ഭംഗമില്ലാത്ത പ്രത്യാശ !

സാം പോൾ, കുന്നക്കുരുടി

എബ്രായർ 10: 23

പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.

ഈ ലോകത്തിലെ പരീക്ഷണങ്ങളും, കഷ്ടങ്ങളും, വെല്ലുവിളികളും ഒരു വിശ്വാസിക്ക് വാഗ്ദത്തം ചെയ്യപ്പെട്ടവയാണ്. നമ്മുടെ ശത്രുക്കളിൽ നിന്ന് ഉടനടി വിടുതൽ ലഭിക്കുമെന്ന് ദൈവം എല്ലായ്‌പ്പോഴും ഉറപ്പുനൽകുന്നില്ല എങ്കിലും, എല്ലാ ക്ലേശങ്ങളും സഹിക്കുവാനും, നമ്മുടെ ആത്മാവിനെ നിലനിറുത്തുവാനും മതിയായ കൃപ നമുക്ക് ഉറപ്പായും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നമുക്ക് എന്ത് സംഭവിച്ചാലും, നമ്മുടെ കഷ്ടതകൾക്കിടയിലും നമുക്ക് സന്തോഷവും, സമാധാനവും, ജ്ഞാനവും, പ്രത്യാശയും പ്രദാനം ചെയ്യുവാൻ പരിശുദ്ധാത്മാവ് നമുക്കുണ്ട്. എല്ലാം ആത്യന്തികമായി നമ്മുടെ നമ്മുടെ ഏറ്റവും വലിയ നന്മയ്ക്കായി മാറുമെന്ന കർത്താവിന്റെ വാക്ക് നമുക്കുണ്ട്. നാം അഭിമുഖീകരിക്കുന്ന ഓരോ പരീക്ഷണവും നമുക്ക് അനുവദിക്കപ്പെടുന്നത്, നന്മയും, സ്നേഹവും, ജ്ഞാനവും പരമാധികാരവുമുള്ള അവൻ്റെ കരുതലിൻ കരങ്ങളിൽ നിന്നാണെന്നു നമുക്കറിയാം. ഭൂമിയിലെ നമ്മുടെ നിയുക്ത കാലം അവസാനിക്കുമ്പോൾ, ദാവീദ് രാജാവിനുണ്ടായിരുന്നതിനേക്കാൾ ഏറ്റവും തെളിവുള്ളതും വ്യക്തവുമായ പുതിയനിയമ പ്രത്യാശയുടെ വാഗ്ദാനങ്ങൾ നമുക്കുണ്ട് എന്ന് നാം അറിയും. കർത്താവിനോടൊപ്പം പറുദീസയിൽ നിത്യകാലം ആയിരിക്കാനുള്ള ജീവനുള്ള പ്രത്യാശ നമുക്കുണ്ട്. തകർന്നുപോകാതെ നമ്മുടെ ഹൃദയങ്ങളെ കൂട്ടി ചേർത്തു നിർത്തുന്ന നൂലാണ് ദൈവത്തിലുള്ള പ്രത്യാശ എന്നോർക്കുക.

Comments (0)
Add Comment