്നതാണ് മറ്റൊരു വസ്തുത. ആണ്ടറുതി ആഘോഷിക്കാത്ത സഭാവിശ്വാസികൾക്കും, ഒത്തിരി കഷ്ടം സഹിച്ച്, കോരിത്തരിക്കുന്ന മഞ്ഞിൽ തണുത്തുവിറച്ചു ഉറക്കമിളച്ചു കാത്തിരുപ്പ് യോഗം പൊടിപൊടിച്ചവരുടെ അടുത്തും, അപ്പോൾ മുറിച്ച പ്ലം കേക്കിന്റെ അവസാനത്തെ പൊടിവരെ വാരിക്കൊടുത്തവരുടെ അടുത്തും ന്യൂ ഇയർ വന്നു.


വീണ്ടും ഒരു പുതുവർഷം

സങ്കീർത്തനങ്ങൾ 34 ന്റെ 8 ൽ “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ”. എന്ന വാക്യമാണ് ഈ സാഹചര്യത്തിൽ എന്റെ മനസ്സിലേക്ക് വന്നത്.

ഇന്നലത്തെ സാക്ഷ്യയോഗത്തിൽ ഞാൻ എടുത്ത് വായിച്ച വേദഭാഗം സങ്കീർത്തനങ്ങൾ 72 ന്റെ 2 ആയിരുന്നു. “അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ”. എന്നാണ് അവിടെ നാം വായിക്കുന്നത്. ദൈവം തന്റെ ജനത്തെ നീതിയോടും, എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞവരാണ് ദാവീദും, ദാവീദിന്റെ മകൻ ശലോമോനും.

യഹോവയ്ക്കു മുഖപക്ഷം ഇല്ല എന്നത് ഒരു വസ്തുതയാണെങ്കിലും തേടി വന്നത് നീതിമാന്മാരെയല്ല, പാപികളെയാണ്. റോമർ 9 ന്റെ 13 ൽ “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ”. എന്നൊക്കെ വായിക്കുമ്പോൾ ദൈവത്തിന് മുഖപക്ഷം ഉണ്ട് എന്ന് നമുക്ക് തോന്നിപ്പോകും. സാധാരണ ആളുകളെക്കാൾ ശിശുക്കളോട് കർത്താവിന് അമിതമായ താല്പര്യം ഉണ്ടായിരുന്നു എന്നതിന് തെളിവായി മത്തായി എഴുതിയ സുവിശേഷം 19 ന്റെ 14 നമുക്ക് മുന്നോട്ട് വയ്ക്കാം. “യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു”. എന്നൊക്കെ ചില വാക്യങ്ങൾ വായിക്കുമ്പോൾ നമ്മുടെ കർത്താവിന് മുഖപക്ഷം ഉണ്ടായിരുന്നു എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം.

പക്ഷെ, നമ്മുടെ കർത്താവ് മുഖപക്ഷം ഉള്ളവനല്ല എന്നാണ് ബൈബിൾ പറയുന്നത്. ആ കർത്താവിന്റെ മക്കൾക്ക് ഇന്ന് വലിയ മുഖപക്ഷമാണ്.

കർത്താവിന്റെ സഹോദരനായ യാക്കോബ് എഴുതിയ ലേഖനം 2 ന്റെ 1 ൽ “സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു”. എത്ര വ്യക്തമായിട്ട് എഴുതിയിരിക്കുന്നു. 2 ന്റെ 2 “നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?” എന്നാണ് എഴുതിയിരിക്കുന്നത്. പാണക്കാരനെ കാണുമ്പോൾ അവർക്കായി മുഖ്യാസനവും, സ്പെഷ്യൽ ഭക്ഷണവും കൊടുക്കാത്ത ആരുണ്ട് ഇവിടെ. അലക്കിത്തേക്കാത്ത വസ്ത്രവുമായി, കീറിപ്പറിഞ്ഞ വേഷവുമായി കുട്ടികളും പ്രാരാബ്ധങ്ങളുമായി നമ്മുടെ വീടികളിലേക്കും, സഭകളിലേക്കും വരുന്നവരെ മനസ്സുകൊണ്ടെങ്കിലും മാറ്റി നിർത്താത്ത എത്രപേർ ഈ ലേഖനം വായിക്കുന്നുണ്ട്.

നമുക്ക് തിരിച്ച് സങ്കീർത്തനങ്ങൾ 34 ന്റെ 8 ലേക്ക് പോകാം. അവിടെ “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” എന്ന ഒരു പ്രയോഗം ഉണ്ട്. പ്രിയരേ : നമ്മൾ അത് പഠിക്കണം. ഈ വാക്യം ചുമ്മാ വായിച്ചു വിട്ടാൽ പോര. നമ്മുടെ ദൈവം ആരാണ് എന്ന് നാം തീരുമാനിക്കണം.

ധനവും, മാനവും, സമ്പത്തും ആണ് നമ്മുടെ ദൈവം എന്ന് മനസ്സിൽ കരുതി ജീവിക്കുന്നവർക്ക് മാത്രമേ മുഖപക്ഷം കാണിക്കാൻ കഴിയൂ. പിന്നീട് പറയുന്നത് ദൈവത്തെ ശരണംപ്രാപിക്കുന്ന പുരുഷൻ മാത്രമാണ് ഭാഗ്യവാൻ. അല്ലാതെ നമുക്ക് സാമ്പത്തീക സഹായം നൽകുന്ന, നമ്മുടെ മാതാപിതാക്കളോ, ഫണ്ടുകളോ, നമുക്ക് കർത്രുമേശ എടുത്തുതരുന്നവരോ ആണ് ദൈവം എന്ന് കരുതി അവരെ സേവിക്കാൻ തുനിയുന്നതാണ് ഈ പ്രശ്നങ്ങൾ മുഴുവനും ഉണ്ടാക്കുന്നത്. അതുകൊണ്ട്, നാം യഹോവ നല്ലവനാണ് എന്ന് തിരിച്ചറിയാൻ സങ്കീർത്തനങ്ങൾ 113 ന്റെ 5 മുതൽ വായിച്ചു പഠിക്കണം.
“ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?” ആരുമില്ല. ഒരുത്തൻപോലുമില്ല.

113 ന്റെ 6 “ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു”. എന്റേയും, നിങ്ങളുടെയും പ്രവൃത്തികൾ മാത്രമല്ല ഹൃദയവും അവൻ കാണുന്നുണ്ട്. അവൻ ഭൂമിയിലേക്ക് ഇപ്പോഴും കുനിഞ്ഞുനോക്കിക്കൊണ്ടിരിക്കുകയാണ് എന്ന ബോദ്ധ്യം നമുക്ക് ഉണ്ടോ. ഉണ്ടെങ്കിൽ നമ്മുടെ പ്രവൃത്തികൾ ഇത്ര പൈശാചികമാകുമായിരുന്നോ.

113 ന്റെ 7,8 വാക്യങ്ങളിൽ “അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു; പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു”. എന്ന് വായിക്കുമ്പോൾ എന്റേയും, നിങ്ങളുടെയും കൈകളിൽ തരുന്ന എളിയവരെ സ്നേഹിച്ച്, പ്രഭുക്കന്മാരോട് ഒപ്പം ഇരുത്തി അവർക്ക് ഭക്ഷണത്തിലും, മറ്റ് എല്ലാ സാഹചര്യങ്ങളിലും തുല്യത കാണിക്കുവാനുള്ള ഹൃദയവിശാലത നമുക്കുണ്ടാകണം എന്തുകൊണ്ടെന്നാൽ ഒരിക്കൽ നാമും കുപ്പയിൽ ആയിരുന്നു എന്നത് മറക്കരുത്. ഇന്ന് നമ്മൾ നിസാരന്മാരായി കാണുന്നവരായിരിക്കാം നാളെ നമ്മുടെ മേലധികാരിയായി വരാൻ സാധ്യത എന്നുകൂടെ തിരിച്ചറിയാം. അതിന്നായി ദൈവം നമ്മുടെ കണ്ണുകൾ തുറക്കട്ടെ.

Comments (0)
Add Comment