ക്രിസ്തുമസ്സ് നല്കുന്ന സ്വർഗ്ഗീയ സന്ദേശം

സുവി. സാം സഖറിയ കൊട്ടാരക്കര

“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം”

ഒരു ക്രിസ്തുമസ്സ് കാലം കൂടി വന്നണഞ്ഞു. എല്ലാവരും വളരെ ആഘോഷതിമിർപ്പിലാണ്. എന്താണ് യഥാർത്ഥ ക്രിസ്തുമസ്സ് എന്ന യാഥാർത്ഥ്യം പലരും മനസ്സിലാക്കുന്നില്ല. ഒന്ന് ആഘോഷിക്കാൻ പറ്റിയ സമയം എന്ന നിലയിൽ എല്ലാവരും തിന്നും കുടിച്ചും നക്ഷത്ര വിളക്കുകൾ തെളിയിച്ചും പുൽകൂടുകൾ ഉണ്ടാക്കിയും കരോൾ സർവ്വീസുകളുമായി ഒക്കെ ക്രിസ്തുമസ്സിനെ വരവേൽക്കുന്നു. വ്യാപാര മേഖലകൾ ഉണർന്നു പ്രവർത്തിക്കുന്നു; മദ്യലോബികൾക്ക് വലിയ സന്തോഷം; ആളുകൾ ഏറ്റവും അധികം മദ്യപിക്കുന്നത് ഈ ദിവസങ്ങളിലാണ്. ഇതൊക്കെയാണ് ക്രിസ്തുമസ്സ് എന്ന തെറ്റായ സന്ദേശം പുതു തലമുറയ്ക്ക് കൈമാറുന്നു.

എന്നാൽ ആദ്യത്തെ ക്രിസ്തുമസ്സ് സന്ദേശം എന്തായിരുന്നു? വിശുദ്ധ ബൈബിൾ അത് വ്യക്തമാക്കുന്നു. ഒരു കൂട്ടം ആട്ടിടയന്മാർ ആടുകളെ കാവൽകാത്ത് വെളിയിൽ പാർക്കുമ്പോൾ ഒരു ദൂതൻ അവരുടെ അരികിൽ നിലക്കുന്നു; സ്വർഗ്ഗീയ തേജസ്സ് അവരെ ചുറ്റി മിന്നുന്നു. “ഭയപ്പെടേണ്ട സർവ്വ ജനത്തിനും വരുവനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു, കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. അപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്നു ദൈവത്തെ പുകഴത്തികൊണ്ട് “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം എന്ന് ഏറ്റു പാടുന്നു. ക്രിസ്തുവിന്റെ തിരുപ്പിറവി നല്കുന്ന യഥാർത്ഥ സന്ദേശം ഈ വാക്കുകളിൽ ദൈവാത്മാവ് നമുക്ക് നല്കിയിരിക്കുന്നു.

  1. ഭയം നീക്കുന്ന സന്ദേശം

പാപം നിമിത്തമാണ് മനുഷ്യനിൽ ആദ്യമായി ഭയമുണ്ടായത്. ആദം ഹവ്വമാർ പാപം ചെയ്തതിനാൽ അവർ ഭയപ്പെട്ടു ദൈവത്തിൽ നിന്ന് മറഞ്ഞിരുന്നു. അന്നുമുതൽ പാപത്തിന്റെ അനന്തര ഫലം ഓർത്ത് ഭയപ്പെട്ടു കഴിയുന്നവരാണ് മനുഷ്യ വർഗ്ഗം. ആ ഭയത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാൻ വേണ്ടിയാണ് ക്രിസ്തു ജനിച്ചത്. പാപത്തിന് പരിഹാരം വരുന്നതോ ഭയം നീങ്ങി മനുഷ്യർക്ക് ദൈവപുത്രനുമായുള്ള സഖിത്വത്തിലേക്കും കൂട്ടായ്മയിലേക്കും വരുവാൻ കഴിയും.

  1. സന്തോഷം നല്കുന്ന സന്ദേശം

പാപത്തിന്റെ മറ്റൊരു പ്രത്യാഘാതമാണ് സന്തോഷം നഷ്ടപ്പെടുക എന്നത്. പാപത്തിൽ സന്തോഷിക്കുന്നവർക്ക് യഥാർത്ഥ സന്തോഷം അനുഭവിക്കുവാന് കഴിയുകയില്ല. പാപം നിത്യമായ ദുഖത്തിലെക്കാണ് മനുഷ്യനെ തള്ളിവിടുന്നത്. നമുക്ക് ചുറ്റും വർദ്ധിച്ചുവരുന്ന കൊള്ളയും കൊലപാതകവും അക്രമ സംഭവങ്ങളും നിമിത്തം ജീവിതകാലം മുഴുവൻ ദുഖമനുഭവിക്കേണ്ടി വരുന്നവർ ആയിരങ്ങളാണ്. അതിലുപരി പാപം നിമിത്തം അവരുടെ ആത്മാവിന് മോക്ഷം ലഭിക്കാതെ നിത്യ ദണ്ഡനത്താൽ കഴിയേണ്ട ദുർവിധിയും. എന്നാൽ ക്രിസ്തുവിൽ നമ്മുടെ മരണഭയം നീങ്ങി ആത്മ സന്തോഷം അനുഭവിക്കാൻ കഴിയും.

  1. സർവ്വജനത്തിനുമുള്ള രക്ഷാ സന്ദേശം

“ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായ് ജനിച്ചിരിക്കുന്നു” എന്നത് സർവ്വ ജനത്തിനുമുള്ള രക്ഷാ സന്ദേശവുമാണ്. ‘ലോകരക്ഷകൻ’ എന്ന് വിശേഷിപ്പിക്കുവാൻ കഴിയുന്നത് യേശുക്രിസ്തുവിനെ മാത്രമാണ്. ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗം വിത്യാസം കൂടാതെ ഏവർക്കുമുള്ള ഒരേ ഒരു രക്ഷിതാവ്; ദൈവം മനുഷ്യനായി മണ്ണിലവതരിച്ച് മനുഷ്യ വർഗ്ഗത്തിന്റെ മോക്ഷത്തിന് വേണ്ടി സ്വയം ബലിയായി അർപ്പിച്ചു മരിച്ചടക്കപ്പെട്ടുവെങ്കിലും മൂന്നാം നാൾ ഉയിർത്തേഴുന്നേറ്റ് മഹത്വത്തിന്റെ മകുടം കൂടി മഹിമയിൽ വാഴുന്ന രക്ഷിതാവ്; തന്നിൽ വിശ്വസിക്കുന്ന ഏവർക്കും പാപമോചനം നല്കി ഇന്നും വിരാജിക്കുന്ന രക്ഷിതാവ്, പാപ മോചന സൌഭാഗ്യം അനുഭവിച്ചു പ്രത്യാശയോടെ കാത്തിരിക്കുന്ന തന്റെ ഭക്തരെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുവാൻ വീണ്ടും വരുമെന്ന് വാഗ്ദാനം നല്കിയ രക്ഷിതാവ് – ഈ നല്ല രക്ഷിതാവിനെ താങ്കളുടെ ജീവിതത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടോ?

  1. സമാധാനം നല്കുന്ന സന്ദേശം

ആർക്കാണ് സമാധാനം? ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക്. ആരിലാണ് ദൈവം പ്രസാദിക്കുന്നത്? ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തികൾ ചെയ്യുന്നവരിൽ. ഒരിക്കൽ കർത്താവിന്റെ ശിഷ്യന്മാർ ചോദിച്ചു, “ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തികേണ്ടത് ഞങ്ങൾ എന്ത് ചെയ്യേണം? അതിനു മറുപടിയായി കർത്താവ് പറഞ്ഞത് ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നത്രേ. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”.

ദൈവത്തിനിഷ്ടമില്ലാത്ത പാപ പ്രവൃത്തികൾ ചെയ്ത് ജീവിക്കുന്നവർക്ക് ഒരിക്കലും സമാധാനം ഉണ്ടാകയില്ല. യേശുക്രിസ്തു പറഞ്ഞു: സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ചു പോകുന്നു; ലോകം തരുന്നത് പോലെയല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. മദ്യത്തിനോ മയക്കുമരുന്നിനോ മറ്റ് ലൌകിക സുഖങ്ങൾക്കൊ നല്കുവാൻ കഴിയാത്ത യഥാർത്ഥ സമാധാനം ക്രിസ്തുവില് നിങ്ങൾക്ക് ലഭ്യമാകുന്നു.

ക്രിസ്തുമസ്സ് നല്കുന്ന യഥാർത്ഥ സന്ദേശം ഉൾകൊണ്ടുകൊണ്ട് ക്രിസ്തുവിലുള്ള സ്വർഗ്ഗീയ സമാധാനം അനുഭവിക്കുവാൻ ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ.

Comments (0)
Add Comment