“ക്രിസ്-മിസ്സും” അനുതാപരഹിത ആണ്ടറുതിയോഗവും

ഫിലിപ്പ് വർഗീസ് 'എരിയൽ', സെക്കന്തരാബാദ്

ഒരു ആണ്ടും കൂടി നമ്മോടു വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആണ്ടിന്റെ അവസാനം വന്നെത്തുന്ന ‘ക്രിസ്മസ്’ എന്ന ക്രിസ്തുവിന്റെ ജനനോത്സവം കേക്ക് മുറിച്ചും, ആശംസകള്‍ നേര്‍ന്നും, വിവിധ തരം പരിപാടികള്‍ സംഘടിപ്പിച്ചും അനേകര്‍ (ക്രൈസ്തവരും, അക്രൈസ്തവരും) ആഘോഷിക്കുന്നു.

ലോകരക്ഷകനായ യേശു ക്രിസ്തു പാപികളേത്തേടി മനുഷവേഷം എടുത്തു ഭൂമിയില്‍ അവതരിച്ചു എന്നത് നിഷേധിക്കാനാവാത്ത ചരിത്ര സത്യമായി നില നില്‍ക്കുന്നു. എന്നാല്‍ ആ മഹത് സംഭവത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന ആഘോഷങ്ങള്‍ എല്ലാം തന്നെ വെറും ചടങ്ങുകളായും, സഭ്യത വിട്ടുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു കൊണ്ടുള്ളതുമാണ് എന്നത് ദു:ഖകരമായ ഒരു സത്യമാണ്. ക്രിസ്തുമസ് ഇന്ന് “ക്രിസ്-മിസ്സ്‌ ” ആയി മാറിയിരിക്കുന്നു. ചടങ്ങുകളില്‍ നിന്നും ക്രിസ്തു മിസ്സ്‌ ആയിപ്പോയിരിക്കുന്നു.

വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരിലും ക്രിസ്മസ് ആഘോഷം എന്ന ഈ ജ്വരം പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നത് അതിലും ഖേദകരമായ ഒരു വസ്തുതയാണ്. പല വിശ്വാസ ഭവനങ്ങളിലും സാത്താന്റെ സിമ്പല്‍ ആയി സ്ഥിരീകരിക്കപ്പെട്ട നക്ഷത്ര വിളക്കുകള്‍ ഈ വര്‍ഷവും തൂങ്ങിക്കിടക്കുന്ന ദയനീയ കാഴ്ച കാണുവാന്‍ കഴിഞ്ഞു.

ഡിസംബര്‍ 25 ന്റെ ചരിത്രം പരിശോധിച്ചാല്‍, ഇത് പുറജാതികളില്‍ നിന്നും കടന്നു വന്ന ഒരു ആചാരമാണെന്നു കാണുവാന്‍ കഴിയും. തന്നെയുമല്ല ഈ തീയതി സ്ഥിരീകരിക്കാപ്പെടാത്ത ഒരു സങ്കല്‍പ്പ ദിവസം മാത്രമാണ്. ക്ലമന്റെ ഓഫ് അലക്സാട്രിയ (A.D.180) യുടെ രേഖകളില്‍ ക്രിസ്തുവിന്റെ ജനനം ചിലര്‍ ഏപ്രില്‍ 21-നും ചിലര്‍ ഏപ്രില്‍ 22-നും മറ്റു ചിലര്‍ മെയ 20- നും ആഘോഷിച്ചതായി രേഖപ്പെടുത്തിക്കാണുന്നു. എന്നാല്‍ കിഴക്കന്‍ നാടുകളിലുള്ള സഭകള്‍ അതു ജനുവരി 6- നു ആഘോഷിക്കുന്നു. അതിനവര്‍ നിരത്തുന്ന തെളിവുകള്‍ രസകരം തന്നെ. ആദ്യ ആദാം സൃഷ്ടിയുടെ ആറാം ദിവസം ജനിച്ചെങ്കില്‍ രണ്ടാം ആദാമായ ക്രിസ്തു വര്‍ഷത്തിന്റെ ആറാം ദിവസവും ജനിച്ചതായി വാദി ക്കുന്നു. നൂറ്റാണ്ടുകളായി അവര്‍ ഈ തീയതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു വരുന്നു. അര്‍മേനിയന്‍ സഭകള്‍ ഇപ്പോഴും ഈ തീയതിയില്‍ ക്രിസ്തുമസ് കൊണ്ടാടുന്നു.

തമ്മൂസ് എന്ന ജാതീയ ദേവന്റെ ജനനോത്സവമായി ആഘോഷിച്ചിരുന്ന ഡിസംബര്‍ 25 ക്രമേണ സഭകള്‍ക്കുള്ളില്‍ കടന്നു കൂടി. നാലാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ സഭകളില്‍ ഡിസംബര്‍ 25
ക്രമേണ സഭകള്‍ക്കുള്ളില്‍ കടന്നു കൂടിയത്. നാലാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ സഭകളില്‍ ഡിസംബര്‍ 25 ആദ്യമായി ക്രിസ്മസ്സായി ആഘോഷിച്ചത്. കാലക്രമത്തില്‍ റോമാക്കാര്‍ അത് പൂര്‍ണ്ണമായും അംഗീകരിക്കുകയും പിന്നീടത്‌ പരക്കെ പ്രചാരത്തില്‍ വരികയും ചെയ്തു.

ഏതായാലും ക്രിസ്തുവിന്റെ ജനനദിവസം ആഘോഷിക്കെണ്ടതോ, ഓര്‍ത്തു ആച്ചരിക്കെണ്ടതോ ആയിരുന്നെങ്കില്‍ ദൈവം അത് തിരുവചനത്തില്‍ വ്യക്തമാക്കിത്തരുമായിരുന്നു.

കര്‍ത്താവോ തന്റെ ശിഷ്യന്മാരോ, ആദ്യ നൂറ്റാണ്ടിലെ വിശ്വാസികളോ ആരും തന്നെ തങ്ങളുടെ ജനന ദിവസം ആഘോഷിച്ചതായി രേഖകള്‍ ഇല്ല. നമ്മില്‍ അനേകരും ക്രിസ്തുമസ് ആഘോഷിക്കുന്നില്ലങ്കിലും നമ്മുടെ മദ്ധ്യേ വളരെ പ്രാധാന്യം നല്‍കി ആചരിച്ചു വരുന്ന മറ്റൊരു ചടങ്ങത്രേ “watch night service” എന്ന ഓമന പ്പേരില്‍ അറിയപ്പെ ടുന്ന ഈ ആഘോഷം.

വിശേഷിച്ചു കേരളത്തിന്‌ പുറത്തുള്ള സഭകളിലാണിത് അധികമായി കണ്ടുവന്നിരുന്നത്, എന്നാൽ ഇപ്പോൾ ഇതു കേരളത്തിലെ സഭകളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ഡിസംബര്‍ 31 -നു രാത്രി ഒരുമിച്ചു കൂടി കഴിഞ്ഞ വര്‍ഷം കര്‍ത്താവിനായി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലന്നും, എങ്കിലും വലിയവനായ കര്‍ത്താവ്‌ എനിക്കു നല്ലവനും ‘വല്ലവനും’ ആയിരുന്നു എന്നും ഈ വര്‍ഷം കര്‍ത്താവിനായി ചിലതെല്ലാം ചെയ്യാമെന്നും ഉള്ള ഏറ്റു പറച്ചിലിന്റെയും തീരുമാനത്തിന്റെയും, ചിലപ്പോള്‍ കരച്ചിലിന്റെയും മറ്റും ഒരു ബഹളം ആയിരിക്കും ഈ ചടങ്ങുകളില്‍.

(രസകരമായ വസ്തുത, ഇതേ പല്ലവി അടുത്ത വര്‍ഷം ആണ്ടറുതി യോഗത്തിലും ഇവര്‍ ആവര്‍ത്തിക്കുന്നു എന്നതാണ്).

തുടര്‍ന്ന് കൃത്യം പന്ത്രണ്ടു മണിക്ക് പ്രധാന മൂപ്പെന്റെ അല്ലെങ്കില്‍ സുവിശേഷകന്റെ പ്രാര്‍ഥനയോടെ പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുകയായി. പിന്നീട് കേക്ക് മുറിക്കലിന്റെയും, ഉച്ചത്തിലുള്ള അഭിവാദ്യങ്ങളുടെയും, ആശംസകളുടെയും ഒരു ബഹളം ആയിരിക്കും. അതോടെ ആ ചടങ്ങ് അവിടെ അവസാനിക്കുന്നു.

പഴയ സ്ഥിതി വീണ്ടും തുടരുന്നു. ഈ പല്ലവി അടുത്ത വര്‍ഷവും ആവര്‍ത്തിക്കുന്നു. നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഇത്തരം ചടങ്ങുകള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നതാണ് സത്യം. നമ്മുടെ സാക്ഷ്യം ചുവരുകള്‍ക്കും, കെട്ടിയടക്കപ്പെട്ട ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നും പുറം ലോകത്തേക്ക് നീക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പൗലോസ്‌ അപ്പോസ്തലന്‍ ഗലാത്യരോട് പറഞ്ഞ വാക്കുകള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു. “ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?

നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.(ഗലാത്യ ലേഖനം 4:10-11). ആണ്ടില്‍ ഒരിക്കല്‍ ഒരു പ്രത്യേക ദിവസത്തിന് പ്രാധാന്യം നല്‍കി ദൈവത്തെ വാഴ്ത്തുന്നു സ്തുതിക്കുന്നു, ആരാധിക്കുന്നു എന്നു പറയുന്നത് തികച്ചും അര്‍ഥശൂന്യമാണ്.

കാരണം ദൈവം ദിവസങ്ങളെ എല്ലാം ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ ദിവസങ്ങളുടെ ഓരോ നിമിഷത്തിലും നാം അവനെ ഒരേ രീതിയിലും അവസ്ഥയിലും സ്തുതിക്കുവാനും ആരാധിക്കുവാനും കടപ്പെട്ടിരിക്കുന്നു. വര്‍ഷത്തിന്റെ ഒരിക്കല്‍ മാത്രം ദൈവത്തെ ആരാധിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ.

നാം അവരെ അനുകരിക്കേണ്ടതുണ്ടോ ?

നമുക്ക് ദൈവം തന്നിരിക്കുന്ന കാഴ്ച്ചപ്പാടിനനുസരിച്ചു നമുക്ക് ദൈവത്തെ സ്തുതിക്കാം. നാം, നമ്മെ നാശത്തില്‍ നിന്നും വീണ്ടെടുത്ത ദൈവത്തെ അനുദിനം സ്തുതിക്കാന്‍ കടമ്പെട്ടിരിക്കുന്നു, അതത്രേ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും.

വ്യര്‍ത്ഥമായ പുറം ആചാരങ്ങളില്‍ നമ്മുടെ വിലയേറിയ സമയം പാഴാക്കാതെ നമ്മെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ നമുക്ക് മറ്റുള്ളവരോട് ഘോഷിക്കാം, കര്‍ത്താവതിനേവര്‍ക്കും സഹായിക്കട്ടെ.
ആമേൻ

Comments (0)
Add Comment