കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നാഥനില്ലാ കളരികൾ

സഭയുടെ നാഥൻ നമ്മുടെ കർത്താവ് ആണ്, യേശുക്രിസ്തുവിന്റെ കർതൃത്വത്തെ അംഗീകരിക്കാത്ത സഭകൾ ആണ്, നാഥനില്ലാ കളരികളായി കാണപ്പെടുന്നത്. അനേക നേതാക്കൻമാർ സഭകൾക്ക് ഉണ്ടെങ്കിലും യഥാർത്ഥ നാഥന്റെ നേതൃത്വത്തിന്റെ അഭാവം പ്രത്യക്ഷമാണ്.

ദൈവവചന പ്രകാരം സഭയിൽ കാര്യങ്ങൾ നടന്നാൽ പുറമെ ഉള്ളവർ “ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും”(1 കോരി 14:25). ഇങ്ങനെ ദൈവത്തെ മഹത്വ പെടുത്തുന്നതിനു പകരം, മാനുഷിക ക്രമീകരണങ്ങൾ മൂലം ചില വ്യക്തികളും, അവരുടെ ക്രമീകരണങ്ങളും, ചില പ്രസ്ഥാനങ്ങളും ഒക്കെയാണ് മഹത്വപ്പെടുക.

സഭകൾ ‘നാഥനില്ലാക്കളരി’ പോലെ ആകുന്നതിനു കാരണങ്ങളിൽ പ്രധാനമായും മൂപ്പന്മാർ തമ്മിൽ ഐക്യത ഇല്ല എന്നതാണ്. അതിനു മൂപ്പന്മാരുടെ യോഗമില്ല.  മൂപ്പന്മാർ ഒരുമിച്ച് സഭയുടെ നന്മയ്ക്കായുള്ള പ്രാർത്ഥനയില്ല. ചില സഭകളിൽ ‘മൂപ്പൻ മാർ’ ഉണ്ടെകിലും ‘പ്രധാന മൂപ്പൻ’ കാര്യങ്ങൾ തീരുമാനിക്കുകയും, മറ്റ് മൂപ്പൻമാർ അംഗീകരിക്കുകയും ചെയ്യും, അഥവാ അംഗീകരിക്കണം.

ജനാധിപത്യം പോലെ പക്ഷം ചേർക്കലും, പ്രധാന മൂപ്പന്റെ സ്വന്തം തീരുമാനങ്ങൾ  അദ്ദേഹത്തെ പിന്താങ്ങുന്നവരെ കൊണ്ട് പറയിപ്പിക്കാനും, മറ്റ് ചിലരെ അതിനെ പിന്താങ്ങുവാനും ഒക്കെ നേരത്തെ തന്നെ തയ്യാറാക്കി ബിസിനസ്സ് മീറ്റിംഗിൽ വിഷയം പാസാക്കിയെടുക്കന്ന പ്രവണത കൂടി വരുന്നുണ്ട്. മൂപ്പൻ മാരുടെ യോഗത്തിനു പകരം ബിസിനസ്സ് മീറ്റിങ് എന്ന്‌ നാം പറയുന്ന ആലോചനാ യോഗം, സംഘടനാ തലത്തിലേക്ക് സഭ ആയിപ്പോകുന്ന സന്ദർഭങ്ങൾ ആയി മാറുന്നു. അപ്പോൾ തന്നെ സഭയിലെ എല്ലാവരും കൂടിയോ, പുരുഷന്മാർ എല്ലാവരും കൂടിയോ സഭാ തീരുമാനങ്ങൾ എടുക്കുവാൻ കൂടി വരുന്നത് തെറ്റായ ഒരു രീതിയാണ്. ഒരു കാലത്തു ഗൾഫിലേക്കു നമ്മുടെ ആളുകൾ കുടിയേറിയപ്പോൾ , പ്രാർഥനക്കും മറ്റുമായി ചെറിയ കൂടിവരവുകൾ ആരംഭിക്കുകയും അത് ആളുകൂടിയപ്പോൾ സുഗമമായ നടത്തിപ്പിന് ചിലരെ ചുമതലപ്പെടുത്തിയും ചെയ്തു. ഇവരുടെ കൂടിവരവിനെയാണ് ‘ബിസിനസ്സ് മീറ്റിങ്’ എന്ന്‌ അറിയപ്പെട്ടു തുടങ്ങിയത്. ഇന്നു കേരളകരയിൽ പലയിടത്തും സഭകളിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ജനാധിപത്യ രീതിയിൽ കൂടി വരുന്ന ഇത്തരം ‘ബിസിനസ് മീറ്റിംഗുകൾ’ ആണ്. മൂപ്പൻ മാർ അവരുടെ പ്രാഥമീക ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുമ്പോഴും, പല വിധ കാര്യങ്ങളാൽ പരാജിതൻ ആകുമ്പോഴും ആണ് ബിസിനസ്സ് മീറ്റിങ്ന്റെ അമിത പ്രാധാന്യം ആവിശ്യം ആയി വരുന്നത്.

നമ്മുടെ സഭയോഗങ്ങളിൽ പലതിന്റെയും ക്രമീകരണങ്ങൾ ഒരു ഇവന്റ് മാനേജ്‍മെന്റ് പോലെ വളരെ ഭംഗിയായി നടത്തുമ്പോൾ, ദൈവാധിപത്യത്തിനോ , ദൈവനാമ മഹത്വത്തിനോ , കർത്വത്തത്തിനോ പ്രധാന്യം ഇല്ലാതെയാകുന്നു. പരിശുദ്ധാത്മാവിന്റെ നടത്തിപ്പോ, നിയന്ത്രണമോ ഇല്ല. പ്രാർത്ഥനാ യോഗമില്ല, ഉണ്ടെങ്കിൽ തന്നെ വളരെ കുറവ് ആളുകൾ മാത്രമേ അതിൽ പങ്കെടുക്കാൻ ഉള്ളൂ –

സഭയുടെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നവർ ആണ് യഥാർത്ഥത്തിൽ ആ സഭയുടെ നന്മ കാണുവാൻ ആഗ്രഹിക്കുന്നവർ. “ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം ” എന്ന പഴചൊല്ലു പോലെ, പ്രാർത്ഥനായോഗത്തിലെ അംഗസംഖ്യ കണ്ടാൽ അറിയാം ആ സഭയുടെ ആത്മീക സ്ഥിതി.

സഭയിൽ ഒരു വിശ്വാസിയിൽ കൃപാവരങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ അത് തിരിച്ചറിയുകയും, പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ദൈവസഭയിൽ പരിശീലനം അല്ല, പ്രോത്സാഹനമാണ് കൂടുതൽ ആവശ്യം.

മൂപ്പന്മാരുടെ യോഗം ഇല്ലാത്തതും , പ്രാർത്ഥനാ യോഗതിന്റെ നിർജീവ അവസ്ഥയും , സഭാസത്യങ്ങളോടുള്ള അവഗണനയും ആണ്, നമ്മുടെ സഭകൾ ‘നാഥൻ ഇല്ലാ കളരി’ പോലെ ആകുന്നതിന്റെ പ്രധാന കാരണങ്ങൾ .

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More