യഹോവയുടെ ആലയത്തിൽ ദീർഘകാലം

ചിന്തകൾ യഥാർഥ്യങ്ങൾ

വീണ്ടും ഒരിക്കൽ കൂടെ പറയട്ടെ, “ചിന്തകൾ യഥാർഥ്യങ്ങൾ” എന്നാണല്ലോ നമ്മുടെ ഈ പ്രതിദിന ചിന്തയുടെ തീം. പലപ്പോഴും നമ്മുടെ മുന്നിൽ വരുന്നതെല്ലാം യാഥാർഥ്യങ്ങൾ ആകണമെന്നില്ല, എന്നാൽ നാം കാണുന്നതും, കേൾക്കുന്നതും യാഥാർഥ്യങ്ങൾ ആണോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്നലെ ഞാൻ അറ്റന്റ് ചെയ്ത ഒരു Zoom മീറ്റിങ്ങിൽ ക്ലാസ്സ് എടുത്ത ദൈവദാസൻ ഞങ്ങളെ ചിന്തിപ്പിച്ച ഒരു കാര്യം, പകൽ മേഘസ്തംബവും, രാത്രി അഗ്നി തൂണുമായി ദൈവം കൊടുത്ത നല്ല സാഹചര്യത്തിൽ സ്വഗ്ഗീയ ഭക്ഷണമായ മന്ന ഭക്ഷിച്ചുകൊണ്ടാണ് അഹരോൻ കാളക്കുട്ടിയെ കൊത്തി പണിതത്. ഇന്നും നമ്മൾ ഇങ്ങനെ തന്നെ, സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങളും വാരിക്കൂട്ടി ഉപയോഗിച്ചുകൊണ്ട് ദൈവത്തോട് മത്സരിക്കുകയാണ്. കേട്ടപ്പോൾ, ഇത്‌ എത്ര ശരി എന്ന് തോന്നിപ്പോയി. ഈ ക്ലാസ്സിന്റെ യൂട്യൂബ് ലിങ്ക് ആവശ്യമുള്ളവർക്ക് വാട്സ്ആപ്പ് ചെയ്തു തരുന്നതാണ്.

നമ്മുടെ ആയുഷ്കാലമൊക്കെയും ദൈവത്തിൽ നിന്നുള്ള നന്മയും കരുണയും നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകയില്ല. എന്നാൽ ഈ അനുഗ്രഹങ്ങൾ കൈപ്പറ്റിയ നമ്മുടെ പണി ജീവനുള്ള ദൈവത്തിന്റെ പ്രമാണങ്ങളെ പുറകിലേക്ക് എറിഞ്ഞുകളഞ്ഞിട്ട്, കാളക്കുട്ടിയെ ആരാധിപ്പിക്കുവാനുള്ള കല്പന കൊത്തുകയല്ലേ?

1983 ൽ ഒരു കൈക്കുഞ്ഞുമായി ഒരു യുവാവ് തന്റെ ഭാര്യയോടൊത്തു കൊഴിഞ്ഞാമ്പാറ ഫർക്കയിലെ സത്രം എന്ന സ്ഥലത്ത് സുവിശേഷപ്രവർത്തനത്തിന് വന്നു. 1986 ലെ ഒരു ഞായറാഴ്ച ആ ദൈവദാസൻ, പാസ്റ്റർ P. K. James അവർകൾ സ്നാനശുശ്രുഷ നടത്തിയ കൂട്ടത്തിൽ ഫാത്തിമയും ഉണ്ടായിരുന്നു. പാത്തു മുത്തു എന്ന മുസ്ലിം പേരിനെ ഫാത്തിമ എന്ന് പേര് ചാർത്തിക്കൊടുത്തത് ഈ ജെയിംസ് പാസ്റ്റർ ആയിരുന്നു എന്ന് ഫാത്തിമ അനുസ്മരിക്കുന്നു. ഈ കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം കർത്രുസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നലെ നടന്ന മൃതദേഹസംസ്ക്കരണ ശുശ്രുഷയിൽ അദ്ദേഹത്തിന്റെ ഒത്തുകൂടിയവരിൽ എല്ലാവരും ഒരുപോലെ പറഞ്ഞ ചില കാര്യങ്ങൾ നമ്മളെ ചിന്തിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഈ ഫർക്കയിലേക്ക് പ്രവർത്തനത്തിന് വരുമ്പോൾ ഒന്ന് രണ്ട് സുവിശേഷകന്മാർ മാത്രം ഉണ്ടായിരുന്ന ഈ നാട്ടിൽ നിന്ന് ഇദ്ദേഹത്തിന്റെ പ്രവർത്തനഫലമായി മാത്രം തന്റെ ഏക മകൻ ബോവസ്സ് എന്ന് വിളിക്കുന്ന ബാബു അടക്കം 44 പാസ്റ്റർമാർ പ്രവർത്തനത്തിന്നായി പുറത്തിറങ്ങി എന്നത് നിസ്സാരമായി കാണാൻ കഴിയില്ലല്ലോ. അനുസ്മരണം പറഞ്ഞപ്പോൾ ഞാനും ജെയിംസ് പാസ്റ്ററുടെ പ്രവർത്തന ഫലമായി വിശ്വാസത്തിൽ വന്നു, ഇന്ന് ഞാനും ഒരു പാസ്റ്റർ ആണ് എന്ന് പറയുവാൻ പലരും ക്യു നിൽക്കുന്ന കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി.
M. C. ചെയ്ത പാസ്റ്റർ ആനന്ദിനെ നോക്കി ഫാത്തിമ പറഞ്ഞത്, ഞാൻ സ്‌നാനപ്പെടുമ്പോൾ ഈ ആനന്ദും, ബാബുവുമൊക്കെ വളരെ കൊച്ചു കുട്ടികളായിരുന്നു എന്നതാണ്. സ്തോത്രം.
ക്രിസ്ത്യാനിയായ ശേഷം കർത്രുസന്നിധിയിൽ ചേർക്കപ്പെടുന്ന നമ്മുടെയിടയിലെ കർത്രുവേലക്കാരെക്കുറിച്ച് മുഖസ്തുതി കൂടാതെ ഇങ്ങനെ കേൾക്കാൻ കഴിയുന്നത് എത്രയോ ശ്രേഷ്ഠമായ കാര്യമാണ് എന്നോർത്ത് ഞാനും ദൈവത്തെ സ്തുതിക്കുന്നു.

സങ്കീർത്തനങ്ങൾ 23 ന്റെ 6 ൽ “നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും”. എന്ന വാക്യം വായിക്കുമ്പോൾ എന്നെ പിന്തുടരുന്ന നന്മയും കരുണയും ഉപയോഗിച്ച് ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കേണ്ടവനല്ലേ എന്ന് ചിന്തിക്കാൻ ആഗ്രഹമുണ്ട്.

അനേകർ മരിച്ചു മൺമറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തും, ഇന്നും മരിക്കാൻ അനുവദിക്കാതെ ജീവനോടെ നമ്മെ നിലനിർത്തിയിരിക്കുന്ന ദൈവത്തിന് എന്നെക്കുറിച്ച് ചില ഉദ്ദേശങ്ങൾ ഉണ്ട് എന്ന് നാം തിരിച്ചറിയണം.

എന്താണ് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശം?(1) 2തിമൊഥെയൊസ് 2 ന്റെ 15 “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക”. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കണം. ഇന്ന് നമുക്ക് ബോധിച്ചതുപോലെ നാം സത്യവചനത്തെ വ്യാഖ്യാനിച്ചു പഠിപ്പിക്കുയാണ്. അത് നിർത്തണം.

(2) യാക്കോബ് 1 ന്റെ 12 “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും”.
പരീക്ഷ സഹിക്കണം.

(3) 1കൊരിന്ത്യർ 11 ന്റെ 19 ൽ “നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു”. ഭിന്നപക്ഷങ്ങൾ ഉണ്ടാകണം എന്നൊക്കെ പറയുമ്പോൾ ഈ വാക്യങ്ങളിൽ ഒക്കെ കാണുന്ന കാര്യം, നാം കൊള്ളാകുന്നവരാകണം എന്ന ദൈവത്തിന്റെ ആലോചനയാണിത്. പലപ്പോഴും നമ്മുടെ കൂടിവരവുകളിലുണ്ടാകുന്ന ഭിന്നപക്ഷം കൊള്ളാകുന്നവരെപ്പോലും നിഷ്പ്രഭമാക്കുകയല്ലേ എന്ന് ചിന്തിക്കേണം.

ഇന്നല്ലെങ്കിൽ, നാളെ നമ്മുടെ ഈ ഭൂമിയിലെ ശുശ്രുഷകൾ തീർന്നു നാം ബയൂലദേശത്തിലേക്കു പോകും. അവശേഷിക്കുന്ന നമ്മുടെ ജഡത്തെ ശേഷമുള്ളവർ സംസ്കരിക്കാൻ എടുക്കുമ്പോൾ മൈക്ക് കിട്ടുന്ന എല്ലാവരും നമ്മെ വാഴ്ത്തിപ്പാടും. 1504 ദിനരാത്രങ്ങൾ ഒന്നുപോലും നഷ്ടപ്പെടുത്താതെ ലേഖനം എഴുതി എന്നൊക്കെ പറയും. തീയിൽ ശോധന കഴിക്കുന്നവന്റെ മുൻപിൽ വെന്ത് പോകാത്തത് എന്തെങ്കിലും കാണുമോ?
44 പാസ്റ്റർമാരെ ഞാൻ വാർത്തെടുത്തു എന്ന് പറയാനില്ല എങ്കിലും, കേവലം 4 നല്ല കാര്യങ്ങൾ നമ്മെ ഓരോരുത്തരെക്കുറിച്ചും പറയാൻ ആളുണ്ടാകുമോ? എന്ത് പ്രതികൂലങ്ങൾ വന്നാലും, ഒരുപക്ഷെ ഭാര്യ എതിരായി എന്ന് വരാം. ഭർത്താവ് എതിരായി എന്നും വരാം. മക്കളും, കൊച്ചു മക്കളും, സ്ഥലം സഭകളും, പോരാ, ലോകം മുഴുവനും എതിരായി എന്നും വരാം. എന്നാലും VOICE OF SATHGAMYA പറയുന്നത്, ഈ ഭൂമിയിൽ നമുക്കുള്ള ശിഷ്ടായുസ്സ് ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

Comments (0)
Add Comment