ഞാൻ കുടിക്കേണ്ട പാനപാത്രം!!!

യേശു പത്രോസിനോട്-“പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്ന് പറഞ്ഞു”(യോഹ.18:11).

ഗത്സമേനെ തോട്ടം – ഏറ്റവും വേദന ജനകമായ അനുഭവത്തിലൂടെ നമ്മുടെ കർത്താവ്‌ കടന്നുപോയ സ്ഥലം. വലിയ മാനസീക വ്യഥയാൽ നിറഞ്ഞു തന്റെ വിയർപ്പു തുള്ളികൾ, നിലത്തുവീഴുന്ന വലിയ ചോരതുള്ളികൾ പോലെയായിതീർന്ന സ്ഥാനം. മൂന്നു വട്ടം നിലത്തു വീണ് കിടന്നു പിതാവിനോട് കേണപേക്ഷിച്ചിട്ടും ലഭിച്ച മറുപടി വ്യത്യസ്തമായിരുന്നു. ദൈവം മൗനമായ ആ സ്ഥലത്തു പത്രോസ് തന്റെ സ്വയപരിശ്രമമെന്ന വാൾ ആഞ്ഞു വീശി തന്റെ കർത്താവിനെ രക്ഷിക്കാൻ ഒരു അവസാന അടിയന്തര ശ്രമം നടത്തുന്നുണ്ട്. അപ്പോൾ കർത്താവ്‌ അവനോടു പറഞ്ഞ വാക്കുകൾ ആണ് മുകളിലത്തെ വാക്യം.”പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ”?അതേ!ദൈവം നമുക്കൊരോരുത്തർക്കും വ്യത്യസ്തമായ പാനപാത്രങ്ങൾ കുടിക്കുവാൻ അനുവദിച്ചേക്കാം. ഏറെ ഭാരത്തോടെ പ്രാർത്ഥിച്ചിട്ടും, നാം ആഗ്രഹിച്ച ഉത്തരമൊന്നും വന്നില്ലെങ്കിലും ഭാരപ്പെടേണ്ട! -അതിലൂടെ കടന്നുപോകാനുള്ള വിധേയത്വം നാം പ്രകടിപ്പിച്ചാൽ നമ്മുടെ കഷ്ടങ്ങൾ എത്ര ഭയങ്കരമായിരുന്നാലും, അതിലൂടെ വലിയ ആത്മീക നന്മകൾ കൈവരും എന്നതിന്റെ പരസ്യമായ തെളിവാണ് ക്രൂശ്. പിതാവ് എനിക്കായി അനുവദിച്ചിരിക്കുന്ന ഏതവസ്ഥയിലൂടെയും കടന്നു പോകുവാൻ, ദൈവമേ! എന്നെ ശക്തീകരിക്കേണമേ! എന്നെ ബലപ്പെടുത്തേണമേ! ആമേൻ.

Comments (0)
Add Comment