യോനാ പ്രാർത്ഥിക്കുമായിരുന്നു, ഞാനും

ചിന്തകൾ യഥാർഥ്യങ്ങൾ

യോനയോടുള്ള ബന്ധത്തിൽ “എന്താ നമ്മൾ ഇങ്ങനെ”  എന്ന് കഴിഞ്ഞദിവസം ചിന്തിച്ചു. ദൈവത്തിന്റെ വചനം അതി ശക്തിയായി ഒരു ഭാഗത്ത്‌ നിൽക്കുമ്പോൾ തന്നെ മറുഭാഗത്ത് ദൈവത്തെ കോപിപ്പിക്കുന്നവരായ നന്മുടെ ധാർഷ്ട്യമുള്ള ജീവിതം.

ഒരു നിലയിലും ദൈവത്തിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ മകൻ അല്ലെങ്കിൽ മകൾ എന്ന പേര് ഉപയോഗിച്ചു ജീവിക്കാൻ യോഗ്യതയില്ലാത്ത നമ്മിൽ പലരും ഇന്ന് ജീവിക്കുന്നുണ്ട് എങ്കിൽ അത് ദൈവത്തിന്റെ മഹാ കരുണകൊണ്ടു മാത്രമാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കിയില്ല എങ്കിൽ അയ്യോ കഷ്ടം. ദൈവത്തിന് തന്റെ സൃഷ്ടികൾ എല്ലാം നല്ലത് എന്ന് കാണാനാണ് താല്പര്യം. ആരും നശിച്ചുപോകരുത്, മനുഷ്യർ മാത്രമല്ല ഒരു ജീവജാലങ്ങൾക്കും കേട് സംഭവിക്കരുത് എന്നാണ് തന്റെ താല്പര്യം.

നമുക്ക് വേദനയും, ദുഃഖവും വരുമ്പോൾ പലപ്പോഴും നമ്മൾ പറയുന്ന ഒരു വാക്കാണ് ഈ നശിച്ച ഭൂമിയിൽ നിന്ന് ഒന്ന് പോയാൽ മതി. എന്ന്. എന്നാൽ എങ്ങിനെയാണ് ഈ ഭൂമി നശിച്ചത് എന്ന് നമ്മിൽ പലരും മറന്നുപോകുന്നതിനാൽ ഉല്പത്തി പുസ്തകം 3 ന്റെ 17 ഇവിടെ ചേർക്കുന്നു. “മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും”. സഹോദരാ, സഹോദരീ നമ്മുടെ നിമിത്തമാണ് ഈ ഭൂമി ശപിക്കപ്പെട്ടിരിക്കുന്നുത്. നാം ആണ് അതിന് ഉത്തരവാദി. വളച്ചുകെട്ടില്ലാതെ പറയട്ടെ, ഇന്ന് നമ്മുടെ കുടുംബവും, സഭകളും നശിച്ചു പോയിട്ടുണ്ട് എങ്കിൽ അതിന്റെ ഉത്തരവാദി ഞാനും, നിങ്ങളുമാണ്. നമ്മുടെ തലമുറ നേരില്ലാത്ത വഴിയിൽ ജീവിക്കുന്നുണ്ട് എങ്കിൽ അതിന്റെ ഉത്തരവാദി നമ്മൾ ഓരോരുത്തരുമാണ്.

യോനയുടെ പുസ്തകത്തിലേക്ക് മടങ്ങി വന്നാൽ നിനവേയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണം ദൈവത്തെ അനുസരിക്കാത്തവരായ നമ്മൾ മാത്രമാണ്. ദൈവത്തിന് നമ്മോട് അയ്യോഭാവം തോന്നണം എന്ന് നമ്മൾ ആഗ്രഹിക്കുന്നതുപോലെ നിനവെക്കാരും ആഗ്രഹിക്കുന്നില്ലേ അവർക്കും ദൈവനുഗ്രഹം വേണമെന്ന്. ഇന്നത്തെ അതിന് തടസ്സം ദൈവത്തിന്റെ ദാസനായ യോനായാണെങ്കിൽ, നമ്മുടെ മുൻപിലുള്ള അനേകം നിനവേകളുടെ ഈ അവസ്ഥയ്ക്ക് കാരണം ദൈവത്തിന്റെ ദാസീദാസന്മാരായ നമ്മൾ ഓരോരുത്തരുമാണ്.

അഭിനവ യോനായായ എനിക്ക് ഈ ആരോഗ്യം തന്നത് ആരാണ്?.നിനവെയിലേക്കുള്ള ഈ യാത്രയ്ക്ക് ആരോഗ്യം തന്നത് ആരാണ്?. നിവർന്ന് നടക്കാനുള്ള കാലുകൾ, സഞ്ചിയും പോക്കണവും എടുക്കാനുള്ള ആരോഗ്യവും, കൈകളും. ഷിപ്പിയാഡിലേക്ക് വഴി തെറ്റാതെ പോകാനുള്ള കാഴ്ചശക്തിയും, ടിക്കെറ്റ് എടുക്കാനുള്ള പൈസയും, ഒപ്പം ദൈവത്തിന്റെ വചനം പ്രസംഗിക്കാനുള്ള ശുശ്രുഷകൻ എന്ന പദവിയും തന്നത് ആരാണ്? ഈ ദൈവം അല്ലേ. എന്നിട്ട് നാം മറുതലിക്കുന്നത് ആരോടാണ്? യോനായുടെ പുസ്തകം 4 ന്റെ 11 ൽ “എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തിരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു”. ഇത് യഹോവയായ ദൈവത്തിന്റെ മനസ്സാണ്. ആ ദൈവത്തിന്റെ ചോദ്യമാണ്. പക്ഷെ, നമുക്ക് നമ്മുടെ കൂട്ടുസഹോദരനോട്, മാതാപിതാക്കളോട്, മക്കളോട്, സഹോദരീ, സഹോദരന്മാരോട് തെല്ലും സഹതാപവും, മനസ്സലിവുമില്ല. അവരെ സഹായിക്കുന്ന ദൈവത്തോട് വല്ലാത്ത പകയാണ്. അയ്യോ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ⁉️.

യോനാ ഒരു പ്രാർത്ഥനാ ജീവിതമുള്ള മനുഷ്യനായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിച്ചു തരുമോ?  യോനായും നമ്മളെപ്പോലെ തന്നെ പ്രാർത്ഥിക്കുന്നവനായിരുന്നു എന്നതിന് തെളിവ് വാക്യം തരാം. യോനാ 4 ന്റെ 2 “അവൻ യഹോവയോടു പ്രാർത്ഥിച്ചു… ” എന്താ പ്രാർത്ഥിച്ചത് ? “..അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തർശീശിലേക്കു ബദ്ധപ്പെട്ടു ഓടിപ്പോയതു; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു”. മാത്രമല്ല, യോനാ 4 ന്റെ 3 ൽ അവൻ പറയുന്നു “ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു”. ഇന്നും നമ്മളും പ്രാർത്ഥിക്കുന്നുണ്ട്. അവന്റേയും, അവളുടെയും നാശം എന്നെ കാണിച്ചുതരേണമേ, അവർ എന്റെ മുൻപിൽ തോറ്റു തുന്നംപാടി വരേണമേ, അവർ എല്ലാ ഗതിയും കെട്ടവരായി, എല്ലാ സ്വത്തും വിറ്റ് തുലഞ്ഞവരായി, ആരോഗ്യം ക്ഷയിച്ചവരായി, നിസ്സഹായരായി എന്റെ മുൻപിൽ വരേണമേ. എന്റെ പടിപ്പുരയിലെ എച്ചിൽ തിന്നുന്ന, എന്റെ പട്ടികൾ വൃണം നക്കി തുടയ്ക്കുന്ന ഒരു ലാസറായി എന്റെ മുൻപിൽ ഉണ്ടാകണമേ…. ഇതൊക്കെയല്ലാതെ നമ്മുടെ കൂട്ടുസഹോദരീ സഹോദരന്മാരെക്കുറിച്ച് മറ്റെന്താണ് നമ്മുടെ പ്രാർത്ഥന?. വേറെ എന്താണ് നമ്മുടെ ആഗ്രഹം.

VOICE OF SATHGAMAYA ഈ ലേഖനത്തിലൂടെ ചിന്തിക്കാൻ ആഗ്രഹിക്കുന്ന യാഥാർഥ്യങ്ങൾ എന്തെന്നാൽ, എനിക്ക് ഇഷ്ടമല്ലാത്ത ഒരാൾ, അയാൾ ആരുമാകട്ടെ, അയാൾക്ക് യാതൊരു ആരോഗ്യപ്രശ്നവുമില്ല, ദുഃഖദുരിതങ്ങളില്ല, ഞാൻ ആഗ്രഹിക്കുന്നതുപോലുള്ള യാതൊരുവിധ ഗതികേടുമില്ല. എനിക്ക് അയാളെക്കുറിച്ച് ദൈവത്തോട് സ്തോത്രം പറയാൻ കഴിയുമോ,  കഴിയേണ്ടതല്ലേ ? എന്താ നമ്മൾ ഇങ്ങനെ എപ്പോഴും യോനായെപ്പോലെ പ്രാർത്ഥിക്കുന്നത് ??? നമ്മുടെ ആരാധനകൾ, പ്രാർത്ഥനകൾ, ഉപവാസങ്ങൾ ദൈവത്തിന് പ്രസാധാകരമാകുന്നുണ്ടോ എന്ന് സ്വയശോധന ചെയ്യാൻ ഈ ലേഖനവും സഹായിക്കട്ടെ

Comments (0)
Add Comment