സഭയോ പള്ളിയോ? (ഭാഗം 2 )

സ്റ്റാന്ലി ജേക്കബ് ഉമയാട്ടുകാര

സഭയും പള്ളിയും തമ്മിലുള്ള വ്യത്യാസം പരിശോധിക്കും മുമ്പ് സഭ എന്നാൽ എന്തു എന്ന് അല്പമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം സഭ എന്താണെന്ന് ക്രൈസ്തവ ഗോളത്തിൽ ഒട്ടുമിക്കവാറും പേർക്കും അറിഞ്ഞുകൂടാ. നമ്മുടെ മദ്ധ്യേയും അത് അറിയാത്ത ഒരു തലമുറയാണ് ഇനി വരുന്നത്

സഭ എന്നാൽ സാമൂഹ്യ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഒരു സംഘടന എന്നു ചിലർ ധരിക്കുമ്പോൾ, കൂടി വരുന്ന കെട്ടിടമാണ് സഭ എന്നു മറ്റു ചിലർ വിചാരിക്കുന്നു.

എന്താണ് സഭ?
=============

സഭ എന്ന വാക്കിന്റെ അർത്ഥം ‘കൂട്ടം’ എന്നാണ്. വെറും കൂട്ടമല്ല, ഒരു പ്രത്യേക ആവശ്യത്തിനായി കൂടി വന്നവരുടെ കൂട്ടം അഥവാ വിളിച്ചു ചേർക്കപ്പെട്ടവരുടെ കൂട്ടം. ലോകമനുഷ്യരുടെ ഇടയിൽ ഈ പദം ഉപയോഗിച്ചു നാം കാണുന്നു. ഉദാ : നിയമസഭ – നിയമനിർമ്മാണത്തിനായി വിളിച്ചു ചേർക്കപ്പെട്ടവരുടെ കൂട്ടം. വേദപുസ്തകത്തിലും ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. അപ്പോ പ്രവൃത്തി 19:32,40,41 കൂടിവന്ന കൂട്ടത്തെ പിരിച്ചു വിട്ടു എന്നതിന് സഭയെ പിരിച്ചു വിട്ടു (He dismissed the assembly) എന്നാണ് കാണുന്നത്.

ദൈവസഭ
==========

നമ്മുടെ കർത്താവു തന്നെയാണ് തന്റെ സഭയെക്കുറിച്ചു ആദ്യമായി പറഞ്ഞത്. മത്തായി 16:18 “ഞാൻ എന്റെ സഭയെ പണിയും…. ” കർത്താവിന്റേതാണ് സഭ. കർത്താവാണ് സഭ പണിയുന്നത്.

സഭ എങ്ങനെ കർത്താവിന്റേതായി? താൻ സ്വന്തരക്തത്താൽ സമ്പാദിച്ചതാണ്. (അപ്പോ പ്രവൃത്തി 20:28) ദൈവത്തിന്റെ കാര്യപരിപാടിയിലെ മനോഹര പദ്ധതിയായിരുന്നു തനിക്കു വേണ്ടി ഒരു കൂട്ടത്തെ വിളിച്ചു വേർതിരിച്ചു നിർത്തുക എന്നുള്ളത്. അതിനുവേണ്ടി സ്വന്തരക്തം, സ്വന്തജീവൻ കൊടുത്തു ജാതി, മത, വർണ്ണ, വർഗ്ഗ ലിംഗ,ഭാഷാവ്യത്യാസമെന്യേ ലോകത്തിൽനിന്ന് ഒരു കൂട്ടത്തെ വിലയ്ക്ക് വാങ്ങി (വെളി 5:9)

അതുകൊണ്ടു സഭ :-

?വിളിച്ചു വേർതിരിക്കപ്പെട്ടവരുടെ കൂട്ടം (1 കൊരി 1:1)

?വീണ്ടെടുക്കപ്പെട്ടവരുടെ കൂട്ടം (1 പത്രോസ് 1:18,19)

?വിശുദ്ധന്മാരുടെ കൂട്ടം (1 കൊരി 1:2)

?രക്ഷിക്കപ്പെട്ടവരുടെ കൂട്ടം (അപ്പോ. പ്രവൃത്തി 2:47)

? വിശ്വാസികളുടെ കൂട്ടം ( അപ്പോ പ്രവൃത്തി 4:32)

?ദൈവത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടം (1 കൊരി 1:27)

ദൈവസഭയിൽ അംഗങ്ങൾ തമ്മിൽ സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ ഉണ്ട് ( 1കൊരി 10:16)അംഗങ്ങൾ തമ്മിൽ ഒരു ശരീരത്തിന്റെ അവയവങ്ങൾ പോലെയാണ് (1 കൊരി 12:12) ഒരേ അപ്പത്തിന്റെ അംശികളാണ്. (1 കൊരി 10:17)

സഭയ്ക്കു ദൈവം കല്പിച്ചാക്കി തന്നിരിക്കുന്ന അടിസ്ഥാനപ്രമാണങ്ങൾ ഉണ്ട് (അപ്പോ പ്രവൃത്തി 2:41,42) സഭയുടെ അംഗങ്ങൾക്കു എങ്ങനെയും ജീവിക്കാൻ അനുവാദമില്ല. ഇഷ്ടമുള്ളപ്പോൾ വരിക, പോവുക, വന്നില്ലെങ്കിലും കുഴപ്പമില്ല, വന്നിരുന്നു ഉറങ്ങുകയോ അലക്ഷ്യമായി ഇരിക്കുകയോ ചെയ്യാം എന്നുള്ള നയം ദൈവസഭയ്ക്കില്ല. ജീവനുള്ള ദൈവത്തിന്റെ സഭയിൽ എങ്ങനെ നടക്കണം എന്നു പറഞ്ഞാൽ എങ്ങനെ ജീവിക്കണം എന്നു പ്രത്യേകം പറഞ്ഞു തന്നിട്ടുണ്ട് (1 തിമോ 3:15)

ഈ വിധം ദൈവമഹത്വം വിളങ്ങുന്ന ഇടമാണ് ദൈവസഭ.                                                                             (തുടരും)

Comments (0)
Add Comment