വ്യാജവാർത്തകളുടെ കാലം

ഷിബു കൊടുങ്ങല്ലൂർ

വ്യാജവാർത്തകളുടെ കാലമാണ് ഇത് എന്ന് പറഞ്ഞാൽ ഒരു മറുചോദ്യമുണ്ട്, പണ്ടും ഈ വ്യാജ വാർത്തകൾ ഉണ്ടായിരുന്നില്ലേ ❓. ഉണ്ടായിരുന്നു. വ്യാജം എന്ന വാക്ക് ബൈബിളിൽ നാം പരതിയാൽ ഉല്പത്തി പുസ്തകം 21 ന്റെ 23 ൽ ആയിരിക്കും കാണുക. എന്നാൽ ഉല്പത്തി പുസ്തകം ഒന്നും, രണ്ടും അദ്ധ്യായങ്ങളുടെ ഇതിവൃത്തം യഹോവയായ ദൈവവും സൃഷ്ടിപ്പും മാത്രമാകയാൽ ഈ രണ്ട് അദ്ധ്യാങ്ങളിലും വ്യാജം എന്ന വാക്കിന്റെ പര്യായ പദങ്ങൾ പോലും കാണില്ല. എന്നാൽ അദ്ധ്യായം 2 ന്റെ അവസാനവാക്യമായ 25 കഴിഞ്ഞ് 3 ന്റെ ഒന്നിലേക്ക് വരുന്നതിന് മുൻപിലുള്ള ഗ്യാപ്പിൽ നമുക്ക് ആർക്കും വെളിപ്പെട്ടുകിട്ടാത്ത ചില സംഭവങ്ങൾ നടന്നിട്ടുണ്ട് എന്നും, അത് നമുക്ക് വെളിപ്പെട്ട് കിട്ടാത്ത രഹസ്യം ആയതിനാൽ ആ വഴിക്ക് ചിന്തിക്കാൻ Voice Of Sathgamaya മുതിരുന്നില്ല.

ഉല്പത്തി 1 ന്റെ 31 ൽ “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം”. എന്ന് നാം വായിക്കുമ്പോൾ ദൈവം ഉണ്ടാക്കിയതിൽ ഒന്നായ പാമ്പ്‌ എങ്ങിനെ കൗശലം ഉള്ളവനാകും?.

ദൈവം നോക്കി കണ്ടിട്ട് ഇതെല്ലാം എത്രയും നല്ലതു എന്നു സാക്ഷ്യപ്പെടുത്തിയപ്പോൾ ഈ പാമ്പ് അവിടെ ഉണ്ടായിരുന്നു എങ്കിൽ  പാമ്പും നല്ലത് തന്നെ. പാമ്പ്‌ അവിടെ ഇല്ലായിരുന്നുവെങ്കിൽ ഈ കൗശലക്കാരൻ എവിടെ നിന്നും വന്നു. എപ്പോൾ ഉണ്ടായി?. എന്നുള്ള ചോദ്യങ്ങൾ വരും.
ദിവസങ്ങൾ സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസത്തിൽ എത്തുമ്പോൾ എല്ലാം നല്ലത് എങ്കിൽ ഉല്പത്തി 3 ന്റെ 1 ലേക്ക് വരുമ്പോൾ “യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു”. എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു എന്ന പ്രസ്താവനെയെ സസൂക്ഷ്മം പരിശോധിക്കുമ്പോൾ പാമ്പ്‌ മാത്രമല്ല എല്ലാ കാട്ടുജന്തുക്കളിലും കൗശലം ഉണ്ടായിരുന്നു എന്നും, അതിൽ ഏറ്റവും കൌശലമേറിയത് പാമ്പിനായിരുന്നുവെന്നും മനസ്സിലാകും.

വ്യാജം എന്നതിന്റെ മറ്റൊരു പര്യായ പദമാണല്ലോ കൗശലം എന്നത്.

ഇന്ന് വാട്സ്ആപ്പിൽ വന്ന രണ്ട് വ്യാജവാർത്തകളിൽ ഒന്ന് ആലപ്പുഴയിലെ ഒരു ഹോട്ടലിൽ ഭക്ഷ്യവകുപ്പ് റൈഡ് നടത്തിയപ്പോൾ ഇറച്ചിക്കറിയുണ്ടാക്കാൻ പട്ടിയെ കൊന്ന് കെട്ടി തൂക്കിയിരിക്കുന്നത് പിടിച്ചു എന്നുള്ള വാർത്തയായിരുന്നു. ഒപ്പം ഫോട്ടോയും കൊടുത്തു. വിഷയം കൂടുതൽ വിശ്വസനീയമാക്കാൻ ഹോട്ടലിന്റെ പേരും വ്യാജമായി കൊടുത്തിരുന്നു.

രണ്ടാമത് വന്ന വാർത്ത 2023 ജനുവരി ഒന്നുമുതൽ 2000 ന്റെ നോട്ടുകൾ പിൻവലിക്കും എന്നും പകരം 1000 ത്തിന്റെ നോട്ടുകൾ പുറത്തിറക്കും എന്നുള്ളതുമായിരുന്നു. അതും വിശ്വസനീയമാക്കാൻ ഒരാളിൽ നിന്നും 2000 രൂപയുടെ 25 നോട്ടുകൾ മാത്രമേ തിച്ചെടുക്കുകയുള്ളു എന്നുമായിരുന്നു.

വ്യാജവാർത്തകളുടെ കാലം ആദാമിന്റെ കാലം മുതൽ ഉണ്ടായിരുന്നു എന്ന് ആർക്കാണ് അറിയാത്തത് ?

ഉല്പത്തി 3 ന്റെ 4 മുതൽ 7 വരെ വായിക്കുമ്പോൾ “പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി”. ഇതിൽ എത്ര വ്യാജങ്ങൾ ഉണ്ട് എന്ന് വായനക്കാർ എണ്ണി തിട്ടപ്പെടുത്തുക.

കണ്ണു തുറക്കും എന്നത് സത്യം ആയിരുന്നു. അവരുടെ കണ്ണ് തുറന്നു. പക്ഷെ നന്മ തിന്മകളെ അറിഞ്ഞു ദൈവത്തെപ്പോലെ ആകും എന്നത് വ്യാജം ആയിരുന്നു. പകരം ഇരുവരും ആത്മീകമായി മരിച്ചിട്ട് നഗ്നരെന്ന് വെളിപ്പെടുകയായിരുന്നു.

ആർക്കാണ് ഇതുകൊണ്ട് ലാഭം ഉണ്ടായത്?.

ദൈവത്തിന്റെ അണികളായി സൃഷ്ടിക്കപ്പെട്ടവർ പിശാചിന്റെ അടിമകളായിമാറി എന്നർത്ഥം.

ഇന്നും ദൈവത്തിന്റെ അണികളെ സാത്താന്യ അണികളാക്കുവാൻ മനുഷ്യർ വ്യാജം പറയുന്നു.

വ്യാജം പറയുന്നവർ അഥവാ ഭോഷ്‌ക്‌ പറയുന്നവർ സാത്താന്യ സന്തതികൾ എന്ന് യോഹന്നാൻ എഴുതിയ സുവിശേഷം 8 ന്റെ 44 ൽ വ്യക്തമാണ്. നമുക്ക് ഒന്ന് വായിച്ചു കേൾക്കാം.
“നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു”. നിങ്ങൾ ഭോഷ്ക്ക് പറയുന്ന പിശാചിന്റെ മക്കൾ എന്ന് നമ്മെക്കുറിച്ച് പറയാതിരിക്കേണ്ടതിനു ഇന്ന് മുതൽ, ഇപ്പോൾ മുതൽ ഭോഷ്ക്ക് പറയുന്നത് നിർത്തുക, വ്യാജവാർത്ത പ്രചരിപ്പിക്കരുത്. സഹോദരീ സഹോദരന്മാർക്കെതിരെ വ്യാജവാർത്തകൾ പറഞ്ഞിട്ട് എന്തിന് നാം സ്വയം സാത്താന്റെ മക്കൾ ആകണം.

കപടവും, വ്യാജവും ഭോഷ്ക്കും മാറ്റണം.

1 പത്രൊസ് 2 ന്റെ 1 മുതൽ 3വരെ വായിക്കുമ്പോൾ “ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ”.

പുറപ്പാട് 23 ന്റെ 1 ലേക്ക് വരുമ്പോൾ “വ്യാജവർത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു”. എന്ന് വായിക്കുന്നു. ഈ കാലഘട്ടത്തിൽ വ്യാജവർത്തമാനം പരത്തുന്നവരുടെ എണ്ണം ഒത്തിരി വർദ്ധിച്ചുവരുന്നുണ്ട്. വിശേഷാൽ ക്രിസ്തുവിശ്വാസികളുടെ ഇടയിൽ വ്യാജവർത്തമാനങ്ങൾ, ഇല്ലാ വചനങ്ങൾ പരത്താൻ യൂട്യൂബ് ചാനലുകൾ വരെ ചിലർ ക്രിയേറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്.
മാത്രമല്ല കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ കൂട്ടും കൂടുന്നു. മാത്രമല്ല ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യുന്നു, ന്യായം മറിച്ചുകളയുന്നു എന്നുമാത്രമല്ല വ്യവഹാരം വരുമ്പോൾ ബഹുജനപക്ഷം ചേർന്നു സാക്ഷ്യം പറയുന്ന പ്രവണതയും കൂടി വരുന്നു.

ദൈവവചനം പറയുന്നു, അരുത്. ഇതരുത്.

Comments (0)
Add Comment