കളിപ്പാഠങ്ങൾ

ജിജോ അങ്കമാലി

ലോകം ഒരുപന്തിലേക്ക് ചുരുങ്ങുകയും പന്ത് ഒരു ലോകത്തോളം വലുതാവുകയും ചെയ്ത നാളുകളായിരുന്നു ദോഹയിൽ നടന്ന 22 -മത്തെ ലോക പന്തുകളി. അർജൻ്റീന കിരീടം കരസ്ഥമാക്കി അധികം നാൾ കഴിയും മുൻപ് പന്തുകളിയുടെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കുന്ന പെലെ കളിക്കളം വിട്ടു. എങ്കിലും ഓർമയുടെ കളിക്കളത്തിൽ ഇപ്പോഴും പന്ത് ഉരുണ്ടുകൊണ്ടിരിക്കുന്നു. ഈ നാളുകളിൽ കളിക്കളത്തിലെ കളിക്കാരുടെ എണ്ണത്തിന് ഒത്ത വണ്ണം പതിനൊന്നു പാഠങ്ങൾ പെറുക്കി കൂട്ടാം എന്ന് കരുതുന്നു.

കളികൾ നന്നായ് വിലയിരുത്തി പാഠങ്ങൾ പറഞ്ഞുതരുന്നതിൽ പ്രമുഖൻ പൗലോസ് ആണ്. 1 കൊരി. 9:24-27 വരെയുള്ള വാക്യങ്ങളിൽ ഓടുന്നവരേകുറിച്ചും, അങ്കം പൊരുതുന്നവരെ കുറിച്ചും പറഞ്ഞതിന് ശേഷമാണ് പ്രസംഗകരെ കുറിച്ച് താൻ പറയുന്നത്. ഓടുന്നവരുടെ ‘സ്ഥിരതയും’,അങ്കം പൊരുതുന്നവരുടെ ‘വർജ്ജനവും’പ്രഭാഷകരുടെ ‘സ്വയനിയന്ത്രണവും’ ശ്രദ്ധേയമായ പാഠങ്ങളാണ്.വരൂ നമുക്ക് കളിക്കളത്തിലേക്കു പോകാം. പന്തുരുളാൻ സമയമായി.
1). തനിയെ അല്ല കൂട്ടമായി: ഒരാൾ തനിയെ കളിക്കുന്ന കളിയല്ല പന്തുകളി.പിന്നെയോ , പതിനൊന്നുപേർ ചേർന്ന് ഒരുമയോടെ കളിക്കുന്ന കളിയാണ്.പല അവയവങ്ങൾ ചേർന്ന് ഒരു ശരീരമായിരിക്കുന്നതുപോലെ വിളിച്ചു ചേർക്കപെട്ടവരുടെ കൂട്ടമാണ് സഭ.നാം കൂട്ട് വേലക്കാരാണ്, സഹപൗരൻമാരാണ്, സഹ സൈനികരാണ്, ഒന്നാണ്.

2). ഓരോരുത്തർക്കും പങ്ക്: ഒരു ടീമാണെങ്കിലും എല്ലാവരുടെയും സ്ഥാനവും പങ്കും വ്യത്യസ്തമാണ്. 1കോരി. 12 ഇത് വ്യക്തമാക്കുന്നു. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തം മേത്തരമായ് ചെയ്യുമ്പോഴാണ് വിജയം കരഗതമാകുന്നത്. ഒരാളുടെ അലസതയും അശ്രദ്ധയും പാരാജയ കാരണമായേക്കാം. ജാഗ്രതൈ!!!

3). തമ്മിൽ മത്സരമില്ല: പതിനൊന്ന് പേർ പരസ്പരം മത്സരിക്കയല്ല, സഹകരിക്കുകയാണ് ചെയ്യുന്നത്. ഓരോരുത്തരെയും അവരവരുടെ കഴിവിനനുസരിച്ച് ഏറ്റവും യോഗ്യവും യോജ്യവുമായ സ്ഥാനങ്ങളിലാണ് ആക്കിയിരിക്കുന്നത്. ഒരാൾക്ക് കഴിയാത്തത് മറ്റൊരാൾ നിവർത്തിക്കും. ഓരോരുത്തരെയും അവരവരുടെ പങ്ക് നന്നായ്‌ ചെയ്യാൻ മറ്റെല്ലാവരും സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഇതാണ് കളിയുടെ വിജയം; സഭയുടെ വളർച്ച.

4). ഒരേ ഒരു ലക്‌ഷ്യം: എതിരാളിയെ പരാജയപ്പെടുത്തുക. രാജ്യത്തിന്റെ പേരുയർത്തുക. വിജയം കരസ്ഥമാക്കുക എന്ന ഒരേ ഒരു ലക്‌ഷ്യമേ ഏവർക്കും ഉള്ളൂ. ഉണ്ടാകാൻ പാടുള്ളൂ. സ്വാർത്ഥതാല്പര്യങ്ങൾ മരിപ്പിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറുക. ക്രിസ്തുവിനെ ഉയർത്തുക.

5). ഒരു പരിശീലകൻ ഉണ്ട്: ആരും തനിയെ തന്നിഷ്ട പ്രകാരം കളിക്കളത്തിലിറങ്ങുകയല്ല, പിന്നെയോ ക്യത്യമായ പരിശീലനത്തിന് ശേഷമാണ് ഏവരും പിന്തുടരുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ നടത്തി നമ്മെ പാരിശീലിപ്പിച്ചെടുക്കുന്ന പരിശീലകനാണ് നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ്. ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും ക്യത്യമായ് പറഞ്ഞ് തന്ന് ഒപ്പം നിന്ന് അവൻ നമ്മെ പരിശീലിപ്പിച്ചെടുക്കുന്നത് വലിയൊരു മത്സരത്തിന് വേണ്ടിയാണ്. പിതാവ് ശിക്ഷിക്കുന്ന മകൻ ഭാഗ്യവാൻ. ശിക്ഷ നിരസിക്കരുത്.

6). നിയന്ത്രിക്കാനൊരു റെഫറി ഉണ്ട്: ഫിഫയുടെ ചിട്ടക്കനുസരിച്ച് കളി പൂർണ്ണമായി നിയന്തിക്കുന്ന റെഫറിയുടെ പങ്ക് ഏറെ വലുതാണ്. ഒരു തെറ്റിന് നേരെയും കണ്ണടക്കാതെ ക്യത്യമായി വിസിൽ ഊതുന്ന നല്ലൊരു റെഫറിയാണ് നമ്മിലധിവസിക്കുന്ന പരിശുദ്ധാത്മാവ്. വചനത്തിന് വിരുദ്ധമായി വരുന്ന ഏത് തെറ്റിനെതിരെയും വിസിൽ മുഴക്കുന്ന ആത്മ ശബ്ദം കേൾക്കാതെ പോയി നേടുന്ന ഗോളുകളൊന്നും സ്‌കോർ ബോർഡിൽ വരില്ല. ആകയാൽ എന്നേരവും കാതോർക്കുക.

7). പരാജയപ്പെട്ടിടത്ത് നിന്നും തുടങ്ങണം: റഫറി വിസിൽ മുഴക്കിയാൽ, കളിക്കാരൻ നിയമം ലംഘിച്ച അതേ സ്ഥാനത്ത് നിന്ന് വേണം വീണ്ടും കളി ആരംഭിക്കാൻ, നമ്മുടെ ഓരോ തെറ്റുകളും കൃത്യമായും വ്യക്തമായും അതാത് സമയത്ത് തന്നെ നമ്മെ ബോധ്യപ്പെടുത്തുന്നവനാണ് ദൈവാത്മാവ്. അതിനെ മറികടന്ന് മുന്നോട്ട് കുതിക്കുന്നത് അപകടമാണ്, പാഴ് വേലയാണ്. നീ ഏതിൽ നിന്ന് വീണിരിക്കുന്നു എന്നോർത്ത് ആദ്യത്തെ പ്രവ്യത്തി ചെയ്ക, അല്ലാഞ്ഞാൽ….

8). ചട്ടപ്രകാരം കളിക്കണം: 1930 ൽ ആരംഭിച്ച ഫിഫയ്ക്ക് ഒരു നിയമ പുസ്തകമുണ്ട്. അതനുസരിച്ചാണ് കളി നിയന്ത്രിക്കുന്നതും വിലയിരുത്തുന്നതും. ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പോരായ്കയിൽ കിരീടം പ്രാപിക്കുകയില്ല എന്ന ഭയനിർദ്ദേശം ഗൗരവമായി പരിഗണിക്കണം. എങ്ങനെ എങ്കിലും പോരാടിയാൽ പോരാ, പിന്നെയോ ചട്ടപ്രകാരം തന്നെ നാം പോരാടേണം. വചനത്തിന്റെ ക്രമം വിട്ട് നടക്കാതിരിപ്പാൻ നാം സൂക്ഷിക്കണം. വചന പ്രകാരമുള്ള പ്രവർത്തത്തികൾക്കെ പ്രതിഫലമുള്ളൂ.

9). നിശ്ചിത സമയമുണ്ട് : 90 മിനിറ്റാണ് കളി സമയം. അത് കഴിഞ്ഞാൽ. ഫൈനൽ വിസിൽ മുഴങ്ങും. പിന്നീടൊരു നിമിഷം പോലും ലഭിക്കുകയില്ല. ഓരോരുത്തർക്കും ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. അതിനുള്ളിൽ നാം ചെയ്യേണ്ടത് മുഴുവനും ചെയ്തു തീർക്കണം. പിന്നീടൊരവസരമില്ല. ജീവിതം ഒന്നേയുള്ളു. അത് വേഗം തീരും നഷ്ടമാക്കാൻ സമയമില്ല.

10. ഓരോരുത്തർക്കും പ്രതിഫലം : നമ്മുടെ കളി വിലയിരുത്തി ഓരോരുത്തർക്കും പ്രതിഫലം തരുന്ന ഒരു മഹാ പ്രതിഫല നാൾ ഉണ്ട്. പന്ത് കളിയിൽ ജയിച്ചവർക്കും തിരഞ്ഞെടുക്കപ്പെട്ട ചിലർക്കും മാത്രമേ സമ്മാനം ലഭിക്കയുള്ളൂ. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം ഓരോരുത്തരുടെയും ജീവിതവും പ്രവർത്തിയും വിലയിരുത്തി തക്ക പ്രതിഫലം നൽകുന്ന നല്ലവനായ ഒരു ദൈവമാണ് നമുക്കുള്ളത്.

11. അന്ത്യത്തോളം പൊരുതുക : കളി തീരുന്നതിനു മുൻപ് വിധി പറയരുത്. തളരരുത്. ഒരു പക്ഷെ, ആദ്യ പകുതി പരാജത്തിന്റേതാകാം. പക്ഷെ നിരാശപ്പെടാതെ മുന്നേറുക. അന്ത്യത്തോളം പൊരുതുക. പൂർണ്ണവിജയം നൽകുന്ന ദൈവത്തിലാശ്രയിച്ച് മുന്നേറുക. സാക്ഷികളുടെ വലിയൊരു സമൂഹം നിന്നെ പ്രോത്സാഹിപ്പിക്കാനായി കരഘോഷങ്ങളോടെ ഗാലറിയിൽ ഉണ്ട്. വിജയിയായ കർത്താവ് കൂടെയുണ്ട് വിജയം നിശ്ചയം.

നമ്മുടെ ഗോൾവല ചലിപ്പിക്കാതെ ചെറുക്കുകയും ശത്രുവിന്റെ ഗോൾവല ചലിപ്പിക്കാനായി മുന്നേറുകയും ചെയ്യണം. ഇതാണ് വിജയരഹസ്യം.

എബ്രായർ 12 : 1-3 ൽ പറയുന്ന 4 കാര്യങ്ങൾ കുറിക്കൊള്ളുക.
1 ). വിട്ട് ഓടണം
2 ). സ്ഥിരതയോടെ ഓടണം
3 ). യേശുവിനെ നോക്കി ഓടണം
4 ). യേശുവിനെ ധ്യാനിച്ചു ഓടണം

ആകയാൽ ഉള്ളിൽ ക്ഷിണിച്ചു മടുക്കാതെ ലക്ഷ്യത്തിലേക്ക് ഒരുമയോടെ മുന്നേറുക. അന്തിമ വിസിൽ മുഴങ്ങാറായി പ്രതിഫലവുമായ് കാന്തൻ കാത്തിരിക്കുന്നു. ഒന്ന് മാത്രം ചെയ്ക. പിമ്പിലുള്ളത് മറന്ന് മുൻപിലുള്ളത് ആഞ്ഞും കൊണ്ട് ക്രിസ്തു യേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുത്തിന്നായി ലാക്കിലേക്ക് ഓടുക (ഫിലി. 3 :13, 14) സ്ഥിരതയോടെ യേശുവിനെ മാത്രം നോക്കി ധ്യാനിച്ച് കൊണ്ട്, ഇത്രയും ചെയ്താൽ ഉള്ളിൽ ക്ഷീണിച്ചു മടുക്കില്ലെന്നു മാത്രമല്ല വിജയ കിരീടം പ്രാപിക്കയും ചെയ്യാം.

നല്ലവനും വിശ്വസ്തനുമായ ദാസനെ, അതാ ആ പന്ത് ഉരുണ്ടു വരുന്നത് നിന്റെ അടുക്കലേക്കാണ് ഇനി താങ്കളുടെ ഊഴമാണ്. നിന്നാൽ ആവത് ചെയ്ക, അന്തിമ വിസിൽ മുഴങ്ങും മുമ്പേ…..

കളിപൊരുതുകപ്രതിഫലം
Comments (0)
Add Comment