നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു(യെശ. 9:6)

ഗോഡ്‍ലി പി. എസ്, ബഹ്‌റൈൻ

കർത്താവായ യേശുക്രിസ്തുവിന്റെ ഐഹിക ആഗമനത്തെ പ്രവചന ദൃഷ്ടിയാൽ കണ്ട് യെശയ്യാവ് പറഞ്ഞ വാക്കുകളാണ് ഇവിടെ കാണുവാൻ കഴിയുന്നത്. നമുക്ക് ഒരു ശിശു/മകൻ നല്കപ്പെട്ടിരിക്കുന്നു(യെശ. 9:6). നല്കപ്പെട്ട ശിശുവിന്റെ ബഹുവിധ ശ്രേഷ്ഠതകളെക്കുറിച്ചും അവയിൽ അതി പ്രധാനമായതും നമുക്കൊന്ന് ചിന്തിക്കാം.

1. നല്കപ്പെട്ട ശിശുവിന്റെ പശ്ചാത്തലം
ഈ ശിശു പിറന്ന സ്ഥലത്തെ കുറിച്ച് മത്താ. 2: 6 ൽ ബെത്ലഹേം ചെറുതല്ല എന്ന് എടുത്ത് പറയുന്നത്കൊണ്ട് ജനങ്ങൾ പൊതുവായി ആ ദേശത്തെ ചെറുതായി കണ്ടിരിന്നു എന്ന് മനസ്സിലാക്കാം. അർത്ഥാൽ ശിശു പിറന്ന സ്ഥലം അന്നത്തെ രീതിയിൽ ചെറുതാണ്. ആ ശിശുവിന്റെ മാതാപിതാക്കളെ കുറിച്ചു തച്ചന്റെ മകൻ എന്ന വിശേഷണം ആണ് വേദം പറഞ്ഞിരിക്കുന്നത്. അപ്പോൾ കുടുംബവും തികച്ചും സാധാരണയായിരുന്നു. ആ ശിശു പിറന്ന രീതിയെ കുറിച്ച് വഴിയമ്പലത്തിൽ സ്ഥലം ഇല്ലായ്കയാൽ പുല്തൊട്ടി തയ്യാറാക്കി അവിടെ കിടത്തി എന്ന് കാണുന്നു. ഈ ശിശു എല്ലാം രീതിയിലും സാധാരണകാരിൽ സാധാരണകാരനായി പിറന്നു.

2. നല്കപ്പെട്ട ശിശുവിന്റെ ഭൌമിക ശ്രേഷ്ഠത
ലോകത്തിന്റെ മാനവും അധികാരവും കിട്ടുന്ന എല്ലാ മേഖലയിലും തന്നെ വിളിക്കപ്പെടുമെന്ന് പറയുന്നു. സർവ്വാധിപൻ, അത്ഭുത മന്ത്രി, സർവ്വശക്തനായ ദൈവം, നിത്യ പിതാവ്, സർവ്വ ലോക സമാധാന പ്രഭു എന്നിങ്ങനെ അതി വ്യാപ്തിയുള്ളതും സംഘടിതമായി നയിക്കുവാന് കഴിയുന്നതും ആയ ശ്രേഷ്ഠ മാന പദവികൾ വഹിക്കുന്ന മനുഷ്യനായി പിറന്ന ദൈവ പുത്രനായ യേശു.

3. നല്കപ്പെട്ട ശിശുവിന്റെ ആത്മീക ശ്രേഷ്ഠത
തിവിധ മാനങ്ങളാണ് മത്തായി 2 ൽ ശിശുവിന്റെ വരവിനോടുള്ള ബന്ധത്തിലെ ചരിത്ര വിവരണത്തിൽ പറയുന്നത്. വിദ്വാന്മാർ ശിശുവിനെ നമസ്കരിച്ചു അത് തന്നെ ലോക സംഭവങ്ങളിൽ ശ്രേഷ്ഠമായതാണ്. ആ വിദ്വാന്മാരുടെ നമസ്കാരത്തിൽ അവർ പൊന്നും കുന്തുരുക്കവും മൂരും കാഴ്‌ചവെച്ചു. പൊന്ന് അവന്റെ രാജത്വത്തെയും കുന്തുരുക്കം അവന്റെ പൗരോഹിത്യ ശുശ്രുഷയെയും മൂര് മരണമുള്ള മനുഷ്യനെയും കാണിക്കുന്നു. ഈ ശിശു മരിക്കുവാനുള്ള മനുഷ്യൻ എന്ന് വ്യക്തമാക്കി.

4. നല്കപ്പെട്ട ശിശു നല്കിയതെന്ത്? നേടിയതെന്ത്?
ലോകത്തിൽ സകലരും ജനിച്ചത് കൊണ്ട് മരിച്ചു മണ്മറയുമ്പോൾ യേശു എന്ന ശിശു മരിക്കാനായി ജനിച്ചവനാണ്. വിദ്വാന്മാർ അറിഞ്ഞോ അറിയാതയോ യേശു എന്ന ശിശുവിന്റെ ഭാവി വരച്ചു കാണിക്കും വിധം കാഴ്ചയായി അർപ്പിച്ചിട്ടു പറയുന്നു. അവൻ മരണമുള്ളവനാണ് മരിക്കുവാൻ വന്നവനാണ് മരിക്കുവാൻ നല്കപ്പെട്ടവനാണ്. മാനവരാശിക്കായി സർവ്വ ശക്തനായ ദൈവം മരിക്കുവാനായി നൽകിയ ശിശു. ആ ശിശു മരിച്ച് അതിന്റെ ബന്ധനങ്ങളെ പൊട്ടിച്ച് ഉയിർത്തതു നമ്മുടെ പാപം നീക്കാനായിരിന്നു. നമ്മുടെ പാപത്തെ നീക്കുവാൻ അങ്ങ് തന്റെ പ്രാണൻ നൽകി. നമുക്കായി നൽകപ്പെട്ട ഈ ശിശുവിനെ, സ്വന്ത പ്രാണൻ നൽകി നമ്മെ സ്നേഹിച്ച നമ്മുടെ പാപം കഴുകി കളഞ്ഞ ഈ ശിശുവിനെ നമ്മുടെ രക്ഷകനായി ദൈവമായി കാണുവാനുള്ള ഉള്കാഴ്ചയാൽ, സ്വജീവൻ നൽകി നേടിയ സഭ മുഖാന്തരം അവനെ ആരാധിച്ചു ജീവിക്കാം. ദൈവം സഹായിക്കട്ടെ!!!

Comments (0)
Add Comment