കുടുക്കുന്ന ചൂണ്ടയിൽ പോയി കൊത്താതിരിക്കുക

ബിനോയ് മാണി

പ്രൊഫസർ പൗലോസ് സാറിൻ്റെ തിയറി പ്രകാരം ജീവിതത്തിൽ വിജയം നേടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഉദാഹരണത്തിന്, അദ്ദേഹം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യ കലി തുള്ളി നിൽക്കുന്നു.

“ഈ വീട്ടിലെ എല്ലാം ഞാൻ തന്നെ നോക്കണം, നിങ്ങൾക്കോ, മക്കൾക്കോ എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ…”??? ഭാര്യ തകർക്കുകയാണ്. യഥാർത്ഥത്തിൽ ഭാര്യ ചൂണ്ടയിടുകയാണ്.
വേണമെങ്കിൽ ഭാര്യയുമായി തല്ലുണ്ടാക്കാം. പക്ഷേ, ഭാര്യ ഇട്ട ചൂണ്ടയിൽ കൊത്താതെ പുറത്തേക്ക് നടന്നപ്പോൾ അമ്മ ചോദിക്കുകയാണ്. “ഡാ, പൗലോസേ… നീയാണോ അതോ അവളാണോ ഭർത്താവ്….?”

അമ്മയും ചൂണ്ടയിടുന്നു. അതേ കടവിൽ തന്നെ, അല്പം മാറി….

അതിലും കൊത്താതെ പൗലോസ് സാർ പുറത്തേക്ക് നടന്നു. നാട്ടിലെ ലൈബ്രറിയിൽ കയറി രാവിലെ ഓടിച്ചു വായിച്ച പത്രം ഒന്ന് കൂടി വിശദമായി വായിച്ചു.

രാത്രി ഏഴര മണിയോടെ വീട്ടിൽ തിരിച്ചു വന്നപ്പോൾ ഭാര്യയുടെ മാനസികാവസ്‌ഥ മാറി.
അവൾ പറയുന്നു. “അയ്യോ, കോളേജിൽ നിന്ന് വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ. എനിക്കിന്ന് വീട്ടിൽ ശരിക്കും ജോലി ആയിരുന്നു. അതാ ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞത്. മാത്രവുമല്ല, ഇടയ്ക്കൊന്ന് വീഴുക കൂടി ചെയ്തു…”

പൗലോസ് സാർ ഭാര്യയുടെ കൈ പിടിച്ചു നോക്കി. വീഴ്ചയിലുള്ള പരിക്ക് നിസ്സാരമാണ്.
പക്ഷേ, അതും അവൾ ഇടുന്ന മറ്റൊരു ചൂണ്ടയാകുമോ…? ???

അതിലും കൊത്തിയില്ല. അപ്പോൾ അമ്മ ചോദിക്കുന്നു. “ഡാ, പൗലോസേ… നീ വലിയ പ്രൊഫസറൊക്കെ ആയിരിക്കാം. പക്ഷേ ഇടയ്ക്കൊക്കെ ഭാര്യയുടെയും കുട്ടികളുടേയും കാര്യങ്ങൾ കൂടി നോക്കണം.”അമ്മ ചൂണ്ട മാറ്റി വലയാണ് ഇപ്പോൾ ഇടുന്നത്.

ഒരു ചൂണ്ടയിലും കൊത്താതെ കുളി കഴിഞ്ഞു ആഹാരം കഴിച്ച് കുടുംബത്തിനൊപ്പം തമാശ പറഞ്ഞു സുഖമായി കിടന്നുറങ്ങി.

മറിച്ച്…..ആ ചൂണ്ടയിലെങ്ങാനും കൊത്തിയിരുന്നെങ്കിൽ, ആ ദിവസം….!!! ആ ആഴ്ച,
ഒരു പക്ഷേ ആ മാസം തന്നെ തകർന്നു പോയേനേ…

അതുകൊണ്ട് നമുക്ക് വേണ്ടാത്ത ചൂണ്ടയിൽ കൊത്താതിരിക്കാം, കുടുംബത്തിലായാലും
സമൂഹത്തിലായാലും.

Comments (0)
Add Comment