കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

വ്യാജ FIR തയ്യാറാക്കി ശിക്ഷിക്കുന്നവർ

ചിന്തകൾ യഥാർഥ്യങ്ങൾ

വ്യാജ ഏറ്റുമുട്ടൽ ഉണ്ടാക്കി ശത്രുക്കളെ വധിക്കുന്നു എന്ന വാർത്ത ചിലപ്പോഴെങ്കിലും നാം കേൾക്കാറുണ്ട്. വ്യാജ FIR ഉണ്ടാക്കി നിരപരാധികളെ ശിക്ഷിക്കുന്ന, ജയിലിലടയ്ക്കുന്ന പ്രവണതയും സ്ഥിരമായി നാം കണ്ടുവരുന്നതാണ്. 2022 അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്ന ഈ അവസരത്തിലെ വാർത്തകൾ ശ്രദ്ധിച്ചാൽ എത്രയോ പോലീസ് ഉദ്യോഗസ്ഥന്മാരാണ് വിവിധ കേസുകളിൽ പെട്ട് ശിക്ഷിക്കപ്പെടുന്നത് ? ഏതെങ്കിലും നിലയിൽ കുറ്റവാളികളായി കയ്യിൽ കിട്ടുന്നവരുടെ ഭാര്യമാരെ ചൂഷണം ചെയ്യുന്ന, കുട്ടികളെ നശിപ്പിക്കുന്ന നാരാധാമന്മാരായ ചിലരുടെ കേളീ രംഗമായി നിയമപാലകർ വിലസുമ്പോൾ, വ്യാജ FIR നെ പേടിക്കുന്ന പലരും ചൂഷണത്തിന് പരാതിയില്ലാതെ വിധേയരുമാകുന്നു എന്നതും മറ്റൊരു സത്യമല്ലേ?

സങ്കീർത്തനങ്ങൾ 38 ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനമാണല്ലോ? അന്യായമായി, ഇടവിടാതെ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നല്ലോ ദാവീദ്. അദ്ദേഹം ശത്രുക്കളാൽ വല്ലാതെ ഞരങ്ങിയപ്പോൾ ദൈവത്തോട് തന്റെ സങ്കടങ്ങൾ ബോധിപ്പിച്ചു കരഞ്ഞുപോയി. ഒന്നാം വാക്യത്തിൽ “യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ”. എന്ന് വിലപിക്കുമ്പോൾ ദൈവം പോലും തന്നെ കൈവിട്ടുവോ എന്ന് സംശയിച്ചതുപോലെ എനിക്ക് തോന്നി.

സങ്കീർത്തനങ്ങൾ 38 ന്റെ 12 ൽ “എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു”. എന്ന് വായിച്ചപ്പോൾ ഞാൻ എന്റെ വ്യക്തിപരമായ അനുഭവത്തിലേക്കും ഒന്ന് തിരിഞ്ഞുനോക്കി.

എനിക്കു പ്രാണഹാനി വരുത്തുവാൻ ആരും ഇതുവരെ നോക്കിയതായി എനിക്കറിവില്ല എങ്കിലും എന്നെ കുടുക്കുവാൻ കണിവെക്കുന്നവരെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എനിക്കു അനർത്ഥം വരുത്തുവാൻ അന്വേഷിച്ച ചിലർ ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ട്. Voice Of Sathgamaya എന്ന പേരിൽ സുവിശേഷപ്രവർത്തനം നടത്തി ഞാൻ അനേകരെ പറ്റിച്ച് കാശുണ്ടാക്കും എന്ന് കരുതി എന്നെക്കുറിച്ച് അപവാദങ്ങൾ പടച്ചുവിട്ടവരെ എനിക്ക് നേരിട്ടറിയാം. ഞാൻ വ്യാജം പറഞ്ഞു പണം പിരിക്കും എന്ന് വ്യാജം പറഞ്ഞു പണം പിരിച്ചുകൊണ്ടിരുന്നവർക്ക് തോന്നിയപ്പോൾ അവർ എന്നെക്കുറിച്ച് വേണ്ടാതനം പറഞ്ഞുണ്ടാക്കി. അപവാദങ്ങൾ കാറ്റിൽ പറത്തി വിട്ടവർ സ്വകാര്യമായി ക്ഷമ പറഞ്ഞു നിരപ്പ് പ്രാപിച്ചു എന്ന് വരുത്തിത്തീർത്തു എങ്കിലും ദൈവം വെറുതെ വിട്ടില്ല. അവർ എന്നെക്കുറിച്ച് വ്യാജം സംസാരിച്ചതിനു ദൈവം കണക്ക് തീർത്തവർ ചുരുങ്ങിയത് അരഡസൻ പേരെങ്കിലും വരും. ദവീദിനോട് അവർ ഇടവിടാതെ ചതിവു ചിന്തിച്ചതുപോലെയുള്ള അനുഭവം എനിക്കും ധാരാളം ഉണ്ടായിട്ടുണ്ട്.

നീണ്ട അഞ്ചെട്ട് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി കർണ്ണാടകത്തിലെ കൊടകിൽ നിന്നും എന്നെ ഒരു സഹോദരൻ വിളിക്കുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ അദ്ദേഹവും VOICE OF SATHGAMAYA യുടെ 1990 – 92 ലെ പ്രവർത്തനഫലമാണ്. അദ്ദേഹം എനിക്കെതിരെ എഴുതിയ ഒരു കത്ത്, അതിൽ കുറേ ആരോപണങ്ങൾ എന്നെക്കുറിച്ച് എഴുതിയിരുന്നു. ഒരു കഴമ്പും ഇല്ലാത്ത ആരോപങ്ങൾ. ആ കത്തിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു എങ്കിലും, ഒപ്പ് ഉണ്ടായിരുന്നില്ല. എങ്കിലും ആ കത്തിന്റെ പേരിലും സഭ എന്റെ പേരിൽ നീണ്ട 5 വർഷം ശിക്ഷണ നടപടി എടുത്തു. നിരപരാധിത്വം തെളിയിക്കാൻ അവസരം തരാത്തതിനാൽ ഞാൻ ശിക്ഷ മുഴുവനും സ്വീകരിച്ചു. ഇന്നലെ (19/12/2022) അദ്ദേഹം വീണ്ടും എന്നെ വിളിച്ചു. എന്നോട് മാത്രമല്ല എന്റെ ഒരു കൂട്ട് സഹോദരനോടും സംസാരിച്ചു. അദ്ദേഹം പറഞ്ഞത്, “സഹോദരാ ഞാൻ നിങ്ങൾക്കെതിരെ ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല, ആർക്കും ഒരു കത്തും എഴുതിയിട്ടില്ല, നിങ്ങളുടെ സഭയ്ക്കും കത്തെഴുതിയിട്ടില്ല”. ഇത് കേട്ടപ്പോൾ എന്റെ കൂട്ട് സഹോദരൻ പറഞ്ഞു, “ബ്രദറെ, നിങ്ങൾ അയച്ചു എന്ന് പറയുന്ന കത്ത് സഭയിൽ വായിച്ചുവല്ലോ, അതിന്റെ പേരിൽ SHIBU സഹോദരനെ സഭ ശിക്ഷിച്ചത് നീണ്ട 5 വർഷമാണല്ലോ  ?”. ഇപ്പോൾ അദ്ദേഹത്തിന് ആവശ്യം ആ കത്തിന്റെ ഒരു കോപ്പിയാണ്.

38 ന്റെ 13 ൽ ദാവീദ് പറഞ്ഞു “എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു”. ഇന്നും ചില സഹോദരന്മാർ എന്ന് പേർ പറയുന്നവർ തയ്യാറാക്കുന്ന വ്യാജ FIR വായിച്ചു നിരപരാധികളെ ശിക്ഷിക്കുമ്പോൾ ആ ശിക്ഷ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നിട്ട്, വായ്തുറക്കാതെ ഊമനെപ്പോലെ മൗനം ആയിരിക്കാനെ എന്നെപ്പോലെ പലർക്കും കഴിയുന്നുള്ളു.

38 ന്റെ 14 ലേക്ക് വരുമ്പോൾ ദാവീദിന് പറയാനുള്ളത്
“ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു”. എന്ന് തന്നെയാണ്. കഴിഞ്ഞ 8 വർഷമായി കുറ്റക്കാരൻ എന്ന് പറഞ്ഞു എന്നെ അപമാനിച്ചപ്പോൾ, ഒരു സമൂഹം മുഴുവനും ചതിയൻ, വഞ്ചകൻ, മോഷ്ടാവ് എന്നൊക്കെ വിധിയെഴുതി അറപ്പോടെ നോക്കിയവരുടെ മുന്നിൽ ജയിൽ നമ്പർ പതിച്ച ജയിൽ വസ്ത്രം ധരിച്ച ഒരു ജയിൽ പുള്ളിയെപ്പോലെ ഞാൻ നടക്കുമ്പോഴും… ദാവീദ് സങ്കീർത്തനങ്ങൾ 38 ന്റെ 15 ൽ പറയും പോലെ, “യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും”. എന്ന് ഞാനും പറഞ്ഞുകൊണ്ടിരുന്നു. സ്തോത്രം.

എന്നെ കാണാൻ, എന്നെ സഹായിക്കാൻ എന്റെ വീട്ടിൽ വന്ന എന്റെ കൂട്ട് സഹോദരനോടും അദ്ദേഹം തന്റെ പേരിൽ വന്ന കത്തിനെക്കുറിച്ച്, അത് വ്യാജമാണ് ബ്രദറേ, ഷിബു സഹോദരനുമായി ആ കത്തിൽ പറയുന്ന ആരോപണമൊന്നും എനിക്കില്ല. എന്ന് പറഞ്ഞപ്പോൾ അന്ന് ആ കത്ത് സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടവരോടും ദൈവം ക്ഷമിക്കട്ടെ എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

എനിക്കെതിരെ വ്യാജ കത്തുകൾ പലതും എഴുതി പബ്ലിഷ് ചെയ്തവർ പിൽക്കാലത്തു സ്വകാര്യമായി ക്ഷമ പറഞ്ഞ ധാരാളം സംഭവങ്ങളും ഉണ്ട്. കയ്യക്ഷരം നോക്കി ആളെ വെളിച്ചത്ത് കൊണ്ടുവരേണ്ടുന്നത് ആവശ്യമെങ്കിൽ ആ കാര്യങ്ങൾ എന്റെ ദൈവം ചെയ്തുകൊള്ളും. സ്തോത്രം.

എന്റെ അനുഭവത്തെ ഞാൻ സങ്കീർത്തനക്കാരന്റെ അനുഭവവുമായി തുലനം ചെയ്യാൻ ഞാൻ ഏതുമില്ല. എങ്കിലും സങ്കീർത്തനങ്ങൾ 38 ന്റെ 18,19,20 വാക്യങ്ങൾ കൂടെ വായിച്ചു കേൾക്കാം.
“ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു. എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു. ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു”. ഒരുപക്ഷെ, ഈ അനുഭവം വോയ്സ് ഓഫ് സത്ഗമയയുടെ പേജിൽ ഞാൻ പങ്ക് വെയ്ക്കുമ്പോൾ എന്നെപ്പോലെ കൂട്ട് സഹോദരീ – സഹോദരന്മാരിൽ നിന്നും നിരന്തരം പീഡനങ്ങൾ ഏൽക്കുന്ന ധാരാളം പേർ എന്റെ ചുറ്റുമുണ്ട് എന്നും എനിക്കറിയാം.

അവന് പ്രവർത്തനമില്ല, അവൻ പണക്കൊതിയനാണ്, അവന് സഭയില്ല, അവൻ തട്ടിപ്പുകാരനാണ് എന്നൊക്കെ നിങ്ങൾ കേൾക്കുന്നുണ്ട് എങ്കിൽ നിങ്ങൾ അവിടെ അല്പനേരം നിന്ന് ഒന്ന് കാതോർക്കുക. കായ്ച്ചു നിൽക്കുന്ന മാവിന് കല്ലേറ് കിട്ടും. എന്ന പഴഞ്ചൊല്ല് അർത്ഥവത്താകുകയാണോ എന്ന് കാതോർക്കുക.

സങ്കീർത്തനങ്ങൾ 55 ന്റെ 12,13,14 വാക്യങ്ങൾ കൂടെ വായിക്കാം. “എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ”.
ആരാധനയോഗങ്ങളിൽ, പരസ്യയോഗ പരമ്പരകളിൽ, ഇരുമാസയോഗങ്ങളിൽ, ബാല – യുവജന സഖ്യങ്ങളിൽ മധുരസമ്പർക്കം ചെയ്തു ദൈവാലയത്തിലേക്കു പോകുന്നവരിൽ നിന്നും ഇങ്ങനെയുള്ള കൈപ്പുകൾ ഉണ്ടാകരുത് എന്ന ആത്മാർത്ഥ ആഗ്രഹത്തോടെ, വ്യാജരേഖകൾ വഴി കൂട്ട് സഹോദരീ സഹോദരന്മാരോട് വ്യാജം പ്രവർത്തിക്കരുതേ എന്ന അപേക്ഷയോടെ, തൊട്ടടുത്ത് കിടക്കുന്ന സഹോദരന്മാരുടെ സുവിശേഷവേലയിൽ അവർക്ക് നിങ്ങൾ കൂട്ടായ്മയൊന്നും കൊടുത്തില്ലെങ്കിലും ഉപദ്രവിക്കരുതേ എന്ന അപേക്ഷയോടും കൂടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More