കത്തു വിവാദം കത്തി നിൽക്കുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ട അത്യുത്തമ കത്ത്

ഫിലിപ്പ് വർഗീസ് 'എരിയൽ', സെക്കന്തരാബാദ്

കത്തെഴുത്തിൻറെ കാലം കാലയവനികക്കുള്ളിൽ മറഞ്ഞു എന്ന് കരുതിയിരുന്ന ഈ കാലഘട്ടത്തിൽ ഇതാ ആ പഴയകാല കത്തെഴുത്തിനെ ഓർമ്മിപ്പിക്കുന്ന ഒരു വിവാദം കത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം മേയർ എഴുതിയതെന്നു പറയുന്ന കത്തിനു പിന്നാലെ ഇപ്പോൾ കത്തുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായിരിക്കുന്നു, ഏറ്റവുമൊടുവിൽ ഗവർണ്ണർ സർക്കാരിനയച്ച കത്തിൽ കത്തു വിവാദം എത്തി നിൽക്കുന്നു.

ഈ ലോകത്തിലെ സ്ഥാനമാനങ്ങൾക്കായി, മുതൽക്കൂട്ടുകളക്കായി പരസ്പരം കടിപിടി കൂടുന്ന ഒരുകൂട്ടർ, ചെയ്യാവുന്നതെല്ലാം ചെയ്തു കൂട്ടുന്നു.

അതിനുപിന്നാലെ ചർച്ചകളും സമരങ്ങളും ഏറ്റുമുട്ടലുകൾ വരേയും നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ നാം എത്തി നിൽക്കുന്നു.

ചുരുക്കത്തിൽ മണ്മറഞ്ഞു പോയി എന്ന് കരുതിയ കത്തെഴുത്ത് പൂർവ്വാധികം, ശക്തിയോടെ, കരുത്താർജ്ജിച്ചു വീണ്ടും വന്നിരിക്കുന്നു.

എന്തിനധികം, കത്തിൻറെയും കത്തെഴുത്തിൻറെയും ബഹളത്തിൽ കേരളം ജനത മുങ്ങി നിൽക്കുന്ന ഇത്തരുണത്തിൽ എൻ്റെ ചിന്ത പെട്ടന്ന് കടന്നുപോയത് നൂറ്റാണ്ടുകൾക്കപ്പുറത്തേക്കാണ്!

മാനവ ജാതിയുടെ രക്ഷക്കായി സൃഷ്ടാവാം ദൈവം പുറപ്പെടുവിച്ച അല്ലെങ്കിൽ എഴുതിയ ചില കത്തുകളുടെ സമാഹാരത്തെപ്പറ്റിയാണതു.

നാളതുവരെ ആരും അറിയാത്ത, ആരും എഴുതാത്ത അത്ഭുതകാര്യം ആ കത്തുകളിലൂടെ ദൈവം പ്രസിദ്ധമാക്കി!

ദൈവം തിരഞ്ഞെടുക്കപ്പെട്ട തൻ്റെ മക്കളിലൂടെ അത് എഴുതി ലോകജനതക്കു അത് ലഭ്യമാക്കി!

അതത്രെ ഒരിക്കലും മാറ്റമില്ലാത്ത തിരുവചനം എന്നറിയപ്പെടുന്ന ബൈബിൾ.

വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള നാൽപ്പതിലധികം എഴുത്തുകാരാൽ (അവർ തമ്മിൽ പരസ്പരം അറിയാത്തവർ) പരിശുദ്ധാൽമ നിയന്ത്രണത്താൽ അതെഴുതപ്പെട്ടു!
പരിശുദ്ധാൽമ നിയന്ത്രണത്താൽ ഇത് എഴുതപ്പെട്ടതിനാൽ ഇതിനെ “തിരുവെഴുത്ത്” എന്ന് വിളിക്കുന്നു.

ആ കത്തുകളിലെ വരികളിലൂടെ കടന്നു പോകുന്നവൻ നിത്യജീവനു അവകാശികളായി മാറുന്നു.

ഇപ്പോൾ നാം കേൾക്കുന്ന കത്തുവിവാദങ്ങൾ കാലക്രമേണ കെട്ടടങ്ങുന്നവയത്രെ, അഥവാ, വിസ്‌മരിക്കപ്പെടുന്നവയത്രെ!

എന്നാൽ ഒരിക്കലും കെട്ടടങ്ങാത്ത, വിസ്മരിക്കപ്പെടാതെ, എന്നേക്കും നിലനിൽക്കുന്ന ഒന്നത്രേ ഈ വിശുദ്ധ വചനത്തിലെ കത്തുകളുടെ സമാഹാരം.

ഈ കത്തുകളിൽ ഈ ലോകത്തിൽ ഇന്ന് കാണുന്ന സകല കാര്യങ്ങളും പരാമർശിക്കപ്പെട്ടിരിക്കുന്നു, ഒപ്പം, സംഭവിപ്പാൻപോകുന്നതും, പരലോകത്തിൽ കാണുവാൻ പോകുന്നതും വ്യക്തമായ ഭാഷയിൽ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നതത്രേ ഏറ്റവും അത്ഭുതകരമായ കാര്യം.

ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന സത്യങ്ങൾ ഗ്രഹിച്ചു അതിൻപ്രകാരം ജീവിക്കുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ മനുഷ്യ മനസ്സിനു ഊഹിക്കുവാൻപോലും കഴിയാത്ത ഒന്നത്രേ!

അതെ ഇതിലെ കാതലായ വിഷയം പിൻപറ്റുന്നവർക്കു ലഭിക്കുന്ന ഭാഗ്യം അത് ഈ ലോകത്തിൽ മറ്റൊന്നിനും, മറ്റാർക്കും നൽകുവാൻ കഴിയുന്നതല്ല.

നിത്യനരകത്തിനു അർഹരായ മാനവരാശിയെ നിത്യജീവനു അവകാശികളാക്കുന്ന നിർമ്മല സുവിശേഷം, അഥവാ, സത്യം ഇതിലെ വരികളിലൂടെ വ്യക്തമാക്കിയിരിക്കുന്നു.

അതിലെ സത്യങ്ങൾ അറിയുകയെന്നതും അത് പിൻപറ്റുകയെന്നതും ഒരു മനുഷ്യന് ഈ ലോകത്തിൽ ലഭിക്കാവുന്ന ഏറ്റവും ശ്രെഷ്ഠമായ ഒന്നത്രേ!

ഈ കത്തിൻറെ ഉപജ്ഞാതാവായ കർത്താവിനെ അറിയുകയും, ആ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുക എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ കാര്യം തന്നെ എന്നതിൽ രണ്ടു പക്ഷമില്ല.

ഒരു വ്യക്തി സർവ്വലോകവും നേടിയാലും തൻ്റെ ആത്മാവിനെ നഷ്ടമാക്കിയാൽ അവനു എന്ത് പ്രയോജനം എന്ന് ഈ തിരുവെഴുത്തു തന്നെ വ്യക്തമാക്കന്നു.

ഇത് വായിക്കുന്ന നിങ്ങൾ ഇതുവരെ ഈ കത്തിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെട്ടിട്ടില്ലെങ്കിൽ ഇന്ന് തന്നെ അതിനു തയ്യാറാവുക.

ഈ കത്തുകളിലെ സ്നേഹവചനങ്ങൾ ഗ്രഹിക്കുക,സ്വീകരിക്കുക, അനുഗ്രഹം പ്രാപിക്കുക.

ഈ ലോകത്തിലെ മറ്റൊരു കത്തും, അതിലെ സാരാംശങ്ങളും ഈ കത്തിനു തുല്യമാവുകയുമില്ല.

നിങ്ങൾ ആഗ്രഹിക്കുന്ന ഫലം നൽകുവാൻ അത്തരം കത്തുകൾക്ക് കഴിയുകയുമില്ല, എന്നാൽ പരിശുദ്ധാമാവിനാൽ എഴുതപ്പെട്ട തിരുവെഴുത്തിലെ ഈ വചനങ്ങൾ വായിക്കുന്ന, ഗ്രഹിക്കുന്ന, അനുസരിക്കുന്ന ഏതൊരാൾക്കും ഈ ലോകത്തിലും പരലോകത്തിലും അനുഗ്രഹം ലഭ്യമാകുന്നു.
അതത്രെ ഈ ലോകത്തിലെ കത്തുകളും ഈ കത്തുകളും തമ്മിലുള്ള അന്തരം.

ഇതറിയുക, ലോകസൃഷ്ടാവിൽ നിന്നും ലഭിച്ച ഈ അമൂല്യ സമ്പത്തു, സ്വന്തമാക്കുക, ഈ കത്ത് ദിനംതോറും വായിക്കുക, ധ്യാനിക്കുക, സ്വർഗ്ഗീയ സമാധാനവും സന്തോഷവും സ്വായത്തമാക്കുക
കർത്താവതിനേവർക്കും സഹായിക്കട്ടെ.
ആമേൻ .

 

കത്ത്