വഴക്കാളി സഹോദരന്മാർ

ഷിബു കൊടുങ്ങല്ലൂർ

യേശുക്രിസ്തുവിനെ അറിയാത്ത കുറെയേറെ സുഹൃത്തുക്കൾ എനിക്കുണ്ട്. കൊടുങ്ങല്ലൂർ സ്വദേശി ലാലുവിനെ ഞാൻ ഒരിക്കലും മറക്കില്ല, അവനെ അഭിമാനത്തോടെ ഞാൻ ഓർക്കാൻ കാരണം അവന്റെ സ്വഭാവം ആണ്. അച്ഛൻ, അമ്മ, ലാലുവും ഭാര്യയും മക്കളും, അനുജനും ഭാര്യയും, മക്കളും അടങ്ങുന്ന ആ കുടുംബത്തെ റോസാ പൂവിന്റെ ഇതൾ കൊഴിയാതെ സൂക്ഷിക്കുന്നതുപോലെ കൈവെള്ളയിൽ കൊണ്ടുനടന്നവനാണ് ലാലു. അനുജൻ അനിലിന്റെ ഭാര്യ അമ്മായിയാമ്മയോടും, ചേട്ടന്റെ ഭാര്യയോടും പോരടുക്കുമെങ്കിലും ലാലു ആ കുടുംബത്തെ ചേർത്ത് പിടിച്ചു കൊണ്ടുനടക്കുമായിരുന്നു. ലാലു രക്ഷിക്കപ്പെടുന്നതിനും മുൻപുള്ള സ്വഭാവമാണിത്. ലാലു രക്ഷിക്കപ്പെട്ടു എങ്കിലും വേർപെട്ടില്ല. അതിനും ഒരുപക്ഷെ കുറ്റക്കാർ നമ്മൾ തന്നെയായിരിക്കും. നമുക്ക് തമ്മിൽ കണ്ടാൽ മിണ്ടാൻ പോലും കഴിയാറില്ലല്ലോ?.

ഉല്പത്തി പുസ്തകം 45 ന്റെ 24 ൽ “അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു”.

സഹോദരന്മാരെയെല്ലാം കണ്ടു, അധികം താമസിയാതെ അപ്പൻ യാക്കോബിനെ കാണാൻ പോകുന്നു. അനുജന് വിശേഷവസ്ത്രങ്ങളും കൂടുതൽ പണവും കൊടുത്തു. മൊത്തം എല്ലാം ശുഭമായി എന്നർത്ഥം.

പക്ഷെ, നിങ്ങൾ പോകുമ്പോൾ വഴിയിൽ വെച്ച് ശണ്ഠകൂടരുത് എന്നുമാത്രം പ്രത്യേകം പറയാൻ കാരണം എന്താണ് ?. എത്ര ആലോചിച്ചിട്ടും എനിക്ക് ഉത്തരം കിട്ടുന്നില്ല.

എന്തായിരിക്കും കാരണം?.

നീണ്ട 7 വർഷങ്ങളിൽ ഉണ്ടാവാൻ പോകുന്ന ക്ഷാമത്തിൽ ഇതുവരെ 2 വർഷം മാത്രമേ ആയിട്ടുള്ളു. ഇനിയും കിടക്കുന്നു നീണ്ട 5 വർഷങ്ങൾ. പക്ഷെ, ഇവിടെ യോസേഫിന്റെ അപ്പനും, എല്ലാ സഹോദരന്മാർക്കും ഒപ്പം സകല പരിവാരങ്ങൾക്കും യോസേഫിന്റെ ഓഫർ കിട്ടിക്കഴിഞ്ഞു. ഇനി അവർക്ക് ഉണ്മാനും, ഉടുക്കാനും, താമസ സൗകര്യം മുതൽ അവർക്ക് വേണ്ടതെല്ലാം യോസേഫിന്റെ ഓഫറിൽ ഉണ്ട്. എന്നിട്ടും ഇനി എന്ത് കാരണം പറഞ്ഞാണ് ഇവർ വഴിയിൽ വെച്ച് വഴക്കുണ്ടാക്കുക .

പക്ഷെ, യോസേഫ് പറയുന്നു, സഹോദരന്മാരെ, നിങ്ങൾ വഴിയിൽ വെച്ച് വഴക്കുണ്ടാക്കരുത്.

ഈ ലേഖനം വായിക്കുന്നത് നിങ്ങളുടെ ഏത് മാധ്യമത്തിൽ ആണ് ?. ഫേസ് ബുക്കണോ, വാട്സ്ആപ്പോ, വെബ്. സൈറ്റോ, യൂട്യൂബോ ഏതുമാകട്ടെ നിങ്ങൾ ക്രിസ്തുവിശ്വാസികളാണെങ്കിൽ നമ്മുടെ ഇടയിൽ ശണ്ഠകൂടാനുള്ള കാരണം എന്താണ് ?. എഫെസ്യർക്ക് എഴുതിക്കിട്ടിയ ലേഖനം 1 ന്റെ 3 ൽ “സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ”. എന്ന് വ്യക്തമാക്കുമ്പോൾ ഇനി എന്തിന്റെ കുറവാണ് നമുക്കുള്ളത് ? സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങൾക്കും അപ്പുറം ഇനി എന്താണ് നമുക്ക് ഈ ലോകത്തിൽ കിട്ടാനുള്ളത് .

കർത്താവായ യേശുകൃസ്തുവിന്റെ അമ്മ മറിയയിൽ പിറന്ന സഹോദരൻ യാക്കോബ് എഴുതിയ ലേഖനം 4 ന്റെ 1 ൽ “നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ? എന്ന് എത്ര വ്യക്തമായി ചോദിക്കുന്നു. സ്വർഗ്ഗത്തിൽ നിന്നും ലഭിക്കാനുള്ളത് സകലവും കർത്താവ് നമുക്ക് തന്നു. അത് കൈനീട്ടി വാങ്ങിക്കാതെ, കർത്താവിന് ഇഷ്ടമില്ലാത്ത ഈ ലോകത്തിന്റെ ഭോഗേച്ഛകളിൽ കടിച്ചു തൂങ്ങിയല്ലേ നമ്മുടെ ശണ്ഠയും, കലഹവും. സ്വന്തം വീട്ടിൽ ഉണ്ടാകുന്ന ശണ്ഠയും, കലഹവും പരിഹരിക്കാൻ ക്രിസ്തു ഇല്ലാത്തവർക്ക് കഴിയുന്നുണ്ട് എങ്കിൽ നമുക്ക് എന്തുകൊണ്ട് കഴിയുന്നില്ല?

യാക്കോബ് 4 ന്റെ 2 ൽ “നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല”. സ്വർഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹങ്ങളും വേണ്ട എന്ന് വെച്ചിട്ടാണല്ലോ ഈ ലോകത്തിലെ താൽക്കാലിക നന്മകൾക്കും, പദവികൾക്കും വേണ്ടി നാം ശണ്ഠകൂടുന്നത്.
എന്നിട്ടോ?.ഒന്നും കിട്ടുന്നില്ല എന്നതാണ് വാസ്തവം.

യാക്കോബ് 4 ന്റെ 3 ൽ “നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല”. ഒരുപക്ഷെ നമ്മുടെ ലക്ഷ്യം ആത്മീകമായിരിക്കാം. പക്ഷെ, അത് ദൈവം തന്നതിന് അപ്പുറമാണ് നമ്മുടെ നോട്ടം എങ്കിൽ?
കർത്താവിന്റെ വീണ്ടും വരവ് എന്ന വിഷയത്തിൽ A. K VARGHESE സാറിനെപ്പോലെ, M. M സഖറിയ സാറിനെപ്പോലെ പഠിച്ചു മിടുക്കനായി കൺവെൻഷൻ വേദിയിൽ പ്രസംഗിക്കണം എന്ന് എനിക്ക് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു. ആ പദവി എനിക്ക് ലഭിച്ചില്ല,

കൺവെൻഷൻ വേദികളിൽ പാടുന്ന ഒരു പാട്ടുകാരനാകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്. നടന്നില്ല പാട്ടിന്റെ നാല് അയൽവക്കത്തുകൂടെ പോകാൻ ഭാഗ്യമുണ്ടായില്ല.

നല്ല ആർട്ടിസ്റ്റ് ആയി കർത്താവിന് വേണ്ടി വരയ്ക്കണം, എഴുതണം എന്നൊക്കെ കൊതി ഉണ്ടായിരുന്നു. നല്ല കയ്യക്ഷരം പോലും കിട്ടിയില്ല. ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കുന്ന അവസ്ഥയാണ് എന്റേയും നിങ്ങളുടേതും. കിട്ടിയ കൃപാവാരം ജ്വലിപ്പിച്ചു ജീവിക്കുകയത്രെ വേണ്ടത്.

ആത്മീകർ എന്ന് പറയുന്നവർ തമ്മിൽ സ്വർഗ്ഗീയ കാര്യങ്ങൾക്ക് വേണ്ടി ഒരിക്കലും വഴക്കുണ്ടാക്കാറില്ല. എന്തുകൊണ്ടെന്നാൽ, സ്വർഗ്ഗത്തിലെ സകല കാര്യങ്ങളും നിർവ്വഹിക്കുന്നത് കർത്താവും, ദൂതന്മാരുമാണ്. നമുക്ക് അവിടെ ഒരു റോളും ഇല്ല. പിന്നെ എന്തിനാണ് നാം തമ്മിൽ വഴക്കുണ്ടാക്കുന്നത് ? നമ്മുടെ വഴക്ക് സഭയുടെ പേരിലാണെങ്കിൽ, വിശ്വാസികളുടെ പേരിലാണെങ്കിൽ, സഭാ ഹാളിന്റെയോ, സ്തോത്രവഴിപാടുകളുടെയോ, സുവിശേഷപ്രവർത്തനത്തിന്റെ പേരിലാണെങ്കിൽ പോലും അതെല്ലാം കർത്താവിന് വേണ്ടിയല്ല, നമ്മുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നുള്ള വല്ലാത്ത യാചനയാണ്.

യോസേഫ് തന്റെ സഹോദരന്മാർക്കും, സകല കുടുംബത്തിനും വേണ്ടി സകലവും കരുതിയിട്ട് ആണ് പറഞ്ഞയക്കുന്നത്. ഇനി നിങ്ങൾ വഴിയിൽ വെച്ച് ശണ്ഠ കൂടുന്നു എങ്കിൽ അല്ലയോ ജോസഫിന്റെ സഹോദരന്മാരെ അത് നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വേണ്ടി മാത്രമാകയാൽ അത് വല്ലാതെയുള്ള യാചിക്കലാണ് എന്ന് തിരിച്ചറിയാൻ VOICE OF SATHGAMAYA യുടെ ഈ ചെറിയ ലേഖനം വായനക്കാരായ നമ്മെ എല്ലാവരെയും സഹായിക്കട്ടെ.

Comments (0)
Add Comment