നമുക്കും പാടാം സമയമാം രഥത്തിൽ…..

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്ന ആത്മീക ഗാനം ദിവസത്തിൽ ഒരു നേരമെങ്കിലും ക്രിസ്തുവിശ്വാസികൾ അർത്ഥം അറിഞ്ഞ് ആസ്വദിച്ചു പാടുക. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടാകും.

അപ്പോൾ മറ്റൊരു ചോദ്യം ഉയരും, “യേശു എൻ ഉള്ളത്തിൽ വന്ന നാളിൽ എന്ത് മാറ്റം വന്നു എന്നിൽ” എന്ന പാട്ടിൽ പറയുന്ന മാറ്റം പോരെ?

യേശുക്രിസ്തു എന്ന് നമ്മുടെ ഉള്ളിൽ വന്നുവോ അന്ന് നമ്മിൽ വലിയ ഒരു മാറ്റം ഉണ്ടായിരുന്നു. അന്ന് വലിയ മാറ്റം അനുഭവിച്ചവരാണ് തങ്ങളുടെ സമുദായത്തിന്റെ ഐക്യവും കൂട്ടയ്മയും വിട്ട് നാം പോന്നത്. കുടുംബബന്ധങ്ങൾ എതിരായപ്പോൾ ഒറ്റപ്പെട്ടുവെങ്കിലും കർത്താവിന്റെ അമിത ബലത്തിൽ ശക്തിപ്പെട്ട് വേർപെട്ട വളരെ ന്യുനപക്ഷമായവരുടെ കൂടെ കൂടി, സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയപ്പോഴും, ഊരുവിലക്ക് നിലനിന്നപ്പോഴും തെല്ലും പതറിയില്ല. വേർപാടിന്റെ മധുരം അത്ര രുചികരമാണ്. അതുകൊണ്ടാണ് നമ്മൾ അന്ന് പാടിയത് യേശു എൻ ഉള്ളത്തിൽ വന്ന നാളിൽ എന്ത് മാറ്റം വന്നു എന്നിൽ. എന്ന്. അതിന്റെ കാരണം ആ പാട്ടിന്റെ അടുത്ത വരിയിൽ വളരെ വ്യക്തമാണ് തന്നെ ഞാൻ ഉള്ളത്തിൽ ഏറ്റതാലേ എന്ത് മാറ്റം വന്നു എന്നിൽ.

ഇന്നും നമ്മുടെ കർത്താവിനെ ഉള്ളത്തിൽ ഏറ്റിട്ടുള്ളവരുടെ ഉള്ളിൽ വലിയ സന്തോഷമാണ്. അവരെ തകർത്തുകളയുവാൻ മറ്റൊരു ശക്തിക്കും കഴിയുകയില്ല. അതുകൊണ്ടാണല്ലോ അപ്പോസ്തലനായ പൗലോസ് തന്റെ അനുഭവം റോമർക്ക് ലേഖനം എഴുതിയപ്പോൾ അദ്ധ്യായം 8 ന്റെ 35 ൽ “ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ” എന്ന് വ്യക്തമായി എഴുതിയത്. പൗലോസ് മാത്രമല്ല പൗലോസിന്റെ മുൻഗാമികളായ സ്‌തെഫാനോസിനെപ്പോലെ അനേകരും പിൻഗാമികളായ ധാരാളം ക്രിസ്ത്യാനികളും ഇന്നും ഈ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് പിന്മാറുവാൻ മനസ്സില്ലാതെ, ഈ വിശ്വാസത്തിന്റെ മധുരം അറിഞ്ഞതുകൊണ്ട് ഇന്നും പ്രതികൂലങ്ങൾ അനുഭവിക്കുന്നു.

എന്നാൽ, ദുഃഖകരമെന്ന് പറയട്ടെ, ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതശൈലി രോഗങ്ങൾ പോലെ നമ്മുടെ വേർപാട് ജീവിതത്തിൽ വന്നിരിക്കുന്ന ഒത്തിരി പ്രശ്നങ്ങൾ നമ്മെ തളർത്തിക്കളയാറുണ്ട്. നമ്മുടെ ആത്മീക ബലം കുറയ്ക്കാറുണ്ട്. സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ ഒത്തിരി കൊതിച്ചിട്ടും മനസ്സ് മടുപ്പിക്കുന്ന ഒത്തിരിയൊത്തിരി അനുഭവങ്ങൾ നമുക്ക് മുന്നിൽ വിലങ്ങുതടികളാണ്. ക്രിസ്തുവിൽ സന്തോഷിക്കാൻ കഴിയുന്ന ഒരു ആത്മീക കൂട്ടയ്മയ്ക്ക് കൊതിച്ചിട്ടും നമുക്കത് കിട്ടുന്നില്ല. സുവിശേഷപ്രവർത്തനം നടത്താൻ കൃപ ലഭിച്ചിട്ടും ആഗ്രഹമുണ്ടായിട്ടും തക്കതായ സാങ്കേതിക സഹായം ഒരുക്കുവാൻ പല സ്ഥലം സഭകളും തയ്യാറല്ല. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രവർത്തങ്ങളോട് നിസ്സഹകരണം കാണിക്കുക, ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടാക്കി പല നല്ല കാര്യങ്ങൾക്കും കാലതാമസം വരുത്തുക എന്നതൊക്കെ നമ്മുടെ ഒരു ശീലമായി മാറി, അല്ല, മാറ്റി.

മത്സരികളായ ഇസ്രായേൽ മക്കളെ കുറ്റപ്പെടുത്തി യെശയ്യാ പ്രവാചകന്റെ ഒപ്പം കൂടി “അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്‌പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു”. എന്ന് അദ്ധ്യായം 1 ന്റെ 4 ൽ പറയുന്ന കാര്യങ്ങൾ നാം അവരെക്കുറിച്ച് പറയുമ്പോൾ, ഇപ്പോഴത്തെ നമ്മുടെ സ്ഥിതി ഇതിൽ നിന്ന് അല്പമെങ്കിലും മെച്ചമുള്ളതാണോ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത്.

1 ന്റെ 5 ലേക്ക് വരുമ്പോൾ പറയുന്ന “ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു”. എന്ന വാക്യം നമ്മെക്കുറിച്ചും അങ്ങിനെ തന്നെയല്ലേ.

1 ന്റെ 6 “അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല”. എന്നൊക്കെ
പ്രസംഗിക്കാൻ നമുക്ക് ഒത്തിരി ഉത്സാഹമാണ്. ചോദിക്കാനും, പറയാനും അവരാരും വരില്ല എന്ന് നമുക്കറിയാം. എന്നാൽ നമ്മുടെ അവസ്ഥ ഇതിനേക്കാൾ മോശമാണ് എന്ന് തുറന്ന് സമ്മതിക്കാൻ നമുക്ക് മടിയാണ്. കാരണം സമ്മതിച്ചു കൊടുത്താൽ തിരുത്തേണ്ടവർ നമ്മളാണ്. ഞാനാണ്. അതുകൊണ്ട് നമ്മൾ പറയും ഓ, ഇവിടെ അങ്ങനത്തെ പ്രശ്നങ്ങളൊന്നും ഇല്ല.

പ്രവാചകനായ യിരേമ്യാവും വിട്ടുകൊടുക്കാൻ ഒട്ടും തയ്യാറല്ല. 8 ന്റെ 11 ൽ “സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു”. ഇന്ന് നമ്മുടെ ഇടയിലും വലിയ പ്രശ്നങ്ങൾ ആണ്. വിട്ടുകൊടുക്കാൻ നാമും തയ്യാറല്ല. ഇവിടെ ഒരു പ്രശ്നവുമില്ല എന്ന് വരുത്തിതീർക്കാനുള്ള വ്യാഗ്രതയാണ്. സമാധാനം ഇല്ല, എങ്കിലും സമാധാനം ഉണ്ട് എന്ന് എന്ന് വരുത്തി തീർക്കാനുള്ള കൊതി.

പക്ഷെ, പ്രവാചകൻ വിട്ടുകൊടുക്കുന്നില്ല. 8 ന്റെ 12 ൽ “മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ ദർശനകാലത്തു അവർ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു”. ഇന്നല്ല എങ്കിൽ നാളെ നാം ഇടറി വീഴും. മ്ലേച്ഛത ദൈവത്തിന് സഹിക്കാൻ കഴിയില്ല, അതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും. ഒരുപക്ഷെ ഇപ്പോൾ നമ്മൾ ഇതുവരെ ലജ്ജിച്ചിട്ടില്ലായിരിക്കാം. നാണം അറിഞ്ഞിട്ടുമില്ലായിരിക്കാം. പക്ഷെ, നമ്മൾ വീഴും വീഴുന്നവരുടെ ഇടയിൽ നമ്മൾ വീണുപോകും. നമുക്ക് ഒരു ദർശനകാലമുണ്ടല്ലോ, അന്ന് ഇടറി വീഴും. ഇത്‌ യെരെമ്യവിന്റെ പ്രവചനമാണ്. പഴയനിയമ ഇസ്രായേലിനു മാത്രമുള്ളതല്ല. പുതിയനിയമ വിശ്വസിക്കുമുണ്ട്. 2കൊരിന്ത്യർ 5 ന്റെ 10 പൗലോസിനെക്കൊണ്ട് പരിശുദ്ധാത്മാവ് എഴുതിച്ചതാണെങ്കിൽ “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു”. ആ സീയോൻ യാത്രയിൽ നാം “സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു, എൻ സ്വദേശം കാണ്മാതിന്നായ് ഞാൻ തനിയെ പോകുന്നു” എന്ന പാട്ട് അറിഞ്ഞു പാടുക. ഈ യാത്ര ഞാൻ ഒറ്റയ്ക്കാണ്, എന്റെ കർത്താവിനെ കാണും, അവന്റെ ശോഭയുള്ള മുഖം കാണും. അവൻ എന്റെ കണ്ണിൽ നിന്ന് കണ്ണീർ തുടച്ച് കളയും. ഈ പ്രത്യാശയോടെ പാടുക. അതിന്റെ ഒപ്പം തന്നെ എന്റെ പ്രവൃത്തികളും എന്റെ കൂടെ വരുന്നുണ്ടല്ലോ, അതിന്റെ കണക്കുകളൊന്നും, ലാഭ നഷ്ടങ്ങളൊന്നും ഞാൻ കുറിച്ചുവെച്ചിട്ടില്ല എങ്കിലും അവൻ അതിന് കണക്ക് ചോദിക്കും എന്ന ചിന്തയോടും കൂടെ നമുക്ക് ആ പാട്ട് പാടാം. അതിന്നായി ദൈവം നമ്മെ ബലപ്പെടുത്തട്ടെ.

Comments (0)
Add Comment