നിന്റെ സമാധാനത്തിനുള്ളത് നീ അറിയുക

ചിന്തകൾ യഥാർഥ്യങ്ങൾ

ഇന്നലെ (27/12/2022) പാലക്കാട് ജില്ലയിലെ സൂപ്രണ്ട് ഓഫ് പോലീസിന്റെ നേതൃത്വത്തിൽ പാലക്കാട്‌ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധിയിലുമുള്ള ജനമൈത്രി ജാഗ്രതാ സമിതിയിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഒരു സെമിനാർ പാലക്കാട്‌ ഷാദി കല്യാണമണ്ഡപത്തിൽ നടക്കുകയുണ്ടായി.
VOICE OF SATHGAMAYA എന്നപേരിൽ ഞങ്ങൾ നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എനിക്കും ആ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ അവസരം കിട്ടി. വളരെ ഉത്സാഹത്തോടും, സന്തോഷത്തോടും കൂടെയാണ് ഞാൻ ആ മീറ്റിങ്ങിൽ പങ്കെടുത്തത്. എന്തുകൊണ്ടെന്നാൽ ഇന്ന് ഈ നാട് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾ അവിടെ ചർച്ച ചെയ്യുകയുണ്ടായി. അതിൽ ഇപ്പോൾ ഏറ്റവും വലിയ പ്രശ്നങ്ങൾ വിവിധ ഇനം ലഹരികളാണെന്നും, കൂടാതെ കലാലയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രണയവും, ചതിവും തന്മൂലം ഉണ്ടാകുന്ന ആത്മഹത്യകളും, കൊലപാതകങ്ങളുമൊക്കെയാണ് എന്ന് പറയുകയുണ്ടായി. എന്നിട്ട് ഇതിന്റെ രത്നച്ചുരുക്കമായി എല്ലാവരും പറഞ്ഞുനിർത്തിയത് “ഈ വക പ്രവൃത്തികൾ ആദ്യം അറിയുന്നത് നിങ്ങളാണ്, പൊതുജനമാണ്. അതുകൊണ്ട് നിങ്ങൾ ആണ് ഈ പ്രശ്നങ്ങളിൽ ആദ്യം ഇടപെടേണ്ടത്. നിങ്ങളെ കേൾക്കാൻ, സഹായിക്കാൻ പോലീസ് ഉണ്ടായിരിക്കും. സെമിനാറിൽ വിഷയം അവതരിപ്പിച്ച അഡ്വക്കറ്റ് V. A. റസാക്ക് സാറ് പറഞ്ഞത് 1861 ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഭാരതത്തിലെ കച്ചവടം യഥേഷ്ടം നടത്തിക്കുവാൻ ആരും തടസ്സം ഉണ്ടാക്കാതിരിക്കാൻ ഉണ്ടാക്കിയതിന്റെ തനിയാവർത്തനമാണ് മീശപിരിച്ചു കണ്ണുകൾ ഉരുട്ടി പേടിപ്പിക്കുന്ന പോലീസ് സംവിധാനം. 2008 ൽ അതിന്റെ ഒരു പൊളിച്ചെഴുത്ത് നടത്തിയതിന്റെ പേരാണ് ഇന്നത്തെ ജനമൈത്രി പോലീസ്.

ഈ ഭൂമിയിൽ ക്രമസമാധാനം നിലൽക്കുവാൻ ഓരോരോ പൗരന്മാരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതാണ്.

ഈ വിഷയത്തിൽ എന്തുകൊണ്ടോ ക്രിസ്തുവിശ്വാസികളായ വേർപാടുകാർ ഒഴിഞ്ഞു നിൽക്കുകയാണ്. പാലക്കാട്‌ ജില്ലയുടെ എല്ലാ കോണുകളിൽ നിന്നും 500 ൽ പരം പ്രതിനിധികൾ പങ്കെടുത്ത ഈ മീറ്റിങ്ങിൽ ഈ ദേശത്തിന്റെ അധ:പ്പതനത്തിന് വേണ്ടി കരയാൻ, വേദനപ്പെടാൻ നിർഭാഗ്യവശാൽ മറ്റൊരു ഉപദേശിയെയോ, പാസ്റ്ററേയോ, ക്രിസ്തുവിശ്വാസികളെയോ എനിക്ക് കാണാൻ കഴിഞ്ഞില്ല.

നശിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളെക്കുറിച്ചുള്ള, വ്യക്തികളെക്കുറിച്ചുള്ള, സമൂഹങ്ങളെക്കുറിച്ചുള്ള നമ്മുടെ കർത്താവിന്റെ മനോഭാവം നമുക്കും ഉണ്ടായിരിക്കേണ്ടതല്ലേ. ലൂക്കോസ് 19 ന്റെ 41 ൽ “അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു”. എന്ന് വായിക്കുന്നു. എന്തിനാണ് കരഞ്ഞത്. നമ്മുടെ കർത്താവിന്റെ കണ്ണിൽ നിന്നും കണ്ണീര് വീഴാൻ കാരണം എന്താണ് എന്ന് തൊട്ട് താഴെയുള്ള വാക്യത്തിലുണ്ട്. നമുക്ക്
19 ന്റെ 42 കൂടെ ഒന്ന് വായിക്കാം.”ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു”.
ഇപ്പോൾ അവർക്ക് മറഞ്ഞിരിക്കുന്ന ഈ വസ്തുത അവർക്ക് വെളിവാക്കിക്കൊടുക്കാൻ വെളിച്ചം കണ്ടെത്തി, വെളിച്ചത്തിൽ നടക്കുന്ന നമ്മെക്കാളധികം മാറ്റാർക്ക് കഴിയും. എന്നിട്ടും നാം എന്തുകൊണ്ട് ഈ സംവീധാനങ്ങളോട് മുഖം തിരിക്കുന്നു.

എന്തുകൊണ്ട് ലഹരി, എന്തുകൊണ്ട് പ്രണയം. എന്ന ചോദ്യത്തിന് പാപം ആണ് ഇതിനൊക്കെയും കാരണം നമുക്കല്ലാതെ ഇന്ന് ആർക്ക് മറുപടി പറയാൻ കഴിയും.
നമ്മുടെ കർത്താവിന്റെ ക്രൂശിൽ ചൊരിഞ്ഞ രക്തമാണ് ഇതിനൊക്കെ ഏക പരിഹാരം എന്ന് നാം അല്ലാതെ ആര് പറയും .

കർത്താവ് നിർത്താതെ പറഞ്ഞത് ലൂക്കോസ് തന്റെ സുവിശേഷത്തിൽ എഴുതി വെച്ചു. ലൂക്കോസ് 19 ന്റെ 43 ൽ “നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി”. വാസ്തവമല്ലേ .

എന്തായിരുന്നു പരിണിതഫലം.

“നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും”. ഈ വാക്യങ്ങൾ ദൈവത്തെ അറിയാത്ത അന്നത്തെ യഹൂദന്മാരോടാണ് എന്ന് പറഞ്ഞു ഒഴിയരുതേ എന്നൊരു അപേക്ഷയുണ്ട്.

വരാൻ പോകുന്ന ഭയങ്കര ന്യായവിധിയെക്കുറിച്ച് അറിയാത്ത ഈ ജനത്തിന് വേണ്ടി നമ്മുടെ കർത്താവ് എന്താണ് ചെയ്തത് എന്ന് 19 ന്റെ 45,46 വാക്യങ്ങളിലുണ്ട്.
“പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി: എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു” എന്നു അവരോടു പറഞ്ഞു”.

ഇന്ന് നമ്മുടെ സഭാ മണ്ഡലങ്ങൾ അഥവാ വിശ്വാസികളെ വരെ ശുദ്ധീകരിക്കാൻ മനസ്സില്ലാത്ത, നമ്മുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് അനീതിക്കെതിരെ ചാട്ടവാറെടുക്കാത്തവർക്ക്‌ അവിശ്വാസികളെക്കുറിച്ച് എങ്ങിനെയാണ് ഭാരമുണ്ടാകുക .

സ്വന്തം മാതാപിതാക്കളെപ്പോലും നോക്കാൻ സമയമില്ലാത്തവർക്ക്‌ സമൂഹത്തിന്റെയും, സഭയുടേയും കാര്യങ്ങൾ എങ്ങിനെ നോക്കും. നമ്മുടെ പ്രായമായ അച്ഛനമ്മമാർ എവിടെയെങ്കിലും കിടന്ന് ചത്ത് പുഴുവരിച്ചു നാറ്റം വെച്ച് നാട്ടുകാർ പറഞ്ഞരിഞ്ഞു പോലീസുകാർ ബോഡി ഇൻക്വസ്റ്റ് ചെയ്തപ്പോൾ കണ്ടെത്തിയ വിലാസത്തിൽ അറിയിക്കുമ്പോഴാണ് സ്വന്തം മക്കൾ പോലും അറിയുന്നത് എന്ന വസ്തുത നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ ക്രിസ്തുവിശ്വാസികളായ നാം നമ്മുടെ വീട്ടിലേക്ക് നോക്കുക, സഭയിലേക്ക് നോക്കുക. നമ്മുടെ സഹവിശ്വാസികളായവർ ആരെങ്കിലും എവിടെയെങ്കിലും നമ്മൾ അറിയാതെ കിടപ്പുണ്ടോ .

ലൂക്കോസ് 2 ന്റെ 43 ൽ “പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല”. ഈ കർത്താവിനെ അന്ന് അവർ അറിഞ്ഞില്ല എങ്കിൽ ഇന്ന് ഈ കർത്താവ് എന്റേയും, നിന്റേയും അവസ്ഥയറിഞ്ഞു കരയുകയാണ്.

ലൂക്കോസ് 2 ന്റെ 44 “സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു….”. ഇന്നും നമ്മൾ നമ്മുടെ മക്കളെക്കുറിച്ചും, മാതാപിതാക്കളെക്കുറിച്ചും ഇങ്ങനെ തന്നെയല്ലേ. അവർ എവിടെ പോകാനാ. ഇവിടെ എവിടെയെങ്കിലും കാണും എന്ന ചിന്ത ഒഴിവാക്കി ലോകമക്കളായ ജനമൈത്രി പോലീസ് എല്ലാ മനുഷ്യരോടും ഒരുപോലെ കാണിക്കുന്ന ഉത്സാഹത്തിന്റെ ഒരു ചെറിയ തരിയെങ്കിലും നമ്മുടെ കുടുംബത്തിലും സഭയിലും കാണിക്കാൻ കഴിയണമെന്ന ആഗ്രഹത്തോടെ

Comments (0)
Add Comment