പാപം എന്ന പരിചയക്കാരനായ സുഹൃത്ത്

സങ്കീർത്തനങ്ങൾ 51 :2 

എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ

മിക്ക വിശ്വാസികൾക്കും പാപം എന്നത് വളരെ പരിചിതമായതും ഒരൊറ്റ ഏറ്റുപറച്ചിലിൽ  മാഞ്ഞു പോയി വെണ്മയാകുന്നതുമായ  ഒരു നിസാര കാര്യമായി തീർന്നിരിക്കുന്നു എന്നത് ഇന്നത്തെ അതീവ ഗൗരവമായ ആത്മീക അടിയന്തരാവസ്ഥയുടെ ലക്ഷണമാണ്. പാപമെന്നത് ഏറ്റവും വെറുക്കപ്പെടേണ്ടതും പ്രാണത്യാഗത്തോളം എതിർത്തു നിൽക്കേണ്ടതുമായതും ഏറ്റവും അറയ്ക്കപ്പെട്ടതുമായ ഒരു കാര്യമായി വിശ്വാസികൾ അനേകരും കാണുന്നില്ല എന്നത് വലിയ അപകട സൂചന തന്നെയാണ്. അത് ഏറ്റവും അപകടകാരികളായ വന്യ മൃഗങ്ങളെക്കാൾ ആക്രമണകാരികളാണ്. സർവ്വ സംഹാരിയായ കാട്ടുതീയുടെ വ്യാപനത്തെക്കാൾ മാരക നശീകരണ സ്വഭാവമുള്ളതാണ്. ഹൃദയത്തിൽ ഉണ്ടാകുന്ന അഹങ്കാരമെന്ന ചെറിയ ഭാവം പോലും എത്രമാത്രം ഭയങ്കര പാപമാണെന്നതു അതിനെ ഗൗരവമായി കാണാതെ ശിക്ഷാവിധി വാരികൂട്ടി ഒടുവിൽ സ്വയ ബുദ്ധി നഷ്ടപ്പെട്ടുപോയിട്ടു കാട്ടിൽ കാളയെ പോലെ പുല്ലു തിന്നേണ്ടി വന്ന നെബൂഖദ്‌നേസർ രാജാവിനോട് ചോദിച്ചാൽ നന്നായി അറിയാം. ജഡത്തിന്റെ മോഹങ്ങളെ നിയന്ത്രിച്ചു ജീവിക്കാൻ കഴിയാത്ത രഹസ്യ ജീവിതത്തിലെ പാപം എത്രമാത്രം അപകടമേറിയതാണെന്നു ശിoശോനെന്ന  മനുഷ്യന്റെ ദയനീയമായ ജീവിത പരാജയം കാണുമ്പോൾ മനസിലാകുന്നില്ലേ? നാം നിസാരമെന്നു കരുതുന്ന ചെറിയ വ്യാജങ്ങളും,കപട ആത്മീക ഭാവങ്ങളും,രഹസ്യ നുണകളുമൊക്കെ ദൈവമുൻപാകെ എത്രയോ ഗൗരവമേറിയതാണെന്ന്  അതിനാൽ ജീവൻ നഷ്ടപ്പെട്ട  അനന്യാസ്, സഫീറ ദമ്പതികളുടെ തോൽവി നമ്മെ പഠിപ്പിക്കുന്നില്ലേ? എന്നിട്ടും നമുക്കെന്തേ ഇതൊന്നും പാപമായിട്ടുപോലും തോന്നാത്തത്???

Comments (0)
Add Comment