എന്തുകൊണ്ട് നിങ്ങൾ ക്രിസ്തുമസ്സ്‌ ആഘോഷിക്കുന്നില്ല ❓

ചിന്തകൾ യഥാർഥ്യങ്ങൾ

ലോകം മുഴുവനും തിരക്കിലാണ്. ഇപ്പോൾ കഴിഞ്ഞുപോയ പാതിരാത്രിയിലാണ് യേശുക്രിസ്തു യോസേഫിന്റെയും മറിയയുടേയും മകനായി ബേത്ലെഹേമിൽ ജനിച്ചത് എന്നും, വഴിയമ്പലങ്ങളിലൊന്നും സ്ഥലം ഇല്ലാത്തതിനാൽ പശുത്തൊട്ടിയിൽ കിടത്തി എന്നുമൊക്കെയുള്ള ഒരു വിശ്വാസത്തിന്റെ പുറത്താണ് ലോകം മുഴുവനും ഇന്ന് ക്രിസ്തുമസ്സ്‌ ആഘോഷിക്കുന്നത്.

ലൂക്കോസ് സുവിശേഷം എഴുതിയപ്പോൾ നമ്മുടെ കർത്താവിന്റെ ജനനം വളരെ കൃത്യമായി രേഖപ്പെടുത്തിയ അദ്ധ്യായം രണ്ടിലൊ, മറ്റ് ഏതെങ്കിലും സുവിശേഷത്തിലോ ഈ യേശുക്രിസ്തു ജനിച്ച തിയ്യതികൾ രേഖപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടൊന്നുമല്ല ഞങ്ങൾ ക്രിസ്തുമസ്സ്‌ ആഘോഷിക്കാത്തത്. ലൂക്കോസ് 2 ന്റെ 7 ൽ “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി”. എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ ക്രിസ്തുവിനെക്കുറിച്ചു തന്നെയാണ്.

ലൂക്കോസ് 2 ന്റെ 8 ൽ “അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു”. എന്ന് പറഞ്ഞിരിക്കുന്നതിനാൽ ഇന്നത്തെ നമ്മുടെ ഡിസംബർ മാസത്തിന്റെ അവസാന സമയത്തിന് തുല്യമായ യഹൂദാ കലണ്ടറിലെ മാസമായ ടെവത് മാസത്തിൽ ആ പ്രദേശങ്ങളിൽ കടുത്ത ശൈത്യമുള്ളപ്പോൾ ഏതെങ്കിലും ആട്ടിടയന്മാർ ആടുകളെ മെയ്ക്കുമോ? ആട്ടിടയന്മാർക്ക് പുറത്ത്, വെളിയിൽ കിടന്ന് ഉറങ്ങാൻ കഴിയുമോ? വേനൽ കാലത്ത് പുല്ലുകൾക്ക് ക്ഷാമം ഉള്ളപ്പോളല്ലേ ആട്ടിടയന്മാർ ആടുകൾക്ക് തീറ്റ തേടി ആടുകളുമായി പുറത്ത് പോയി താമസിച്ചു മെയ്ക്കുകയുള്ളു എന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണെങ്കിലും VOICE OF SATHGAMAYA ഈ ന്യായങ്ങളൊന്നും ഇന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നില്ല.

യേശുക്രിസ്തുവിന്റെ ജനനം ഇന്ന ദിവസമാണ്. അന്ന് നിങ്ങൾ ക്രിസ്തുമസ്സ്‌ കൊണ്ടാടണം എന്ന് ബൈബിളിൽ എവിടേയും പറഞ്ഞിട്ടില്ല. അങ്ങിനെ പറയാൻ ബൈബിളിന് അറിയാഞ്ഞിട്ടൊന്നുമല്ല.

ബൈബിളിലെ അതി പുരാതന പുസ്തകങ്ങളിലൊന്നായ പുറപ്പാട് പുസ്തകത്തിന്റെ 12 ന്റെ 14 ൽ “ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം”. എന്ന് എത്ര കൃത്യമായി പറഞ്ഞിരിക്കുന്നു.

പുറപ്പാട് 13 ന്റെ 4 വായിച്ചു നോക്കൂ, “ആബീബ് മാസം ഈ തിയ്യതി നിങ്ങൾ പുറപ്പെട്ടു പോന്നു”. അന്നും മാസങ്ങളും ദിവസങ്ങളും കണക്ക് കൂട്ടിയിരുന്നു എന്നർത്ഥം. തൊട്ട് താഴെക്ക് വായിക്കുമ്പോൾ ഉത്സവം അല്ലെങ്കിൽ പെരുന്നാൾ ആഘോഷിക്കേണം എന്ന് യഹോവയായ ദൈവം പറഞ്ഞിട്ടുണ്ട്.

ഉത്സവം അഥവാ പെരുന്നാൾ ആഘോഷിക്കേണമെങ്കിൽ നിങ്ങൾ ഉത്സവം ആഘോഷിക്കേണം എന്ന് കർശനമായി പറയുന്ന പുസ്തകമാണ് ബൈബിൾ.

പുറപ്പാട് 23 ന്റെ 14 ൽ “സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം”. എന്ന് പറയുന്നുണ്ട്. 23 ന്റെ 15 ൽ “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു. എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു”. എത്ര വ്യക്തമായിട്ടാണ് ഉത്സവം ആചാരിക്കാൻ ദൈവമായ യഹോവ ആഹ്വാനം ചെയ്തിരിക്കുന്നത്.

പുറപ്പാട് പുസ്തകം മുഴുവനും വായിച്ച് നോക്കുമ്പോൾ നിരവധി ഉത്സവങ്ങൾ, പെരുന്നാളുകൾ ആചരിക്കേണം, ആചരിക്കേണം. എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുന്നുണ്ട്.

അതുകൊണ്ട്, പുതിയനിയമ വിശ്വാസികളായ നമ്മൾ ക്രിസ്തുമസ്സോ, ദുഃഖവെള്ളിയോ, ഈസ്റ്റാറോ, തത്തുല്യമായഒരൊറ്റ പെരുന്നാളുകളും ആചരിക്കാൻ പറഞ്ഞിട്ടില്ല. അതുകൊണ്ട് ഞങ്ങൾ ഒരൊറ്റ പെരുന്നാളും ആചരിക്കുന്നില്ല എന്ന് മാത്രം.

മാത്രമല്ല, ഇസ്രായേൽ മക്കളുടെ ആചാരങ്ങൾ ഒന്നുപോലും ആചരിക്കരുത്, അത് ഏതുമല്ല എന്ന വ്യക്തമാക്കുന്ന ഒരു ബൈബിൾ വാക്യമാണ് കൊലൊസ്സ്യർ 2 ന്റെ 16.
“അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു”. പണ്ട് ഞങ്ങളുടെ അയൽവാസികളായിരുന്ന ഹിന്ദുക്കളും മുസ്ലിങ്ങളും ഡിസംബർ മാസത്തിൽ വീടുകളിൽ നക്ഷത്ര അലങ്കാരങ്ങളും, പുൽക്കൂടുകളും ഉണ്ടാക്കി ക്രിസ്തുമസ്സ് കൊണ്ടടുമായുന്നു. ഇന്ന് അവർ ചെയ്യുന്നില്ല, കാരണം ഈ മുസ്ലിം പള്ളിത്തെരുവിൽ ക്രിസ്ത്യാനികളായിട്ടുള്ള ഞങ്ങൾ യാതൊരു ദിവസത്തേയും പ്രാധാന്യമുള്ളതായി വിശേഷിപ്പിക്കുകയോ, ആചരിക്കുകയോ ചെയ്യുന്നില്ല. പിന്നെ നാമധേയക്രിസ്ത്യാനികൾ പോലുമല്ലാത്തവർ എങ്ങിനെ ക്രിസ്ത്യനികളുടെ പേരിലുള്ള ഉത്സവങ്ങൾ ആചരിക്കും ❓.

കൂടാതെ, സദൃശ്യവാക്യങ്ങൾ 15 ന്റെ 15 ൽ പറയുന്നത് ഒന്ന് ശ്രദ്ധിക്കാമോ?. “അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം”.
ഒരുകാലത്ത് അരിഷ്ഠരായിരുന്ന നമ്മുടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട അവസ്ഥയിൽ നിന്ന് നമ്മെ സന്തുഷ്ടഹൃദയമുള്ളവരാക്കി, നമുക്ക് നിത്യം ഉത്സവം എന്ന അവസ്ഥയിലേക്ക് ഉയർത്തിയ ദൈവവും, കർത്താവുമായവന് ഒരായിരം നന്ദിയും സ്തുതിയും, സ്തോത്രവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു.

Comments (0)
Add Comment