സമയത്തിന്റെ ഭരണവും പ്രതീക്ഷയുടെ ഒരു തിളക്കവും.

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി – 3:18 പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചത്: ഇതു മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്ന് അവർ കാണേണ്ടതിനും തന്നെ.
~~~~~~
നല്ല ഒരു ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.

സഭാപ്രസംഗി – 3.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം: സമയത്തിന്റെ ഭരണവും പ്രതീക്ഷയുടെ ഒരു തിളക്കവും.

A, ദൈവവും സമയവും.

1, എല്ലാ ആവശ്യങ്ങൾക്കും ഒരു സമയമുണ്ട്.
a, എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻകീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്.
b, ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം. ഇടിച്ചു കളവാൻ ഒരു കാലം, പണിവാൻ ഒരു കാലം.

2, ദൈവത്തെ സമയത്തിൻ്റെ നിയന്ത്രിതാവ് എന്ന നിലയിൽ ഉണ്ടാകുന്ന പ്രതീക്ഷയുടെ തിളക്കം.
a, പ്രയത്നിക്കുന്നവനു തന്റെ പ്രയത്നംകൊണ്ട് എന്തു ലാഭം?
b, ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ട്.
c, അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു.
d, നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു.
e, എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.

3, സഭാപ്രസംഗിക്ക് അറിവുള്ളത്.
a, ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്ക് ഇല്ല എന്നു ഞാൻ അറിയുന്നു.
b, ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു.
c, കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.

B, അനീതിയോടുള്ള ബന്ധത്തിൽ മരണത്തിന് മറുപടിയില്ല.

1, ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
a, പിന്നെയും ഞാൻ സൂര്യനു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
b, ഞാൻ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകല കാര്യത്തിനും സകല പ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.

2, സൂര്യന് കീഴിൽ മൃഗങ്ങൾക്കും മനുഷ്യനും ഒരേ വിധി ഉണ്ടാകുന്നു.
a, ഇതു മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്ന് അവർ കാണേണ്ടതിനും തന്നെ.
b, മനുഷ്യർക്കു ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നുതന്നെ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു.
c, മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?

3, സൂര്യന് കീഴിൽ സമാധാനം കണ്ടെത്തുന്നു.
a, ഞാൻ കണ്ടു.
b, മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു ഞാൻ കണ്ടു; അതു തന്നെ അവന്റെ ഓഹരി.
c, തന്റെശേഷം ഉണ്ടാവാനിരിക്കുന്നത് കാൺമാൻ ആർ അവനെ മടക്കി വരുത്തും?

പ്രിയരേ, “ഞാൻ മനസ്സിൽ വിചാരിച്ചു”. ഇതുപോലെയുള്ള പല വാക്യങ്ങളും ഉണ്ട്. അവ മാനുഷിക പരിജ്ഞാനത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന വാക്കുകൾ ആണ്, അല്ലാതെ ദൈവിക വെളിപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവിച്ചതല്ല. ശലോമോൻ പറഞ്ഞ വാക്കുകളിൽ നിന്നും നമ്മുടെ ജീവിതതത്ത്വങ്ങൾ ആവിഷ്ക്കരിക്കരുത്. നാം നമ്മുടെ ജീവിതതത്ത്വങ്ങൾ ക്രോഡീകരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതും പിതാവായ ദൈവം തന്റെ പുത്രനായ കർത്താവായ യേശുക്രിസ്തുവിൽ കൂടി അരുളിച്ചെയ്ത വചനങ്ങളിൽ നിന്നാണ്. ശലോമോൻ തന്നെ തന്റെ യുക്തിക്കനുസരിച്ച് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം 12:7 ൽ കണ്ടെത്തുന്നുണ്ട്. മാനുഷിക പരിമിതികളുടെ വെളിച്ചത്തിൽ, മരണാനന്തര ജീവിതത്തെ സംബന്ധിച്ച് യുക്തമായ ഒരു ഉത്തരം കണ്ടെത്തുന്നതിന് സാധ്യമല്ല. ദൈവം അത് വെളിപ്പെടുത്തി തരണം. ഈ വെളിപ്പെടുത്തലുകൾ ബൈബിളിൽ ഭാഗികമായി പഴയനിയമത്തിലും, പൂർണ്ണമായി പുതിയനിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം വെളിപ്പെടുത്തുന്നത് അല്ലാതെ നമ്മുടെ സ്വയ ബുദ്ധിയിൽ കണ്ടെത്താൻ ശ്രമിക്കുന്നതെല്ലാം മണ്ടത്തരങ്ങളാകും. ദൈവീക വെളിപ്പാടുകൾക്ക് അനുസരണം ജീവിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment