ജോസഫ് ഒറ്റപ്പെട്ടതെന്തുകൊണ്ട് ?

എന്തുകൊണ്ട് യോസേഫ് ഒറ്റപ്പെട്ടു? എന്തുകൊണ്ട് യോസേഫിനെ സഹോദരന്മാർ ദ്വേഷിച്ചു?

നമ്മൾ എല്ലാവരും വളരെ അഭിമാനം കൊള്ളുന്ന ഒരു വ്യക്തിപ്രഭാവമാണ് അബ്രഹാമിന്റെ മകനായ യിസഹാക്കിന്റെ മകനായ യാക്കോബ് എന്ന ഇസ്രായേലിന്റെ മകൻ യോസേഫ്. വളരെ നല്ലവനാണ് യോസേഫ്. അവന്റെ സൽഗുണത്തിന്റെ ആയിരം കാതം അകലെ നിൽക്കുവാൻ പോലും നമുക്ക് പറ്റില്ല. പാപത്തോട് പോരാടി, ജയിലിൽ അടയ്ക്കപ്പെട്ട ശേഷം ക്ഷമയുടെ നെല്ലിപ്പടി കണ്ടെങ്കിലും ഒടുവിൽ അവന്റെ മഹത്വം വാനോളം ഉയർന്നു. ഒരുകാലത്ത് സഹിഷ്ണുതയുടെ കാര്യത്തിൽ നമ്മുടെ കർത്താവിന്റെ നിഴലായി നാം എടുത്തുകാട്ടിയിരുന്നു. അഭിനവകാലത്ത് നിഴലും പോരുളും പഠനം പലർക്കും വേണ്ടത്ര പിടിക്കുന്നില്ല. ആവശ്യമില്ലാത്ത പല സ്ഥലത്തും തങ്ങൾക്ക് തോന്നിയതിനെയെല്ലാം ദുർവ്യാഖ്യാനം നടത്തി പോരുളിനോട് യാതൊരു ബന്ധവുമില്ലാത്ത നിഴലുകൾ ഉണ്ടാക്കുമ്പോൾ ആർക്കാണ് സുഖിക്കുക.

എന്തുകൊണ്ട് യോസേഫ് ഒറ്റപ്പെട്ടു? സത്യത്തിൽ എന്തിനാണ് യോസേഫിനെ സഹോദരന്മാർ ദ്വേഷിച്ചത്, അല്ലെങ്കിൽ ദ്വേഷിക്കാൻ ആരംഭിച്ചത്?

ഉല്പത്തി പുസ്തകം 37 ന്റെ 2 ൽ യാക്കോബിന്റെ വംശപാരമ്പര്യം പറഞ്ഞുവരുമ്പോൾ യോസേഫിന്റെ പതിനേഴുവയസ്സായപ്പോൾ മുതലുള്ള കാര്യങ്ങൾ ആണ് പറഞ്ഞുവരുന്നത്. ആ പതിനേഴാം വയസ്സ് വരെ യോസേഫ് തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ആട്ടിടയ ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ലേയയുടെയും, ബിൽഹയുടെയും, സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു എന്ന് വളരെ വ്യക്തമാക്കുമ്പോൾ ഇവിടെ വരെ അവൻ പ്രത്യേകിച്ച് മറ്റു വിശേഷങ്ങൾ ഒന്നും ഇല്ലാത്തവനായിരുന്നു എന്ന് വ്യക്തം.

ഒരുകാലത്ത് റാഹേലിന്റെയും, ലേയയുടെയും ദാസിമാരായിരുന്ന, എന്നാൽ ഇപ്പോൾ യാക്കോബിന്റെ ഭാര്യാ പദവിയിൽ എത്തിയ ബിൽഹയുടെയും സില്പയുടെയും പുത്രന്മാർ അത്ര നല്ലവരല്ലായിരുന്നു എന്ന് യോസേഫ് മനഃപൂർവ്വം പറയുകയല്ല അസൂയകൊണ്ടും കുശുമ്പ് കൊണ്ടും പറയുകയല്ല, അവർ ചീത്ത പേരിന്റെ ഉടമകൾ ആയിരുന്നു എന്ന് തിരുവചനം നമുക്ക് എഴുതി തന്നിട്ടുണ്ട്.

അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞതാണ് തന്റെ സഹോദരന്മാർക്ക് സുഖിക്കാതെ വന്നത്.

സത്യത്തിൽ ആരാണ് ഈ ബിൽഹയും, സില്പയും?ഒരുകാലത്ത് ദാസിമാരായിരുന്ന ഇവരുടെ മക്കൾക്ക്, ഇന്നാണെങ്കിൽ പിതാവിന്റെ അവകാശത്തിന് കേസും കൂട്ടവും നടത്തേണ്ടതായി വന്നേനെ. യാക്കോബിനു തന്റെ ഭാര്യ ലേയയിൽ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ എന്നീ 4 മക്കൾ ഉണ്ടായ ശേഷം റാഹേലിന്റെ ദാസി ബിൽഹയിൽ യാക്കോബിനു ഉണ്ടായ രണ്ട് പുത്രന്മാരാണ് ദാൻ, നഫ്താലി. ഇതുകൂടാതെ ലേയയുടെ ദാസി സിൽപ്പയിൽ ഉണ്ടായ രണ്ട് പുത്രന്മാരാണ് ഗാദ്, ആശേർ എന്നിവർ. ഏതായാലും ഈ ദാസിയുടെ പുത്രന്മാർ അത്ര നല്ലവരായിരുന്നില്ല എന്നും അവരെക്കുറിച്ച് ദു:ശ്രുതി നാട്ടിൽ ഒക്കെ പരന്നു എന്നുള്ളതാണ് വിഷയം.

മേൽ പേരുകൾ പറഞ്ഞ 8 മക്കൾക്ക്‌ ശേഷം ലേയ യിസ്സാഖാർ, സെബൂലൂൻ എന്നീ രണ്ട് ആൺകുട്ടികൾക്കും ദീന എന്നൊരു പെൺകുട്ടിക്കും ജന്മം കൊടുത്ത ശേഷമാണ് റാഹേലിന് ആദ്യമായി യോസേഫ് ഉണ്ടാകുന്നത്

യാക്കോബിന്റെ മക്കളിൽ പന്ത്രണ്ടാമത്തേതാണ് യോസേഫ് എങ്കിലും ആൺകുട്ടികളുടെ എണ്ണത്തിൽ യോസേഫ് പതിനൊന്നാമൻ ആണ്. യാക്കോബിനു റാഹേലിൽ ജനിച്ച ബെന്യാമീൻ ആണ് പന്ത്രണ്ടാമത്തെ ആൺ കുട്ടി.

ഞാൻ ഈ വിഷയം ഇത്ര വ്യക്തമായി എഴുതാൻ കാരണം Voice Of Sathgamaya യുടെ ചുരുക്കം ചില വായനക്കാർ ബൈബിൾ അത്ര പരിചയം ഉള്ളവരല്ല എന്ന ഞങ്ങളുടെ തിരിച്ചറിവിൽ ആണ്. പുതിയ വിശ്വാസികളും, ഞങ്ങൾ അറിയാത്തവരും ഇത് വായിക്കുമ്പോൾ അവർക്ക് എന്തെങ്കിലും മനസ്സിലാക്കനാണല്ലോ.

ചരിത്രങ്ങൾ ഇത്ര വ്യക്തമായി ഇരിക്കുമ്പോൾ നാം ഒരു കാര്യം മനസ്സിലാക്കുക, ദു:ശ്രുതി ഉണ്ടാക്കുന്നവർ ആരായാലും അവർ ദൈവീക പ്രവൃത്തികൾ അല്ല ചെയ്യുന്നത്. അകത്ത് പാപം ഒളിച്ചു വെച്ചവരുടെ പ്രവൃത്തികളാണ് പുറംലോകം അറിയുമ്പോൾ അതുവരെയുള്ള അവരുടെ ശ്രുതികൾ ദു:ശ്രുതികൾ ആയി പുറത്ത് വരുന്നത്. ഇവർ പാപം ഉള്ളിലുള്ളവരാണ്.

യോസേഫ് ചെയ്തത് എന്താണ്? തന്റെ ജ്യേഷ്ടന്മാരോട് കൂടെ ആടുകളെ മെയ്ച്ചു നടക്കുമ്പോൾ, തന്റെ ജ്യേഷ്ടസഹോദരന്മാരെക്കുറിച്ച് കേട്ട ദു:ശ്രുതി നാട്ടിൽ പാട്ടാക്കാതെ തന്റെ അപ്പനോട് വന്ന് പറഞ്ഞു. കാരണം ചേട്ടന്മാരുടെ ഈ ചേഷ്ടകൾ അപ്പന്റെ സൽപ്പേരിനാണല്ലോ ദോഷം ഉണ്ടാക്കുക. ഈ കാരണത്താലാണ് യോസേഫിനോട് തന്റെ എല്ലാ ജ്യേഷ്ഠൻമാർക്കുമല്ല ചിലർക്ക് മാത്രം, ദു:ശ്രുതി ഉണ്ടാക്കിയവർക്ക് മാത്രമാണ് ഇഷ്ടക്കേട് ഉണ്ടാക്കിയത്. എന്നാൽ ഈ ദു:ശ്രുതി ഉണ്ടാക്കിയ 4 ദുഷ്ടന്മാർ ശേഷം 6 പേരെയും തെറ്റിദ്ധരിപ്പിച്ചു നുണയന്മാരാക്കി. യോസേഫിനെ മൃഗങ്ങൾ കൊന്നു എന്ന വ്യാജം യാക്കോബിനോട് അവസാനം വരെ ഒളിച്ചു വെയ്ക്കുവാൻ മേല്പറഞ്ഞ 4 ചീത്ത ചേട്ടന്മാർ ബാക്കി 6 ചേട്ടന്മാരെ സ്വാധീനിച്ചു. ഇന്നും ഇത് തന്നെ നടക്കുന്നു. നമ്മുടെ കുടുംബങ്ങളിലെ ദു:ശ്രുതി ഉണ്ടാക്കുന്ന ചിലർ, ചിലർമാത്രം ബാക്കി നമ്മുടെ ബന്ധുക്കളെ നമ്മിൽ നിന്നും അകറ്റിക്കുന്നു. അതുപോലെ നമ്മുടെ സഭകളിലും ഉണ്ട് ചിലർ ദു:ശ്രുതി ഉണ്ടാക്കുന്നവർ. അവർ ശേഷം ഉള്ളവരെ ഭീഷണിപ്പെടുത്തിയാണെങ്കിലും കയ്യിൽ എടുക്കും. യോസേഫിനെ പൊട്ടക്കിണറ്റിൽ ഇടും.

പൊട്ടക്കിണറിൽ എറിയുന്ന കാര്യത്തിൽ മനസ്സുകൊണ്ട് താല്പര്യമില്ലായിരുന്നവരിൽ ഒരാളായ രൂബേൻ രഹസ്യത്തിൽ യോസേഫിനെ രക്ഷിക്കാൻ കിണറ്റിൻകരയിൽ വന്നപ്പോൾ യോസേഫിനെ കാണാതെ വ്യാസനിച്ചു കരഞ്ഞത് നിങ്ങളും വായിച്ചിട്ടുണ്ടല്ലോ. ഇന്നും ഇതുപോലുള്ള രൂബേന്മാർ ഉണ്ട്. ബാഹ്യസമ്മർദ്ധങ്ങൾ വരുമ്പോൾ സമൂഹത്തിന്റെ ഒപ്പം നിൽക്കും, എന്നിട്ട് ഒറ്റയ്ക്ക് പോയി സഹോദരനോട് ക്ഷമ പറഞ്ഞു കൂട്ടായ്മ പങ്കിടും. ഇങ്ങനെയുള്ളവർ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും. ആധുനീക രൂബന്മാരെകുറിച്ചു കർത്താവ് അനുവദിച്ചാൽ നാളെ എഴുതാം.

Comments (0)
Add Comment