ജീവരക്ഷക്കായി ദൈവം അയച്ചത് ആരെ?

ഷിബു കൊടുങ്ങല്ലൂർ

ജീവരക്ഷക്കായി ദൈവം അയച്ചത് ആരെ? എന്ന ഒരു ചോദ്യത്തോടെ നമുക്ക് ഇന്നത്തെ ചിന്ത ആരംഭിക്കാം.

ഉല്പത്തി പുസ്തകം 45 ന്റെ 4 ൽ “യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ”. ഈ വാക്യങ്ങളുടെ മുൻപിലുള്ള ചരിത്രം അറിയാവുന്നവർക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു.

തന്റെ അപ്പന്റെ കുടുംബത്തിൽ ആണും പെണ്ണുമായി 13 മക്കൾ ഉള്ളതിൽ മക്കളിൽ പന്ത്രണ്ടാമനായ യോസേഫ് ശേഷം സഹോദരന്മാരായ 10 പേരോടും കൂടെ പറയുകയാണ് ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആണ്.

പണ്ടൊരിക്കൽ അപ്പൻ എന്നെ കൂടുതൽ സ്‌നേഹിച്ചു എന്ന് പറഞ്ഞിട്ട്, എനിക്ക് നല്ല ഒരു അങ്കി വാങ്ങി തന്നു എന്ന കാരണത്താൽ, നിങ്ങളിൽ ചിലരുടെ ദുഃശീലം ഞാൻ അപ്പനോട് പറഞ്ഞതുകൊണ്ടൊക്കെ, കൂടാതെ ദൈവം എനിക്ക് കാണിച്ചുതന്ന ചില സ്വപ്‌നങ്ങൾ എന്റെ കൂടപ്പിറപ്പുകളായ നിങ്ങളോട് പറഞ്ഞപ്പോഴൊക്കെ നിങ്ങൾക്ക് എന്നോട് അടങ്ങാത്ത പക ഉണ്ടായിരുന്നു എന്ന് സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല. ഒറ്റയ്ക്ക് കിട്ടിയാൽ കൊന്ന് കളയണമെന്ന ആഗ്രഹം നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് ഈ നിഷ്കളങ്കനായ ഞാൻ അറിഞ്ഞിരുന്നു എങ്കിൽ, നമ്മുടെ അപ്പൻ വളരെ താല്പര്യത്തോടെ നിങ്ങളുടെ അടുത്തേക്ക്, നിങ്ങൾക്ക് വേണ്ടുന്ന അപ്പവുമായി എന്നെ പറഞ്ഞുവിട്ടപ്പോൾ തുള്ളിച്ചാടി ഞാൻ വരുമായിരുന്നോ ചേട്ടന്മാരെ?

ഉല്പത്തി 37 ന്റെ 16 നിങ്ങൾ ഒന്ന് വായിച്ചു നോക്കൂ, നിങ്ങളെ തേടി ഞാൻ ചുറ്റിക്കറങ്ങുന്നത് കണ്ട ഒരാൾ എന്നോട് “നീ എന്ത് നോക്കുന്നു?” എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു ആത്മാർത്ഥമായി ചോദിച്ചു നിങ്ങളെ തേടി എത്ര ആത്മാർത്ഥമായിട്ടാണ് വന്നത്. നിങ്ങൾ എന്നെ കൊല്ലും എന്ന് എനിക്ക് ഒട്ടും സംശയം തോന്നിയില്ലല്ലോ, അങ്ങനെ സംശയം തോന്നിയാൽ ഞാൻ അപ്പനോടും സൂചിപ്പിച്ചേനെ, അല്ലെങ്കിൽ നമ്മുടെ കൊച്ചനുജനായ ബെന്യാമീനെയെങ്കിലും ഞാൻ കൂടെ കൂട്ടുമായിരുന്നു. എന്റെ ശുദ്ധഹൃദയം, നിഷ്കളങ്കത നിങ്ങൾ കണ്ടില്ലല്ലോ?. ഏതായാലും എന്നെ കൊല്ലാനുള്ള ആയുധങ്ങളൊക്കെ നിങ്ങളുടെ കയ്യിൽ ഉണ്ടായിട്ടും, രൂബേൻ ചേട്ടനും, യെഹൂദാ ചേട്ടനുമൊക്കെ അല്പം മനസ്സലിവ് കാണിച്ചതുകൊണ്ട് എന്നെ നിങ്ങൾ ഇസ്മായെല്യർക്കു അടിമയായി വിറ്റു. അവർ എനിക്ക് ദോഷം ഒന്നും ചെയ്തില്ല, നല്ല ലാഭം അവർക്ക് കിട്ടിയപ്പോൾ അവർ എന്നെ ഫറവൊന്റെ അകമ്പടി നായകനായ പൊത്തിഫേരിന് വിറ്റു. അയാൾ എന്നെ ആത്മാർത്ഥമായി സ്‌നേഹിച്ചു. നല്ല ജോലി തന്നു. പക്ഷെ, അവിടത്തെ യജമാനത്തി ആള് ശരിയല്ല. അവൾ എന്നെ പാപത്തിലേക്കു താല്പര്യപൂർവ്വം ക്ഷണിച്ചു. അവൾ ഒരു പാപിനി എന്നതിനേക്കാൾ ക്രൂരതയുള്ള പിശാച് ആയിരുന്നു എന്ന് ഞാൻ അന്ന് അറിഞ്ഞില്ല. ഒഴിഞ്ഞു മാറിയാൽ അവൾ പിന്മാറുമെന്ന് ഞാൻ കരുതിയത് എനിക്ക് വിനയായി. അത് എനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം.

ആ സ്ത്രീ വൃത്തികെട്ടവൾ ആണെന്ന് ഞാൻ അറിഞ്ഞിട്ടും ഞാൻ അത് ആരോടും പറഞ്ഞില്ല. ആ സ്ത്രീയെ ഞാനായിട്ട് മോശക്കാരിയാക്കരുതല്ലോ എന്ന് ചിന്തിച്ചു. ഒരു മോശക്കാരി സ്ത്രീ ആണ് എന്റെ യജമാനന്റെ ഭാര്യ എന്ന് ഞാൻ യജമാനനോട് എങ്കിലും സൂചിപ്പിച്ചാൽ മതിയായിരുന്നു. അവളുടെ താല്പര്യം നടക്കാത്തതിന്റെ കടുത്ത വൈരാഗ്യത്താൽ അവൾ നിരപരാതിയായ എന്നെ കുറ്റക്കാരനാക്കി. ഞാൻ കുറ്റക്കാരനായി. വേണമെങ്കിൽ എന്റെ യജമാനന് എന്നെ തൂക്കി കൊല്ലുവാൻ മതിയായ അത്ര വലിയ കള്ളത്തെളിവുകളാണ് അവൾക്ക് നിരത്താൻ കഴിഞ്ഞത്.

ഇന്നത്തെപ്പോലെയുള്ള സമൂഹമാധ്യമങ്ങൾ അന്നില്ല എങ്കിലും അന്നത്തെ വാർത്താവിതരണക്കാരുടെ ഫ്രണ്ട് പേജ് വാർത്തയായി അത് ഒരു വലിയ ആഘോഷമായിരുന്നു.

സമൂഹമദ്ധ്യേ ഞാൻ ഏറ്റവും വഷളാനായി. എന്റെ കൂടെ ജോലി ചെയ്തവർ, എന്റെ കീഴിൽ ജോലി ചെയ്തവരെല്ലാം എന്നെ വെറുത്തു. കർത്താവ് ഈ നിന്ദയെല്ലാം സഹിക്കാൻ എനിക്ക് കൃപ നൽകി. ഞാൻ ഒത്തിരി നാളുകൾ ഇരുട്ടറയ്ക്ക് തുല്യമായ ജയലിൽ കിടന്നു. താടിയും മുടിയും നീണ്ടു വികൃതരൂപം ഉള്ളവനാണെങ്കിലും കാരാഗ്രഹപ്രമാണി എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു. അതുകൊണ്ട് എനിക്ക് അവിടെ ഉത്തരവാദിത്വപ്പെട്ട തൊഴിലുകൾ ചെയ്യാൻ കഴിഞ്ഞു.

അന്ന് ഞാൻ രണ്ട് സ്വപ്നം കണ്ടപ്പോൾ നിങ്ങൾ എന്നെ പകച്ചു.

കാരാഗ്രഹത്തിലെ രണ്ടുപേർ ഓരോരോ സ്വപ്നം കണ്ടപ്പോൾ ഞാൻ വ്യാഖ്യാനിച്ചു കൊടുത്തു.

അനേകവർഷങ്ങൾക്ക് ശേഷം ഒരേ ദിവസം രണ്ട് സ്വപ്നങ്ങൾ കണ്ട ഫറവൊന് എന്റെ സ്വപ്നവ്യാഖ്യാനത്തിന്റെ ശ്രെഷ്ഠത മനസ്സിലായതോടെ എന്റെ സ്ഥിതിക്ക് മാറ്റം വന്നു.

നീണ്ടു ജടപിടിച്ച തടിയും, മുടിയും വെട്ടി, കുളിച്ചു കുട്ടപ്പനായി, നല്ല വസ്ത്രം ധരിക്കപ്പെട്ടവനായി ഞാൻ ഫാറാവോന്റെ മുന്നിൽ എത്തി. ഞാൻ വീണ്ടും പഴയപോലെ സുന്ദരനായി. ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ഞാൻ ഈ സ്ഥിതിയിലെത്തി.

ചേട്ടന്മാരെ, അന്ന് നിങ്ങൾ വിറ്റുകളഞ്ഞ ആ അനുജനാണ് ഞാൻ. പണ്ട് ഞാൻ ഒരു സ്വപ്നം കണ്ടപ്പോൾ നിവർന്നു നിൽക്കുന്ന ഒരു കറ്റയെ ശേഷം 13 കറ്റകൾ നമസ്കരിക്കുന്ന ആ സ്വപ്നം ആണ് ഇവിടെ നിറവേറുന്നത് എന്ന് ഇപ്പോൾ ഞാൻ അറിയുന്നു. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഉല്പത്തി 45 ന്റെ 5 ൽ ഉണ്ട്. “എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു”.

അന്ന് സുഭിക്ഷതയുടെ നടുവിൽ, ചേട്ടന്മാർ എന്ന അധികാരത്തിൽ ഇരുന്നപ്പോൾ ഈ കൊച്ചനുജനെ നിങ്ങൾ പൊട്ടക്കുഴിയിൽ ഇട്ടപ്പോൾ ഞാൻ വല്ലാതെ വേദനിച്ചു. നിങ്ങൾ എന്നെ വിറ്റപ്പോൾ, ആ വേർപാടിന്റെ ദുഃഖത്തിൽ ഞാൻ ഒത്തിരി കരഞ്ഞു. അതുകൊണ്ട് ഞാൻ പറയട്ടെ, നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ.

അന്ന് നിങ്ങൾ എത്ര പൈസക്കാണ് വിറ്റത് എന്ന് എനിക്കറിയില്ല. അന്ന് നിങ്ങൾക്ക് കിട്ടിയ ആ നിസ്സാര വെള്ളിക്കാശ് ഇപ്പോൾ നിങ്ങൾക്ക് ഒന്നും ആകില്ല എന്ന് എനിക്കറിയാം. ആയതിനാൽ ഇനി അതും ഇതും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഇത് നിങ്ങളുടെ ജീവരക്ഷക്കായി എന്ന് മാത്രം കരുതിയാൽ മതി.

Comments (0)
Add Comment