പൂർവ്വ കാലങ്ങൾ മടങ്ങി എത്തിയെങ്കിൽ (ഇ എസ് തോമസ് )

ഈ പൂർവ്വകാല സ്മരണയ്ക്ക് ഒരു 55 വർഷത്തെയെങ്കിലും പഴക്കമുണ്ട്. അതായത്, എനിക്ക് ഒരു ഏഴ് വയസ്സ് പ്രായമുള്ള കാലം മുതലുള്ള ഓർമ്മ.

ആക്കാലത്തെ ആഹാരം 
രാവിലെ ഉണർന്ന് എഴുന്നേറ്റ് വരുമ്പോൾ നാടൻ ചക്കരയിട്ട് തിളപ്പിച്ച ഒരു കട്ടൻ കാപ്പി, ചിലപ്പോൾ അത് കാപ്പിക്കുരുവോ അതിന്റെ തൊണ്ടോ വറുത്തു പൊടിച്ചതായിരിക്കും.

ആക്കാലത്തെ പാലും പാൽ ഉൽപ്പന്നങ്ങളും 

ഇരുന്നു ഊറ്റിയാൽ ഇടങ്ങഴി കിട്ടുന്ന കുറുംകാലി നാടൻ പശുക്കൾ ഒന്നോ രണ്ടോ കാണും, ഒപ്പം നാടൻ ആടുകളും. അവയെ കറന്നു കിട്ടുന്ന പാൽ മിക്കവാറും അയലത്തു വിലയ്ക്ക് കൊടുക്കും, ചിലപ്പോൾ ഒക്കെ അൽപ്പം പാലൊഴിച്ചുള്ള കാപ്പി കിട്ടുമായിരുന്നു.

പ്രഭാതഭക്ഷണ ശേഷം 
മാതാപിതാക്കൾ പതിവ് പറമ്പിൽ പണിക്കായി പോകും. മക്കൾ സ്കൂളിൽ പോകും.
ഉച്ചയ്ക്ക് വന്നാൽ, ചക്കയോ, കപ്പയോ വേവിച്ചതും യാതൊരു വിഷാംശവും ഇല്ലാത്ത മത്തി, അയല ഏതെങ്കിലും ഒക്കെ കറിവച്ചതും അൽപ്പം ചോറും. സ്വന്തമായി നെൽകൃഷിയില്ലാത്ത പല വീടുകളിലും ചോറിന്റെ അംശം വളരെ കുറവായിരിക്കും. ഇതോടൊപ്പം നല്ല നാടൻ പയർ തോരൻ, അല്ലെങ്കിൽ മെഴുക്കു പിരട്ടിയത്, സാമ്പാർ അല്ലെങ്കിൽ മോര്. അത് കഴിഞ്ഞാൽ നാല് മണി വരെ കുറെ ഉറക്കം അല്ലെങ്കിൽ എന്തെങ്കിലും ശിങ്കിടി പണികൾ.

നാലുമണിയ്ക്ക് 
ചേമ്പ്, ചേന, കാച്ചിൽ, കിഴങ്ങ് കപ്പ ഇതെല്ലാം കൂട്ടി ഒരു പുഴുക്ക് കൂടെ കർണ്ണപുടം പൊട്ടുന്ന എരിവുള്ള കരണം പൊട്ടി മുളകിന്റെ ചമ്മന്തി ഒപ്പം ഉണക്കമീനും കട്ടൻ കാപ്പിയും.

അതുകഴിഞ്ഞാൽ മഴക്കാലം അല്ലെങ്കിൽ അല്പം നാടൻ വിനോദം. കുറ്റിപ്പന്ത് കളി, ഓലപ്പന്തു കളി, കുറ്റിയും കോലും കളി ഇതെല്ലാം. അതിന് ശേഷം തോട്ടിൽ അല്ലെങ്കിൽ കിണറ്റിൽ നേരിട്ട് ഒരു കുളി.

വൈകിട്ടത്തെ അത്താഴം 
മിക്ക ദിവസങ്ങളും കഞ്ഞി മറ്റെന്തെങ്കിലും കറികൾ. പയറില, മുരി ക്കില, ചീര, വെളിഞ്ചേമ്പ് ഇല, (മടന്ത), പയറിന്റെ നാമ്പുകൾ, വാഴപ്പിണ്ടി, വഴക്കൂമ്പ്, മുതിര, വാരപ്പയർ, ചേനയുടെ തണ്ട് ഇതൊക്കെ കറികളിൽപ്പെടും.ഇതൊക്കെ കഴിച്ചു തഴപ്പായിൽ നിവർന്ന് കിടന്ന് ഒരു ഉറക്കം.
ഇക്കാലത്തെപ്പോലെ ഫെഞ്ച് ഫ്രൈ, ചിക്കൻ ടിക്കാ, മട്ടൻ ടിക്കാ, വിവിധയിനം കുഴിമന്തികൾ ഇതൊന്നും അന്ന് ഉണ്ടായിരുന്നില്ല.
പ്രഭാത ഭക്ഷണം ചില ദിവസങ്ങളിൽ, നല്ല പഴങ്കഞ്ഞി. കപ്പയും ചോറും കാച്ചിയ മോരും, മത്തികറിയും, ആഹാ എന്തൊരു സ്വാദ്!

കൂടാതെ എല്ലു മുറിയെ പണിയും.
ആടിനെ തീറ്റിക്കുക, പശുവിനു പുല്ലു പറിയിക്കുക ഇതെല്ലാം ഇടയ്ക്കുള്ള ജോലികൾ!
പ്രകൃതി കനിഞ്ഞു നൽകുന്ന വിഭവങ്ങൾ അല്ലാതെ മറ്റൊന്നും കഴിക്കാൻ ഇല്ലായിരുന്നു.
എന്നാൽ അക്കാലത്തു രോഗങ്ങൾ അപൂർവ്വമായിരുന്നു.
എല്ലാ വർഷവും കർക്കിട മാസത്തിലെ പെരുത്ത മഴക്കാലത്തു വരുന്ന ഒരു പനിയും, മറ്റുമല്ലാതെ വേറെ പറയത്തക്ക അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നു.
നല്ല വിശപ്പുണ്ടായിരുന്നു, കഴിക്കുന്ന ആഹാരത്തിന്റെ സ്വാദ് അനുഭവിച്ചിരുന്നു.
ഒന്നും രണ്ടും മാസങ്ങൾ കൂടിയിരിക്കുമ്പോൾ തട്ടുന്ന മൂരി കുട്ടന്മാരുടെ മാംസം വേണ്ടുവോളം കഴിയ്ക്കുമായിരുന്നു.

ക്യാൻസർ, ഉദര രോഗങ്ങൾ ഇവ പത്ത് കിലോമീറ്റർ ചുറ്റളവിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം.
ശരീരത്തിലെ ഓരോ അവയവംങ്ങൾക്കും പ്രേത്യേകം പ്രത്യേകം തിരിച്ചുള്ള പരിശോധന, എന്തിനും ഏതിനും സ്കാനിങ്, എം. ആർ.ഐ, ഇതൊന്നും അക്കാലത്തു ജനം കേട്ടിട്ടുപോലുമില്ല.
വല്ല വയറുവേദനയോ പനിയോ, ചുമയോ ഒക്കെ ആയിട്ട് സർക്കാർ ആശുപത്രിയിൽ ചെന്നാൽ അൽപ്പം ഗ്യാസും,രുചിയും ഒക്കെയുള്ള ഒരു ചുവന്ന മരുന്ന് രണ്ട് ഓൺസ് തരും, അത് കഴിച്ചാൽ ചുമ പമ്പ കടക്കുമായിരുന്നു. പൊതുവെ എല്ലാവരും ആരോഗ്യം ഉള്ളവർ ആയിരുന്നു.

പാർക്കുന്ന വീട് 
മിക്ക വീടുകളും ഓലയോ പുല്ലോ മേഞ്ഞതും തറ തൊണ്ട് കരിയും ഗോമാതാവിന്റെ ചാണകവും ഒന്നിച്ചു കുഴച്ചു തളിച്ചനിലയിലും ആയിരുന്നു. അതിൽ കിടന്നുറങ്ങിയാൽ ഏ. സി. വേണ്ടതില്ല.
ഇക്കാലത്തെ അറിയപ്പെടുന്ന മിക്ക അസുഖങ്ങളും അന്ന് കേട്ട് കേൾവി പോലും ഇല്ലായിരുന്നു.
ഗർഭം ഉണ്ടാകുന്നതുമുതൽ ഓരോ മാസത്തിലും ഗർഭിണികൾക്ക് സ്‌കാനിഗോ, ബെഡ് റെസ്‌റ്റോ ഇല്ലായിരുന്നു. പ്രസവത്തിന്റെ അന്ന് വരെ നെല്ല് കുത്തുക, അമ്മിക്കല്ലിൽ അരയ്ക്കുക, അരി ആട്ടുക, വെള്ളം കോരുക എല്ലാം ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ സ്ത്രീകൾക്ക് പ്രസവവേദന വരികയും നിഷ് പ്രയാസം പ്രസവിയ്ക്കുകയും ചെയ്യുമായിരുന്നു.

സിസേറിയൻ എന്നൊരു പേരുപോലും സ്ത്രീകൾ കേട്ടുവോ എന്നറിയില്ല. കുഞ്ഞുങ്ങളും നല്ല ആരോഗ്യമുള്ളവർ ആയിരുന്നു.

ആഹാരം കഴിച്ചിരുന്ന രീതി
രാവിലത്തെ പഴങ്കഞ്ഞിയും വൈകിട്ടത്തെ കഞ്ഞിയും മൺചട്ടിയിലും ഉച്ചയൂണ് വഴിലയിലും ആയിരുന്നു. വട്ട, വഴന, വാഴ, പൂവരിശു ഇവയുടെ ഇലകളിൽ അപ്പം ഉണ്ടാക്കയിരുന്നു. അത് രുചികരമായിരുന്നു. കാപ്പി കുടിക്കാൻ തേങ്ങയുടെ ചിരട്ടയും ഉപയോഗിച്ചിട്ടുണ്ട്. ഇന്ന് കാലം മാറി ജീവിത രീതിയും മാറി. അക്കാലത്തു ഒരു വില്ലേജിൽ 100 പേർക്ക് കഷ്ടിച്ച് ഉണ്ടായിരുന്ന ഡയബേറ്റിക്ക് ഇപ്പോൾ ഒരു വില്ലേജിൽ പകുതിപേർക്കും ആയി കഴിഞ്ഞു.ക്യാൻസർ നോക്കുന്ന എല്ലായിടത്തും. ഉദര രോഗികളുടെ എണ്ണം പെരുകി. ജീവിത ശൈലി രോഗങ്ങൾ അധികമായി.
ഇനിയും ആ പഴയ കാലം ഒന്നും മടങ്ങി വരുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ആഴ്ച എം. സി. റോഡ് വഴി യാത്ര ചെയ്തു അടൂർ എത്തിയപ്പോൾ അമ്മച്ചിയുടെ അടുക്കള എന്നൊരു ബോർഡ് കണ്ടു. അവിടെ നാടൻ ഭക്ഷണം കിട്ടും എന്നും എഴുതിക്കണ്ടു. ഓലക്കൊണ്ട് മറച്ച ഒരു ഷെഡ്. ടോപ് പടുത. സാധാ പ്ലാസ്റ്റിക് ടേബിൾ, ചെയർ. നിറയെ ആളുകൾ. എല്ലാവരുടെയും മേശയിൽ ഒന്ന് നോക്കി. ഓരോരുത്തരുടെയും മുമ്പിൽ ഓരോ മൺ ചട്ടികൾ. അധികം പേരും പഴങ്കഞ്ഞി കഴിക്കുന്നു. ഞാൻ നോക്കിയപ്പോൾ ഒരു മന്ത്രിയും അദ്ദേഹത്തിന്റെ ആളുകളും വരെ പഴകഞ്ഞി ചട്ടിയുടെ മുമ്പിൽ!
കാലം മെല്ലെ മാറി തുടങ്ങി, കുഴി മന്തിയും ആധുനിക വിഭവങ്ങളും ആരോഗ്യം കവർന്നു എന്ന അവബോധം ചിലരിലെങ്കിലും ഉണ്ടായി തുടങ്ങി.
പ്രകൃതിയിലേക്ക് മടങ്ങി വന്നാൽ മനുഷ്യന് അല്പം പ്രതീക്ഷക്ക് വകയുണ്ട് എന്ന് പ്രതീക്ഷിക്കാം.
എന്നാൽ പൊങ്ങച്ചം ഉള്ള ഉയരങ്ങളിലേക്ക് കയറിയ മനുഷ്യന് ഇനിയും പഴയ പഴങ്കഞ്ഞി കഴിക്കുന്നത് സ്റ്റാസ്കോക്ക് പറ്റില്ല എന്ന് ചിലർ ചിന്തിക്കുമായിരിക്കും, സാരമില്ല, സ്റ്റാറ്റസ്കോ കൂടുമ്പോൾ ആരോഗ്യം കുറയും,ആ ചിന്ത കുറയുമ്പോൾ ആരോഗ്യം വർദ്ധിക്കും.
പൂർവ്വ കാലങ്ങൾ മടങ്ങി എത്തിയെങ്കിൽ എന്ത് നന്നായിരുന്നു എന്നാഗ്രഹിക്കുന്നു., പഴയ ആ പ്രകൃതിയും, ഭക്ഷണവും , എല്ലാം എല്ലാം!

Comments (0)
Add Comment