തീച്ചൂളയിൽ നിന്ന് പുറത്തു വരുന്നത്!!!

സങ്കീർത്തനങ്ങൾ 88:9

എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു.

ലോകം ഈ നാളുകളിൽ എത്രമാത്രം വലിയ ദു:ഖത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രകടിപ്പിക്കാൻ  വാക്കുകൾ അപര്യാപ്തമാണ്, അല്ലേ? പക്ഷെ ഒരു കാര്യം സത്യമാണ്. സങ്കീർത്തനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടത് മരുഭൂമിയിലെ മഹാകഷ്ടങ്ങളിലും ഏകാന്തകളിലുമാണ്. മിക്ക പുതിയ നിയമ ലേഖനങ്ങളും എഴുതപ്പെട്ടത് കഷ്ടങ്ങളുടെ നടുവിലും തടവറകൾക്കുള്ളിലും വച്ച് ആയിരുന്നല്ലോ. ഉന്നതമായ അനേക ആത്മീക സത്യങ്ങൾ ഭക്തൻമാർക്ക് ബോധ്യമാക്കപ്പെട്ടതും, ശക്തമായ ആത്മീക നിർണയങ്ങൾ അവർ ക്ക് ജീവിതത്തിൽ എടുക്കുവാൻ കാരണമായി തീർന്നതും,നാമിന്നു പാടി ആശ്വസിക്കുന്ന അനേക മനോഹര ഗാനങ്ങളും ഉത്ഭവിക്കപ്പെട്ടതും ആ എഴുത്തുകാരുടെ തീച്ചൂളയുടെ അനുഭവകാലങ്ങളിൽ ആയിരുന്നല്ലോ. ദൈവത്തിനായി എഴുതപ്പെട്ട ഏറ്റവും മനോഹര സൃഷ്ടികളെല്ലാം രൂപപ്പെട്ടത് ദൈവം അവരെ കടത്തിവിട്ട കഷ്ടത എന്ന പാഠ ശാലകൾക്കുള്ളിൽ വച്ച് ആയിരുന്നു.

“പരദേശി മോക്ഷയാത്ര” എഴുതുവാൻ ജോൺ ബനിയനു കാരണമായിത്തീർന്നതിനു ബെഡ്‌ഫോർഡ് ജയിലിനോട് അദ്ദേഹം എന്നും നന്ദി പറയാറുണ്ടായിരുന്നത്രെ. കഷ്ടങ്ങളാൽ ബാധിതനായ ക്രിസ്ത്യാനിയെ! നീ അവനിൽ ആശ്വസിച്ചു കൊൾക!  ദൈവം ഒരു വ്യക്തിയെ പ്രബലമായി ഉപയോഗിക്കാൻ പോകുന്നതിനു മുൻപ്, അവരെ തീയിൽ ഇട്ടു ശുദ്ധി ചെയ്തെടുക്കുക എന്നുള്ളത് അവരിൽ നിന്ന് പൊന്നു പുറപ്പെട്ടു വരുന്നതിന് അനിവാര്യമായതാണ് !!!

Comments (0)
Add Comment