ഈ പാറമേൽ ഞങ്ങളും ഞങ്ങളുടെ സഭകളെ പണിയും 

ചിന്തകൾ യഥാർഥ്യങ്ങൾ

ഇന്നത്തെ ലേഖനത്തിന്റെ തലക്കെട്ട് ഈ പാറമേൽ ഞങ്ങളും ഞങ്ങളുടെ സഭകളെ പണിയും. എന്നാണല്ലോ? ഇതും ഒരു വിമർശന ലേഖനം ആണല്ലോ? എന്ന് കരുതി വെറുതെ തള്ളിക്കളയാതെ മത്തായി എഴുതിയ സുവിശേഷത്തിൽ കർത്താവ് പത്രോസിനോട് പറഞ്ഞ ഒരു പ്രസ്താവന 16 ന്റെ 18 ൽ ഉള്ളത് നമുക്ക് വായിക്കാം.
“നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു”. എന്നാണ് പത്രോസിനോട് കർത്താവ് പറഞ്ഞത്. അല്ലാതെ പത്രോസേ, നീ പാറയാകുന്നു, നിന്റെ മേൽ ഞാൻ എന്റെ സഭയെ പണിയും. എന്നാണ് എഴുതിയിരിക്കുന്നത് എന്ന ചിന്തയിലാണ് പലരും പറയുകയും, വിശ്വസിക്കുകയും ചെയ്യുന്നത്.

രക്ഷിക്കപ്പെട്ടിട്ട് സ്നാനപ്പെട്ട ആരും അങ്ങിനെ ചിന്തിക്കുന്നില്ല, ബൈബിൾ പണ്ഡിതർ നമുക്ക് വ്യാഖ്യാനിച്ചു തന്നതിൻപ്രകാരമുള്ള തിരിച്ചറിവിൽ നിന്നുകൊണ്ട് മൂലഭാഷകളിൽ അല്പം പോലും അറിവില്ലാത്ത നമ്മളും സമ്മതിക്കുന്നു പത്രോസേ, നീ വെറും പാറക്കല്ലിന്റെ കഷ്ണമാണ്. എന്നാൽ മിസ്രയേമിന്റെ അടിമത്വത്തിൽ ഞാൻ പുറപ്പെടുവിച്ചു കൊണ്ടുവന്നവർക്ക് ദാഹിച്ചപ്പോൾ മോശയെക്കൊണ്ട് വെള്ളം വരുത്തിക്കൊടുപ്പിച്ച ആ പാറ ക്രിസ്തു ആയിരുന്നു എന്ന് എഴുതിയ വാക്യങ്ങൾ ചേർത്ത് വെച്ചിട്ടുള്ള വ്യാഖ്യാനം അങ്ങിനെ തന്നെ അംഗീകരിക്കുന്ന നാം ഓരോരുത്തരും പറയുന്നു, യേശുക്രിസ്തു എന്ന അടിസ്ഥാന പാറയിൽ ആണ് നമ്മുടെ കർത്താവ്‌ തന്റെ സഭയെ പണിയുന്നത് എന്ന്.
ഇങ്ങനെ തിരിച്ചറിവുകൾ ഉള്ളവർക്കായും ഞാനും ദൈവത്തെ സ്തുതിക്കുന്നു.

ഇസ്രായേൽമക്കൾക്ക് പ്രദേശിക സഭകൾ അഥവാ സിനഗോഗുകൾഎന്നും പള്ളികൾ എന്ന് വിളിക്കുന്നവ മാത്രമാണ് ഉണ്ടായിരുന്നത്.

സാർവ്വത്രീക സഭ എന്ന വസ്തുത അപ്പോസ്തല പ്രവൃത്തികൾ 2 ന്റെ 47 ൽ പറയുന്ന “….. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു”.എന്ന് പറയുന്ന സഭയുടെ അംഗങ്ങളാണ് രക്ഷിക്കപ്പെട്ട ഓരോരുത്തരും.

1975 നവംബർ മാസം 29 ന് രക്ഷിക്കപ്പെട്ട അപ്പോൾ തന്നെ കർത്താവ് എന്നെ തന്റെ സഭയുടെ അംഗം ആക്കിത്തീർത്തു. സ്തോത്രം. എന്നാൽ അന്നൊന്നും എനിക്ക് ആ സത്യം അത്ര വ്യക്തമല്ലായിരുന്നു. അന്നത്തെ സഭയിലെ ഉപദേശിമാരും, ബൈബിൾ പഠിപ്പിച്ചവരിൽ നിന്നും ഞാൻ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഞാനും ആ സത്യം തിരിച്ചറിഞ്ഞു.

ബൈബിൾ പഠിപ്പിക്കുന്നവരുടെ ശിക്ഷണത്തിൽ ബൈബിൾ പഠിക്കുമ്പോൾ തന്നെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ പഠിക്കണം. കർത്താവ് പലവട്ടം പറഞ്ഞ ഒരു കാര്യം യോഹന്നാൻ സുവിശേഷം 10 ന്റെ 11 ൽ നിന്നും നമുക്ക് വായിക്കാം. “ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു”. എന്ന് പറഞ്ഞതിന് ശേഷം യോഹന്നാൻ 10 ന്റെ 12 ൽ “ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു”. എന്ന് എഴുതിയിരിക്കുന്നത് ചീത്ത ഇടയന്മാരെക്കുറിച്ചാണല്ലോ? നല്ല ഇടയന് തന്റെ ആടുകളെക്കുറിച്ച് വിചാരമുണ്ടെങ്കിൽ കള്ള ഇടയനെക്കുറിച്ച് കർത്താവ് പറയുന്നത് “അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ”. എന്നാണെന്ന് 10 ന്റെ 13 ൽ നാം വായിക്കുന്നു.

നമ്മുടെ കർത്താവാണ് നല്ല ഇടയന്റെ പ്രവൃത്തിഗുണങ്ങളും, ആകാത്ത ഇടയന്റെ പ്രവൃത്തിദോഷങ്ങളും ബൈബിളിൽ എഴുതിച്ചു വെപ്പിച്ചിരിക്കുന്നത്.

ഇന്നത്തെ നമ്മുടെ പ്രാദേശിക സഭകളിലെ ആടുകളോട് ആരെങ്കിലും അന്യായം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ അവർ കള്ള ഇടയന്മാരാണ് എന്ന് VOICE OF SATHGAMAYA യല്ല, ബൈബിളാണ്, കർത്താവാണ് പറയുന്നത്.

കർത്താവ് പത്രോസിനോട് പത്രോസിന് മനസ്സിലാകുന്ന ഭാഷയിലാണ് അന്ന് പറഞ്ഞത്, അല്ലയോ പത്രോസേ നീ കേവലം ഒരു പാറക്കഷണമാണ് എന്നാൽ, പാറയാകുന്ന എന്നിൽ ഞാൻ എന്റെ സഭയെ പണിയുമെന്ന്. അന്ന് അവന് അത് മനസ്സിലായി. എന്നാൽ പിന്നീട് അവനത് മറന്നുപോയി. ഒടുവിൽ പത്രോസ് നമ്മുടെ കർത്താവിന്റെ അവസാനം കാണ്മാൻ കൊതിച്ച് പോയ ചരിത്രമുണ്ട് മത്തായി സുവിശേഷത്തിൽ നമുക്ക് 26 ന്റെ 58 ൽ അത് വായിക്കാം “എന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തുകടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു” തള്ളിപ്പറഞ്ഞ കാര്യങ്ങൾ നമുക്കെല്ലാം സുവ്യക്തമാകയാൽ അത് ഇപ്പോൾ വിവരിക്കുന്നില്ല. എന്നാൽ ഈ പിന്മാറ്റക്കാരൻ പത്രോസിനെ തേടി തിബെര്യാസ് കടൽക്കരയിൽ ചെന്നിട്ട് ക്ഷീണിച്ചിരിക്കുന്ന അവനും വയറ് നിറച്ച് ഭക്ഷണം കൊടുത്തിട്ട് പറഞ്ഞത് ഞാൻ നിന്റെ മേൽ എന്റെ സഭയെ പണിയും എന്നല്ല, എന്റെ ആടുകളെ പാലിക്ക, മേയ്ക്ക എന്നൊക്കെയാണ്. പത്രോസിനോടുപോലും കർത്താവ് തന്റെ ആടുകളെ ഭരിക്കാൻ പറഞ്ഞിട്ടില്ല.

കുറിക്കൊള്ളേണ്ട വസ്തുത ഞാനും നിങ്ങളും ദൈവത്തിന്റെ ആടുകളാണ്. എന്നെ മെയ്ക്കാൻ നിങ്ങളിൽ ആരെയെങ്കിലും ആക്കിയിട്ടുണ്ട് എങ്കിൽ നിങ്ങൾ ആ കാര്യമാണ് ചെയ്യേണ്ടത്. അറുത്തു മുറിക്കാൻ കത്തിയുമായിട്ടാണ് നിങ്ങൾ വരുന്നതെങ്കിൽ ആട് ഇടയും, കരയും. കാരണം നല്ല ഇടയനെ ഈ ആടുകൾക്ക് നന്നായി അറിയാം. അതുപോലെ കർത്താവിന്റെ ആടുകളെ പാലിക്കാൻ കർത്താവ്‌ എന്നിൽ ഉത്തരവാദിത്വം ഏല്പിച്ചിട്ടുണ്ടെങ്കിൽ ആ ശുശ്രുഷ വളരെ വിശ്വസ്ഥതയോടെയാണ് ഞാനും ചെയ്യേണ്ടത്. ഇന്ന് നമ്മുടെ ആലയിൽ ആടുകൾ ഇല്ലെങ്കിൽ അതിന്റെ ഉത്തരവാദി ഞാൻ മാത്രമാണ്. എന്റെ കയ്യിൽ ഏല്പിക്കപ്പെട്ട ആടുകൾ ഇന്നും ഭയത്തോടും വിറയലോടും കൂടെ കരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ, ഒരുകാര്യം ഉറപ്പ് നമ്മുടെ കയ്യിൽ അവരെ അറുത്തു തിന്നാൻ ഉണ്ടാക്കിവെച്ചിരിക്കുന്ന കത്തി അവർ കാണുന്നുണ്ട് എന്നർത്ഥം.

ഇന്ന് നമ്മൾ പണിതുകൊണ്ടിരിക്കുന്ന പ്രദേശിക സഭകൾ ദൈവത്തിന്റെ വചനാടിസ്ഥാനത്തിലുള്ള സഭകളാണോ എന്ന് അറിയണമെങ്കിൽ അവിടെയുള്ള ആടുകളുടെ പെരുമാറ്റം നോക്കിയാൽ മതി. എന്നാൽ ഇന്ന് അനേക സഭകളിലെ വിശ്വാസികളിൽനിന്നും കേട്ടുവരുന്ന ദീന രോധനങ്ങൾ, സഭകൾ മാറിപ്പോകാനുള്ള ആഗ്രഹം, നല്ല മേച്ചിൽ ഇല്ലാത്തതിനാൽ ക്ഷീണിച്ച് ഉണങ്ങി വരണ്ട അവസ്ഥകളൊക്കെ ഈ സഭകൾ കർത്താവിൽ നിന്നുള്ളതല്ല എന്ന് തെളിയിക്കുന്നു എന്ന് മനസ്സിലാക്കി 2022 ന്റെ ഒടുവിലത്തെ അർദ്ധരാത്രിയിൽ എടുക്കുന്ന തീരുമാനത്തിൽ ചില മാറ്റങ്ങൾ വരുത്തുവാൻ സാധിക്കട്ടെയെന്ന ആത്മാർത്ഥ ആഗ്രഹത്തോടെ.

Comments (0)
Add Comment